ലേഖനം:”ഉറങ്ങുമ്പോൾ കള വിതയ്ക്കുന്നവർ” | ജോസ് പ്രകാശ്, കാട്ടാക്കട

തൻെറ നിലത്ത് നല്ല വിത്ത് വിതച്ച ശേഷം, വീട്ടുകാരൻ ഉറങ്ങിയപ്പോൾ തക്ക സമയം നോക്കി  ശത്രു നല്ല വിത്തിന്റെ ഇടയിൽ കള വിതെച്ചതു പോലെയാണ് ഇന്ന് ദുരുപദേഷ്ടാക്കൾ ചെയ്യുന്നത്. സുബോധമായിരിക്കുമ്പോഴും,  ഉണർന്നിരിക്കുമ്പോഴും നമ്മെ തെറ്റിക്കുവാൻ സാധിക്കില്ലെന്ന് അറിവുള്ള ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ നാം ഉറങ്ങുമ്പോഴാണ് സംശയത്തിന്റെ കളകൾ  വിതയ്ക്കുന്നത്.  നാം കേൾക്കുന്ന സന്ദേശങ്ങൾ അത് അങ്ങനെ തന്നെയോ എന്ന്  ദിനംപ്രതി തിരുവെഴുത്തുകളെ ആധാരമാക്കി പരിശോധിച്ചില്ലെങ്കിൽ
‘ദുരുപദേശം ആകുന്ന കള’ നാമറിയാതെ വളർന്നുകൊണ്ടിരിക്കും. നല്ല വിത്താകുന്ന വചനവും  കളയാകുന്ന ദുരുപദേശത്തെയും തമ്മിൽ പരിശുദ്ധാത്മ വെളിച്ചത്തിൽ വേർതിരിച്ചറിവാൻ  കഴിവുള്ള ഉത്തമന്മാരായിരിക്കണം നാം. നല്ല വിത്താകുന്ന പഥ്യവചനത്തിനായി നാം കൂട്ടായ്മകളിൽ പോയി, വചനപരിജ്ഞാനമുള്ള  ദൈവ ഭൃത്യരിൽ നിന്നു വചനം പഠിക്കണം. കളയാകുന്ന ദുരുപദേശം  കൊണ്ടുവരുന്നവയാണ്; ആകയാൽ നാം അവയെ ഒഴിവാക്കുവാൻ ഉണർന്നിരിക്കേണം. നമ്മുടെ ആത്മീയ ഉറക്കത്തിൽ നിന്നും നാം ഉണർന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
“ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.”
(1തെസ്സലൊനീക്യർ 5:6).

പലപ്പോഴും ദുരുപദേശത്തിൻ്റെ കളകൾ തുടക്കത്തിൽ കാണുവാൻ കഴിഞ്ഞെന്നുവരില്ല.  അത് സാവധാനം വളർന്നു വിശ്വാസികളെ  തെറ്റിച്ച്, ഉദേശത്തിൻ്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കളാക്കി മാറ്റും. സത്യവചനത്തെ യഥാർത്ഥമായി പഠിച്ച് ക്രിസ്തു  എന്ന തലയോളം  സകല സത്യത്തിലും  വളർന്നുവരേണ്ടവരെ ഞെരുക്കിക്കളയും. ആത്മീയ ഉറക്കത്തിലേക്ക് വഴുതി വീഴുന്നവരോടുള്ള ദുരുപദേശകരുടെ സമീപനം ആത്മാവിലെരിവുള്ളവരായി വചനത്തെ രാപ്പകൽ ധ്യാനിക്കുന്നവരോട് വിലപ്പോകില്ല. ഇന്ന് ആത്മനിലത്തിൽ കോതമ്പിനോടൊപ്പം വളരാൻ ശ്രമിക്കുന്ന  ദുരുപദേശത്തിൻ്റെ കളകളെ കണ്ടെത്തി വേരോടെ പിഴുതെറിയണം. തെറ്റും ശരിയും നന്നായി മനസ്സിലാക്കുവാൻ വിവേചന വരത്തിനായ് കൊയ്ത്തിൻ്റെ യജമാനനോട് നാം പ്രാർത്ഥിക്കേണം. ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണുവാൻ ഉൾകണ്ണുകൾ പ്രകാശിച്ചവർക്കേ കളയെ വേരോടെ പിഴുതുമാറ്റുവാൻ കഴിയുകയുള്ളൂ, ഇത് നാം വളരെ അത്യാവശ്യമായി ചെയ്യേണ്ട തത്രെ. തെറ്റായ ഉപദേശത്തിൻ്റെ മന്ദമായ കാറ്റുകളെ വിവേചിച്ച് വർജ്ജിച്ചില്ലെങ്കിൽ,  അത് സഭയ്ക്ക് വിരോധമായി ഈശാനമൂലനായി മാറി നമ്മെ ഉറച്ചു  നിൽക്കാൻ അനുവദിക്കില്ല.
അതുകൊണ്ടു: “നാം ആത്മീയ ഉറക്കത്തിലാണെങ്കിൽ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നമ്മുടെ മേൽ പ്രകാശിക്കും”
(എഫെസ്യർ 5:14).

