ലേഖനം:’ നിത്യജീവനെ അപഹരിക്കുന്ന സമ്പത്ത് ” | ജോസ് പ്രകാശ്, കാട്ടാക്കട

പരമ സമ്പന്നനായ ക്രിസ്തുയേശു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ഭൂമിയിൽവന്നു ദാസരൂപമെടുത്ത്  വേഷത്തിൽ മനുഷ്യനായി തന്റെ പിതാവിൻ്റെ ഇഷ്ടം ശുശ്രൂഷയായി തികച്ചു കൊണ്ടുള്ള യാത്രാമദ്ധ്യേ, ഒരുവൻ യേശുവിൻ്റെ മുൻപിൽ മുട്ടുകുത്തി. സകല ചോദ്യങ്ങൾക്കും ഏക ഉത്തര ദാതാവായ യേശുവിനോട് ആ യുവാവ് ചോദിച്ച ചോദ്യം ഇതായിരുന്നു ” നിത്യജീവൻ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം.? ” അതിനുത്തരമായി വളരെ ലളിതമായ മാർഗ്ഗമാണ് യേശു നിർദ്ദേശിച്ചത്; സ്വർഗ്ഗത്തിലെ നിത്യ നിക്ഷേപമായ നിത്യജീവൻ അവകാശമാക്കാൻ ഭൂമിയിലെ നശ്വരമായ നിക്ഷേപങ്ങളെ വിൽക്കുക അഥവാ വിട്ടു കളയുക എന്നതായിരുന്നു. ഭൂമിയിലെ നിക്ഷേപം ഉപേക്ഷിക്കുവാൻ താൽപര്യമില്ലാതിരുന്ന വളരെ സമ്പത്തുള്ള ആ യുവാവ് യേശുവിൻ്റെ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പോയപ്പോൾ; തന്റെ ചുറ്റിലും വിസ്മയിച്ചു നിന്ന ശിഷ്യരോട് യേശു പറഞ്ഞത്: “മക്കളേ… സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നത്രെ”.
(മർക്കോസ് 10:23; ലൂക്കോസ് 18:24).

മുറുകെ പിടിച്ചിരിക്കുന്ന സമ്പത്തിനെ വിട്ടുകളയാതെ ആർക്കും ക്രിസ്തീയ ഓട്ടം പൂർത്തീകരിക്കുക സാധ്യമല്ല. നശിച്ചുപോകുന്ന ഭൗമീക വസ്തുക്കളിൽ ആശ്രയിക്കുന്നവർക്ക് നിത്യമായ സ്വർഗീയ നന്മകളെ അനുഭവിക്കാൻ അവസരം ലഭിക്കില്ല. സമ്പത്തുള്ളവർ  ദൈവരാജ്യത്തിൽ കടക്കുന്നതു വളരെ പ്രയാസം എന്നാണ് ഗുരുനാഥൻ പറഞ്ഞിട്ടുള്ളത്.

സ്വർ‍ഗ്ഗം ദൈവത്തിന്റെ സിംഹാസനവും ഭൂമി തന്റെ പാദപീഠവും ആകുന്നു.
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലുളള നിവാസികളും യഹോവെക്കുള്ളതാകുന്നു.
നാമിന്ന് വസിക്കുന്ന ഭൂമിയെയും അതിലുള്ള സകലത്തെയും ഉണ്ടാക്കിയത് സത്യവേദപുസ്തകം വെളിപ്പെടുത്തിയ ഏക സത്യ ദൈവമത്രേ (നെഹമ്യാവ് 9:6).
ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ഭൂമിയെ മനുഷ്യർക്ക് പാർക്കുവാൻ കൊടുത്തതും, അതിൽ ജോലി ചെയ്യുവാനും സൂക്ഷിക്കുവാനും മനുഷ്യനെ നിയമിച്ചതും ദൈവമത്രെ. അതുകൊണ്ട് സമ്പത്ത് ഉണ്ടാക്കുവാനും കൂട്ടി വെക്കുവാനും മനുഷ്യമനസ്സിൽ ആഗ്രഹം ഉണ്ടാകുന്നത്  സർവ്വസാധാരണമായിരിക്കാം.

