ലേഖനം:അവകാശം പറയുന്ന ശത്രു | വര്ഗീസ് ജോസ്

വളരെക്കാലം ഗള്‍ഫ് നാടുകളില്‍ ജീവിച്ച ഒരു സഹോദരന്‍ ഈയിടെ നാട്ടില്‍ വന്നപ്പോള്‍, അദ്ധേഹം സലാല’ എന്ന പ്രദേശത്തായിരുന്നു എന്നും, ആ പ്രദേശത്തിനടുത്തായാണ് പഴയനിയമത്തിലെ ഈയോബിനെ  അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിച്ച്പോരുന്നത് എന്നും പറയുവാനിടയായി.
ആ കല്ലറ, ഇസ്ലാം മതവിശ്വാസികളുടെ, പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് എന്നും അറിയുവാനിടയായി.

നിറയെ പട്ട്തുണികളും മറ്റും കൊണ്ട് പൊതിഞ്ഞും,ജപിച്ച ചരടുകള്‍ കെട്ടിയും, ഊദും,സാമ്പ്രാണിത്തിരികളും കത്തിച്ചും ആകെക്കൂടെ ഒരു വല്ലാത്ത അനാചാരമുഖരിതമായ അന്തരീക്ഷത്തിലാണ് ആ കല്ലറയും പരിസരവും ഇന്ന് സ്ഥിതിചെയ്യുന്നത് എന്നും അദ്ധേഹത്തില്‍ നിന്ന് അറിയാന്‍കഴിഞ്ഞു. ഓട്ടം തികച്ച,ഭക്തന്മാരുടേയും,വിശുദ്ധന്മാരുടേയും നാമം പിശാച് മുതലെടുക്കുമ്പോള്‍
അറിഞ്ഞോ അറിയാതെയോ വഞ്ചിക്കപ്പെടുവാനായി പരക്കംപായുന്ന ഒരുപറ്റം വിശ്വാസികള്‍ !

ഒറ്റനോട്ടത്തില്‍ ഇതൊരു ജാതീയ സമ്പ്രദായമാണ്.എന്നിരുന്നാലും മനുഷ്യനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങിയകാലം മുതലേ ദൈവം ,പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുള്ള കാര്യമാണിത്. അന്നും ഇന്നും ഏതൊരു വിശ്വാസിയും തെറ്റിപ്പോകാനും,തന്ത്രശാലിയായ പിശാച് മുതലെടുക്കുവാനും സാദ്ധ്യതയുള്ള ഒരു വികലവീക്ഷണ സാദ്ധ്യത ഈ വിഷയത്തില്‍ പതിയിരിപ്പുണ്ട്.

കണ്ണില്‍കാണുന്നതിനെയെല്ലാം ആരാധിക്കുവാനുള്ള ഒരു പ്രവണത,വിളിച്ച് വേര്‍തിരിക്കപ്പെട്ടകാലം തൊട്ടേ നമ്മുടെ പൂര്‍വ്വികരായ വിശ്വാസി സമൂഹത്തിനും ഉണ്ട്.യഹോവയുടെ ദൂതനെപ്പോലും വണങ്ങാന്‍ ശ്രമിച്ചതും,ദൂതന്‍ പിന്തിരിപ്പിക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ പോലും‍ എത്രയോവട്ടം നാം വചനത്തില്‍ പലയിടത്തും വായിച്ചിരിക്കുന്നു.

യഹോവയുടെ പര്‍വ്വതത്തിലേക്ക് കയറിപ്പോയ മോശ,മടങ്ങിവരാന്‍ വൈകി എന്നറിഞ്ഞ യിസ്രായേല്‍ ജനം, പൊന്ന് കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധനതുടങ്ങിയത് മുതല്‍ക്കിങ്ങോട്ട് എത്രയോ ഉദാഹരണങ്ങള്‍!

‘അവന്‍ പൂജാഗിരികളെ നീക്കി,വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു, അശ്വേരാപ്രതിഷ്ഠയെ വെട്ടിമുറിച്ച് മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടച്ച്കളഞ്ഞു.
ആ കാലം വരെ യിസ്രായേല്‍മക്കള്‍ അതിന് ദൂപം കാട്ടിവന്നു. അതിന് നെഹുഷ്ഠാന്‍ എന്ന് പേരായിരുന്നു.’ –  2 രാജാക്കന്മാര്‍ 18:4

കണ്ടില്ലേ ? മോശ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെപ്പോലും നാമം നല്‍കി,കാലാകാലങ്ങളായി പൂജ ചെയ്തു പോന്ന ആ ജനതയുടെ പക്കല്‍ , ദൈവത്തെ മുഖാമുഖം കണ്ട് ഇടപഴകിയ, തങ്ങളെ മിശ്രയീമില്‍ നിന്ന് മോചിപ്പിച്ച് നയിച്ച, മോശയുടെ ചേതനയറ്റ ശരീരം വിട്ട് കിട്ടിയിരുന്നുവെങ്കിലോ ?

അത് മുന്നമേ അറിയാവുന്നത് കൊണ്ടാവാം, മോശയുടെ ചേതനയറ്റ ശരീരം പിന്നീട് ആര്‍ക്കും കണ്ടെടുക്കാനാവാത്തവിധം യഹോവ മറച്ച്കളഞ്ഞത്.

തിരുവചനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു.

‘അവന്‍ അവനെ മോവാബ് ദേശത്ത് ബെത്ത് – പെയാരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി;എങ്കിലും ഇന്ന് വരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.’ – ആവര്‍ത്തനം 34:6

നിശ്ചയമായും ആ ജഡത്തിന് അവകാശം പറയുവാന്‍ തന്ത്രശാലിയായ പിശാച് കാത്തിരുന്നിരുന്നു എന്ന് തന്നെയാണ് തിരുവചനം വിരല്‍ചൂണ്ടുന്നത്.

