പെരുംപ്രളയം; 14 ജില്ലകളില്‍ റെഡ് അലര്‍ട്ട്; നിരവധി മരണം

കൊച്ചി: കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നു. നിര്‍ത്താതെ പെയ്യുന്ന പേമാരിക്കിടെ ഇന്ന്  മാത്രം പതിമൂന്ന്  പേര്‍ മരിച്ചു. 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 33 ഡാമുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം – നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ഇരണിയല്‍ – കുഴിത്തുറ ഭാഗത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞു. ആലുവ – തൃശൂര്‍ റൂട്ടില്‍ വേഗനിയന്ത്രണം, ട്രാക്കില്‍ വെള്ളംകയറിയാല്‍ നിർത്തും.

ഇടുക്കിയില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഘട്ടംഘട്ടമായി 1500 ക്യുമെക്സ് ആക്കും. മുല്ലപ്പെരിയാറില്‍ പത്ത് ഷട്ടര്‍ എട്ടുമണിക്കൂര്‍ തുറന്നിട്ടും ജലനിരപ്പ് ഉയര്‍ന്നുതന്നെ തുടരുകയാണ്. വെള്ളപ്പാച്ചിലില്‍ പള്ളിവാസല്‍ ആറ്റുകാട് പാലം തകര്‍ന്നു. ചെറുതോണിയില്‍ വലിയ മണ്‍കെട്ടിടിഞ്ഞു, ബിഎസ്എന്‍എല്‍ ഓഫീസിനുപിന്നിലും മണ്ണിടിച്ചില്‍.

post watermark60x60

കോഴിക്കോട് അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍, തിരുവനന്തപുരത്തും വെള്ളപ്പൊക്കം. കിള്ളിയാര്‍, കരമനയാര്‍, വാമനപുരം നദി, പാര്‍വതിപുത്തനാര്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു. നെടുമ്പോല്‍ ചുരം വെള്ളത്തില്‍, കണ്ണൂര്‍ – വയനാട് റോഡ് ഗതാഗതം നിലച്ചു.

കുളത്തൂപ്പുഴ, തെന്മല, നെയ്യാര്‍ ഡാം റോഡുകളില്‍ ഗതാഗതം നിലച്ചു. മൂഴിയാര്‍ – ഗവി റൂട്ടില്‍ അരണമുടിയില്‍ ഉരുള്‍പൊട്ടി. ചരിത്രത്തിലാദ്യമായി മുപ്പത്തിമൂന്നുഡാമുകള്‍ ഒരേസമയം തുറന്നു. പേമാരിയും പമ്പ അണക്കെട്ടില്‍ നിന്ന് തുറന്നുവിട്ട വെള്ളവും പമ്പാനദിയില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആറന്മുള, തിരുവല്ല മേഖലകളില്‍ പമ്പാതീരത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

വെള്ളപ്പൊക്കം രൂക്ഷമായ അപ്പര്‍ കുട്ടനാട് മേഖലയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. പെരിങ്ങല്‍ക്കുത്ത് ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. ചാലക്കുടി പട്ടണമടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്. അതിരപ്പള്ളി വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. ചാലക്കുടി, വാല്‍പ്പാറ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. മലങ്കര അണക്കെട്ടിലെ അഞ്ചുഷട്ടറുകളും ഒന്നരമീറ്റര്‍ വീതം ഉയര്‍ത്തി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തി.

കോഴിക്കോട് അഞ്ചിടത്ത് ഉരുള്‍പൊട്ടി. താമരശേരി കണ്ണപ്പന്‍ കുണ്ടില്‍ 150 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വെള്ളം കയറി. ആനക്കാംപൊയില്‍, മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി.

വയനാടും മലപ്പുറത്തും പാലക്കാടും മഴക്ക് ശമനമില്ല. ബാണാസുരസാഗര്‍ അണക്കെട്ടില്‍ മഴ ഇല്ലെങ്കിലും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ നാലുഷട്ടറുകളും തുറന്നുതന്നെ വയ്ക്കും.

തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം പൂര്‍ണമായും അടച്ചു. പൊന്‍മുടി, വിതുര എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അസാധാരണ സാഹചര്യമായതിനാല്‍ എല്ലാ സേനാവിഭാഗങ്ങളും സജ്‍ജമാവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥര്‍ ഒാഫിസുകളിലേക്ക് ഉടന്‍ മടങ്ങിയെത്തണം.

-ADVERTISEMENT-

-ADVERTISEMENT-

You might also like