എന്നാൽ ഭക്തിയോടെ ജീവിച്ച പൂർവ്വപിതാക്കന്മാർക്ക് സമ്പത്ത് ദൈവത്തിൽ ആശ്രയിക്കുന്നതിന് ഒരു തടസ്സമായിരുന്നില്ല. പഴയ നിയമം വ്യക്തമാക്കുന്ന സമ്പത്ത് ദൈവത്തിൻ്റെ ദാനമാണ്, അനുഗ്രഹമാണ്. ഐശ്വര്യവും സമ്പത്തും ദൈവത്തിൽ ആശ്രയിക്കുന്നവരുടെ വീട്ടിൽ ഉണ്ടാകും. ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവർക്ക് സമ്പത്ത് ലഭിക്കും. ദൈവത്തിൻ്റെ അനുഗ്രഹത്താലാണ് സമ്പത്ത് ഉണ്ടാകുന്നത്  അല്ലാതെ നമ്മുടെ കഴിവുകൊണ്ടല്ല. സമ്പത്തുണ്ടാക്കാൻ ശക്തി തരുന്ന സത്യദൈവത്തെ നാം ഓർക്കണം, മറക്കരുത്. ദൈവത്തെ ഭയപ്പെട്ടു ദൈവത്തെ സേവിക്കണം ആശ്രയം പൂർണ്ണമായും ദൈവത്തിൽ ആയിരിക്കണം.
പക്ഷേ സമ്പത്ത് വർദ്ധിക്കുമ്പോൾ നാമതിൽ മനസ്സു വയ്ക്കരുത് കാരണം തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുന്നവർ വീഴും ആ വീഴ്ച വലുതും എഴുന്നേൽക്കുവാൻ കഴിയാത്തതും ആകും. മാത്രമല്ല ഇന്ന് നാം കാണുന്ന സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ല ആയതിനാൽ നമ്മുടെ സമ്പത്ത്  അനർത്ഥത്തിനായിട്ടു സൂക്ഷിച്ചുവെക്കാതെ വിറ്റ് ദരിദ്രർക്ക് കൊടുക്കാം, അങ്ങനെ സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകട്ടെ.

സുവിശേഷ പോർക്കളത്തിൽ മുൻപന്മാർ ആയിരുന്ന പലരെയും സമ്പത്ത് പിന്നിലാക്കിയപ്പോൾ പിൻപന്മാർ ആയിരുന്ന പലരും ധനത്തേക്കാൾ ദൈവത്തിലാശ്രയിച്ച് മുമ്പന്മാരായി. സ്വർഗ്ഗത്തിൽ നിലനിൽക്കുന്ന ഉത്തമ സമ്പത്ത് ഉണ്ട് എന്ന് അറിഞ്ഞു ഭൂമിയിലെ നശ്വരമായ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കുന്നവർ ഭാഗ്യമുള്ളവരത്രെ. സുവിശേഷം ഹേതുവായി തല ചായ്ക്കുവാൻ സ്ഥലമില്ലാതെ അനേകർ ബുദ്ധിമുട്ടുമ്പോൾ എത്ര സമ്പാദിച്ചിട്ടും തികയാതെ വീണ്ടും ഭൂമി (വസ്തു) വാങ്ങി കൂട്ടുന്നവർക്ക് അയ്യോ കഷ്ടം. നമ്മുടെ സഹോദരങ്ങൾ അഹോവൃത്തിക്ക് വക ഇല്ലാതിരിക്കുമ്പോൾ അവർക്കാവശ്യം ദൈവശാസ്ത്രം അല്ല ദൈവം പ്രസാദിക്കുന്ന സഹായമത്രെ. ദേഹ രക്ഷയ്ക്ക് ആവശ്യമുള്ളത് കൊടുത്താൽ (പണം, ആഹാരം, വസ്ത്രം, വസ്തു, പാർപ്പിടം) അത് ലഭിച്ചവർ ആത്മരക്ഷ പ്രാപിച്ച് നിത്യതയിൽ  എത്തുമ്പോൾ അതിനുള്ള  പ്രതിഫലം ലഭിക്കുന്നത് നിങ്ങൾക്കാണ്. അതെ സമ്പത്തുള്ള, ആവശ്യത്തിലധികം ധനം ഉള്ള നമ്മുടെ വിശ്വാസം  പ്രവർത്തിയിലൂടെ തെളിയിക്കാൻ സാധിക്കട്ടെ. പ്രവർത്തികൾ ഇല്ലാത്ത വിശ്വാസ ജീവിതവും സുവിശേഷ പ്രവർത്തനങ്ങളും  നിർജ്ജീവമത്രെ (യാക്കോബ് 2:14-20).

