വി.ബി.എസ് വിവാദവും യാഥാർത്ഥ്യവും; പാസ്റ്റര്‍ സാലു വര്‍ഗ്ഗീസ് പ്രതികരിക്കുന്നു.

ചില ദിവസങ്ങളായി സോഷ്യല്‍ മീഡിയായിലൂടെ വി.ബി.എസ്സിനെതിരെ സംഘടിത ആക്രമണം നടക്കുകയാണെല്ലോ. കുഞ്ഞുങ്ങളുടെ ഇടയില്‍ തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ഭാഗമായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍
ചില്‍ഡ്രന്‍സ് ഫെസ്റ്റ് എന്ന പേരില്‍ തിമഥി തുടങ്ങിയ സിലബസ് 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

നാളിതുവരെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഞങ്ങളുടെ സിലബസുകള്‍ എല്ലാംതന്നെ ക്രിസ്തു കേന്ദ്രീകൃതമായവയാണ്. പുതിയ നിയമത്തില്‍ നിന്നും എടുത്തിട്ടുള്ള വേദവാക്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിന്താവിഷയങ്ങളും അതിനോടനുബന്ധിച്ചുള്ള പാട്ടുകളും, ആക്ഷന്‍ സോങുകളും, വാക്യങ്ങളും, കഥകളും, ആക്ടിവിററികളും, ഗെയിമുകളും, ക്രാഫ്‌ററുകളുമാണ് തിമഥി പുറത്തിറക്കുന്നത്. ഞങ്ങളുടെ തീമുകളെക്കുറിച്ച് അറിയുവാന്‍ ഞങ്ങളുടെ വെബ് സൈററ് സന്ദര്‍ശിക്കാവുന്നതാണ്. www.timothyin.org
ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ആക്ഷന്‍ സോങുകള്‍ നാളിതുവരെ പരിധിവിട്ടതായി ആരും പരാതിപ്പെട്ടിട്ടില്ല. ആര്‍ക്കും ഞങ്ങളുടെ യു ട്യൂബ് അക്കൗണ്ടിലൂടെ അത് പരിശോധിക്കാവുന്നതാണ്.

കുട്ടികളുടെ ശ്രദ്ധ നിലനിര്‍ത്താനും ആകര്‍ഷകമാക്കുവാനുമാണ് സിലബസില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വ്യത്യസ്ത രീതിയിലുള്ള സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നര മണിക്കൂര്‍ നീളുന്ന ഒരു ദിവസത്തെ പ്രോഗ്രാമില്‍ പ്രസംഗം മാത്രം ചെയ്ത് കുട്ടികളെ പിടിച്ചിരുത്തുവാന്‍ കഴിയുന്ന ടെക്‌നിക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ ദയവായി വിമര്‍ശനമുന്നയിച്ചവര്‍ പറഞ്ഞുതരണം.

ലോകമെങ്ങുമുള്ള സഭകള്‍ കുട്ടികളെ സഭകളൊടു ചേര്‍ത്തു നിര്‍ത്തുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ ഈ ശുശ്രൂഷയെ ഇല്ലാതാക്കാനാണ് ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. വിമര്‍ശനം ഉന്നയിച്ചവര്‍ ഈ വിഷയം പൊതുവില്‍ ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് കേരളത്തില്‍ ബാലശുശ്രൂഷചെയ്യുന്ന വിരലിലെണ്ണാവുന്ന സംഘടനകളുടെ പ്രവര്‍ത്തകരോട് വിശദീകരണം ചോദിക്കാമായിരുന്നു. തിരുത്തപ്പെടേണ്ടത് നിശ്ചയമായും തിരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്.
കഴിഞ്ഞ രണ്ടു പതിററാണ്ടുകൊണ്ട് തദ്ദേശിയമായി ത്യാഗപൂര്‍വ്വം ഈ ശുശ്രൂഷയെ കേരളത്തില്‍ വേരോട്ടമുള്ളതാക്കാന്‍ അദ്ധ്വാനിക്കുന്ന ഒരുപാട് ബാലസുവശേഷകരെയാണ് ഈ വിമര്‍ശനത്തിലൂടെ വേദനിപ്പിച്ചത് എന്ന് മറക്കരുത്. സഭയില്‍ ഒരുമണിക്കൂര്‍ ശുശ്രൂഷിച്ചാല്‍ 2000 രൂപാ മുതല്‍ മുകളിലോട്ട് ലഭിക്കുമ്പോള്‍ ഒരാഴ്ചമുഴുവന്‍ വി.ബി.എസ്സിനായി അദ്ധ്വാനിച്ചാല്‍ ബാല സുവിശേഷകര്‍ക്കു പലയിടത്തുനിന്നും ലഭിക്കുന്നത് മുകളില്‍പ്പറഞ്ഞ 2000 രൂപയും അതില്‍ താഴെയുമാണ്.

