ലേഖനം:പൊന്തിയോസ് പീലാത്തോസും, യേശു ക്രിസ്തുവും പിന്നെ നമ്മളും | റവ.ചാർലി ജോസഫ് സഖറിയ, കാദേശ്.

സാമ്രാജ്യ ശക്തികളുടെ ഈറ്റില്ലം ആയിരുന്ന പൂർവ്വ-ഏഷ്യൻ ഭൂഖണ്ഡത്തിൽ ഉടലെടുത്ത റോമൻ സാമ്രാജ്യത്തിലെ യെഹുദ്യ പ്രവിശ്യയുടെ ഭരണകർത്താവ് ആയിരുന്നു പൊന്തിയോസ് പീലാത്തോസ്. പുരാതന കാലഘട്ടത്തിൽ ജനിച്ചു-ജീവിച്ചു -മരിച്ച ഈ മഹാരഥന്റെ ജീവിതത്തിലെ യേശുക്രിസ്തുവിനോടൊപ്പമുള്ള ചില ഏടുകൾ, ഈ നൂറ്റാണ്ടിൽ സ്വന്തമായ് ഒരു സാമ്രാജ്യം പടുത്തുയർത്താൻ ശ്രമിക്കുന്ന നമ്മളെ ഓരോരുത്തരെയും ഒരു പക്ഷെ സഹായിച്ചേക്കാം.

1. കുടുംബം
ഒരു വ്യക്തിയെ ഈ ലോകത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും, ആ മേഘലയിൽ സ്ഥിരതയോടെ നിറുത്തുന്നതിനും തന്റെ കുടുംബത്തിനുള്ള പങ്ക് അതിപ്രധാനമാണ്. പീലാത്തോസിന്റെ ജീവിതവിജയത്തിനു പിന്നിലും ഇപ്രകാരമുള്ള ഒരു കുടുംബം ഉണ്ടായിരുന്നു. പീലാത്തോസ്, തന്റെ ജീവിതത്തിൽ ഏത് തീരുമാനം എടുക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ ആയിരിക്കുമ്പോൾ ദൈവീകഹിതപ്രകാരമുള്ള തീരുമാനത്തിലേക്ക് വിരൽ ചൂണ്ടി കൊടുക്കുന്ന ഒരു ജീവിത സഖി ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്. തന്റെ ഭർത്താവിന്റെ ഔദ്യോഗിക മേഘലയിലേക്ക് ഇടിച്ചു കയറുന്നതിനു പകരം, തനിക്ക് സമൂഹം കല്പിച്ചിരിക്കുന്ന അതിർത്തികൾ പക്വതയോടെ മനസിലാക്കി അതിനുള്ളിൽ നിന്നു കൊണ്ട് തന്റെ പ്രിയതമനെ സഹായിക്കുന്ന, തന്ത്രജ്ഞ ആയ, ദർശനങ്ങൾ കാണുന്ന, ഉത്തമയായ ഭാര്യ. പക്ഷേ യിസ്രായേലിന്റെ രണ്ടാമത്തെ രാജവായ ദാവീദിനു, ശൗൽ തന്റെ മകളെ ഭാര്യയായ് കൊടുക്കുമ്പോൾ പറയുന്നത് “അവൾ അവനു ഒരു കെണി ആയിരിക്കും” എന്നത്രേ. അപക്വമായ തീരുമാനങ്ങൾ കൊണ്ട് അവൾ പിൽക്കാലത്ത് ദാവീദിനു നല്ല ഒരു കെണിയായ് തീരുന്നും ഉണ്ട്. എന്നാൽ പീലാത്തോസിന്റെ ഭാര്യ പീലാത്തൊസ് ചെന്നു പെടാൻ സാധ്യത ഉള്ള സകലകെണികളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുവാൻ അത്രെ നോക്കുന്നത്.

ദൈവഹിതം ആരാഞ്ഞറിയുന്ന, വരുവാനിരിക്കുന്ന വിപത്തുകളെ മുന്നറിയിപ്പായ് ദൈവം അറിയിക്കുന്ന വ്യക്തികളോടൊപ്പം ജീവിതയാത്ര ചെയ്താൽ ഈ ജീവിതം ദുസ്സഹമാവുകയില്ല. എന്നാൽ അവർ ദൈവഹിതം പൊരുൾ തിരിച്ച് പറഞ്ഞു തന്നിട്ടും അവയെ മുഖവിലയ്ക്കു പോലും എടുക്കാതെ സ്വേച്ഛയെ പിന്തുടരുകയാണെങ്കിൽ നാം നമ്മൾക്ക് തന്നെ ഒരു മീഖൾ ആവുകയാണ്.