അബ്രഹാം ബഹുസമ്പന്നനായിരുന്നു എന്നാൽ തന്റെ ആശ്രയം ദൈവത്തിൽ ആയിരുന്നു. മുൻഗണന സമ്പത്തിന് ആയിരുന്നില്ല. വിശ്വാസ ജീവിതം പ്രവർത്തിയിലൂടെ തെളിയിച്ച ഭക്തനായിരുന്നു അബ്രഹാം. വെന്തുരുകുവാനുള്ള ഈ ഭൂമിയിൽ സൗധങ്ങൾ പണിയാതെ  കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി താൻ കാത്തിരുന്നു.
ഭക്തിയോടെ ജീവിക്കുന്നതിനും വിശ്വാസം കാക്കുന്നതിനും അബ്രഹാമിന് ധനം ഒരിക്കലും തടസ്സമായിരുന്നില്ല (എബ്രായർ 11:10).

സകല പൂർവ്വദിഗ്വാസികളിലും മഹാനും സമ്പന്നനും ആയിരുന്ന ഇയ്യോബിന് നിഷ്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനുമായി ജീവിക്കുന്നതിന് സമ്പത്ത് ഒരു പ്രശ്‌നമേ ആയിരുന്നില്ല
(ഇയ്യോബ് 1:1).
ധനത്തെ ദാസനാക്കിയ ഭക്തനായിരുന്നു  ഇയ്യോബ്. ഇന്ന് പലർക്കും മാമോൻ യജമാനനും ദൈവം ദാസനുമായിത്തീർന്നിരിക്കുന്നു. ഈ അന്ത്യകാലത്ത് പണത്തിൻ്റെയും സമ്പത്തിൻ്റെയും സ്ഥാനം പലർക്കും തലയിലും ഹൃദയത്തിലും ആണ്.
എന്നാൽ അപ്പോസ്തലൻമാരുടെ കാലത്ത് നിലങ്ങളും (വസ്തു) വീടുകളും വിറ്റ വില (പണം) കൊണ്ടുവന്നു വെച്ചത്  അപ്പോസ്തലൻമാരുടെ കാല്ക്കൽ ആയിരുന്നു. നശ്വരമായ സകലത്തെയും  കാൽക്കീഴിലും ആത്മീയ അഭിവൃദ്ധിക്കുതകുന്നവയെല്ലാം ഹൃദയത്തിലും വയ്ക്കുവാൻ ദൈവം ഏവർക്കും കൃപ നൽകട്ടെ.

•ദുഷ്ടന്മാരും, മഹാപാപികളും, അധർമ്മികളും പാർത്തിരുന്ന സോദോം പട്ടണം വരെ കൂടാരം നീക്കി അടിച്ച ലോത്തിനെ അവസാനം മനസ്സ് നോവിപ്പിച്ച് വഴിയിൽ വലച്ചത്  സമ്പത്തിനോടുള്ള  അത്യാർത്തിയായിരുന്നു. ആത്മീയ കാര്യങ്ങളെ ഗണ്യമാക്കാതെ  സുവിശേഷത്തിൻ്റെ മറവിൽ  നീരോട്ടമുള്ള പ്രദേശം വാങ്ങുകയും, മിഷൻ വകയെ സ്വന്തം പേരിൽ ആക്കി വീടുകൾ പണിയുകയും ബാങ്കിൽ നിക്ഷേപം സ്വരൂപിച്ച്കൂട്ടുകയും ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പത്രെ ലോത്തിൻ്റെ ചരിത്രം (ഉല്പത്തി 13:6; 10 -14; 2പത്രൊസ് 2:6-8).

•അനീതിയുടെ കൂലി കൊതിച്ച് നേർവഴി വിട്ടു ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ  ശപിക്കുവാൻ ബിലെയാമിനെ പ്രേരിപ്പിച്ചത് പ്രശ്നദക്ഷിണ (പണം) ആയിരുന്നു. ദൈവീക അരുളപ്പാടുകൾ തിരസ്കരിച്ച് പണം സമ്പാദിക്കുവാനായി ഹൃദയം കഠിനമാക്കി മുന്നോട്ടുപോകുന്നവർക്കുള്ള താക്കീതത്രെ ബിലെയാമിൻ്റെ ചരിത്രം (സംഖ്യാ 22:7; 2പത്രൊസ് 2:15; യൂദാ 11).

