മലയാളക്കരയിൽ ചർച്ചാവിഷയമായ “സാർവ്വത്രിക രക്ഷാവാദം” – ബോൾഡ്രിൻ മിഖായേൽ എഴുതുന്നു

(മലയാളീ പെന്തക്കോസ്‌തൽ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ലേഖകൻ)

രമ്പരാഗത മതസങ്കൽപ്പങ്ങൾക്കും അതിനോട് ബന്ധപ്പെട്ട മനുഷ്യവിരുദ്ധമായ നിയമസംഹിതകൾക്കും ഭയപ്പെടുത്തലുകൾക്കും ശിക്ഷ സിദ്ധാന്തങ്ങളോടുമുള്ള യുക്തിഭദ്രവും മാനവികവുമായ പ്രതിപ്രവർത്തനം എന്ന നിലയിയിൽ രൂപപ്പെട്ടുവന്ന ദൈവശാസ്ത്രമാണ് സർവര്ത്രിക രക്ഷാവാദം. ആദിമ നൂറ്റാണ്ടിലെ ഈസ്റ്റേൺ ഓർത്തഡോൿസ് സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശ്വാസപ്രമാണങ്ങളും സർവര്ത്രിക രാക്ഷസിദ്ധാന്തത്തിൻറെ അടിത്തറപ്പാകി. ആധുനിക സർവര്ത്രിക രക്ഷാവാദം പ്രൊട്ടസ്റ്റന്റ്- കരിസ്മാറ്റിക് സഭകളിൽ ആരംഭിക്കുകയും സൂക്ഷ്മ നിലയിൽ വിവിധ കാഴ്ച്ചപാപ്പടുകൾ പിന്തുടരുകയും പതിനെട്ടാം നൂറ്റാണ്ടുമുതൽ പരസ്യനിലപാട് സ്വീകരിക്കുകയും 1785 ഇൽ അമേരിക്കയിൽ സർവര്ത്രികരക്ഷ പഠിപ്പിക്കുന്ന ആദ്യസഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കത്തോലിക്കാ സഭ അഗസ്റ്റിന്റെ ആശയങ്ങളെ പിൻപറ്റി സഭയുടെ തുടർപഠനങ്ങളിൽ സർവര്ത്രിക രക്ഷാവാദത്തെ ഭാഗികമായി അംഗീകരിക്കുകയും ചെയ്തു. സർവര്ത്രിക രക്ഷാവിശ്വാസം വിവിധ വകഭേദങ്ങളിലും തീവ്രതയിലും ഭിന്നാഭിപ്രായങ്ങളിലും നിലവിൽ ഉണ്ടെങ്കിലും അതിന്റെ പൂര്ണ്ണ രൂപം താഴെപ്പറയുന്ന വിധമാണ്.

1. സാർവ്വർത്രിക രക്ഷാവാദം പൂർണമായി ക്രിസ്തുകേന്ദ്രികൃത വിശ്വാസമാണ്.

2. സാർവ്വർത്രിക രക്ഷാവാദം ധാർമ്മിക നിയമങ്ങളെ ദൈവ സ്നേഹത്തിൻറെ പ്രതിഫലനമെന്ന നിലയിൽ പൂർണമായി അംഗീകരിക്കുന്നു.

post watermark60x60

3. മനുഷ്യത്വവും ദൈവത്വവും തമ്മിലുള്ള സാർവ്വലൗകിക അനുരഞ്ജനത്തിലുള്ള പ്രത്യാശയും വിശ്വാസമാണ് സർവ്വർത്രിക രക്ഷാവാദത്തിന്റെ അടിസ്ഥാനം.

4. നിത്യ ശിക്ഷ്യയെ സർവര്ത്രിക രക്ഷാവാദം നിക്ഷേധിക്കുന്നു.

5. മനുഷ്യ പ്രകൃതിയിൽ മനുഷ്യൻ പാപം ചെയ്യുന്നു എന്നും എന്നാൽ പാപികളോട് കൃപകാണിച്ചു അന്തിമമായി ക്ഷമിക്കുന്ന ദൈവത്തെയും അന്തിമന്യായവിധിയോടെ ദൈവത്തോട് അനുരഞ്ജനപ്പെടുന്ന സർവ്വമനുഷ്യകുലത്തെയും പ്രത്യാശിക്കുന്നു.

