ലേഖനം:മകളെ നിനക്കായ് | നിഷ സന്തോഷ് ,ദോഹ

മഴ പെയ്തു തോർന്ന സായം സന്ധ്യ, ദൂരെ സൂര്യന്റെ കിരണങ്ങൾ കാർമേഘക്കീറിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്നു , പാൽപുഞ്ചിരിയുമായി വരാനൊരുങ്ങുന്ന ചന്ദ്രനെകാണാതിരിക്കാനെന്നപോലെ.പേരറിയാത്ത ഏതോ പക്ഷി പതിയെ ചിലച്ചു കൊണ്ടിരുന്നു , ഇണയെ തേടിയെന്നപോലെ ..ജനാലക്കിടയിലൂടെ ആ ‘അമ്മ എട്ടു വയസ്സ് പ്രായമുള്ള തന്റെ മകൾ മുറ്റത്തു കളിവള്ളം ഉണ്ടാക്കി കളിക്കുന്നതു നോക്കി അങ്ങനെ ഇരുന്നു.അവൾ പതിയെ ചിന്തിക്കുകയായിരുന്നു തന്റെ കുഞ്ഞിന്റെ വളർച്ചയുടെ പടവുകളെപ്പറ്റി .എട്ടു വര്ഷങ്ങള്ക്കു മുൻപുള്ള ഒരു തെളിഞ്ഞ പ്രഭാതത്തിലായിരുന്നു അവൾ തന്റെ ജീവിതത്തിലേക്ക് പിച്ചവെച്ചതു .ഒൻപതു മാസത്തെ കാത്തിരിപ്പും കഷ്ടപ്പാടുകളും അവളുടെ ഓർമ്മയിൽ മിന്നിമറഞ്ഞു .ആ വേദന ഓർത്തിട്ടാവാം അവളുടെ മിഴികൾ മെല്ലെ നിറഞ്ഞു .അവൾ പതിയെ ഓർമകളുടെ മഞ്ചാടി മണിച്ചെപ്പ് തുറന്നു.നേഴ്‌സുമാർ തന്റെ മാറോടു ചേർത്ത് വച്ച ആ പനിനീർപൂവ് …ആ കവിളുകളുടെ മൃദുത്വം അറിഞ്ഞപ്പോൾ മാതൃത്വത്തിന്റെ മാധുര്യം താനറിഞ്ഞു.കഴിഞ്ഞുപോയ വേദനകളെയൊക്കെ മറികടക്കാൻ മതിയായതായിരുന്നു പാതി വിടർന്ന ആ കണ്ണുകളുടെ നിഷ്ക്കളങ്കത്വം.ഒടുവിൽ കരഞ്ഞു കൊണ്ട് തന്റെ മാറിൻ ചൂടേറ്റു പതിയെ പാൽ നുകർന്നപ്പോൾ താനറിഞ്ഞു ഇവൾ തന്റെ ജീവന്റെ ഭാഗമെന്ന് .പെട്ടെന്ന് മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾ അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിക്കളഞ്ഞു .തെളിവെള്ളത്തിൽ ചാടിത്തുള്ളി രസിക്കുന്ന തന്റെ ഓമന മകൾ.വീണ്ടും അവൾ തന്റെ ചിന്തയിലേക്കൂളിയിട്ടു.
പതിയെ വളരെ പതിയെ അവൾ തന്റെ കണ്മുന്നിൽ വളർന്നു .തനിക്കു ചുറ്റുമുള്ള ലോകത്തു ഒരുപൂമ്പാറ്റയായി പാറി പറന്നു , ഒരുപാട് പേരുടെ പ്രതീക്ഷയായി അവൾ വളർന്നു.പിന്നീടുള്ള പ്രഭാതങ്ങൾ ഒക്കെ അവളെ
കൊഞ്ചിക്കാനുള്ളതായിരുന്നു .അവളുടെ കുറുമ്പിന്റെ കൊഞ്ചലുകൾ കിലുങ്ങിയ പകലുകൾ.താരാട്ടിന്നീണം പകർന്ന രാവുകൾ .ഒന്നും മറക്കാനാവില്ല..എട്ടു വർഷ പിന്നിട്ടിട്ടും തനിക്കവൾ ഇന്നും തന്റെ പിഞ്ചു കുഞ്ഞാണ് .
അത്ഭുതം തന്നെ മാതൃത്വമെന്നത് നിർവചിക്കാനാവാത്ത ഒരു സമസ്യ തന്നെ.
