എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ പരിശോധിക്കാൻ അവസരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നതിന് മുന്നോടിയായി, ചൊവ്വാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം. പരിശോധിക്കേണ്ടത് ഇങ്ങനെ http://www.bpekerala.in എന്ന വെബ്‌സൈറ്റുകളിലെ SSLC-2018 Certificate View എന്ന വിഭാഗത്തില്‍ പ്രവേശിക്കുക. എസ്.എസ്.എല്‍.സി. രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ കാണാം. തെറ്റുകള്‍ വിദ്യാര്‍ഥിക്ക് തിരുത്താന്‍ അനുവാദമില്ല. പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രധാനാധ്യാപകര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി-മേയ് 15 പരീക്ഷാഭവന്റെ വെബ് സൈറ്റിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരും പരിശോധിക്കണം. തെറ്റുണ്ടെങ്കില്‍ പരീക്ഷാഭവന്റെ ശ്രദ്ധയില്‍പ്പെടുത്തണം. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനുള്ള അപേക്ഷകള്‍, വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോറത്തിലാണ് സ്‌കൂളില്‍നിന്നു പരീക്ഷാഭവനിലേക്ക് അയയ്‌ക്കേണ്ടത്. തിരുത്തേണ്ട വിവരങ്ങള്‍ക്ക് അനുബന്ധമായ രേഖകളും സമര്‍പ്പിക്കണം. മേയ് 16-ന് വൈകീട്ട് നാലിന് ലഭിക്കത്തക്കവിധം അപേക്ഷകള്‍ അയയ്ക്കണം. സ്‌കൂളുകളില്‍നിന്ന് ഓണ്‍ലൈനായാണ് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലേക്കുള്ള വിവരങ്ങള്‍ അയയ്ക്കുന്നത്. ഡേറ്റാ എന്‍ട്രിയിലെ പിശകും സോഫ്‌റ്റ്വേര്‍ തകരാറും നിമിത്തം വ്യാപകമായി തെറ്റുകള്‍ കടന്നുകൂടുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം അച്ചടിക്കുമുമ്പ് പ്രധാനാധ്യാപകര്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. തെറ്റുകള്‍ വരുന്നത് പിന്നെയും തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like