ലേഖനം:ഇടയനും, കാട്ടത്തിപ്പഴം പെറുക്കുന്നവനും | വര്ഗീസ് ജോസ്

കാട്ടത്തി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഏവരുടേയും മനസിലേക്ക് ഓടിയെത്തുക,സക്കായി എന്ന കുറിയവന്റെ രൂപവും, അതിനോടനുബന്ധമായ ചരിത്ര സംഭവങ്ങളുമാണ്…
വഴിയേ ആ വിഷയത്തിലേക്ക് വരാം.
അതിന് മുന്നേ, പഴയ നിയമ പുസ്തകങ്ങളിലെ ഒരു വേദഭാഗം അല്പം ചിന്തിക്കാം……

ആമോസ് 7:12 – 15
അമസ്യാവ് ആമോസിനോട് ,
‘ എടോ ദര്‍ശകാ, യെഹൂദ്യദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്‍ക, അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചു കൊള്‍ക. ബെഥേലിലോ ഇനി പ്രവചിക്കരുത്, അത് രാജാവിന്റെ മന്ദിരവും,രാജവീഥിയുമല്ലോ എന്ന് പറഞ്ഞു. അതിന് ആമോസ് അമസ്യാവിനോട് ‘ ഞാന്‍ പ്രവാചകനല്ല,പ്രവാചക ശിഷ്യനുമല്ല, ഞാന്‍ ഇടയനും, കാട്ടത്തിപ്പഴം പെറുക്കുന്നവനുമത്രേ ‘ എന്നുത്തരം പറഞ്ഞു.

ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും !

ഇടയന്‍ എന്തിന് കാട്ടത്തിപ്പഴം പറിക്കുന്നു ? , ഇടയന്‍ എന്തിന് കാട്ടത്തിപ്പഴം പെറുക്കുന്നു ?

ചോദ്യം അവിടെ നില്‍ക്കെത്തന്നെ, നമുക്ക് ഒരാവര്‍ത്തി ഒന്ന് തിരിഞ്ഞുനോക്കാം….

എത്ര നിന്ദയോടെയാണ്, ലോകത്തിന്റെ പുരോഹിതന്‍ അമസ്യാവ്, യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനായ ആമോസിനോട് സംസാരിക്കുന്നത് !
‘ എടോ ദര്‍ശകാ …. ‘ നിന്ദയോടെയുള്ള വാക്കുകള്‍….അവഹേളനത്തോടെയുള്ള വിശേഷണം !

‘ യഹൂദ്യ ദേശത്തിലേക്ക് ഓടി പൊയ്ക്കൊള്‍ക ‘ – ഭീഷണിയുടെ ധ്വനി !

പരിഹാസത്തോടെ ഒന്ന് കൂടെ കൂട്ടിച്ചേര്‍ത്തതായും കാണാം….

‘ അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ച് കൊള്‍ക ‘

കഷ്ടിച്ച് നിത്യവൃത്തി കഴിക്കാനുള്ള ഒരു ഉപജീവനമാര്‍ഘമാണോ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് നിയോഗിക്കപ്പെട്ട പ്രവചന ശുശ്രൂഷ ?

തുടര്‍ന്ന് അമസ്യാവ് ചില താക്കീത് കൂടെ നല്‍കുന്നുണ്ട്.

‘ ബെഥേലിലോ ഇനി പ്രവചിക്കരുത് ! അത് രാജാവിന്റെ മന്ദിരവും , രാജവീഥിയുമല്ലോ.

സുവിശേഷ വയലില്‍ നാം അനുദിനം തരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്കുകള്‍…!!

ഇനി ഈ രാജ്യത്ത്, ദൈവവചനം പ്രഘോഷിക്കപ്പെടരുത്, ദൈവസഭകളില്‍ നിന്ന് പാട്ടും, കയ്യടിയും, തമ്പേറിന്റെ താളവും കേള്‍ക്കരുത് ! ഭവനങ്ങളില്‍ പാട്ടുണ്ടാവരുത്,പ്രാര്‍ത്ഥനയും,സ്തുതിയും ആരാധനയും ഉയരരുത് !
ബന്ധിച്ച് ഒതുക്കുവാന്‍ തക്കവണ്ണം ദേശാധിപതിശക്തികളുടെ ശാസന !

ലോകത്തിന്റെ കണ്ണില്‍ ഏറ്റവും ശ്രേഷ്ടന്‍, തങ്ങള്‍ തിരഞ്ഞെടുത്ത ലൗകീക ഭരണാധികാരിയാണല്ലോ.