6. എല്ലാ മതങ്ങളുടെയും സർവ്വലൗകിക തത്വങ്ങൾക്ക് സർവ്വത്രികാ രക്ഷാസിദ്ധാന്ധം പ്രാധാന്യം നൽകുകയും സർവ്വലൗകിക രീതിയിൽ അവയെ സ്വീകരിക്കുകയും ചെയ്യുന്നു: ഉദാ: ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന ആശയത്തെ പൂർണ്ണമായി അംഗീകരിക്കുന്നു.

7. പിതാവായ ദൈവത്തിൻറെ ദൈവീക സ്നേഹവും കരുണയും നിമിത്തം ഓരോ മനുഷ്യനും അന്തിമമായി ദൈവവുമായി അനുരഞ്ജനപ്പെടുമെന്ന് സർവ്വലൗകിക വാദികൾ വിശ്വസിക്കുന്നു. “എല്ലാമുട്ടുകളും അവന്റെ മുന്നിൽ മടങ്ങും” എന്ന് എഴുതപ്പെട്ടിരിക്കുന്നു.

8. ഏക സത്യം എല്ലാ അതിരുകൾക്കും അപ്പുറത്തുള്ള ദൈവസ്നേഹമാണ് എന്ന് വിശ്വസിക്കുന്നു.

9. ക്രിസ്തു തൻറെ രക്ഷാകർമ്മത്തിൽ പൂർണ്ണവിജയം വരിച്ചു സർവ്വലോകത്തിന്റേയും പ്രത്യാശയും പ്രതീക്ഷയും നിറവേറ്റുമെന്നു വിശ്വസിക്കുന്നു.

10. സാർവ്വർത്രിക രക്ഷാവാദം സഭാപരമായ വിഭാഗീയതയിൽ വിശ്വസിക്കുന്നില്ല. എല്ലാ വിഭാഗീയതയും അജ്ഞതയിലോ അധികാരമോഹത്താലോ ഉണ്ടാകുന്ന മാനുഷിക സൃഷ്ടിയാണെന്ന് അവർ വിശ്വസിക്കുന്നു.

11. മനുഷ്യനും ദൈവവുമായുള്ള എല്ലാ ബന്ധങ്ങളിലും ഏറ്റവും പ്രധാനം സ്നേഹത്തിനാണ്, സ്നേഹം സർവ്വലംഘനങ്ങളെയും മറയ്ക്കുന്നു. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.

12. ക്രിസ്തുവിലൂടെയാണ് ദൈവത്തിൻറെ ശരിയായ സ്വഭാവവും സ്നേഹവും വെളിപ്പെട്ടത് എന്ന് സാർവ്വർത്രിക രക്ഷാവാദം വിശ്വസിക്കുന്നു. ക്രിസ്തുവിനു മുൻപ് വന്നവർ ഒരിക്കലും പൂർണ്ണ ദൈവ സ്നേഹം അവതരിപ്പിച്ചില്ല. ക്രിസ്തുവിനു മുൻപ് വന്ന എല്ലാ പ്രവാചകർക്കും മാനുഷികമായ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് :- ദുഷ്ടനും ശിഷ്ടനും ഒരു പോലെ സൂര്യനുദിപ്പിക്കുകയും ഒരു പോലെ മഴപെയ്യിക്കുകയും അവസാനമണിക്കൂറിൽ വന്നവന് പോലും ഒരു ദനാറ നൽകി സ്നേഹം വെളിവാക്കിയ നല്ല യജമാനന് തുല്യനാണ് ദൈവമാണെന്നും യേശു പഠിപ്പിക്കുന്നു. കുരിശിൽ കിടക്കുമ്പോൾപ്പോലും ക്രൂശിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ച ക്ഷമിക്കുന്ന സ്നേഹമാണ് ദൈവത്തിന്റെ യാഥാർഥ്യ സ്വഭാവമെന്ന് സാർവ്വർത്രിക രക്ഷാവാദം വിശ്വസിക്കുന്നു.

13. ദൈവത്തിൻറെ നീതി അടിസ്ഥപ്പെട്ടിരിക്കുന്നതു കരുണയിൽ ആണ്. മനുഷ്യ നീതി അടിസ്ഥപ്പെട്ടിരിക്കുന്നത് നിയമത്തിൽ ആണ്. “യഹോവ എല്ലാവർക്കും നല്ലവൻ.”

