ലേഖനം:ഒന്നിന്റെ വില | ജോയി പെരുമ്പാവൂർ

കൂറ്റൻ റാലികളിലും ജനസാഗരത്തിരകളിലും ഊറ്റം കൊള്ളുന്നവരാണ് സംഘടന നേതാക്കളും അതിന്റെ അണികളും .എന്നാൽ പുരുഷാരത്തിൽ ഊറ്റം കൊള്ളാതെ , ജനാരവം കണ്ട് ഹരം കൊള്ളാതെ വ്യക്തികൾക്ക് പ്രാധാന്യം നൽകിയവനാണ് യേശു .
തൊണ്ണൂറ്റിയൊൻപതിനെ മരുഭൂമിയിൽ വിട്ടേച്ച് ഒന്നിനെ തേടിയിറങ്ങിയവൻ.
മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നരാധമൻമാരും ,കൊല കലയാക്കി നടക്കുന്ന മതനായകരും ശരിയായ വേദം പഠിക്കാൻ യേശുവിന് ശിക്ഷ്യപ്പെടണം .എന്നാലേ സുബോധം വരൂ .
ജനകോടികൾ ഇന്നും ആ നാമം ഉരുവിടുന്നു എങ്കിൽ അത് ആയുധം കൊണ്ടും അടവു കൊണ്ടും നേടിയ സ്വാധീനമല്ല. സ്നേഹം കൊണ്ട് നേടിയെടുത്ത സാമ്രാജ്യമാണത്. സ്നേഹ സാമ്രാജ്യം . യേശുവിന്റെ രാജ്യം .
അത് ഇവിടുത്തെ നാലക്ഷര പാർട്ടിയോ ,സംഘമോ ,സംഘടനയോ പോലെ ,
ഉരുൾ പൊട്ടലിൽ ഒലിച്ചു പോകുന്ന കന്നിനും, ഒരു ചെറു കുലുക്കത്തിൽ ഉടഞ്ഞു വീഴുന്ന സൗധങ്ങൾക്കും , സുനാമിത്തിര കൈകളാൽ കടലെടുത്തു പോകുന്ന മൺ തുരുത്തുകൾക്കും വേണ്ടിയുള്ള രാജ്യമല്ല.
നിത്യത വരെ നീളുന്ന നിലനിൽക്കുന്ന രാജ്യത്തിന്റെ അധിപനാണ് യേശു.
യേശുവിനെതിരായി , സുവിശേഷത്തിനെതിരായി ,സുവിശേഷകർക്കെതിരായി വിരൽ ചൂണ്ടുവാനും കുത്തിന് പിടിക്കുന്നവനും സൂര്യനെ കല്ലെറിയുന്ന വികൃതി പിള്ളേരെ പോലെ വിഢിത്തം കാട്ടുകയാണ് .
നെഞ്ചിൻ കൂടു നിറച്ചെടുത്ത പ്രാണ വായുവിന്റെ ബലത്തിൽ കൊല്ലുമെന്ന് ഭീഷണി പറയുന്നവൻ തന്റെ ആയുസിന്റെ ബലം ഒരു ശ്വാസം മാത്രമാണെന്ന് തിരിച്ചറിയുന്നില്ല.
യേശുവിന്റെ മാർഗം ഒന്നിന് വില കൽപ്പിക്കുന്ന മാർഗമാണ്. ഓരോ മനുഷ്യനിലും വിലയേറിയ ഒരു ആത്മാവുണ്ടെന്ന തിരിച്ചറിവാണ് തല്ലിയിട്ടും തിരിച്ചു തല്ലാതെ സംയമനത്തോടെ ഈ അനീതിക്ക് നേരെ ശാന്തമായി നിൽക്കുന്നത് എന്ന് തിരിച്ചറിയണം . അത് ഭീരുത്വമല്ല.
കാര്യമറിയാതെ കളിയാക്കുന്നവനെയും , കഥയറിയാതെ കുത്തുന്നവനെയും കണ്ട് പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ എന്നു പ്രാർത്ഥിച്ച യേശുവിന്റെ ശിഷ്യരാണ് ദൈവമക്കൾ .ദൈവദാസൻമാർ .
അതെ ,മനുഷ്യന് വില കൽപ്പിക്കുന്ന മാർഗമാണ് ക്രൈസ്തവ മാർഗം .
പുരുഷാരത്തെയല്ല ,പത്രോസിനെയും പത്രോസിന്റെ ഒഴിഞ്ഞ പടകിനെയുമാണ് യേശു ഉന്നം വെച്ചത് .തൊഴിൽ മേഖലയിലെ പ്രതിസന്ധി മൂലം വരുമാനം നഷ്ടപ്പെട്ടു ,ഒഴിഞ്ഞ കൈകളുമായി പണിയായുധം മിനുക്കിയിരുന്ന പത്രോസു്,
പങ്കായവും പണി സാധനങ്ങളുമല്ലാതെ മറ്റു പച്ചയൊന്നും കാണാത്ത ഒഴിഞ്ഞ പടക് .
