ലേഖനം:നിങ്ങൾ ആരാണ്? | ജോയി പെരുമ്പാവൂർ

ഒരു ഒളിച്ചോട്ടമായിരുന്നു ആ യാത്ര. അതുകൊണ്ട് ടിക്കറ്റ് എടുത്ത് കയറിയ പാടെ കപ്പലിന്റെ അടിത്തട്ടിൽ സൗകര്യപ്രദമായ ഒരു ഒഴിഞ്ഞ കോണിൽ ഇടം കണ്ടെത്തി . പിന്നെ സാവധാനം സുഖകരമായ ഒരു നിദ്രയിലേക്ക് വഴുതിപ്പോയി .

കുറെ കഴിഞ്ഞപ്പോൾ ആകെ ഒരു പന്തികേട് . കപ്പലിന് ഒരു ചാഞ്ചാട്ടം .മേൽത്തട്ടിൽ ആളുകളുടെ ഉറക്കെയുള്ള സംസാരവും ബഹളവുമൊക്കെ കേൾക്കാം .ആരൊക്കെയോ നിലവിളിക്കുന്നു.. എന്തൊക്കെയോ തട്ടി മറിയുന്നു. നിദ്രയുടെ അബോധതലത്തിൽ വേർതിരിച്ചറിയാനാവാത്ത ശബ്ദകോലാഹലങ്ങളിൽ മുങ്ങി പൊങ്ങുമ്പോൾ ആരോ വന്ന് തട്ടിയുണർത്തി .
ഞെട്ടിയുണർന്നു നോക്കിയപ്പോൾ കപ്പൽ പ്രമാണിയാണ് . “നീയിങ്ങനെ ഒന്നും അറിയാതെ ഉറങ്ങുന്നതെന്ത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക. നാം നശിച്ചു പോകാതിരിക്കേണ്ടതിന് ദൈവം പക്ഷെ നമ്മെ കടാക്ഷിക്കും.” ഒരു കരച്ചിൽ പോലെ അയാൾ പറഞ്ഞു നിരത്തി, വല്ലാതെ കിതച്ചു. അപ്പോഴാണ് പരിസര ബോധം ഉണ്ടായത്. കപ്പൽ കൊടുങ്കാറ്റിൽ പെട്ടിരിക്കുന്നു. അത് ആടി ഉലയുകയാണ് . ആളുകൾ അവരവരുടെ ദൈവത്തെ വിളിച്ചു നിലവിളിക്കുന്നു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ ചരക്കുകൾ എടുത്ത് കടലിൽ എറിയുന്നു. എല്ലാം അവസാനിക്കാൻ പോകുന്നു. മരണഭീതികൊണ്ട് ആളുകൾ അലറി കരയുന്നു .
,”വരൂ…. ഈ അനർത്ഥം വരാൻ കാരണക്കാരൻ ആരാണെന്ന് നമുക്ക് ചീട്ടിട്ട് നോക്കാം.” കപ്പൽ പ്രമാണി കിതച്ചു കൊണ്ട് പറഞ്ഞു. നാവികരുടെ വിശ്വാസമനുസരിച്ച് ഏതോ കരുത്തംകെട്ടവൻ കപ്പലിൽ കയറിയിട്ടുണ്ട് . അതാരാണെന്ന് കണ്ടുപിടിക്കണം.

അവർ കപ്പലിൽ ഉള്ളവരുടെയെല്ലാം പേരുകൾ ഉള്ള നറുക്കുകൾ നിരത്തിയിട്ടു . കപ്പൽ പ്രമാണി വിറയാർന്ന കൈ കൊണ്ട് ഒരെണ്ണം എടുത്തു. കപ്പലിനെ കൊടുങ്കാറ്റ് അമ്മാനമാടുകയാണ് . അയാൾ നറുക്ക് തുറന്നു വായിച്ചു. “യോന “.