14. മനുഷ്യൻറെ ആത്മാവ് ദൈവ ദത്തമാണ്. മനുഷ്യാത്മാവിനെ ദൈവം നശിപ്പിക്കില്ല.

15. ധാർമ്മിക പരാജയങ്ങൾക്ക് ഓരോ മനുഷ്യനും അതിന്റെതായ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. അതിനാൽ അധാർമ്മികത തിരുത്തി ജീവിക്കുന്നതാണ് മനുഷ്യ ജീവിതത്തിനു ഉത്തമം.

16. അന്തിമ നാളിൽ സകലമനുഷ്യരുടേയും ആത്മാവ് ദൈവവുമായി ഐക്യപ്പെട്ട് ക്രിസ്തുവിനു സമാനമായ മഹത്വീകരണം സ്വീകരിക്കും.

17. ദൈവ ശിക്ഷകൾ ഒരിക്കലും പ്രതികാര നടപടികൾ അല്ല നേരെ മരിച്ചു പരിഹാര നടപടികൾ ആണ് ആയതിനാൽ അവ ശിക്ഷകൾ അല്ല നന്മയുടെ അഭ്യസനം ആണ്.

18. സഭാപിതാക്കന്മാരായ ഒറിജിൻ, ക്ലെമെന്റ്, ഗ്രിഗറി തുടങ്ങിയവരുടെ അഭിപ്രായത്തിൽ മരണാന്തരം പോലും ദൈവസ്നേഹത്തെ അംഗീകരിക്കാത്തവർ തിരുവെഴുത്തുകൾ പ്രകാരം താൽക്കാലിക ശുദ്ധീകരണ (മരണാനന്തര ശുദ്ധീകരണ സ്ഥലം) മാർഗങ്ങളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. എന്നാൽ അവ നിത്യമല്ല. താൽക്കാലികവും ലക്ഷ്യം ശുദ്ധീകരണവും ആണ്. അവയിൽ പോലും ക്രിസ്തുവിന്റെ കരുണ ദർശിക്കാം എന്ന് സർവര്ത്രിക രക്ഷാവാദം സമർത്ഥിക്കുന്നു.

19. നിത്യനരകം ആദിമ സഭയുടെയോ യഹൂദ മതവിശ്വാസങ്ങളുടെയോ വിശ്വാസങ്ങളുടെ ഭാഗമല്ല. മനുഷ്യർക്കായുള്ള നിത്യ നരകം പ്രാകൃത മത സിദ്ധാന്തങ്ങളുടെ സ്വാധീനത്താൽ ഉണ്ടായ പരിഭാഷ പിശക് ആണ്. പൗലോസ് തൻറെ ലേഖനങ്ങളിൽ നരകത്തെക്കുറിച്ചു പരാമർശിക്കുന്നില്ല.

20. സുഖവും ദുഖവും നന്മയും തിന്മയും ചേർന്നതാണ് മനുഷ്യ ജീവിതം എന്ന് സാർവ്വർത്രിക രക്ഷാവാദം അംഗീകരിക്കുന്നു . ദൈവ സ്നേഹം മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ അത്ഭുതകരമായി ഇല്ലായ്മ ചെയ്യുന്നില്ല എന്നാൽ ചില ഭാഗിക ആശ്വാസം നൽകുന്നു. പരസ്പര സ്നേഹത്തിലും സഹിഷ്ണുതയിലും പരിജ്ഞാനത്തിലും അധ്വാനത്തിലൂടെയും ജീവിത ദുരിതങ്ങൾ അകറ്റുവാൻ ഓരോ മനുഷ്യനും കടപ്പെട്ടിരിക്കുന്നു.

21. ക്രിസ്തുസംഭവമോ പെന്തോകൊസ്തുനാളുകളോ അവർത്തിക്കപ്പെടുകയില്ല എന്ന് സർവര്ത്രിക രക്ഷാവാദം വിശ്വസിക്കുന്നു.

22. ദൈവം സർവര്ത്രികമായി സകല ലോകത്തിലും ഇടപെടുകയും സകല ജാതികളിലും ഗോത്രങ്ങളിലും തൻറെ താല്പര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.