യഹോവയാം ദൈവം അവനെ അടക്കം ചെയ്തു എന്നതിന്റെ വിശദീകരണപഠനത്തിങ്കല്‍ നാം മനസിലാക്കുന്നത്,
യഹോവ, മോശയുടെ ജഡത്തെ തന്റെ ദൂതനായ മിഖായേലിനെ ഏല്‍പ്പിക്കുന്നു. വാസ്തവത്തില്‍ ആ ജഡം മറവ് ചെയ്തത് യഹോവയുടെ ദൂതനായ മിഖായേലാവാം.

യൂദാ 1:9 ‘ എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെക്കുറിച്ച് പിശാചിനോട് തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെ
: കര്‍ത്താവ് നിന്നെ ഭര്‍ത്സിക്കട്ടെ എന്ന് പറഞ്ഞതേയുള്ളൂ. ‘.

പിശാച് ആ ദൈവദാസന്റെ ജഡത്തിന് അവകാശം പറയാന്‍ തക്കം പാര്‍ത്തിരുന്നു എന്നതിന് തെളിവാണ് ഈ വചനഭാഗം.

ദൈവം എന്തിന് അവന്റെ ശരീരം മറച്ച് വച്ചു എന്നതിന്റെ ഉത്തരവും വ്യക്തം.

ചില ക്രിസ്ത്യന്‍ സഭകളിലും , വി.ഫ്രാന്‍സിസ് സേവ്യറിന്റേയും, പോപ്പ്.പീയൂസ് പത്താമന്റെയും അടക്കം ഏതാണ്ട് 250 ഓളം Incorruptible bodies of Saints ഇന്നും സൂക്ഷിക്കുന്നുണ്ട്.

ഈ കാലയളവിലും ഈ വിഷയം വളരെ പ്രസക്തം തന്നെയാണ്.

സത്യസുവിശേഷം അറിഞ്ഞവരില്‍ പോലും, ചിലരുടെയെങ്കിലും ഹൃദയങ്ങളില്‍, തെറ്റിദ്ധരിക്കപ്പെടുന്ന ചില വിശുദ്ധബിംബങ്ങളും വ്യക്തികളും ഈ കാലയളവില്‍ കയറിപ്പറ്റുന്നില്ലേ എന്നൊരു ചോദ്യം, വിഷയമായി സ്വീകരിക്കാതെ വയ്യ.

നാം ചിന്തിക്കേണ്ടിയിരിക്കുന്നു….

പലപ്പോഴും പല ദൈവദാസന്മാരുടേയും ,ദാസിമാരുടേയും യഥാര്‍ത്ഥ പ്രശസ്തി ആരംഭിക്കുന്നത് പോലും, അവരുടെ മരണത്തോടെയാണെന്നത് ഈ കാലഘട്ടത്തില്‍ നമ്മില്‍ പലരേയും ഏറെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ്.
അവരുടെ വിയോഗത്തിന് ശേഷം അവരുടെ ചിത്രങ്ങളും വാര്‍ത്തകളും സാക്ഷ്യങ്ങളും,ചരിത്രങ്ങളും മാത്രം പ്രചരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നും പലക്രൈസ്തവസഭകളിലും പതിവായിരിക്കുന്നു.
ചില പ്രത്യേകവ്യക്തികളിലൂടെ ഞാന്‍ രക്ഷ കണ്ടെത്തി എന്നുള്ള സാക്ഷ്യങ്ങള്‍ നാം കേട്ട് വരുന്ന കാലയളവ്. ചില പ്രത്യേക ദാസന്മാരുടെ മാത്രം ശുശ്രൂഷകള്‍ ശ്രവിക്കുക,അവര്‍ നയിക്കുന്ന സഭകളില്‍ മാത്രം ഭാഗവാക്കാകുക, ചിലര്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രം വിടുതല്‍, ചിലരുടെ ദൂത് മാത്രം ഏറ്റെടുക്കല്‍ തുടങ്ങിയ പ്രവണത ഇന്നും ആത്മീയഗോളത്തില്‍ നിലനില്‍ക്കുന്നു.
സൂക്ഷിക്കുക, നമ്മുടെ ദൃഷ്ടി ദൈവത്തിങ്കലേക്ക് മാത്രമായിരിക്കട്ടെ. നമ്മെ വിളിച്ച് വേര്‍തിരിച്ചത് കര്‍ത്താവായ യേശുക്രൃസ്തുവല്ലോ….നമുക്കായി ജീവന്‍വെടിഞ്ഞ് നമ്മെ വീണ്ടെടുത്തവനും അവന്‍ തന്നെ. സര്‍വ്വസ്തുതിയും മഹത്വവും അവന് മാത്രമായിരിക്കട്ടെ.
അവന്റെ ഭുജം മാത്രമല്ലോ അത്ഭുതങ്ങളും, വന്കാര്യങ്ങളും പ്രവര്‍ത്തിക്കുന്നത്.
അവന്‍ പലരെ ശക്തീകരിക്കുന്നു. പലരിലൂടെ വീര്യം പ്രവര്‍ത്തിക്കുന്നു.
അതിനായി അവന്‍ എന്നെയും നിന്നെയും വരെ തിരഞ്ഞെടുക്കുന്നു.
അവങ്കലേക്ക് മാത്രം പ്രത്യാശയോടെ നോക്കി ഓട്ടം തികയ്ക്കാന്‍ നമുക്കേവര്‍ക്കും കൃപലഭിക്കുമാറാകട്ടെ.
ആമേന്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.