ലേഖനം:” ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം ” | ജോസ് പ്രകാശ്,കാട്ടാക്കട

വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ മൊഴിഞ്ഞതിപ്രകാരമാണ് : ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു
(സങ്കീർത്തനം 31:12).

ഇവിടെ ദാവീദ് സ്വയമായി ഉടയപ്പെട്ടതല്ല ശത്രുക്കളും പീഡകരും അദ്ദേഹത്തെ ഉടച്ചതാണ്. ഒരു പാത്രം ഉടഞ്ഞ് ഉപയോഗശൂന്യമായ് തീരുന്നതുപോലെ താൻ ച്ഛേദിക്കപ്പെട്ടുപോയെന്ന് പരിഭ്രമിച്ചെങ്കിലും ദൈവത്തിലാശ്രയിച്ച ഭക്തനെ ദൈവം കുറവുകൾ നീക്കി നന്നായി പണിതു വീണ്ടും ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മാനപാത്രമാക്കി മാറ്റി.

സാധാരണയായി പാത്രങ്ങൾ സ്വയമായി ഉടയുന്ന പതിവ് തീരെ കുറവാണ്. ഉപയോഗിക്കുന്നവരാൽ  ഉടയപ്പെടാം അല്ലെങ്കിൽ സൂക്ഷ്മത കുറവുകൊണ്ടും ഉടവ് സംഭവിച്ചെന്നു വരാം. അറിഞ്ഞുകൊണ്ട് ആരും തന്നെ പാത്രങ്ങളെ ഉടയ്ക്കാറില്ല.
എത്ര നന്നായി സൂക്ഷിച്ചാലും ചില പാത്രങ്ങൾ ചിലപ്പോൾ ഉടഞ്ഞു പോകാറുണ്ട്. ഉടഞ്ഞുപോയ പാത്രത്തെ ആരും അധികം ഉപയോഗിക്കാറില്ല. അതിൻ്റെ സ്ഥാനം അന്നുമുതൽ പുറത്തായിരിക്കും അതിൻ്റെ ഓർമ്മ ഇല്ലാതാകുന്നു. എന്നാൽ തന്റെ കരവിരുതാൽ മെനഞ്ഞെടുത്ത ഉണ്മയായ പാത്രങ്ങൾ ഉടഞ്ഞു പോയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഉടമസ്ഥനായ കുശവനാണ്.

ഉടഞ്ഞുപോയൊരു പാത്രത്തിന് സമാനമായ ജീവിത സാഹചര്യത്തിലൂടെ ഭക്തനായ യോസേഫും കടന്നുപോയിട്ടുണ്ട്. ഉപയോഗശൂന്യമായ ഒരു പാത്രത്തെപ്പോലെ യോസേഫിനെ സഹോദരന്മാർ കുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ഉടമസ്ഥനായ ദൈവം ഉടഞ്ഞു പോകുവാൻ അനുവദിച്ചില്ല. വീഴ്ചയുടെ ആഘാതം ഒരുപക്ഷേ മനസ്സിനെയും ശരീരത്തെയും വേദനിപ്പിച്ചു കാണാമെങ്കിലും ഉള്ളിലുണ്ടായിരുന്ന ദർശനത്തിന് അല്പവും ക്ഷതമേറ്റില്ല.

സഹോദരന്മാരും മിദ്യാന്യ കച്ചവടക്കാരും ഒരു വിൽപ്പനച്ചരക്കായി  യോസേഫിനെ വിറ്റപ്പോഴും ആ പാത്രം ഉടയാതെ ഉടയോൻ്റെ സംരക്ഷണത്താൽ സുരക്ഷിതമായിരുന്നു. മാന പാത്രമായിരുന്ന യുവഭക്തനെ ഹീനപാത്രമാക്കി ഉടച്ചുകളയുവാൻ പോത്തിഫറിൻ്റെ ഭാര്യയ്ക്കും കഴിഞ്ഞില്ല. യ്യൗവനമോഹങ്ങളെ  വിട്ടോടി തന്നെത്താൻ വെടിപ്പാക്കി, വിശുദ്ധിയോടെ ഉടമസ്ഥന്നു ഉപയോഗിക്കുവാൻ തക്കവണ്ണം ഒരുങ്ങിയിരുന്ന ഒരു മാനപാത്രമായിരുന്നു യോസേഫ്. വിശ്വസ്തനായി സേവ ചെയ്തിട്ടും കാരാഗൃഹത്തിൽ അടക്കപ്പെട്ട യോസേഫ് എന്ന മാനപാത്രത്തെ തൊടുവാൻ ഉടമസ്ഥനായ ദൈവം ആരെയും അനുദിച്ചില്ല.