23. ബൈബിളിനെ അംഗീകരിക്കുമ്പോൾ തന്നെ ബൈബിൾ മനുഷ്യപരിമിതികളിൽ നിന്ന് എഴുതപ്പെട്ട ദൈവീക വെളിപാടുകൾ മാത്രമാണെന്നും അവ മൗലികമോ സമ്പൂർണ്ണമോ അല്ല എന്നും സർവര്ത്രിക രക്ഷാവാദം വിശ്വസിക്കുന്നു. ആത്മീയ ജീവിതത്തിനുള്ള പ്രാഥമിക മാർഗ്ഗ ദർശന മായി ആത്മീയ പിതാക്കന്മാർ രചിച്ച ഗ്രന്ഥസമുച്ചയം മാത്രമാണ് ബൈബിൾ. ബൈബിളിന്റെ ആക്ഷരിക വ്യാഖ്യാനങ്ങളെ അവർ തള്ളിക്കളയുന്നു..

24. സാർവ്വർത്രിക രക്ഷാവാദം നിയമത്തിനേക്കാൾ മനുഷ്യന് പ്രാധാന്യം നൽകുന്നു. നിയമങ്ങൾ മനുഷ്യന് വേണ്ടിയാണു നിർമ്മിക്കപ്പെട്ടത് എന്ന ക്രിസ്തുവിന്റെ തിരുവെഴുത്തുകളിൽ വിശ്വസിക്കുന്നു. നിയമങ്ങൾ സാമൂഹ്യജീവിതത്തിന്റെ അനിവാര്യസൃഷ്ടിയായി അവർ കരുതുന്നു.

25. സാർവ്വർത്രിക രക്ഷാവാദം പ്രാദേശിക സംസ്കാരത്തിനും ഭൂവൈവിധ്യങ്ങളെയും അവയുടെ തനതായ സംബ്രദായങ്ങളെയും അംഗീകരിക്കുന്നു. വിശ്വാസികളുടെ സെമറ്റിക്ക് ജീവിത ശൈലികൾ പരിമിതപ്പെടുത്തിയിരിക്കുന്നില്ല . ഉദാ: സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നോ ആഭരണം ഉപേക്ഷിക്കണമെന്നോ നിർബന്ധം പിടിക്കുന്നില്ല.

26. ദൈവത്തിന്റെ ദയ എന്നേക്കും ഉള്ളതിനാൽ മരിച്ചവർ ദൈവ ശബ്ദം കേൾക്കുന്നു. ദൈവ സന്നിധിയിൽ ആരും മരിക്കുന്നില്ല. സഭയെന്നാൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരും വരാനിരിക്കുന്നവരും ചേർന്നതാണ്.

27. പ്രാദേശിക ദേവന്മാർ/ ആരാധനാ മൂർത്തികൾ യഹോവയുടെ സൃഷ്ടിയാണ്. അവയുടെമേൽ മനുഷ്യർക്ക് അധികാരമില്ല. യഹൂദരെ കൂടാതെ വിവിധ പേരുകളിൽ യഹോവയെ ആരാധിച്ചിരുന്ന ജനം ലോകമെമ്പാടും ഉണ്ടായിരുന്നു എന്ന് സാർവ്വർത്രിക രക്ഷാവാദം വിശ്വസിക്കുന്നു.

28. സത്യാ ദൈവമെന്ന ഉത്തമവിശ്വാസത്തോടെ മനുഷ്യൻ ആരാധിക്കുമ്പോൾ ദൈവം അവരുടെ ഹൃദയപരമാർത്ഥതയെ അംഗീകരിച്ചുകൊണ്ട് മാനുഷിക പരിമിതികളെ കണക്കിലെടുക്കാതെ ആ ആരാധനാ യഹോവ സ്വീകരിക്കുന്നു എന്ന് സർവര്ത്രിക രക്ഷാവാദം വിശ്വസിക്കുന്നു.

29. സർവര്ത്രിക രക്ഷാവാദം സുവിശേഷകരെ ക്രിസ്തു പൂർത്തീകരിച്ച സത് വാർത്ത അറിയിക്കുന്ന സന്ദേശവാഹകർ എന്ന നിലയിൽ മാത്രം ദർശിക്കുന്നു.