എല്ലാവരും അമ്പരപ്പോടെ അയാളെ നോക്കി . ഈ പ്രശ്നങ്ങളുടെയെല്ലാം കാരണക്കാരൻ ദാ… നിൽക്കുന്നു. ഒരു മുഷിഞ്ഞ നിലയങ്കിയും അതിനെ മീതെ പുതച്ച വസ്ത്രവും, നീട്ടി വളർത്തിയ താടിയും മുടിയുമായി സന്യാസിയെപ്പോലെ ,തേജസുള്ള മുഖവുവുമായി കൃശഗാത്രനായ ഒരു മനുഷ്യൻ. ഇയാൾ ആരാണ്?. അവർ അയാളെ തുറിച്ചു നോക്കി. എന്നിട്ടു് ചോദിച്ചു. “നിങ്ങൾ ആരാണ് ?, എവിടെ നിന്നു വരുന്നു.? എങ്ങോട്ട് പോകുന്നു ?”.
കാറ്റ് സംഹാര താണ്ഡവമാടുകയാണ് . എല്ലാ കണ്ണുകളും യോനയുടെ മുഖത്താണ്.
” ഞാൻ ഒരു എബ്രായൻ , കടലും കരയും ഉണ്ടാക്കിയ സ്വർഗീയ ദൈവമായ യഹോവയെ ഭജിച്ചു വരുന്നു. ….പക്ഷെ , ഇപ്പോൾ ഞാൻ ദൈവസന്നിധിയിൽ നിന്ന് ഓടിപ്പോകുകയാണ്”. മുഴക്കമുള്ള സ്വരത്തിൽ യോന നിഷ്കളങ്കമായി മുപടി നൽകി.

അതെ, യോന ദൈവസന്നിധിയിൽ നിന്ന് ഒളിച്ചോടുകയാണ്.
ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ എന്നും വിമുഖത കാട്ടുന്ന മനുഷ്യൻ ഈ ഒളിച്ചോട്ടം തലമുറയായി ആവർത്തിക്കുകയാണ്.
പുരാതന നഗരമായിരുന്ന നിനവേയിൽ വചന സന്ദേശവുമായി പോകുവാൻ ദൈവം യോനയെ നിയോഗിച്ചു.
നൂറ് അടി ഉയരത്തിലും നാൽപ്പത് അടി വണ്ണത്തിലുമുള്ള കൂറ്റൻ പട്ടണമതിൽ ഉണ്ടായിരുന്ന നിനവേയിലെ ജനങ്ങൾ പൊതുവേ ദുഷ്ടത നിറഞ്ഞവരായിരുന്നു .അവിടേക്ക് പോകാൻ യോനയ്ക്ക് തീരെ മനസു വന്നില്ല.
തന്റെ സ്ഥലമായ ഗത്ത് ഗേഫറിൽ നിന്നും കിഴക്കോട്ടു യാത്ര ചെയ്തു നിനവേയിൽ പോകേണ്ട യോന നേരെ പടിഞ്ഞാറോട്ട് യാത്ര ചെയ്തു യാ ഫോ തുറമുഖത്തെത്തി തർശീശിലേകുള്ള കപ്പൽ കയറുകയായിരുന്നു.
കിഴക്കോട്ട് പോകാൻ പറഞ്ഞാൽ പടിഞ്ഞാറോട്ട് പോകുന്ന മനുഷ്യൻ .
അനുസരണം കെട്ട യോന .
ദൈവം സമുദ്രത്തിൽ പെരുങ്കാറ്റ് അടിപ്പിച്ചു. പെട്ടെന്നാണ്, നിനച്ചിരിയാത്ത നേരത്താണ് ജീവിത സാഗരത്തിൽ കാറ്റും കോളും താണ്ഡവമാടുന്നത്.
രോഗങൾ, ദു:ഖങ്ങൾ.. ബിസിനസു് തകർച്ച , കുടുംബ പ്രശ്നങ്ങൾ , കടക്കെണി, ഇങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ് .
