ലേഖനം:നാം ഉത്സാഹമുള്ളവരോ? | ജെറിൻ ജോ ജെയിംസ്

പുറപ്പാട് 35:21

“ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.”

മോശ യിസ്രായേൽ മക്കളുടെ സർവ്വ സഭകളോടും അരുളിച്ചെയ്തതു പോലെ ജനം ഒക്കെയും സമാഗമന കൂടാരത്തിന്റെ പണിക്കായി യഹോവയ്‌ക്കു വഴിപാട് കൊണ്ട് വന്നു. മേൽ ഉദ്ധരിച്ച വാക്യത്തിന്റെ ആദ്യ പകുതി നമ്മെ ഓരോരുത്തരുടെയും ജീവിതത്തിൽ ആത്മിക വർധന വരുത്തേണ്ടതും നമ്മെ ഈ നാളുകളിൽ ഉണർത്തുകയും ചെയ്യേണ്ടതാണ്. ദൈവത്തിനു വേണ്ടി കൊടുക്കുമ്പോൾ അല്ലെങ്കിൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അത്യന്താപേക്ഷിതമായ രണ്ട് സ്വഭാവങ്ങളാണ് ഉത്സാഹവും താത്പര്യവും.

കർത്താവിൽ പ്രസിദ്ധ മിഷനറി ആയിരുന്ന സി റ്റി സ്റ്റഡ് ഇപ്രകാരം പറയുകയുണ്ടായി “ലഭിച്ചിരിക്കുന്ന ഒരേ ഒരു ജീവിതം, അത് വേഗത്തിൽ കഴിഞ്ഞു പോകും. കർത്താവിനു വേണ്ടി ചെയ്തതു മാത്രം നിലനിൽക്കും”. ഈ ലോകത്തിൽ അനേക വിഷയങ്ങൾ നമുക്ക് ചെയ്തെടുക്കുവാൻ കഴിയും എന്നാൽ കർത്താവിനു വേണ്ടി ചെയ്യുന്നത് മാത്രം നിലനിൽക്കും. അങ്ങനെയെങ്കിൽ ആ കർത്താവിന്റെ രാജ്യത്തിന് വേണ്ടി നാം ചെയ്യുന്ന ഓരോ പ്രവർത്തികളും നമുക്ക് പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും ഉത്സാഹത്തോടും ചെയ്യാം. അത് കർത്താവിന്റെ വേല ചെയ്യുകയാണെങ്കിലും , മഹാരാജാവിന്റെ നാമത്തിനു വേണ്ടി നമ്മുടെ സമയം വിനിയോഗിക്കുവാനെങ്കിലും , മറ്റുള്ളവരോട് സുവിശേഷം പറയുകയാണെങ്കിലും, ആത്മാക്കളെ നേടുകയാണെങ്കിലും, പണം ചെലവഴിക്കുകയാണെങ്കിലും ഒരു ചുറുചുറുക്കോടും ആത്മാർത്ഥതയോടും നമുക്ക് ചെയ്യാം. ഈ അന്ത്യ നാളുകളിൽ, ക്രിസ്തു എന്ന മണവാളന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന മണവാട്ടി സഭയിലെ അവയവങ്ങളായ നാം ഓരോരുത്തരും ഊർജ്വസ്വലതയോടെ യേശു കർത്താവിന്റെ രാജ്യത്തിൻറെ കെട്ടുപണിക്കായി നമുക്കൊരുങ്ങാം.

സദൃശ്യ വാക്യങ്ങളിൽ നമുക്ക് ഇപ്രകാരം കാണുവാൻ സാധിക്കുന്നു “ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.(12:24)”, “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.(6:6)”.നമ്മുടെ കർത്താവിനു മടിയന്മാരെകൊണ്ടു ആവശ്യമില്ല. നമ്മുടെ കർത്താവിനു ഉത്സാഹികളെ ആണ് ആവശ്യം,സ്നേഹത്തിന്റയും സമാധാനത്തിന്റെയും സുവിശേഷം ഈ ഭൂലോകം മുഴുവൻ പ്രചരിപ്പിച്ചു അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് ലോകജനതയെ നേടുക എന്ന മഹാ ദൗത്യം നമ്മുടെ യേശു കർത്താവു ഏല്പിച്ച ശിഷ്യന്മാരിൽ ഭൂരിഭാഗവും കടലിനോടു മല്ലടിച്ചു അധ്വാനിക്കുന്ന ഉത്സാഹികളായ മീൻപിടിത്തക്കാർ ആയിരുന്നു. കർത്താവിനു വേണ്ടി ഒരു ദൗത്യം പൂർത്തീകരിക്കുവാൻ നമ്മുടെ വിദ്യാഭ്യാസ യോഗ്യതയോ, ധനമാഹാത്മ്യമോ , കുടുംബ -സാമൂഹ്യ ശ്രേഷ്ഠതയോ ഒന്നും നമ്മുടെ കർത്താവ് നോക്കുകയില്ല അദ്ദേഹം നോക്കുന്നത് നമ്മുടെ ഉത്സാഹവും നമ്മുടെ നമ്മുടെ ഹൃദയത്തിന്റെ താല്പര്യവുമാണ്. നമ്മുടെ സ്വയത്തെ അഴിച്ചു വച്ച് എല്ലാം അദ്ദേഹത്തിങ്കൽ ഏല്പിക്കുകയാണെങ്കിൽ ഈ ലോകത്തെ ക്രിസ്തുവിന്റെ നാമത്തിനായി നേടുന്നവരായി നാമോരോരുത്തരും മാറ്റപ്പെടും.
“കൊയ്ത്തു വളരെ ഉണ്ട് , വേലക്കാരോ ചുരുക്കം” ഉത്സാഹമുള്ള നല്ല വേലക്കാരായി നമുക്ക്‌ തീരാം.

ഒടുവിലായി, കൊലോസ്യർക്ക് പൗലോസ് ലേഖനമെഴുതുമ്പോൾ ഇപ്രകാരം പറയുന്നു “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.” ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നല്ല മനസ്സോടെ, നല്ല പ്രാഗത്ഭ്യത്തോടെ നമ്മുടെ നാമം ഉയർത്താതെ കർത്താവിൻ നാമം ഉയർത്താൻ നമുക്കും പ്രയത്നിക്കാം.

പ്രിയ ദൈവജനമേ പുതിയ നിയമ സഭയുടെ കെട്ടുപണിക്കായി ആത്മാർത്ഥമായി ഉത്സാഹത്തോടും താല്പര്യത്തോടും പ്രവർത്തിക്കുകയും ചിലവിടുകയും ചെയ്യുന്ന ഏവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ലേഖനം ഇവിടെ അവസാനിപ്പിക്കട്ടെ. സകല മഹത്വവും യജമാനനായ യേശു ക്രിസ്തുവിനു സമർപ്പിച്ചു കൊണ്ട് ക്രിസ്തുവിൽ

ജെറിൻ ജോ ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.