പത്തനംതിട്ടയില്‍ ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചു

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപ്പേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളുടെ രണ്ടാം നിലകളിലും വെള്ളം കയറി. ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

റാന്നിയില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. മറ്റ് സ്ഥലങ്ങളില്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ ബോട്ടുവഴിയുള്ള രക്ഷാ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.

ചുരുങ്ങിയ ബോട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ നേരിടുന്നത്. ഹെലികോപ്ടറുകളുടെ സാന്നിദ്ധ്യം സഹായകരമാണെങ്കിലും എല്ലാ ഭാഗത്തേക്കും ഇത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. നേവിയുടെ സഹായം കൂടെ വേണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ഇന്നലെ മുതല്‍ പത്തനംതിട്ടയില്‍ അതിശക്തമായ മഴ തുടരുകയാണ്. പമ്പ ഉള്‍പ്പടെയുള്ള നദികള്‍ കര കവിഞ്ഞൊഴുകുകയാണ്. നാളെ വരെ ഈ മഴ തുടരുമെന്നാണ് അറിയിപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.