എന്നാല്‍ ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം  ‘ബെഥേല്‍ ‘എന്നാല്‍ രാജമന്ദിരമല്ല, മറിച്ച് അത് ദൈവത്തിന്റെ ഭവനം തന്നെ !

മറുപടിയായി,ആമോസ് അമസ്യാവിനോട് ,

‘ ഞാന്‍ പ്രവാചകനല്ല, പ്രവാചക ശിഷ്യനുമല്ല, ഞാന്‍ ‘ ഇടയനും, കാട്ടത്തിപ്പഴം പെറുക്കുന്നവനും ‘ അത്രേ എന്നുത്തരം പറഞ്ഞു.

താഴ്മയുടെ വാക്കുകള്‍ !

ബെഥേലില്‍ നിന്ന് തുടങ്ങി, രാജവീഥിയിലൂടെ വന്ന്, കാട്ടത്തിച്ചുവട്ടില്‍ വന്ന് നില്‍ക്കുന്ന തിരസ്കരണത്തിന്റെ സന്ദര്‍ഭം !

ചോദ്യം ഒരിക്കൽക്കൂടി ആവര്‍ത്തിക്കപ്പെടുന്നു !

എന്തിനാവാം, ഇടയന്‍ കാട്ടത്തിപ്പഴം പെറുക്കുന്നതും, പറിക്കുന്നതും ?

കാട്ടത്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ പലപ്പോഴും തെളിയുന്നത് , സക്കായിയെ പോലൊരു കുറിയവന് എളുപ്പം വലിഞ്ഞ് കയറാവുന്ന ഒരു കുറിയ മരം എന്നൊരു ചിത്രമാവാം…

Mulberry കുടുംബത്തില്‍ പെട്ട ഒരു വൃക്ഷമാണ് കാട്ടത്തി എന്ന് പഠനങ്ങള്‍ വിളിച്ചുപറയുന്നു .Ficus hispida,
Ficus sycomorus എന്നീ ഗണങ്ങളിലൊക്കെയായി,
വിവിധ തരം കാട്ടത്തി മരങ്ങളെക്കുറിച്ചും നമുക്ക് അറിയാന്‍ സാധിക്കുന്നതാണ്.
ഏതാണ്ട്, 50,60- 70 അടിയോളം ഉയരത്തിലൊക്കെയാണ് മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ഒരു ശരാശരി വളര്‍ച്ചയെത്തിയ കാട്ടത്തി മരത്തിന്റെ നീളം നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത് എന്നാണ് അറിവ്.
അങ്ങിനെയെങ്കില്‍, സക്കായി എന്ന കുറിയവനെ സംബന്ധിച്ച് ആ ഉയരം അവന്റെ മുന്നില്‍ ഒരു തടസമായിരുന്നില്ല, കാരണം , യേശുവിനെ കാണണം എന്ന അടങ്ങാത്ത അഭിലാഷം !
മറ്റാരെക്കാളും കൂടുതലായി എനിക്ക് അവനെ കാണണം, മറ്റാരെക്കാളും കൂടുതലായി എനിക്ക് അവനില്‍ നിന്ന് പ്രാപിക്കേണം !
വിലയേറിയ ഒരു ആഗ്രഹത്തിന്റെ, വലിയൊരു സമര്‍പ്പണത്തിന്റെ ചരിത്രം കൂടി നാം ആ സംഭവത്തില്‍ കൂട്ടിവായിക്കേണ്ടതുണ്ട് എന്ന് സാരം.

ആ വൃക്ഷത്തിന്റെ മറ്റൊരു പ്രത്യേകത, അതിന്റെ വലുതും, ഇടതൂര്‍ന്നതുമായ ഇലകളാണത്രെ !
തിങ്ങിനിറഞ്ഞ ഇലകള്‍ വഴിയായി, ഏറ്റവും നല്ല തണല്‍ നല്‍കാന്‍ പര്യാപ്തമായ ഒരു വൃക്ഷം കൂടിയാണത്രെ കാട്ടത്തി.

അതുകൊണ്ടുതന്നെ, വഴിയാത്രികരെക്കാള്‍ കൂടുതലായി ആ വൃക്ഷച്ചുവട്ടിലെ തണല്‍ ഉപയോഗിച്ചിരുന്നത് ആടുകളും ഇടയന്മാരും ആയിരുന്നത്രെ !

