ലേഖനം:സ്നേഹിക്കുന്ന ദൈവം | റോഷൻ ബെൻസി ജോർജ്

“തന്റ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16)
മൂല ഭാഷയിൽ (ഗ്രീക്ക്) ഈ സ്നേഹത്തിന്റ്റെ വാക്ക് അഗാപേ എന്നാണ്, എന്നുവച്ചാൽ വ്യവസ്ഥകളില്ലാത്ത സ്നേഹം. ദൈവും പണ്ടു ക്രൂശിൽ വച്ച് നമ്മേ സ്നേഹിച്ചിരുന്നു. നമ്മൾ ആരാണെന്നുള്ളത് ദൈവത്തിന് വിഷയം അല്ലായിരുന്നു, നമ്മൾ നന്മ ചെയ്തതുകൊണ്ടുമല്ല അവൻ നമ്മെ സ്നേഹിച്ചത്. ദൈവം നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമ്മെ വ്യവസ്ഥകളില്ലാതെ, അളവില്ലാതെ സ്നേഹിച്ചു.
ഇന്നു നാം ന്യായവിധിയുടെ ദൈവത്തെക്കുറിച്ച് പല പ്രസംഗങ്ങൾ കേട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ ദൈവം മുഴുവനായും അങ്ങനെ തന്നെയാണോ?
പലമതങ്ങളും മനുഷ്യർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒത്ത് മനുഷ്യരേ പല അളവിൽ സ്നേഹിക്കുന്ന ദൈവത്തെ പഠിപ്പിക്കുമ്പോൾ. ദൈവവചനമാകുന്ന ബൈബിൾ പഠിപ്പിക്കുന്നു, ദൈവം മനുഷ്യനെ സ്നേഹിക്കുന്നത് അവന്റ്റെ പ്രവൃത്തികളാൽ അല്ല, അവൻ വർത്തമാനകാലത്തിൽ എങ്ങനെയാണ് എന്നതിനാലുമല്ല. ദൈവം വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു അന്നും ഇന്നും എന്നും. അപ്പോൾ ദൈവമകനായി കഴിഞ്ഞാലോ? അപ്പോഴും ദൈവം നമ്മുടെ നന്മ കൊണ്ടോ തിന്മ കൊണ്ടോ അല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്, ദൈവം നമ്മെ വെറുതെ സ്നേഹിക്കുന്നു. ദൈവത്തിന്റ്റെ ഈ സ്നേഹം പാപം ചെയ്യാനുള്ള ലൈസൻസ് ആണോ? ഒരിക്കലുമല്ല, മറിച്ച് ഈ സ്നേഹം നമ്മെ വിശുദ്ധ ജീവതത്തിലേക്ക് വരാൻ നിർബന്ധിക്കുന്നു. ഇങ്ങനെ സ്നേഹിക്കുന്ന കർത്താവിന്റ്റെ കല്പനകളെ നിരസിക്കാൻ ആർക്കാ പറ്റുക. പേടിച്ച് കല്പനകളെ ചെയ്യാൻ എത്രനാൾ ഒക്കും, പക്ഷെ സ്നേഹിച്ചു കല്പനകളെ ചെയ്തു തുടങ്ങുമ്പോൾ, അതു നമ്മുടെ ജീവന്റ്റെ തുടിപ്പായി മാറും.