മകളുടെ കൊഞ്ചുന്ന സ്വരമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത് .കാറ്റത്തു വീണ മാമ്പഴം പറക്കാൻ തൊടിയിലേക്കു പൊയ്‌ക്കോട്ടെയെന്നു അവൾ ചോദിക്കുന്നു.അരുണ കിരണങ്ങൾ നീങ്ങി രാവിന്റെ നേർത്ത മൂടുപടം വീണുലഞ്ഞപോലെ..
വേണ്ടെന്നു പറഞ്ഞു വിലക്കിയ നേരം മുഖം ചുവപ്പിച്ചു കിണുങ്ങി നിന്നു അവൾ.എന്തോ ആ കണ്ണുകൾ നിറഞ്ഞപ്പോൾ ഹൃദയം നോവുന്ന പോലെ.എന്നിട്ടും വിട്ടില്ല.പകലിനെ വിഴുങ്ങിയ രാത്രി തന്റെ മകളെ പേടിപ്പിച്ചാലോ ?തണുപ്പിന്റെ ഓരം ചേർന്നിഴയുന്ന ഏതെങ്കിലും ജീവികൾ അവളുടെ കുഞ്ഞിക്കാലുകളെ നുള്ളി നോവിച്ചാലോ?അവൾ പതിയെ തന്റെ മകളെ വാരിയെടുത്ത് ഉമ്മറത്ത് കൂടി നടക്കാൻ തുടങ്ങി.പെട്ടെന്ന് ഒരു ചിന്ത കൊള്ളിയാൻ പോലെ അവളുടെ ഉള്ളിൽ തിളങ്ങി.ലോകത്തിന്റെ മറുകോണിൽ ആരോരുമറിയാത്ത ഏതോ ഒരു ഗ്രാമത്തിൽ മനമുരുകി കേഴുന്ന ഒരമ്മയുടെ രോദനം.ചോര വാർന്നു വിങ്ങിയ ചേതനയറ്റ ശരീരം,മുറിപ്പാടുകളേറെയുള്ള മരവിച്ച തളിർ മേനി.ജീവൻ പറന്നു പോയ കണ്ണുകൾ.ഒരു പറ്റം കാട്ടാളന്മാരുടെ മാനസിക വൈകൃതത്തിന്റെ ഇര.അവരറിഞ്ഞുവോ ഒരു മാതൃ ഹൃദയത്തിന്റെ നോവ്.അവളുടെ ദയനീയമായ തേങ്ങലുകൾ എന്തെ അവർ കേട്ടില്ലെന്നു നടിച്ചു.?ആ കണ്ണീർ പ്പൂവിനെ എങ്ങനെ ചവിട്ടി അരയ്ക്കുവാൻ കഴിഞ്ഞു.?എന്തെ തങ്ങളുടെ മുറ്റത്തു ഓടിക്കളിക്കുന്ന മകളെയോ കുഞ്ഞു പെങ്ങളേയോ ഓർത്തില്ല അവർ..നിഷ്ടൂരന്മാർ.. ഹാ എത്ര ലജ്ജാകരം..മാ നിഷാദ ..കവിളിലൂടർന്നിറങ്ങിയ കണ്ണീർ തുടക്കാൻ പോലും ശ്രമിക്കാതെ ആ ‘അമ്മ തന്റെ കുഞ്ഞിനെ വാരിയെടുത്ത് തന്റെ മാറോടു ചേർത്ത് പിടിച്ചു ,ലോകം കാണാതെ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ…എങ്കിലും നെഞ്ചിലെ ആധി കണ്ണിൽ പടർന്ന പോലെ,കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു.ഹൃദയം കേണു കൊണ്ടേയിരുന്നു.പറയാതെ അവൾ പറഞ്ഞു മകളെ മാപ്പ്. നിന്റെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ ഇട്ടതിനു,നിന്റെ ചെറിയ മോഹങ്ങൾ പോലും കണ്ടില്ലെന്നു വെക്കുന്നതിനു,പ്കഷെ ഒന്നുറപ്പാണ് നാളെ ഒരുനാളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ നീയും തിരിച്ചറിയും ഈ മാതൃവികാരം..മകളെ മാപ്പ്…

-ADVERTISEMENT-

-ADVERTISEMENT-

You might also like