2. സമൂഹം
അനേകം കുടുംബങ്ങൾ കൂടിചേരുമ്പോൾ അത് ഒരു സമൂഹമായി മാറുന്നു. ഇപ്രകാരമുള്ള സമൂഹങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് ആ സമൂഹത്തെ സമുന്നതിയിലേക്ക് നയിക്കുവാൻ അർഹരായവർ അവയുടെ നായകന്മാരായി അവരോധിക്കപ്പെടും. അങ്ങനെ യെഹൂദ്യ പ്രവിശ്യയെ, റോമൻ ഭരണകൂടത്തിന്റെ അധീനതയിൽ, സാമൂഹിക-സാംസ്ക്കാരിക – വാണിജ്യപരമായ സമുന്നതിയിലേക്ക് നയിക്കവാനായ് നിയോഗിതനായ ഭരണാധികാരി ആണ് പൊന്തിയോസ് പീലാത്തോസ്. തന്റെ ആസ്ഥാന മന്ദിരത്തിൽ ഏതൊരു ആവശ്യമായിട്ടും വരുന്നവരെ കേൾക്കുവാൻ, ഒരു നേതാവ് എന്ന നിലയിൽ പീലാത്തോസ് മനസു കാണിച്ചിരുന്നു. ആസ്ഥാന മന്ദിരത്തിലേക്കു കടന്നാൽ അശുദ്ധർ ആകും എന്ന് കരുതിയ യുദന്മാർക്ക് വേണ്ടി പീലാത്തോസ് തന്റെ സിംഹാസനവും, രാജധാനിയും വിട്ട് ആസ്ഥാന മന്ദിരത്തിനു പുറത്തു യഹൂദന്മാർ നില്ക്കുന്ന സ്ഥലത്ത് എത്തുന്നു(യോഹന്നാൻ 18:28, 29). മാത്രമല്ല, യേശുക്രിസ്തുവിനെ വിചാരണ ചെയുമ്പോൾ, മഹാപുരോഹിതന്മാർക്ക് പറയാനുള്ളതും അവർ കുറ്റം ആരോപിക്കുന്ന യേശുക്രിസ്തുവിനു പറയാനുള്ളതും കേൾക്കുവാൻ പീലാത്തോസ് സമയം കണ്ടെത്തുന്നു (മർക്കോസ് 15:4). രണ്ട് ഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിനു ശേഷം പീലാത്തോസ് ആ പ്രശ്നത്തിന്റെ മൂലകാരണം മഹാപുരോഹിതന്മാരുടെ അസൂയ ആണെന്നും കണ്ടെത്തുന്നു (മർക്കോസ് 15: 9). യേശുവിന്റെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കിയ പീലാത്തോസ് പല നിലകളിൽ യേശുവിനോട് നീതി പുലർത്തുവാൻ ശ്രമിക്കുന്നുമുണ്ട്.

ഇപ്രകാരം, തന്റെ അധികാരപരിതിയിൽ ഉള്ളവരോട് വിധേയപ്പെട്ടിരിക്കുന്ന, അവരിലേക്ക് ഇറങ്ങി ചെല്ലുവാൻ യാതൊരു മടിയും കാണിക്കാത്ത, വാദിയുടെയും പ്രതിയുടെയും ഭാഗങ്ങൾ കേട്ട് മൂലകാരണം കണ്ടെത്തുന്ന, ന്യായത്തിനു കൂട്ടു നിൽക്കുവാൻ ശ്രമിക്കുന്ന ജനകീയനായ ഒരു നേതാവിനെയാണ് ഇവിടെ പൊന്തിയോസ് പീലാത്തോസിൽ നാം കാണുന്നത്.

ഇത്രയധികം ഗുണങ്ങൾ ഉണ്ടായിട്ടും
പീലാത്തോസ് നീതിക്കു മുമ്പിൽ എന്തിനു കൈ കഴുകി?

ജനസമ്മതനായ പീലാത്തോസ് ജനസമൂഹത്തിനു തൃപ്തി നൽകുവാൻ അനീതിക്കു മുമ്പിൽ സ്വമനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് കൈ കഴുകി.(മർക്കോസ് 15:15). തിബെര്യാസ് കൈസറിന്റെ അധീനതയിൽ ഉള്ള യെഹൂദ്യ പ്രവിശ്യയിലെ തന്റെ ഗവർണർ സ്ഥാനത്തിനു വേണ്ടി കുപ്പായം തയ്ച്ചു വെച്ചിരിക്കുന്നവരിൽ നിന്നും തന്റെ സ്ഥാനം സംരക്ഷിക്കുന്നതിനായ് ന്യൂനപക്ഷത്തിന്റെ നീതിക്കു വേണ്ടി പോരാടാതെ ഭൂരിപക്ഷത്തിന്റെ നിഗൂഢമായ അഭിലാഷങ്ങൾക്കായ് തന്റെ കൈ കഴുകി(യോഹന്നാൻ 19:12, 13). ഇങ്ങനെ തന്റെ സ്ഥാനവും, മാനവും, കീർത്തിയും സംരക്ഷിക്കുവാനുള്ള ശ്രമം നിമിത്തം പീലാത്തോസ് ക്രൂശിക്കാൻ വിധിച്ചത് കുറ്റമില്ലാത്ത രക്തത്തെയാണ്.