കപ്പലിന്റെ ഭാരം കുറയ്ക്കാൻ ചരക്കുകൾ കടലിൽ എറിയുന്നത് പോലെ വിറ്റും പെറുക്കിയും ,പണയം വെച്ചും കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവൻ ചില വഴിച്ചീട്ടും പ്രശ്നങ്ങൾക് അല്പം പോലും പരിഹാരം കാണാതെ നെട്ടോട്ട മോടുന്നവർ എത്ര പേരാണ്? . ഇത് ദൈവം അയച്ച കാറ്റാണ് . വഴി മുടക്കാനും വഴി തിരിച്ചു വിടാനും അയച്ച കാറ്റ്.
ചരക്കുകളല്ല, അനുസരണംകെട്ട മനുഷ്യനാണ് കപ്പലിന് ഭാരം .
ദൈവത്തെ അനുസരിക്കാതെ ജിവിക്കന്നവർ എല്ലാവർക്കും ഒരു ഭാരമായിരിക്കും . നാടിന് ഭാരം , വീടിന് ഭാരം , മാതാപിതാക്കൾക്കും , കൂടപ്പിറപ്പുകൾക്കും ഭാരം . ജീവിത പങ്കാളികൾക്ക് ഭാരം.
ദൈവസന്നിധിയിൽ നിന്നു ഓടിപ്പോകുന്നവർ കൊടുങ്കാറ്റിലേക്കും തിരമാലകളിലേക്കുമാണ് ഓടുന്നത് .
ദൈവികതയുടെയും, ആത്മീകതയുടെയും നേരെ ഉറക്കം നടിച്ചാൽ രക്ഷപെടാം എന്ന ചിന്ത വിഢിത്തമാണ്.
നിങ്ങൾ ആരാണ്?
ദൈവത്തെയും ദൈവീക കാര്യങ്ങളെയും വേണ്ടത്ര ഗൗനിക്കാത്ത , സുഖജീവിതത്തിന്റെ സുഷുപ്തിയിലാണ്ട മറ്റൊരു യോനയോ?.
ദൈവം വിളിച്ചിട്ടും നേരെ എതിർ ദിശയിലേക്കാണോ താങ്കളുടെ ജീവിതയാത്ര?.
താങ്കൾ അനുസരണം കെട്ടവരുടെ കൂട്ടത്തിലോ , അനുസരിക്കുന്നവരുടെ കൂട്ടത്തിലോ?
ദൈവത്തിങ്കലേക്ക് മടങ്ങി വരിക. എതിർ ദിശയിലേക്കുള്ള യാത്ര അവസാനിപ്പിക്കുക .
” അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോർത്ത് മഹത്വീകരിക്കയോ , നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായി തീർന്നു. അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി .
ജ്ഞാനികൾ എന്നു പറഞ്ഞു അവർ മൂഢരായി പോയി”. ( റോമർ .1. 21_23 ).
വ്യർത്ഥ ചിന്തകളും അർത്ഥമില്ലാത്ത ജല്പനങ്ങളും ഉരുവിട്ടു നടക്കാതെ ….വിളിയിലേക്കും തിരഞ്ഞെട്ടിപ്പിലേക്കും മടങ്ങി വരിക .ദൈവത്തിന്റെ വിളിയാലുള്ള ആശ ഇന്നതെന്ന് തിരിച്ചറിയുക ….
ഫിലിപ്പോസ് അനുസരിച്ച് നിർജന പ്രദേശത്ത് പോയി . അനുഗ്രഹിക്കപ്പെട്ടില്ലെ?
പൗലോസ് ആസ്യയിൽ പിടിച്ചു നിൽക്കാൻ നോക്കാതെ മക്കദോന്യയിൽ പോയില്ലെ. ദൈവ പ്രവർത്തി നടന്നില്ലെ? താങ്കളെക്കുറിച്ചുള്ള ദൈവത്തിന്റെ ആശ തിരിച്ചറിയുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like