സ്വഛമായ തണലില്‍ വിശ്രമം.

ആടുകളും ഇടയന്മാരുമായി സ്വഛമായി വിശ്രമിക്കുന്ന ഒരു തണല്‍…

അതായത്, ഒരു യഥാര്‍ത്ഥ ദൈവസഭ.

സക്കായി ആ മരത്തിന് മുകളില്‍ ഇരുന്നിരുന്നത് കൊണ്ട്, രക്ഷകന്‍ ആ മരച്ചുവടോളം വന്ന് നിന്നു. അല്ലായിരുന്നെങ്കിലോ ?

മരച്ചില്ലകളിലെ ഇടതൂര്‍ന്ന ഇലകള്‍ക്കിടയില്‍ പതിയിരിക്കുമ്പോള്‍ സക്കായി കരുതിക്കാണും, അവന്‍ എന്നെ കണ്ടില്ലെങ്കിലും സാരമില്ല, എനിക്ക് അവനെ കണ്ടാല്‍ മതി.

എന്നിട്ടും, അരുമനാഥന്‍ ആ മരച്ചുവട്ടില്‍ വന്ന് നിന്നു.
സക്കായി അവനെ കണ്ടു എന്നതിനേക്കാൾ ഉപരിയായി അവന്‍ സക്കായിയെ കണ്ടു എന്ന് പറയുന്നതാണ് ശരി.

ഇടയന്മാരില്‍ വച്ച് ശ്രേഷ്ഠനായ നല്ല ഇടയന്‍ അവന്റെ പേര് വിളിച്ചു.
‘ സക്കായിയേ, വേഗം ഇറങ്ങി വരിക ‘

എവിടേക്ക് ?
കാട്ടത്തിമരച്ചുവട്ടിലേക്ക് എന്ന് പറയുന്നതിനേക്കാള്‍ ,
സ്വഛമായ തണലിന്റെ സുഖശീതളിമയിലേക്ക്, വിശ്രമസങ്കേതത്തിലേക്ക് , ക്രിസ്തുവിന്റെ സഭയിലേക്ക് , ഇടയന്‍ അവനെ കൈനീട്ടി വിളിച്ചു.

വൃക്ഷത്തിന്റെ ഉയരം വിളിച്ചുപറയുന്ന ‘ സമര്‍പ്പണം ‘ നാം ധ്യാനിച്ചു.
ദൈവസഭ എന്ന കൂട്ടായ്മയ്ക്ക് തണലൊരുക്കുന്ന ആ വൃക്ഷത്തിന്റെ ഇലകളേയും നാം കണ്ടറിഞ്ഞു.

ഇനിയുള്ളത് കാട്ടത്തിപ്പഴങ്ങളാണ്.

നമുക്കറിയാം, സ്വാഭാവികമായും അത് ആടുകള്‍ക്കുള്ള ഭക്ഷണമാവാം…

നമ്മുടെ നാട്ടില്‍പ്പോലും കാട്ടത്തി ഇനത്തിലെ വൃക്ഷങ്ങളെ ‘ എരുമനാക്ക് ‘ ( Ficus hispida ) വിശേഷിപ്പിക്കപ്പെടുന്നത് കാണാം.

എരുമനാക്ക് , പിരിച്ചെഴുതിയാല്‍ എരുമയുടെ നാക്ക് .

കന്നുകാലികളുടേയും ആടുമാടുകളുടേയും ദഹനക്രമത്തിനും, ആന്തരിക സൗഖ്യങ്ങള്‍ക്കും ഉപകാരപ്രദമായ ഒരു ഔഷധവീര്യം ഇതിന്റെ കായ്കള്‍ക്ക് ഉണ്ടത്രെ ! പലനാടുകളിലും, പ്രത്യേകിച്ചും പഴമക്കാര്‍ ഇതിനായിരുന്നത്രെ ആടുമാടുകളെ ഇൗ ഗണത്തില്‍ പെട്ട വൃക്ഷച്ചുവടുകളിലേക്ക് നയിച്ചിരുന്നത് .

കാട്ടത്തിച്ചുവട്ടിലെ കൂടിവരവിങ്കല്‍ ആന്തരിക സൗഖ്യം പകരുന്ന ആത്മീയ ഭക്ഷണം, ‘ ദൈവവചനം ‘ നമുക്ക് സമ്മാനിക്കുന്ന നല്ല ഇടയനെ നാം ഇവിടെ കണ്ടെത്തുന്നു.