ദൈവഹിതത്തിനുപരിയായ് നാം ജനസമ്മിതിക്കും, നമ്മുടെ അധികാര കസേരകൾക്കും പ്രാധാന്യം കൊടുക്കുകയാണെങ്കിൽ നാം ആരെയൊക്കെയോ ക്രൂശിക്കുന്നതിനു തീർപ്പു കൽപ്പിക്കുകയാണ്. ആ തീർപ്പും, മുദ്രണവും കുറ്റമില്ലാത്ത രക്തത്തിനു എതിരാണെങ്കിൽ ഏതു വെള്ളത്തിനു നമ്മുടെ കൈകളിൽ നിന്നും പാപക്കറ കഴുകി കളയുവാൻ കഴിയും?

3. അധികാരം
എക്കാലത്തും സമൂഹത്തിലും,കുടുംബത്തിലും വ്യക്തികൾക്ക് മാന്യത കൽപ്പിക്കുന്നത് അവരുടെ അധികാര പൂർണ്ണമായ തൊഴിലുകൾക്കും, സ്ഥാനങ്ങൾക്കും അനുസൃതമായിട്ടാണ്. ഉദാഹരണമായ്, ഒരു കുടുംബത്തിലെ സഹോദരങ്ങളിൽ ഒരാൾ കളക്ടറും മറ്റൊരാൾ കർഷകനും ആണെങ്കിൽ കുടുംബാംഗങ്ങളും, സമൂഹവും കൂടുതൽ മതിപ്പു കാട്ടുന്നത് അധികാരസ്ഥനായ കളക്ടർ എന്ന വ്യക്തിയോട് ആണ്. അധികാരിയോടുള്ള സമൂഹത്തിന്റെ മനോഭാവം ഇതാണെങ്കിൽ
തിരുവചനപ്രകാരം ചിന്തിക്കുമ്പോൾ അധികാരസ്ഥന്മാർ വെച്ച് പുലർത്തുന്ന വ്യത്യസ്തമായ രണ്ട് മനോഭാവങ്ങൾ ദർശിക്കാവുന്നതാണ് .

ഒന്നാമത്തേത് “ഞാൻ-എന്റെ” എന്ന മനോഭാവം ആണ്.
ബാബേൽ രാജാവായ നെബുഖദ്നേസർ പറയുന്നത് “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ” (ദാനിയേൽ 4:30). സ്വയത്തിൽ കേന്ദ്രീകൃതമായ ഈ മനോഭാവം നിമിത്തം നിമിഷങ്ങൾക്കുള്ളിൽ നെബുഖദ്നേസറിനെ ദൈവം തെറിപ്പിച്ചത് ഈ കാലഘട്ടത്തിലും അന്വർത്ഥമായികൊണ്ടിരിക്കുന്നു.

രണ്ടാമത്തേത് “ദൈവം- ദൈവജനം-ഞാൻ” എന്ന മനോഭാവമാണ്. ഈ ക്രമത്തിൽ അധികാര വിനയോഗം നടത്തിയ വ്യക്തിയാണ് ദാവീദ്.
“ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.” ( 2 ശമൂവേൽ 5:12). ദൈവമാണ് തന്നെ രാജാവാക്കിയതെന്നും, ദൈവജനം നിമിത്തമാണ് തന്റെ അധികാരം പ്രശോഭിക്കുന്നതെന്നും മനസിലാക്കിയ ദാവീദ് തന്റെ സ്വയത്തിനു ഏറ്റവും അന്തിമ സ്ഥാനമാണ് നൽകിയതു. തത്ഫലമായി ദാവീദ് യിസ്രായേലിനെ ഭരിച്ചത് നാല്പതു സംവത്സരമാണ്. ഇപ്രകാരം തങ്ങളെ നയിക്കുന്നവർക്കായ് ദൈവജനം ഈ കാലഘട്ടത്തിലും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ ഉളവാകാൻ സാധ്യത ഉള്ള ഈ രണ്ടു ചിന്താഗതികളിൽ സ്വയം കേന്ദ്രീകൃതമായ മനോഭാവമാണ് പീലാത്തോസിനെയും നയിച്ചിരുന്നത്. അതു കൊണ്ടാണ് പീലാത്തോസ് ” എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ?” (യോഹന്നാൻ 19:10) എന്ന് യേശുവിനോട് പറയുന്നത്.

