ലേഖനം:”എൻ ക്രിസ്റ്റോ” | പാസ്റ്റർ ജോൺ കോന്നി

മൂന്നാം മിഷണറി യാത്രയിൽ 50 ലേക്ക് കടന്ന ആ ദൈവമനുഷ്യൻ AD 56-57 കാലഘട്ടത്തിൽ എഫെസൊസിലും മക്കദോന്യയിലും പാർത്ത് കൊരിന്ത്യസഭയ്ക്ക് എഴുതിയ രണ്ട് ലേഖനങ്ങൾ ഇന്നും ഈടുറ്റതാണ്. സംവാദങ്ങളും വിവാദങ്ങളും നിരവധിയെങ്കിലും ഒരോ ക്രിസ്തുശിഷ്യനേയും ക്രിസ്തുവിനോട് പറ്റിചേർക്കുക (1 കൊരിന്ത്യർ 6:17), ക്രിസ്തുവിൽ നിലനിർത്തുക (2 കൊരിന്ത്യർ 5:17) എന്നീ കർത്തവ്യങ്ങൾ ഇന്നും ഉത്തരവാദിത്വത്തോടെ ഈ ലേഖനങ്ങൾ ചെയ്യുന്നു.

കാര്യമിതൊക്കെയാണെങ്കിലും രണ്ടാം ലേഖനത്തിന്റെ അദ്ധ്യായം 12 ൽ പൗലൊസ് പറയുന്ന കാര്യങ്ങൾ ആത്മീയർക്ക് അത്ര ദഹനയോഗ്യമല്ല – ‘ ഞാൻ പ്രശംസിക്കുവാൻ’ എന്നു വച്ചാൽ ‘വീമ്പു പറയുവാൻ’ പോകുന്നു (I must go on boasting) (വാക്യം 1). വാക്യം 5 ൽ അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കില്ല – എന്നുള്ളതിൽ ‘അവനെക്കുറിച്ച് ‘ എന്നുള്ള മൂന്നാം വ്യക്തിയെപ്പറ്റിയുള്ള പ്രയോഗം വായിക്കുമ്പോൾ യേശുവിനെക്കുറിച്ചാണെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ ഇത് പൗലോസ് തന്നെപ്പറ്റി പറയുന്ന ഒരു ശൈലിയാണെന്ന് നന്നായി വായിച്ചാൽ മനസിലാകും. എന്നു വച്ചാൽ ശുദ്ധ ആത്മപ്രശംസ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘മാസ് തള്ളൽ’.

എന്താണ് ആത്മപ്രശംസയ്ക്കുള്ള ആ വലിയ കാരണം?

മാനസാന്തരത്തിനു മുമ്പുള്ള ജീവിതത്തെയോ സമ്പത്തിനെയോ പറ്റിയാണോ?

3 വർഷം അറേബ്യൻ മരുഭൂമിയിലെ ബൈബിൾ കോളേജിൽ പഠിച്ചതോ?

യേശുവിനെ നേരിട്ടു കണ്ടതോ?

യെശയ്യാവ് 53 മാത്രം പ്രസംഗിച്ച് ഫിലിപ്പൊസിനെ പോലെയുള്ള ദൈവദാസന്മാർ സ്നാനം നടത്തുന്ന സമയത്ത് സ്നാനത്തിന് ക്ലാസ് എടുക്കുവാൻ പറ്റുന്ന റോമർ അദ്ധ്യായം 6, എല്ലാ ആഴ്ചയിലും കർത്തൃമേശക്കുള്ള 1 കൊരിന്ത്യർ 11, മിക്കവാറും കല്യാണങ്ങൾക്ക് പ്രസംഗ വിഷയം എഫേസ്യർ 5, 1 കൊരിന്ത്യർ 11, ശവസംസ്കാര ശുശ്രൂഷയ്ക്ക് 1 തെസ്സെലൊനിക്യർ 4 എന്നിവ
എഴുതിയതോ?

ക്ലോഡിയസിന്റെ കാലത്തെ മഹാക്ഷാമത്തിൽ മക്കദോന്യ സഭകളിൽ ഒരു ‘വമ്പൻ പിരിവ് ‘ നടത്തിയതോ? (അപ്പോസ്തോല പ്രവർത്തികൾ 11)

8 വർഷങ്ങൾ 3 മിഷണറി യാത്രകൾ നടത്തി അനേകം സഭകൾ സ്ഥാപിച്ചതോ?

ഇതൊന്നുമല്ലേയല്ല. പിന്നെ?