30. മനസാന്തരപ്പെടുവിൻ എന്ന സന്ദേശം ക്രിസ്തു വഴി ദൈവം ലോകത്തോടു നടത്തിയ അനുരഞ്ജനം അംഗികരിച്ചു ഹൃദയം ദൈവത്തിലേക്ക് തിരിച്ചു ദൈവത്തോട് നന്ദിയുള്ളവർ ആയിരിക്കാനും ദൈവ സ്വഭാവത്തെ മാതൃകയാക്കുവാനുമുള്ള ആഹ്വനം മാത്രമായാണ് സർവര്ത്രിക രക്ഷാവാദം കാണുന്നത്.

31. സ്നാനം, അപ്പം നുറുക്ക് തുടങ്ങിയവയെ ക്രിസ്തു നൽകിയ രക്ഷ പ്രഘോഷിക്കുന്ന സന്ദേശവാഹകരുടെ പിന്തുടർച്ചയ്ക്കായുള്ള അനുഷ്ടാനങ്ങൾ മാത്രമായാണ് കാണുന്നത്.

32. എല്ലാ സുവിശേഷ വിഹിത സഭകളിലും സർവര്ത്രികരക്ഷാവാദം വിശ്വസിക്കുന്നവർ ഉണ്ട്. എന്നാൽ പാരമ്പരഗത വിശ്വാസികളുടെ എതിർപ്പ് ഭയന്ന് അവർ സർവര്ത്രിക രക്ഷയിൽ വിശ്വസിക്കുന്നു എന്ന് തുറന്നു പറയുവാൻ തയ്യാറല്ല. എന്നാൽ അവരുടെ പ്രസംഗങ്ങളിൽ പുത്രത്വം, അനുരഞ്ജനം, ദൈവ സ്നേഹം, കൃപ തുടങ്ങിയ പദങ്ങൾ തുടർച്ചയായി ഉപയോഗിച്ചു കാണുന്നു.

33. സർവര്ത്രിക രക്ഷാവാദം ഈസ്റ്റേൺ ഓർത്തഡോൿസ് സഭയുടെ “തിയോസിസ് ” സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നു. മതപ്രചാരണത്തെക്കാൾ ഉപരിയായി ക്രിസ്തു ശിക്ഷ്യത്വം സ്വീകരിക്കുന്നവർ ക്രിസ്തുവിനെ സ്വ ജീവിതത്തിലൂടെ ജനങ്ങൾക്ക് നൽകുന്നവരാകണം മതപ്രവർത്തകർ എന്ന് അവർ പഠിപ്പിക്കുന്നു. ഉദാ: ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായുള്ള ജീവിതം.

34. സർവര്ത്രിക രക്ഷാവാദം ഗുപ്തവും നിഗൂഢവുമായ (Mystical) ചില വിശ്വാസ സമ്പ്രദായങ്ങളിൽ വിശ്വസിക്കുന്നു. ആത്മാവിൻറെ മുൻ അസ്തിത്വവും മരണാന്തര അസ്തിത്വവും അദൃശ്യലോകത്തെക്കുറിച്ചും, സ്വാഭാവിക പ്രകൃതി നിയമങ്ങളെ നിശ്ചയിക്കുന്ന പ്രപഞ്ച നിയമങ്ങളെക്കുറിച്ചും അനന്തതയുടെ അനുഭവങ്ങളെ കുറിച്ചും അവരിൽ ചില വിഭാഗങ്ങൾ ബോധവാന്മാരാണ്. പ്രപഞ്ചത്തിൽ നിന്ന് ദൈവ സ്വഭാവത്തെ പഠിക്കാൻ ശ്രമിക്കുന്നു.

Disclaimer:-സർവ്വർത്രിക രക്ഷാവാദം അഥവാ യൂണിവേഴ്‌സലിസം എന്ത് വിശ്വസിക്കുന്നു അല്ലെങ്കിൽ പഠിപ്പിക്കുന്നു എന്ന വിഷയം ഒരു പഠനം എന്ന നിലയിൽ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെ വ്യക്തിപരമായോ ഗ്രൂപ്പിന്റേയോ നിലപാടുകൾ ആയി ചിത്രീകരിക്കരിക്കരുത്.
(Boldrin Michael Puliparambil)

-ADVERTISEMENT-

-ADVERTISEMENT-

You might also like