•ദൈവ കല്പന ലംഘിച്ചു ശപഥാർപ്പിത വസ്തു മോഷ്ടിക്കുവാൻ ആഖാനെ നിർബന്ധിച്ചത് സമ്പത്തിനോടുള്ള അതിമോഹമായിരുന്നു.  ആത്മീയ ജീവിതത്തിൽ നിരന്തര പരാജയങ്ങൾ നേരിടുന്നവർ ശ്രദ്ധിക്കുക: നിസ്സാരമെന്ന് നാം കരുതുന്ന മറഞ്ഞിരിക്കുന്ന പാപങ്ങൾ, കൂട്ടി വെച്ചിരിക്കുന്ന സമ്പത്ത് മുതലായവ  വലിച്ചെറിയേണ്ട സമയമത്രെയിത്. ക്രിസ്തീയ ജീവിതത്തിൽ മൂടി വെച്ചത് ഒന്നും വെളിച്ചത്തു വരാതെയും, ഗൂഢമായതൊന്നും ദൈവം അറിയാതെയും ഇരിക്കയില്ല എന്നതത്രെ ആഖാൻ്റെ ചരിത്രം ഓർപ്പിക്കുന്നത് (യോശുവ 7:1,11,20.)

•വീടും വയലും തോട്ടവും സമ്പാദിപ്പാൻ നയമാൻ്റെ പിന്നാലെ ഓടുവാനും,  ശങ്കകൂടാതെ ദൈവ പുരുഷനായ എലീശയോട് കള്ളം പറയുവാനും ഗേഹസിയെ ത്രസിപ്പിച്ചത് സമ്പത്തിനോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു.
ദൈവ വിഷയമായി ഓടാതെ (സുവിശേഷീകരണത്തിനുവേണ്ടി) സ്വന്തം ലാഭത്തിനും, സമ്പാദ്യത്തിനും വേണ്ടി ഓടുന്നവരെ യാതൊരു ദയയും കൂടാതെ ജീവനുള്ള ദൈവം ശിക്ഷിക്കും എന്നതത്രെ ഗേഹസിയുടെ ചരിത്രം
(1രാജാ 5:20-27).

•നിലം വിറ്റ തുകയിൽ കുറെ മാറ്റി വെയ്ക്കുവാനും, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും അനന്യാസ് സഫീറ ദമ്പതികളെ പ്രേരിപ്പിച്ചത് പണത്തോടുള്ള അത്യാഗ്രഹം ആയിരുന്നു. ഇന്നും സുവിശേഷഘോഷണത്തിൻ്റെ മറവിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നവർക്കുള്ള മുന്നറിയിപ്പത്രെ ഇവരുടെ ചരിത്രം. ഓർക്കുക ഇത് ഒരു പഴഞ്ചൻ സംഭവമല്ല, പുതിയ നിയമസഭയുടെ ആരംഭത്തിൽ സംഭവിച്ചതത്രെ. നാം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയത്രേ (അ.പ്രവർ 5:1-11).

•ലോകത്തെയും  ലോകത്തിലുള്ളതിനെയും സ്നേഹിക്കുവാൻ ദേമാസിന് പ്രേരണ നൽകിയത് ധനമെന്നതിൽ സംശയമില്ല. രണ്ടു യജമാനന്മാരെ സേവിക്കുന്നവരും യഥാർത്ഥ ഭക്തന്മാരും തമ്മിലുള്ള വ്യത്യാസം കാണുന്ന നാൾകൾ വിദൂരമല്ല. കലപ്പക്കു കൈവച്ചശേഷം തിരിഞ്ഞു നോക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പത്രെ ദേമാസിൻ്റെ ചരിത്രം (2തിമൊഥി 4:10).

പ്രിയരേ; ഈ ഭൂമിയിലെ വസ്തു വകയല്ല നമ്മുടെ ജീവനു ആധാരമായിരിക്കുന്നത് അതുകൊണ്ട് ദൈവ വിഷയമായി നമുക്കു സമ്പന്നരാകാം. സ്വർഗ്ഗത്തിൽ നമ്മുടെ നിക്ഷേപം സ്വരൂപിക്കാം. ദാരിദ്ര്യവും സമ്പത്തും നമുക്ക് തരാതെ നിത്യവൃത്തി തന്നു നമ്മെ പോഷിപ്പിക്കുവാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ കൃപ നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.