ഈ നിശബ്ദ വേദനകളിലാണ് യേശുവിന്റെ കണ്ണു പതിഞ്ഞത് .ലൂക്കോസ് 5-ൽ അത് രേഖപ്പെടുത്തിയിട്ടുണ്ട് .
ഒരായിരം മുൻപിൽ നിൽക്കുമ്പോൾ ഒന്നിന്റെ മേലാണ് യേശുവിന്റെ കണ്ണു പതിച്ചത്.
,, ഞങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചു ഒന്നും കിട്ടിയില്ലാ ,, പത്രോസ് ആവലാതി പറഞ്ഞു .അവർ അ ദ്ധ്വാനിച്ചു. മനുഷ്യരുടെ കൂട്ടകെട്ടിന്റെ അദ്ധ്വാനം . മാനവശേഷിയുടെ പരിശ്രമം .അത് വേണം . പക്ഷെ ,എപ്പോഴും അത് വിജയമാവുകയില്ല . കാരണം , മനുഷ്യൻ പരിമിതിയുള്ളവനാണ്. ദൈവം ഒരു തടയിട്ടാൽ പിന്നെ ഒന്നും നടക്കുകയില്ല . അപ്പോൾ പിന്നെ ദൈവത്തോടു കൂടെ ചുവടു വെയ്ക്കുന്നതല്ലെ നല്ലത് ? .
അതെ …. അല്ലെങ്കിൽ ജിവിതം ബാബേൽ ഗോപുരത്തിന്റെ പണി പോലെ പാതി വഴിയിൽ സ്തംഭിച്ചു നിൽക്കും .
പത്രോസ് യേശുവിനോട് പറഞ്ഞു .” അങ്ങയുടെ വാക്കിന് വലയിറക്കാം “.
ഇതാണ് അനുസരണം . തഴക്കം ,പഴക്കം, സീനിയോരിറ്റി ,വർഷങ്ങളുടെ അനുഭവ സമ്പത്ത് ,മാസ്റ്റർ ഡിഗ്രി .ഡോക്ടറേറ്റ് എന്നിവ എല്ലാം മാറ്റി വെച്ചു് അങ്ങ് പറയുന്നത് പോലെ ചെയ്യാം എന്ന അനുസരണം . തലച്ചോറിന്റെ കരുത്തം കെട്ട ചോദ്യങൾക്ക് ചെവി കൊടുക്കാതെ സമ്പൂർണമായ കീഴടങ്ങൽ ……
അത് പത്രോസിന്റെ ജീവിതത്തെ മാറ്റിമറിച്ചു . അയാളുടെ ശൂന്യത മാറി. സ്വപ്നങ്ങൾ കരിഞ്ഞ അവന്റെ കണ്ണിൽ ഭാവി പ്രതീക്ഷയുടെ പൊൻവെളിച്ചം .അയാളുടെ സ്വയം ഉടഞ്ഞു തകർന്നു, കർത്താവിന്റെ കാൽപാദത്തിൽ വീണു .”കർത്താവേ … പാപിയായ എന്നെ വിട്ടു പോകണമേ” എന്ന് അയാൾ ഞരങ്ങി.
യേശു പറഞ്ഞു. നിന്നെ വിട്ടേച്ചു പോകാനല്ല , മനുഷ്യ കുലത്തെ നിത്യരക്ഷയിലേക്ക് നയിക്കുന്ന സുവിശേഷ സന്ദേശ വാഹകനാക്കാനാണ് ഈ സന്ദർശനം .
അതെ … നീ ഇന്നു മുതൽ മനുഷ്യരെ പിടിക്കുന്നവനാകും എന്നു യേശു പറഞ്ഞു. അതാണ് സുവിശേഷത്തിന്റെ ദൗത്യം .
സ്നേഹത്തിന്റെ ,സന്തോഷത്തിന്റെ ,സമാധാനത്തിന്റെ നിറവായ യേശുവിന്റെ രാജ്യത്തിലേക് ആളെ ചേർക്കുന്ന ദൈവ നിയോഗം .
അതിൽ ഒന്നിന്റെ വില നാം തിരിച്ചറിയണം . ആ തിരിച്ചറിവു് നമ്മെ ‘അടിമുടി മാറ്റി മറിക്കും . ഒന്നിന്റെ വില വലുതെന്ന തിരിച്ചറിവ് നമ്മെ ഒരു മതഭ്രാന്തനല്ല ,മനുഷ്യ സ്നേഹിയാക്കി മാറ്റും . വെറും സ്നേഹമല്ല… ദൈവസ്നേഹം പകരുന്ന സ്നേഹ വാകൻ … സുവിശേഷകൻ …. ഒരു യഥാർത്ഥ സുവിശേഷകൻ ഒന്നിന്റെ വില അറിയുന്നവനാണ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.