പൗലോസ് പറയുന്നു ‘ അത് പറയണമെങ്കിൽ എനിക്ക് കർത്താവ് തന്ന വെളിപ്പാടുകളെയും ദർശനങ്ങളെയും കുറിച്ച് ചർച്ച ചെയ്യണം’ (വാക്യം 1). “ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു”. വാക്യം 5 ൽ ‘അവൻ’ എന്നത് വാക്യം 2 ൽ ‘ക്രിസ്തുവിൽ ഒരു മനുഷ്യൻ’ എന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. പൗലൊസ് പ്രശംസിക്കുന്നത് ക്രിസ്തുവിലുള്ള (ഗ്രീക്ക് ഭാഷയിൽ എൻ ക്രിസ്റ്റോ) “തന്നെക്കുറിച്ച് ” തന്നെയാണ്. ഭൂമിയിൽ ആയിരിക്കുമ്പോൾ നാം ക്രിസ്തുവിൽ ആണ് എന്നുള്ളതാകട്ടെ നമ്മുടെ ഏറ്റവും വലിയ പ്രശംസാവിഷയം.

ഇന്ന് ഇതിനേക്കാൾ വലിയ രോഗശാന്തി, ഭൂതശാന്തി,
മീശ എടുത്തു , ജോലി വിട്ടു, പെൻഷൻ വിട്ടു, നാടുവിട്ടു, പട്ടിണി സഹിച്ചു, മദ്യപാനം വിട്ടു, ജയിലിൽ പോയി എന്നിവയൊക്കെ മാർക്കറ്റ് ചെയ്ത് സ്റ്റേജ് പിടിക്കുമ്പോൾ ഇന്നത്തെ കാലത്ത് ഈ അടിസ്ഥാന സത്യവും കൊണ്ട് ഇറങ്ങിയിരുന്നേൽ ഗതി എന്താകുമായിരുന്നു. പക്ഷേ ‘പൗലൊസായി വീട്ടിൽ ഇരിക്കേണ്ടി വന്നാലും അദ്ദേഹം പഴയ ശൗലിനെ പ്രസംഗിച്ചു പ്രശസ്തനാവാൻ നോക്കില്ല’ എന്നുള്ള തീരുമാനമുള്ളവനായിരുന്നു.

ക്രിസ്തുവിൽ (എൻ ക്രിസ്റ്റോ)

ക്രിസ്തുവിൽ ഒരു മനുഷ്യൻ എന്നു തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വായിക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും സങ്കീർത്തനം 91:9 ൽ ഭക്തന്റെ വാക്കുകളെ ശ്രദ്ധയോടെ പഠിക്കുമ്പോഴേ അതിന്റെ മഹത്വം മനസിലാക്കുകയുള്ളു. സങ്കീർത്തനലേഖകൻ പറയുന്നത് ‘നീ അത്യുന്നതനെ നിന്റെ വാസസ്ഥലം ആക്കിയിരിക്കുന്നു’. “ദൈവം വസിക്കുവാൻ ” ആഗ്രഹിച്ച അനേകം ഇടങ്ങൾ ഉണ്ടെങ്കിലും “ദൈവത്തിൽ വാസസ്ഥലമുണ്ടാക്കുക അല്ലെങ്കിൽ ദൈവത്തിൽ വസിക്കുക” എന്നത് പഴയനിയമകാലത്ത് സാദ്ധ്യമാകാത്ത ഒരു ആഗ്രഹം മാത്രമായിരുന്നു. എന്നാൽ പഴയ നിയമ ഭക്തർക്ക് കിട്ടാത്ത ഭാഗ്യപദവി യേശു നമുക്ക് പ്രദാനം ചെയ്യുന്നു – “നിങ്ങൾ എന്നിലും ” എന്റെ വചനം നിങ്ങളിലും വസിച്ചാൽ വളരെ ഫലം കായ്ക്കും (യോഹന്നാൻ 15: 5).

എന്നാൽ പൗലൊസേ, താങ്കൾ രക്ഷിക്കപ്പെട്ടപ്പോൾ ക്രിസ്തുവിൽ ആയത് ആർക്കും അറിയാത്ത കാര്യമാണോ?
അറിയാവുന്നത് തന്നെയാണ് – പക്ഷേ ഒരു കേട്ടറിവ്. ദമസ്കോസിന്റെ പടിവാതിക്കൽ മാനസാന്തരപ്പെട്ട, അനന്യാസിന്റെ കൈയാൽ സ്നാനപ്പെട്ട, അപ്പൊസ്തോലന്മാരുടെ കൈവെപ്പിനാൽ സുവിശേഷ സന്ദേശവുമായി മുന്നേറിയ പൗലൊസിനെ 6 വർഷങ്ങൾക്ക് അപ്പുറം ഒരു ദിവസം ദൈവം മൂന്നാം സ്വർഗത്തിലേക്ക് കൊണ്ടു പോകുന്നു.