കുശവൻ്റെ കൈയിൽ കളിമണ്ണ് ഇരിക്കുന്നതുപോലെ യോസേഫ് ദൈവ കരങ്ങളിൽ ഭദ്രമായിരുന്നതിനാൽ  ലോകവും, ജഡവും, പിശാചും തന്നെ തകർത്തുകളവാൻ ശ്രമിച്ചപ്പോഴൊക്കെ ദൈവം തന്നെ മെനഞ്ഞുകൊണ്ടിരുന്നു. യോസേഫിനെ തകർക്കുവാനും നശിപ്പിക്കുവാനും അല്ലായിരുന്നു ദൈവം അനുവദിച്ച ശോധനകൾ. അനേകരുടെ ജീവരക്ഷയ്ക്കായി പ്രവർത്തിക്കുവാനും ഈജിപ്റ്റിലെ അധിപതിയായി  നിയമിക്കുവാനും ആയിരുന്നു ഈ നുറുക്കത്തിൻ്റെയും ഉടയലിൻ്റെയും അനുഭവങ്ങൾ. യജമാനനായ യഹോവയുടെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം താൻ കഷ്ടതയിൽ ആയിരുന്നതു തനിക്കു ഏറെ ഗുണമായി.

സ്വന്ത വിവേകത്തിൽ ഊന്നാതെ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിച്ച് എല്ലാവഴികളിലും ദൈവത്തെ നിനെച്ച; യോസേഫിനെ എല്ലാവഴികളിലും കാക്കേണ്ടതിന്നു ദൈവം തന്റെ ദൂതന്മാരോടു കല്പിച്ചു. പോകേണ്ട പാത കൃത്യമായി കാട്ടിക്കൊടുത്ത് ദൃഷ്ടിവെച്ചു ആലോചന പറയുന്ന നല്ല ഉപദേഷ്ടാവായ ദൈവം തന്നോടു കൂടെ ഉണ്ടായിരുന്നതിനാൽ താൻ കൃതാർത്ഥനായി. പരീക്ഷ സഹിച്ച യോസേഫ് അവസാനം ഭാഗ്യവാനും കൊള്ളാകുന്നവനുമായി തെളിഞ്ഞു കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കുവാൻ അർഹനായി.
മാറായെ മധുരമാക്കിയ  മശിഹാതമ്പുരാൻ യോസേഫിന്റെ ജീവിതത്തിലെ ആദിയിങ്കലെ കൈപ്പുകളെ അന്ത്യത്തിൽ മധുരമാക്കിക്കൊടുത്തു.

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു ഓർക്കുമ്പോൾ നൊടി നേരത്തേക്കുള്ള ഈ ഒറ്റപ്പെടലും, ത്യജിക്കപ്പെടലും, പൊട്ടക്കുഴിയും, കാരാഗൃഹവും, കണ്ണുനീരും സാരമില്ലെന്നറിയുക. അതുകൊണ്ടു അധൈര്യപ്പെടാതെ നമ്മുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോയാലും  അകമേയുള്ള ആത്മമനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കേണ്ടതിന്  ആണിപ്പാടേറ്റ അരുമനാഥൻ്റെ കൈകളിൽ നമ്മെ പൂർണമായും സമർപ്പിക്കാം.

നമ്മുടെ ജീവിതത്തിൽ പരീക്ഷ ദൈവം അനുവദിച്ചാൽ ദൈവത്തോടു പ്രത്യുത്തരം പറകയോ എന്തിനെന്നു ചോദിക്കുയോ അരുത്. കളിമണ്ണിൽ നിന്നും ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ പൂർണ്ണ അധികാരം ഉള്ളത് കുശവനായ ദൈവത്തിനാണ്.
എൻ്റെ ജീവിതം ഉടഞ്ഞുപോയി, ഞാൻ തകർന്നുപോയി ഇനി ഒരു പുനരുദ്ധാരണം സാദ്ധ്യമോ എന്നോർത്ത് വ്യാകുലപ്പെടാതെ ബലമുള്ള ദൈവത്തിന്റെ കരങ്ങളിലേക്ക് താങ്കളെ ഏല്പിച്ചു കൊടുക്കുക.

ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. എന്നാൽ ലോകത്തിലെ കഷ്ടങ്ങളെ ജയിച്ച യേശു ലോകാന്ത്യത്തോളം നമ്മോടുകൂടെ ഉള്ളതാൽ ഭയപ്പെടരുത്.
നമ്മെ ജീവിതത്തിൻ്റെ  കഷ്ടനഷ്ട ശോധനകളിലൂടെ ദൈവം കടത്തിവിടുന്നത്  ഉടച്ചുവാർത്ത് കുറവുകൾ തീർത്തു നല്ല പാത്രമാക്കുന്നതിനു വേണ്ടിയാണ്.
വിശ്വാസത്തിൽ നില നിൽക്കുന്ന ഭക്തർക്ക് അനേകം കഷ്ടങ്ങളിൽ കൂടി മാത്രമേ ദൈവരാജ്യപ്രവേശനം സാദ്ധ്യമാകയുള്ളൂ എന്ന അപ്പൊസ്തലന്മാരുടെ പ്രബോധനവും ഇത്തരുണത്തിൽ ഓർത്തുകൊൾക.