എന്നാൽ പീലാത്തോസിന്റെ ഈ മനോഭാവത്തെ തിരുത്തി കൊണ്ട് കർത്താവ് അടുത്ത വാക്യത്തിൽ ഇപ്രകാരം പറയുന്നു
“മേലിൽ നിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു” (യോഹന്നാൻ 19:11).

ക്ഷണികമായ ഈ ജീവിതത്തിൽ, യശസ്സാർന്ന പല സ്ഥാനങ്ങളിലും നമ്മെ എത്തിക്കുന്നത് ദൈവമാണ്. പ്രവർത്തന മേഖലകളിൽ, കുടുംബ ജീവിതത്തിൽ, ആത്മീക-ഭൗതീക നേതൃത്വനിരകളിൽ, ഒക്കെ നമ്മൾക്ക് അധികാരം നൽകുന്നതും അധികാരി ആക്കുന്നതും ദൈവമാണ്. എന്നാൽ, ഈ സമസ്ത മേഖലകളിലും, കർത്താവിനെയും താൻ രക്തം വില കൊടുത്തു വാങ്ങിയ തന്റെ ജനത്തെയും മാറ്റി നിർത്തി സ്വയത്തിൽ നാം മതി മറക്കുന്നു എങ്കിൽ നെബുഖദ്നേസർ നമ്മൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആകുന്നു.

ഉപസംഹാരം
മരണത്തോളം ഭരണത്തിൽ തുടരണമെന്നുള്ളതായിരുന്നു പീലാത്തോസിന്റെ ആഗ്രഹം. അതിനനുസൃതമായ് പ്രവർത്തിച്ച പീലാത്തോസ് ജനസമ്മിതി നിലനിർത്തുന്നതിൽ അതീവ ശ്രദ്ധാലു ആയിരുന്നു. സ്വന്തം മനസാക്ഷിയെക്കാളും, കുടുംബത്തെക്കാളും, നീതിയെക്കാളും പീലാത്തോസ് പ്രാധാന്യം നൽകിയത് തന്റെ അധികാര കസേരയ്ക്കാണ്. ശക്തമായ അധികാരം തന്റെ മേൽ ഉണ്ടായിരുന്നിട്ടും അത് യഥാക്രമം വിനയോഗിക്കുന്നതിൽ പീലാത്തോസ് പരാജിതനായ്. ഇത് തന്നെ കൊണ്ടെത്തിച്ചത് കുറ്റമില്ലാത്ത രക്തത്തിന്റെ ക്രൂശീകരണത്തിൽ ആണ്. ജനസമ്മിതിയും, ഔദ്യോഗിക സ്ഥാനങ്ങളും, അധികാര കസേരകളും നിലനിർത്താൻ അക്ഷീണ പ്രരിശ്രമം നടത്തിയ പീലാത്തോസിനെ പിൽക്കാലത്ത് കാലിഗുള എന്ന റോമൻ ചക്രവർത്തി സിംഹാസനദ്രഷ്ടനാക്കി. പീലാത്തോസ് പ്രസാദിപ്പിക്കാൻ ശ്രമിച്ച യെഹൂദന്മാരും, യെഹൂദ്യ പ്രവിശ്യയിലെ ജനങ്ങളും തന്റെ ശത്രുക്കൾ ആയി മാറി. തത്ഫലമായി യെഹുദ്യയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന പീലാത്തോസ് നിരാശയിൽ മുഴുകി ആത്മഹത്യ ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഇന്നല്ലെങ്കിൽ നാളെ മരണം വഴിയായി ഈ ലോകം വിട്ടു പോകേണ്ടിയ നാം ദൈവീക ആലോചനകൾക്കു വിരുദ്ധമായി തീരുമാനങ്ങൾ എടുക്കുമ്പോൾ, സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്തുമ്പോൾ, കൈ പിടിച്ച് ഉയർത്തേണ്ടിയവരുടെ മുമ്പാകെ കൈ കഴുകുമ്പോൾ, കൃത്യനിർവ്വഹണത്തിൽ വീഴ്ചകൾ വരുത്തുമ്പോൾ, ഈ വാക്കുകൾ ചില ഓർമപ്പെടുത്തലുകൾ ആകട്ടെ.

ചാർലി ജോസഫ് സഖറിയ, കാദേശ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.