എല്ലാരും എങ്ങനെയെങ്കിലും എത്തിപ്പെടുവാനും ഒരു നോക്കു കാണുവാനും കൊതിക്കുന്ന സ്വർഗവും അതിന്റെ മഹത്വവും കണ്ടിട്ടും, ആർക്കും ഉച്ചരിപ്പാൻ കഴിയാത്ത ഭാഷ കേട്ടിട്ടും (വാക്യം 4) പൗലോസിനെ ആശ്ചര്യപ്പെടുത്തിയ കാഴ്ച “ക്രിസ്തുവിൽ അവൻ അവനെത്തന്നെ ” കണ്ടു എന്നുള്ളതാണ്. അതായത് മൂന്നാം സ്വർഗത്തിലെത്തിയ അവനെ ദൈവം മറനീക്കി ക്രിസ്തുവിൽ അവൻ ആത്മാവിൽ ആരാണെന്നും ശരീരത്തിൽ ആരാണെന്നുമുള്ള വെളിപ്പാടുകളെ കാണിച്ചു കൊടുത്തു. കൊലോസ്യർ 3:3 ൽ താൻ ഇപ്രകാരം കുറിച്ചു; ‘നിങ്ങൾ മരിച്ച് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.’
ക്രിസ്തുവിൽ താൻ കണ്ട ആ മനുഷ്യൻ ഒരു പുതിയ സൃഷ്ടി (2 കൊരിന്ത്യർ 5:17) എന്നും, അവന് ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 8:1) എന്നും വെളിപ്പെടുത്തുന്നു. രണ്ടാം വെളിപ്പാടിൽ സാത്താന്റെ ശൂലം സാത്താന്റെ ദൂതൻ ഉള്ള ശരീരത്തിലെ പ്രയാസമേറിയ, പ്രാർത്ഥിച്ചാൽ പോലും ഇതിനു വിടുതൽ കിട്ടാത്ത ജീവിതമാണെങ്കിലും ‘ആദ്യത്തെ വെളിപ്പാട് ‘ അവന്റെ ജീവിതത്തെ മാറ്റി മറിച്ചു. ക്രിസ്തുവിൽ ആത്മാവിൽ വസിക്കുന്ന വ്യക്തികളാണ് നാം എന്ന ബോദ്ധ്യം നമുക്കുണ്ടെങ്കിൽ ശരീരത്തിൽ സാത്താന്റെ ശൂലങ്ങൾ കുത്തുമ്പോഴും” (വാക്യം 7) എന്റെ കൃപ നിനക്കു മതി: എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു” (വാക്യം 9) എന്നുള്ള ക്രിസ്തുവിന്റെ ശബ്ദം ശ്രവിച്ച് “ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നേ ശക്തനാകുന്നു” (വാക്യം 10) എന്ന് ഉറപ്പോടെ പറയാൻ കഴിയും.

ഇതാണ് ലോകത്തിൽ യേശുക്രിസ്തുവിന് ശേഷം പ്രാപിക്കേണ്ട വലിയ വെളിപ്പാട് – നാം ക്രിസ്തുവിൽ ആരാണ്? എവിടെയാണ്?
ഇത് വെറും കേട്ടറിവോ വായിച്ചറിവോ ആയിട്ടല്ല, വെളിപ്പാടായി കാണുവാൻ ഇടയാകേണം. ഇത് പ്രാപിക്കാതെ ആയിരങ്ങളെപ്പറ്റിയുള്ള വെളിപ്പാടുകളോ പ്രവചനദൂതുകളോ പ്രാപിച്ചാലും അതൊന്നും വലിയ കാര്യമല്ല.

ക്രിസ്തുവിൽ നാം ആരാണെന്നും എവിടെയാണെന്നും ഉള്ള ശരിയായ വെളിപ്പാട് പ്രാപിച്ചവരാണെങ്കിൽ ഒരിക്കലും നമ്മിൽ അപകർഷതാബോധവും ഉപരിഭാവ ഭ്രമവും (Inferiority/ Superiority complex), അരക്ഷിതത്വബോധവും (Insecurity feeling) ഉണ്ടാകില്ലായിരുന്നു, വിശ്വാസത്യാഗം (apostacy) സംഭവിക്കില്ലായിരുന്നു, ആത്മഹത്യകൾ സംഭവിക്കില്ലായിരുന്നു, തെറ്റായ വിവാഹത്തിന് മുതിരില്ലായിരുന്നു, വിവാഹ മോചനങ്ങൾ സംഭവിക്കില്ലായിരുന്നു, മാനസിക പ്രശ്നങ്ങളിൽ ആകില്ലായിരുന്നു, വിഷാദരോഗം (Depression) വരില്ലായിരുന്നു, പാപങ്ങളിൽ അകപ്പെടില്ലായിരുന്നു, ഭാവിയെ ഓർത്ത് നിരാശപ്പെട്ട് സമയങ്ങളും അവസരങ്ങളും പാഴാക്കില്ലായിരുന്നു.

ദൈവവുമായി സമയം ചെലവഴിക്കുമ്പോൾ നമുക്ക് കൊതിക്കാം, പൗലൊസ് കണ്ടതുപോലെ നാമും ക്രിസ്തുവിൽ ആയിരിക്കുന്ന വെളിപ്പാട് കാണുവാൻ…

സാഹചര്യം ഏതായാലും നമുക്ക് ഉറപ്പോടെ പറയുവാൻ കഴിയട്ടെ…
En Christo – അതേ ഞാൻ ക്രിസ്തുവിലാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.