ലേഖനം:മരണത്തിന്റെ മരണവും ക്രൂശിലെ യേശുവും | ബിജു പി ശാമുവേൽ (ബംഗാൾ)

 

 

post watermark60x60

1) മരണത്തിന്റെ മരണം

എല്ലാറ്റിനെയും മരണം വിഴുങ്ങിക്കളയുന്നു എന്നാണ് പറയാറുള്ളത്. എത്ര വലിയവനും മരണത്തിന്റെ മുൻപിൽ കീഴടങ്ങിയേ മതിയാകൂ. കൊട്ടാരമായാലും വിട്ടേ മതിയാകൂ എന്നു കേട്ടിട്ടില്ലേ?  എല്ലാറ്റിനും മുൻപിൽ മരണം ജയാളിയായി നിൽക്കുന്നു. എന്നാൽ മരണം ഒരിക്കൽ തോറ്റു പോയി. ജീവദായകനും ജീവൻ തന്നെയുമായ ക്രിസ്തുവിനെ കീഴടക്കുവാൻ മരണത്തിനു കഴിഞ്ഞില്ല. അന്ന് വരെ മരണത്തിന്റെ തടവറയിൽ ഭീതിയോടെയാണ്‌ മനുഷ്യർ ജീവിച്ചത്. എല്ലാവരോടും ചെയ്തത് പോലെ മരണം തന്റെ പാശം കൊണ്ടു യേശുവിനെയും ബന്ധിച്ചു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് യേശുവിനെ ഉയർത്തെഴുന്നേല്പിച്ചു. യേശുവിനെ പിടിച്ചു വെക്കുന്നത് മരണത്തിനു അസാദ്ധ്യമായിരുന്നു(അപ്പോസ്തലപ്രവർത്തി 2:24). യേശുവിന്റെ ഉയർപ്പ് മരണത്തിന്റെ മാത്രം പരാജയം അല്ലായിരുന്നു. മരണാധികാരിയായ പിശാചിനെയും യേശു തോൽപ്പിച്ചു. അതു വിശദീകരിക്കുവാൻ എബ്രായർ 2: 14-15-ൽ ലേഖനകർത്താവ് വാക്കുകളുടെ ഒരു പ്രവാഹം തന്നെയാണ് നടത്തുന്നത്. മരണത്തിന്റെ മേൽ യേശു മരണം കൊണ്ടു ജയം നേടി. മരണത്തിന്റെ അധികാരിയെ ജീവന്റെ നായകൻ പരാജയപ്പെടുത്തി.

Download Our Android App | iOS App

2) ക്രൂശിലെ യേശു ഒരു പരാജയമോ?

യേശു കാൽവരിയിൽ മരിക്കേണ്ടത് അനിവാര്യമായിരുന്നു. പാപം ചെയ്തു ദൈവികജീവൻ നഷ്ടമായി മരണ നിഴലിലും മരണ നിരയിലും നിന്നിരുന്ന മനുഷ്യരെ മോചിപ്പിക്കുവാനാണ് യേശു മരിച്ചത്. ക്രൂശിലെ യേശു ഒരു പരാജയമാണെന്ന് ഭോഷന്മാർക്കു തോന്നിയേക്കാം. എന്നാൽ യേശുവിന്റെ ക്രൂശുമരണം ബലഹീനതയുടെ ലക്ഷണമല്ല. കാരണം, ക്രൂശുമരണമാണ് എനിക്ക് ജീവൻ നല്കിയത്. ശത്രുത്വം മാറ്റി എനിക്ക് പുത്രത്വം ലഭ്യമാക്കിയത്, അടിമത്വം മാറ്റി എന്നെ സ്വതന്ത്രൻ ആക്കിയത്, പാപി എന്ന മേലെഴുത്തു മാറ്റി നീതിമാൻ എന്ന അംഗീകരണം നൽകി ശ്രേഷ്ഠമായ അവസ്ഥയിലേക്ക് എന്നെ ഉയർത്തിയത് ആ ക്രൂശുമരണമാണ്‌. അതിന്റെ എല്ലാ അർത്ഥവും ഉൾക്കൊണ്ടാണ് അപ്പോസ്തലനായ പൗലോസ് യേശുക്രിസ്തുവിന്റെ ക്രൂശിനെ മാത്രം തന്റെ പ്രശംസാ വിഷയം ആക്കുന്നത്(ഗലാത്യർ 6:14 ).

3) മരണത്തെ പേടിക്കണമോ?

ഒരു ദൈവ ഭക്തന് മരണം യഥാർത്ഥ്യമല്ല. കാരണം, മരണത്തിനു നിലനിൽപ്പില്ല എന്നത് തന്നെ. ബൈബിൾ അതാണ് പഠിപ്പിക്കുന്നത്, മരണം നീങ്ങി ജയം വന്നിരിക്കുന്നു
(1 കൊരിന്ത്യർ 15:54 ). നീക്കം വരുമെങ്കിൽ അത്‌ യഥാർത്ഥ്യമല്ല. യഥാർത്ഥ്യമല്ലാത്തതിനെ ഭയക്കേണ്ട കാര്യമില്ല. ഉയർപ്പിന്റെ പ്രത്യാശയിൽ ജീവിക്കാം.

ജീവന്റെ പുതുക്കത്തിൽ നടക്കാം.

-ADVERTISEMENT-

You might also like