ഇന്നു നാം കാണുന്ന ഏറെക്കുറെ ദുരുപദേശങ്ങളും വിത്തിൽ നിന്നും വളർന്ന്  കളയായി അനേകരെ സത്യോപദേശത്തിൽ നിന്നും പിന്മാറ്റിയതിൻ്റെ കാരണം, കാവൽക്കാരായ നാം ആത്മീയ ഉറക്കത്തിലായതു കൊണ്ടത്രെ. യിസ്രായേലിന്റെ പരിപാലകനായ ദൈവം ഉറങ്ങാതെ, മയങ്ങാതെ നമ്മെ കാക്കുന്നതിനാൽ, ഉണർവ്വോടെ നമുക്കും  സത്യവചനത്തിൻ്റെ കാവൽക്കാരാകാം.  രഹസ്യമായി വന്നു കള വിതയ്ക്കുവാൻ  ആകാത്ത വേലക്കാർക്ക് നമ്മുടെ കൂട്ടായ്മകളിൽ ഇടം കൊടുക്കാതിരിക്കാം.
“ഒടുവിൽ കർത്താവിലും തന്റെ അമിത ബലത്തിലും ശക്തിപ്പെട്ടു,
പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്ക്കാം. ദൈവത്തിന്റെ സർവ്വായുധവർഗ്ഗം നമ്മെ നവീനോപദേശങ്ങളിൽ നിന്നും സംരക്ഷിക്കട്ടെ
(എഫെസ്യർ 6:10-11).
നമ്മുടെ പ്രയത്നം
കർത്താവിൽ വ്യർത്ഥമല്ല എന്നറിഞ്ഞു  പ്രാണത്യാഗത്തോളം  ദുരുപദേശത്തോട് നമുക്ക് എതിർത്തുനിൽക്കാം. ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് ദുരുപദേശത്തിൻ്റെ അടിമനുകത്തിൽ  കുടുങ്ങിപ്പോയവരെ തീയിൽ നിന്ന് വലിച്ചെടുത്ത്  രക്ഷിക്കാം. വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേൽപ്പിച്ചിരിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിനും, പഥ്യോപദേശത്തിനും വേണ്ടി നമുക്കൊരുമിച്ച് പോരാടാം. നമ്മുടെ പോരാട്ടം കള വിതെക്കുന്നവരോടല്ല, മനുഷ്യമനസ്സുകളെ കളവിതെക്കുവാൻ  പ്രേരിപ്പിക്കുന്ന പിശാചിനോടത്രെ.
സാമൂഹ്യ മാദ്ധ്യമങ്ങളായ  ഫേസ്ബുക്ക്, വാട്സ് ആപ്പ്  ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി  സത്യ വചനത്തെ ദുർവ്യാഖ്യാനം ചെയ്തും വിപരീതോപദേശം സൃഷ്ടിച്ചും  വിശ്വാസികൾക്കിടയിൽ സംശയം ജനിപ്പിക്കുന്നവരെ സൂക്ഷിക്കുക.
കൃപാവരങ്ങൾ, അന്യഭാഷ, പ്രവചനം, രോഗ സൗഖ്യം, മുതലായ ദൈവസഭയിൽ ഇന്നുള്ളതും യേശുവിൻ്റെ വീണ്ടും വരവുവരെ  തുടരുന്നതുമായ വരങ്ങൾക്കെതിരെ വ്യക്തമായ വചന തെളിവുകൾ ഒന്നും കൂടാതെ നിരന്തരം ആക്ഷേപത്തോടെ തർക്കിക്കയും, ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തിയെ ത്യജിക്കയും ചെയ്യുന്ന വ്യാജന്മാരെ നാം വിട്ടൊഴിയണം.

post watermark60x60

കെട്ടി അടച്ചിരിക്കുന്ന സഭയാം തോട്ടത്തിൽ നുഴഞ്ഞു കയറി ഭിന്നതയുടെ കള വിതെക്കയും,  മുന്തിരിവള്ളി നശിപ്പിക്കുകയും ചെയ്യുന്ന കുറുക്കന്മാരെ കണ്ടെത്തി പിടിച്ചു പുറത്താക്കണം. ഏദൻ തോട്ടത്തിൽ കയറി ഹവ്വയെ ഉപായത്താൽ ചതിച്ച പഴയ പാമ്പായ പിശാച് സഭയാം തോട്ടത്തിൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും നിർമ്മലതയിലും ജീവിക്കുന്നവരെ ദുരുപദേഷ്ടാക്കളിലൂടെ കള വിതെപ്പിച്ച് മനസ്സ് വഷളാക്കാതിരിപ്പാൻ നാം ജാഗ്രത പുലർത്തണം.  ക്രിസ്തുവിൻ്റെ അപ്പോസ്തലന്മാരുടെ വേഷം ധരിച്ച് ദുരുപദേശത്തിൻ്റെ കള വിതെയ്ക്കുന്ന കള്ളയപ്പൊസ്തലന്മാരെയും, കപടവേലക്കാരെയും നാം സൂക്ഷിച്ചു ഒഴിഞ്ഞുകൊള്ളണം.

പ്രിയമുള്ളവരെ;  നമ്മുടെ അതിവിശുദ്ധ  വിശ്വാസത്തെ ആധാരമാക്കി നമുക്ക് തന്നേ ആത്മികവർദ്ധന വരുത്താം,  പരിശുദ്ധാത്മാവിൽ  പ്രാർത്ഥിക്കാം,  നിത്യജീവനായിട്ട് കാത്തിരിക്കാം.
“ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് ഉണർന്നിരിക്കാം,  വിശ്വാസത്തിൽ നിലനില്ക്കാം,  ശക്തിപ്പെടാം….
നമ്മുടെ പ്രിയൻ, യേശുരാജൻ വീണ്ടും വരാറായി ഹല്ലേലൂയ വേഗം വരാറായി.

-ADVERTISEMENT-

-ADVERTISEMENT-

You might also like