സ്നേഹവും ഭയവും
“സ്നേഹത്തിൽ ഭയമില്ല; ഭയത്തിന് ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കികളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” (1 യോഹന്നാൻ 4:18)
ഈ വാക്യത്തിൽനിന്ന് ഒരു കാര്യം നോക്കാം, “തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കികളയുന്നു” പലപ്പോഴും നമ്മെ ഒന്നും ചെയ്യാതെ ഫലമില്ലാത്തവരാക്കുന്നുത് ഭയമാണ്. ഈ വാക്യം വളരെ വ്യക്തമായി പറയുന്നു, ഭയം എന്തു തന്നെ ആയിക്കൊള്ളട്ടെ, സ്നേഹം അതിനെയെല്ലാം തൂത്തെറിയും. ഭയകൊണ്ട് നമ്മെ ഒന്നു ചെയ്യാതെ ഒതുങ്ങികൂടാൻ പ്രേരിപ്പിക്കുമ്പോൾ, സ്നേഹം നമ്മെ സുവിശേഷം എന്ന മഹാ ദൗത്യത്തിനായി സജ്ജരാകുന്നു.
സ്നേഹവും ദൈവീക കരുതലും
ഒരു സ്നേഹമുള്ള അപ്പൻ തന്റ്റെ മക്കളെ എങ്ങനെ കരുതും? മരിക്കുവരെ അവർക്കായ് പൊരുതും. അങ്ങനെ ഉള്ള ഒരു അപ്പനെ കീഴ്പെടുത്തി കഴിഞ്ഞാലെ, അവന്റ്റെ മക്കളെ തൊടുവാൻ ശത്രുവിന് കഴിയൂ. ഇതുപോലെ തന്നെയാണ് ദൈവീക കരുതലും. ദൈവ നമ്മെ സംരക്ഷിക്കുന്ന സംരക്ഷണം അത്ര വലുതാണ്. ഇങ്ങനെ നമ്മെ തന്റ്റെ സ്നേഹത്തിൽ നടത്തി നമ്മെ നിത്യഭാഗ്യത്തിനായി ഒരുക്കുന്നു. “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റ്റെ പിതാവിന്റ്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:11) ഇവിടെ പറഞ്ഞിരിക്കുന്ന ‘അവർ’ എന്ന വാക്ക് ദൈവമക്കളെക്കുറിക്കുന്നതാണ്.
സ്നേഹവും ഉപദ്രവവും
“നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്ക് സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തത് കൊണ്ട് ലോകം നിങ്ങളെ പകെക്കുന്നു” (യോഹന്നാൻ 15:19)
ഈ വാക്യവും വ്യക്തമാണ്, നിങ്ങൾ ക്രിസ്തുവിന്റ്റെ പാത പിൻപ്പറ്റിയാൽ, ദൈവത്തിന്റ്റെ കല്പനകൾക്ക് വേണ്ടി നിലകൊണ്ടാൽ, നിങ്ങൾക്ക് ചിലതൊക്കെ നഷ്ടപെടും, ചിലപ്പോൾ വാകകുകളാലും പ്രവൃത്തികളാലും ഉപദ്രവം സഹിക്കേണ്ടിവരും. പക്ഷെ ഒന്ന് മനസ്സിലാക്കുക, നിങ്ങൾ ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് അനുരൂപപ്പെടുകയാണ്, ക്രിസ്തു നിങ്ങളുടെ കൈകളെ പിടിച്ചിരിക്കയാണ്. പിന്നെ ഉപേക്ഷിക്കേണ്ടി വരുന്നതെല്ലാം ചവറാണ്, അതു പിന്നതെതിൽ മനസ്സിലായിക്കൊള്ളും.
“മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്ന് ഞാൻ ഉറെച്ചിരിക്കുന്നു” (റോമർ 8:39)
സ്നേഹവും ജീവിതവും
ഈ സ്നേഹം നമ്മെ അതിനോട് പ്രതികരിക്കാനായി നിർബന്ധിക്കുന്നു,
“ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റ്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല” (1 യോഹന്നാൻ 4:20)
“ഞാനോ നിങ്ങളോടു പറയുന്നത്; നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ” (മത്തായി 5:44)
ദൈവസ്നേഹവും മനുഷ്യരോടുള്ള സ്നേഹവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ദൈവത്തെ സ്നേഹിക്കുന്ന ആൾ മനുഷ്യരെയും സ്നേഹിക്കും, ദൈവത്തെ സനേഹിക്കാത്തവർക്ക് മനുഷ്യരെയും സത്യമായ് സ്നേഹിക്കാൻ കഴിയില്ല. സഹോദരന്മാരെ മത്രം സ്നേഹിച്ചാൽ പോരാ, ശത്രുവിനെയും സ്നേഹിക്കണം എന്നു ക്രിസ്തു പറയുന്നു. കുറച്ച് പാടുള്ള കാര്യമാണ്, എന്നാലും ക്രിസ്തുവിന്റ്റെ സഹായം തന്റ്റെ ശിഷ്യനെ അതിലേക്ക് എത്തിക്കും. ബൈബിളിൽ ദൈവത്തോടുള്ള സ്നേഹത്തിനും സഹോദരസ്നേഹത്തിനും ശത്രുവിനോടുള്ള സ്നേഹത്തിനും എന്തിന് ഭാർത്താവ്-ഭാര്യ സ്നേഹത്തിനും ഒരേ വാക്കാണ്, അഗാപേ. ഗ്രീക്കിൽ സ്നേഹത്തിന് പല വാക്കുകൾ ഉണ്ട്, പക്ഷെ ബൈബിൾ ഒരു വാക്കിനു മാത്രം ഊന്നൽ കൊടുക്കുന്നു, അഗാപേ. ആഴമായ, വ്യവസ്ഥകളില്ലത്ത സ്നേഹമാണ് അഗാപേ കൊണ്ട് ഉദ്ദേശമാക്കുന്നത്. ദൈവം മാത്രമാണ് ഈ സ്നേഹത്തിന്റ്റെ കർത്താവ്, ദൈവത്തിന്റ്റെ മക്കളിലേക്കും ഇതെ സ്നേഹം വ്യാപിക്കുന്നു എന്നതാണ് സത്യം.
‘ഫീലിയോ’യിൽ നിന്ന് ‘അഗാപേ’യിലേക്ക്
പുതിയ നിയമത്തിൽ സ്നേഹത്തെക്കുറിക്കുന്ന വെറെ ഒരു വാക്കുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഫീലിയോ, ഈ സ്നേഹം അഗാപേ പോലെ അത്ര ദൃഡം അല്ല. ഇനി അതു എവിടെയാണ് കൊടുത്തിരിക്കുന്നതെന്നു നോക്കാം. യോഹന്നാൻ 21:15-17 വാക്യങ്ങളിൽ ‘സ്നേഹം’ എന്നടതും ‘അഗാപേ’ എന്നും ‘പ്രിയം’ എന്നടതും ‘ഫീലിയോ’ എന്നുമാണ്. യേശു പത്രോസിനെ ഫീലിയോയിൽ നിന്ന് അഗാപേയിലേക്ക് വരുവാൻ പറയുകയായിരുന്നു. അതുപോലെ ഏതൊരു ശിഷ്യനെയും ക്രിസ്തു ഫീലിയോയിൽ നിന്ന് അഗാപേയിലേക്ക് ക്ഷണിക്കുന്നു.
നമുക്ക് ഫീലിയോയിൽ നിന്ന് അഗാപേയിലേക്ക് വരാം. പ്രാർത്ഥനയിൽ യേശുവിന്റ്റെ കരങ്ങൾ പിടിച്ച്, നമ്മെ അഗാപേയിലേക്ക് നയിക്കാനായി പ്രാർത്ഥിക്കാം. ക്രിസ്തുവിന്റ്റെ സ്നേഹം നമ്മിലേക്ക് ഒഴുകിയിറങ്ങെണ്ടതിനായ് പ്രാർത്ഥിക്കാം. ക്രിസ്തു നമ്മെ അതിലേക്ക് നയിക്കുമ്പോൾ അവനിൽ ആശ്രയിച്ച് നമുക്ക് അവനെ പിന്തുടരാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.