ലേഖനം:ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തു നിൽക്കുന്നു!!! | ജെ പി വെണ്ണിക്കുളം  

കർത്താവിന്റെ വരവുമായി ബന്ധപ്പെട്ട് ശിഷ്യന്മാർ  ചോദിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയാണ്   തലക്കെട്ട്. ദാനിയേൽ പ്രവാചകനാണ് ‘ശൂന്യമാക്കുന്ന മ്ളേച്ഛതയെക്കുറിച്ചു’ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. അത് ആവർത്തിക്കാൻ പോവുകയാണെന്നാണ് യേശു പറഞ്ഞത്. ദാനിയേൽ 7, 8, 9 അധ്യായങ്ങളിൽ ആണ് ഇതിനെക്കുറിച്ച് നാം പഠിക്കുന്നത്.

ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള (11:21-45) സിറിയൻ രാജാവായ അന്ത്യോഖ്യസ് എപ്പിഫാനസ്  ബി.സി 170ൽ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഭാഗമായ സിറിയയിൽ നിന്നും എഴുന്നേറ്റു.പെർഗ്ഗമോസിലെ രാജാവായ യൂനെസിന്റെ സഹായത്തോടെയാണ് ഇയാൾ ഭരണത്തിൽ വരുന്നത്. അന്തോഖ്യസ്‌  ക്രൂരനായ ഒരു രാജാവായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. തന്റെ പേരിൽ നാണയം ഉണ്ടാക്കി പ്രചരിപ്പിച്ചു. പ്രധാന ശത്രുവായ മിസ്രയീമിനെ ആക്രമിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ യെരുശലേമിനെ തകർക്കുവാൻ തീരുമാനിച്ചു. ഗ്രീക്ക് ദേവനായ സീയൂസിന്റെ പ്രതിമ യെരുശലേം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ബി.സി 168 ഡിസംബർ 15 ന് ആ ബലിപീഠത്തിൽ ഒരു പന്നിയെ യാഗമർപ്പിച്ചു അതിന്റെ മാംസം പുരോഹിതന്മാരെ ബലമായി തീറ്റിച്ചു. തുടർന്ന് അനേകായിരം യഹൂദന്മാരെ കൂട്ടക്കൊല ചെയ്തു ദേവാലയം കൊള്ളയടിച്ചു. ഇങ്ങനെ ദേവാലയം അശുദ്ധമാക്കി .ഇതിന്റെ പരിണിതഫലമായി ‘മക്കാബിയ വിപ്ലവം’ തനിക്കു നേരിടേണ്ടിവന്നു.ആത്മീകരല്ലാത്ത കുറെ യഹൂദന്മാർ തന്നെ സഹായിക്കാൻ വന്നു എന്നും പ്രവചന പുസ്തകത്തിൽ നാം പഠിക്കുന്നു. താൻ ദൈവത്തിന്റെ അവതാരമാണെന്നു സ്വയം അവകാശപ്പെടുകയും ‘എപ്പിഫാനസ്’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തന്നെ വന്ദിക്കുകയും സ്തുതിക്കുകയും ചെയ്തവർക്ക് സ്ഥാനമാനങ്ങൾ കൊടുത്തു.  ബി.സി 164ൽ ഇദ്ദേഹം മരിച്ചു.

എ.ഡി 70ൽ യെരൂശലേം ദേവാലയം അക്രമിക്കപ്പെട്ടപ്പോൾ ഇതിനു സമാനമായ ചിലതെല്ലാം  സംഭവിച്ചു എന്ന് പറയപ്പെടുന്നു.അന്ന് അനേകർ മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു.

post watermark60x60

എതിർക്രിസ്തുവിന്റെ നിഴലായിട്ടാണ് എപ്പിഫാനസ് നിലകൊള്ളുന്നത്. എപ്പിഫാനസ് സിറിയയിൽ നിന്നുള്ള വ്യക്തി ആയിരുന്നതിനാൽ എതിർക്രിസ്തുവും അവിടെനിന്നായിരിക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഭാവിയിൽ വെളിപ്പെടാൻ പോകുന്ന അഹങ്കാരിയായ ഒരു ലോക നേതാവിനെക്കുറിച്ചാണ് യേശു ശിഷ്യന്മാർക്കു സൂചന നൽകിയത്. ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം ജനം പീഡിപ്പിക്കപ്പെടും. എങ്കിലും അന്ത്യോഖ്യസിനെപ്പോലെ എതിർക്രിസ്തുവും നശിക്കും. ഒടുവിൽ കർത്താവു തന്നെ ഭരണം ഏറ്റെടുക്കും.

കർത്താവിന്റെ വരവ് എപ്പോൾ എന്ന് നമ്മൾ അറിയുന്നില്ല പക്ഷെ ‘ശൂന്യമാക്കുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥലത്തു നിൽക്കും എന്ന് കർത്താവു പറഞ്ഞത് വീണ്ടും ആവർത്തിക്കും. ഒരിക്കലും സംഭവിക്കാൻ നാം ആഗ്രഹിക്കാത്ത കാര്യങ്ങൾ അന്നുണ്ടാകും. വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാക്കപ്പെടുകയും വിശുദ്ധന്മാർ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഓർക്കുക, കർത്താവ് വരുവാൻ അടുത്തിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like