ഓരോ വി.ബി.എസ്സുകളും കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ കണ്ണുനീരോട് കര്‍ത്താവിനായി സമര്‍പ്പിക്കപ്പെടുന്നത് ഞങ്ങളുടെ ആവേശമാണ്. ഇതു ഞങ്ങളുടെ കണ്ണിനു മുമ്പില്‍ നടക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രിയ സാഹചര്യങ്ങളിലും ഇന്നും വി.ബി.എസ്സുകളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ 70% വും സഭക്കു പുറത്തുനിന്നുള്ളവരാണ്. ഇത്രയും പ്രാതിനിത്യം മററ് ഏതു പ്രോഗ്രാമില്‍ നിന്നും നമുക്കു ലഭിക്കും?

വാസ്തവത്തില്‍ ഓരോ പ്രാദേശിക സഭയും ആവേശത്തോടെ വി.ബി.എസ്സിനൊട് ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്.
സഭകളില്‍ ഉള്ള അംഗങ്ങളില്‍ 80% വും രക്ഷിക്കപ്പെട്ടിരിക്കുന്നത് അവരുടെ 15 വയസിനു താഴെയുള്ള പ്രായത്തിലാണ് എന്നത് വിസ്മരിച്ചുകൂടാ. ഇതൊക്കെ പച്ചയായ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ ചില്ലുമേടയില്‍ ഇരുന്ന് ഞങ്ങളെ കല്ലെറിയാതെ ഞങ്ങളുടെ കൂടെ നിന്ന് കുട്ടികളെ കര്‍ത്താവിങ്കലേക്ക് നയിക്കുവാന്‍ പങ്കാളികളാകണം. ഗ്രാമത്തിലേക്കും പട്ടണത്തിലേക്കും ആദിവാസി – വനമേഖലയിലേക്കും തീരപ്രദേശങ്ങളിലേക്കും മലമടക്കുകളിലേക്കും ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. കാരണം ലോക ജനസംഖ്യയുടെ 40% വും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്.

ഇവരോട് സുവിശേഷം അറിയിക്കാതെ നമുക്ക് എങ്ങനെ മുന്നോട്ടുപോകുവാന്‍ കഴിയും. സഭകളിലെ സണ്ടേസ്‌കൂളുകള്‍ ഉള്‍പ്പെടെ നമ്മുടെ ബാലശുശ്രൂഷാ രംഗങ്ങള്‍ സജീവമാകട്ടെ. ഇല്ലെങ്കില്‍ നാളെകളില്‍ നമ്മുടെ സഭകളില്‍ ഇരിക്കുവാന്‍ ഒരു പുതു തലമുറ ഉണ്ടാവില്ലെന്നുള്ള മുന്നറിയിപ്പുകള്‍ പാശ്ചാത്യ സഭകളുടെ ഇന്നത്തെ അവസ്ഥകളില്‍ നിന്നു മനസ്സിലാക്കുവാന്‍ നമുക്ക് കഴിയെട്ടെ.

കുഞ്ഞുങ്ങളെ കര്‍ത്താവിങ്കലെക്ക് നയിക്കുന്നതിന് തടസ്സം നിന്ന ശിഷ്യന്മാരെ യേശു ശാസിച്ചു. അവരെ എന്റെ അടുക്കലേക്ക് വിടുവീന്‍ അവരെ തടയെരുതെന്ന് കല്പിച്ച യേശുവിന്റെ വാക്കുകളെ നമുക്ക് ശിരസ്സാ വഹിക്കാം. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.