കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സംഗീതമഹാസംഗമത്തിനു തിരുവല്ല സാക്ഷ്യം വഹിക്കും; 1000 സംഗീതജ്ഞർ അണിനിരക്കുന്നു

തിരുവല്ല: ഡിസംബർ 25 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ആയിരം സംഗീതജ്ഞരും ലക്ഷം ശ്രോതാക്കളുമായി ‘‘ഒന്നായ് പാ‌‌ടാം യേശുവിനായ്’’ സംഗീതമഹാസംഗമം. മഹാകവി കെ. വി. സൈമൺ, മധുരഗായകൻ എം. ഇ. ചെറിയാൻ, ടി. കെ. സാമുവൽ, സാധു കൊച്ചുകുഞ്ഞ് ഉപദേശി, അന്നമ്മ മാമ്മൻ, സി. എസ്. മാത്യു, ഇ. വി. വർഗീസ്, പി. വി. ചുമ്മാർ, വി. നാഗൽ, ജെ. വി. പീറ്റർ തു‌ടങ്ങിയ മൺമറഞ്ഞ ഭക്തന്മാരു‌െട നാവിൽ നിന്നും അടർന്ന് വീണ വരികൾ ഇന്നും ലക്ഷങ്ങൾ ഏറ്റു പാടുമ്പോൾ അതിന്റെ അനുഭവങ്ങളിലൂ‌െടയുള്ള പൂർവ്വകാലയാത്ര കൂടിയാകും ‘‘ഒന്നായ് പാ‌‌ടാം യേശുവിനായ്’’

ആയിരം സംഗീതജ്ഞർ ഡിസംബർ 25 (ചൊവ്വ) വൈകിട്ട് അഞ്ചിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ അണി നിരക്കും. അ‍ഞ്ചു ഗാനങ്ങൾ വീതമുള്ള മൂന്ന് പരമ്പരകൾക്കിടെ പ്രമുഖ ഗായകൻ ഡോ. ബ്ലെസ്സൻ മേമനയുടെ സാന്നിധ്യവും സംഗീതസന്ധ്യയ്ക്ക് മാറ്റ് കൂട്ടും. പവർവിഷൻ ചാനൽ ചെയർമാൻ ഡോ. കെ. സി. ജോൺ ലഘുസന്ദേശം നൽകും.

ഡോ. കെ. സി ജോൺ (പ്രസിഡന്റ്), എൻ. എം. രാജു (ചെയർമാൻ), റ്റി. എം. മാത്യു (ജനറൽ കൺവീനർ), ഭക്തവൽസലൻ (മ്യൂസിക് ജനറൽ കൺവീനർ), ജോജി ഐപ്പ് മാത്യൂസ് (സെക്രട്ടറി), ബിന്നി മാത്യു (മ്യൂസിക് കൺവീനർ), ബിനു വടശേരിക്കര (പ്രോഗ്രാം കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രാഥമിക പ്രവർത്തനങ്ങൾ തു‌ടങ്ങി. വിപുലമായ ക്രമീകരണങ്ങൾക്കായി ജനറൽ കമ്മിറ്റി രൂപീകരണം ഉടൻ നടക്കുമെ‌ന്ന് ഭാരവാഹികൾ അറിയിച്ചു.

സംഗീത മഹാസംഗമത്തിലേക്കുള്ള ഗായകരെ തിരഞ്ഞെ‌ുക്കുന്നതിനുള്ള ശബ്ദപരിശോധന കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി സെപ്റ്റംബർ 30 ന് മുൻപ് നടക്കും. സംഗീതത്തോട് താൽപര്യമുള്ള യുവതീയുവാക്കളും വിദ്യാർത്ഥികളും സഭാപാസ്റ്ററുടെയും രക്ഷിതാക്കളുടെയും ശുപാർശയോടെ പൂരിപ്പിച്ച ഫോമുകള്‍ തിരികെ നൽകണം.

ഫോമുകൾ ആവശ്യമുള്ളവർ Onnai Padam Yeshuvinayi എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ആയിരം പേർ ചേർന്നുള്ള അവസാനഘട്ടപരിശീലനം ഡിസംബർ ആദ്യം തിരുവല്ലയിൽ നടക്കും. നൂറ് പേര് വീതമുള്ള സംഘമാകും പ്രാദേശികതലത്തിൽ ആദ്യഘട്ടപരിശീലനം നടത്തുന്നതെന്ന് ചെയർമാൻ എൻ. എം. രാജു, മ്യൂസിക് കൺവീനർ ഭക്തവൽസലൻ എന്നിവർ അറിയിച്ചു.‌ ഫോൺ: 07829344049, 9446392303, 9495834994, 9496325855.

ക്രൈസ്തവ എഴുത്തുപുര ഈ പരിപാടിയുടെ മീഡിയ പാർട്ണർ ആയി സേവനം അനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.