ലോകത്തിൽ കരുണ, ദയ, സ്നേഹം എന്നിവ യേശുക്രിസ്തു സ്ഥാപിച്ചു: മുഖ്യമന്ത്രി

കോട്ടയം: ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേർത്തു വായിക്കേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യേശുവിന്റെ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്നേഹം നിറഞ്ഞുനിൽക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും ഇല്ലാതാക്കുകയാണ് യേശുവിനെ അനുസരിക്കാനുള്ള വഴി. വിവിധ ക്ഷേമ പദ്ധതികളിലൂടെ സർക്കാർ ചെയ്യുന്നതും അതുതന്നെയാണ്. പാവപ്പെട്ടവർക്കു ജീവിക്കാനുള്ള സൗകര്യം ഒരുക്കുക, വീടില്ലാത്തവർക്കു വീട് നൽകുക, ജീവിക്കാൻ വഴി ഇല്ലാത്തവർക്ക് ജീവനോപാധി നൽകുക തുടങ്ങി സർക്കാരിന്റെ പ്രവർത്തനങ്ങൾ യേശുവിന്റെ സന്ദേശങ്ങളുമായി ചേർത്തുവായിക്കേണ്ടതാണ് – മുഖ്യമന്ത്രി പറഞ്ഞു.
ലോകമെങ്ങും കഷ്ടതയനുഭവിക്കുന്നവരുടെ സുഖത്തിനും ക്ഷേമത്തിനും വേണ്ടിയാണു യേശു ജീവിച്ചത്. ലോകത്തിൽ കരുണ, ദയ, സ്നേഹം എന്നിവ അദ്ദേഹം പുനഃസ്ഥാപിച്ചു. മനുഷ്യനെ മഹത്വത്തിലേക്കുയർത്താൻ പരിശ്രമിച്ചു. സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ,  ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവ ലക്ഷ്യമിടുന്നതും ജനങ്ങളുടെ ക്ഷേമമാണ്, അത് പാലിക്കാനാണ് സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഭയ്ക്കും സർക്കാരിനുമിടയിൽ സഹകരിക്കാനുള്ള പുതിയ മേഖലകൾ രൂപപ്പെട്ടു വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർഗ്ഗീയ വിരുന്ന് സഭയുടെ ജീവകാരുണ്യ പ്രവർത്തനമായ റീച്ച് വേൾഡ് വൈഡിന്റെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റീച്ച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ ഏകദേശം ഒരുലക്ഷം കുട്ടികൾക്കാണ് ഈ അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ പദ്ധതിയിട്ടിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.