ആരംഭത്തിൽ പിശാചിൻ്റെ ആക്രമണങ്ങളിലൂടെ തകർന്നും അവസാനം ദൈവത്തിൻ്റെ പണിപ്പുരയിലൂടെ അമർന്നും  ഒരു പൊൻപാത്രം പോലെ പുറത്തുവന്ന ഭക്തൻ പറഞ്ഞത് ശ്രദ്ധിക്കുക: ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
ദൈവം മുറിവേല്പിക്കയും മുറിവ് കെട്ടുകയും ചെയ്യുന്നു; ദൈവം ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു (ഇയ്യോബ് 5:17-18).

പഴയനിയമകാലത്ത് വിശുദ്ധജലം എടുക്കുവാൻ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും കാരണത്താൽ ഒരു പാത്രം അശുദ്ധമായാൽ ആ മൺപാത്രത്തെ ഉടച്ചു കളയണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെയെങ്കിൽ ഈ കൃപായുഗത്തിൽ ജീവിക്കുന്ന നമ്മിൽ കാരുണ്യവാനായ ദൈവത്തിന്റെ ശക്തിയും തേജസ്സിന്റെ ധനവും വെളിപ്പെടുത്തുവാൻ കർത്താവ് ഇച്ഛിക്കുന്നത് കൊണ്ടത്രെ അടിക്കടി നാം അശുദ്ധമായിട്ടും  അടിച്ചുടയ്ക്കാതെ വീണ്ടും ഒരു അവസരം കൂടെ അനുവദിച്ച് നിർത്തിയിരിക്കുന്നത്. നാശയോഗ്യമായ കോപപാത്രങ്ങളായ നമ്മെ വളരെ ദീർഘക്ഷമയോടെ സഹിക്കുന്നത് ദൈവത്തിന്റെ ബലഹീനതയല്ല മറിച്ച് തൻ്റെ മഹാ കൃപയത്രെ. ആകയാൽ തങ്ങൾ നില്ക്കുന്നു എന്നു തോന്നുന്നവർ വീഴാതിരിപ്പാൻ നോക്കിക്കൊള്ളുക.

ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണമാകയാൽ നാം അശുദ്ധി വിട്ടൊഴിഞ്ഞു വിശുദ്ധീകരണത്തിലും മാനത്തിലും നമ്മുടെ പാത്രത്തെ നേടിക്കൊള്ളേണം.
മൺപാത്രമാകുന്ന നാം ഉടഞ്ഞുപോകാതിരിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൻ്റെ ശക്തികൊണ്ടല്ല പ്രത്യുത നമ്മിൽ വ്യാപരിക്കുന്ന പരിശുദ്ധാത്മ ശക്തികൊണ്ടത്രെ. എന്നാൽ ഈ അത്യന്തശക്തി നമ്മുടെ സ്വന്തമല്ല, ഇത് ദൈവത്തിന്റെ ദാനമാണ്. ഈ നിക്ഷേപം നമ്മുടെ ശരീരമായ മൺപാത്രങ്ങളിലാണ് പകരപ്പെട്ടിരിക്കുന്നതു.

സർവ്വലോകത്തെക്കാളും വിലയേറിയ  ദൈവാത്മാവിനെ മൺപാത്രമാകുന്ന നമ്മിൽ പകർന്നിരിക്കുന്നതിനാൽ ഈ ഭൂവിലെ ഏക ജീവിതത്തിൽ ഒരിക്കലും ഈ പാത്രത്തെ നഷ്ടപ്പെടുത്തുവാൻ  ബദ്ധപ്പെടരുത്.
യേശുവിന്റെ നാമം ജനതകൾക്കും ജനനായകന്മാർക്കും മുമ്പിൽ വഹിപ്പാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വിലയേറിയ പാത്രമായ നമ്മെ തന്നോട് ചേർക്കുവാൻ  കുശവനായ ക്രിസ്തു കാഹളനാദത്തോടെ വാനസേനയുമായ് വീണ്ടും  വരും. ആ നാൾവരെ അനുദിനവും തൻ കരങ്ങളാൽ നമ്മെ ഉടച്ചുവാർത്ത് പുതുക്കി പണിതുകൊണ്ടിരിക്കട്ടെ ക്ഷയവും, മാലിന്യവും, വാട്ടവും മാറി നല്ലൊരു മാനപാത്രം ആകുന്നതുവരെ.

ക്രിസ്തുവിൽ, നിങ്ങളുടെ കൂട്ടുവേലക്കാരൻ;
ജോസ് പ്രകാശ്,കാട്ടാക്കട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.