ഞാന്‍ ഇടയനും, കാട്ടത്തിപ്പഴം പെറുക്കുന്നവനുമത്രേ !

ഇടയന്റെ കരം പിടിച്ച് ദൈവസഭയിലേക്ക് കാല് കുത്തിയ സക്കായിയോട് ഇടയനായ ദൈവപുത്രന്‍ പറയുന്നു. നിന്റെ ഭവനത്തില്‍ ഞാനും പ്രവേശിക്കാന്‍ പോകുന്നു !

ഇനി ഒരു തിരിച്ച് നടത്തമാണ്….
എവിടേക്ക് …?

സക്കായി കയറിയ മരത്തിന് sycamore fig tree എന്ന് സമാനമായ പേര് നല്‍കി ലോകഭാഷ മാനിച്ചു എന്നും ഒരു വിശ്വാസം ഉണ്ട്.
ചുമ്മാ മരം കയറിയാല്‍ മരത്തിന്റെ പേര് മാറുമോ ?
പകരം അവന്‍ ക്രിസ്തുവിന് വേണ്ടി കയറി…, മരത്തിന്റെ പേര് മാറി, സാക്ഷ്യം മാറി….

അങ്ങിനെയെങ്കില്‍, സക്കായിയുടെ ഭവനത്തില്‍ കൃസ്തു കയറിയാലോ ?
അപ്പോഴും വരേണ്ടേ ചില മാറ്റങ്ങള്‍ ?
രാജാവ് വസിക്കുന്ന വസതി, രാജകൊട്ടാരം, അവിടേക്കുള്ള നടവഴി രാജവീഥി എന്ന് പറയുന്നത്പോലെ തന്നെ സാക്ഷാല്‍ ദൈവമായവന്‍ ഇതാ ഞാനും നിങ്ങളും എന്ന സക്കായിയുടെ ഭവനത്തിലേക്ക് പ്രവേശിക്കുന്നു !
ആ ഭവനത്തിന്റെ സാക്ഷ്യവും മാറുന്നു, ഇനി അതൊരു ചുങ്കക്കാരന്റെ ഭവനമല്ല, ഇനി അതൊരു പാപിയുടെ വീടുമല്ല മറിച്ച് ഈ നിമിഷം മുതല്‍ അത് ദൈവത്തിന്റെ ഭവനമാണ്.

ഭവനത്തിന്റെ പേര് മാറുന്നു…

ബെഥേല്‍ !  – ദൈവത്തിന്റെ ഭവനം !

അതെ ഇതൊരു തിരിച്ചുനടത്തമാണ്….
ബെഥേലില്‍ നിന്ന് രാജവീഥിയിലൂടെ ആട്ടിയോടിക്കപ്പെട്ട് കാട്ടത്തിച്ചുവട്ടിലെത്തേണ്ടവനല്ല തിരഞ്ഞെടുക്കപ്പെട്ട ദൈവപൈതല്‍, മറിച്ച് ഇതൊരു തിരിച്ചുനടത്തമാണ്….

കാട്ടത്തിമരച്ചുവട്ടില്‍ നിന്ന് , വീണ്ടെടുപ്പ്കാരന്റെ കരം പിടിച്ച് രാജവീഥിയിലൂടെ, രാജാക്കന്മാരുടെ രാജാവായ സത്യദൈവത്തിന്റെ ഭവനത്തിലേക്ക് ….. അതെ ബെഥേലിലേക്ക് തന്നെ !

പ്രവചനശബ്ദം ഉയരരുതെന്ന് ലോകം വിലക്കിയാലും,ശത്രു ബന്ധിച്ചാലും, ദൈവാലയത്തില്‍ സ്തുതിയും ആരാധനയും ഉയരുകതന്നെ ചെയ്യും..ദൈവത്തിന്റെ ഭവനത്തില്‍, തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിന് മൗനമായിരിക്കാന്‍ കഴിയുമോ ?
ഇല്ല.. അവിടെ പാട്ടും സ്തുതിയും ആരാധനയും ഉയരട്ടെ, ബന്ധനം അഴിയട്ടെ, കെട്ടുകള്‍ പൊട്ടിമാറട്ടെ, അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാവട്ടെ, ലോകം നമ്മെക്കുറിച്ച് സാക്ഷ്യം പറയാന്‍ ഇടവരട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.