ലേഖനം:മഹത്വ വത്കരിക്കപ്പെടുന്ന ഐതിഹ്യങ്ങളും പുനർനിർവചിക്കേണ്ട ദേശീയതയും രാജ്യസ്നേഹവും | ബേസിൽ ജോസ്

സമീപകാലത്ത് ഇന്ത്യയുടെ ചരിത്രത്തെ പുതിയ രൂപത്തിൽ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഐതിഹ്യങ്ങളിലെ ഭാവനക്ക് ശാസ്ത്ര മാനം നൽകാൻ പല കോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ കാണാൻ കഴിയുന്നു. മുംബെയിൽ നടന്ന മെഡിക്കൽ കോൺഫറൻസിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര മോദി പുരാതന ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി നടന്നിരുന്നു എന്നും പുരാണത്തിലെ ഗണപതിയുടെ ജനനം അങ്ങനെയാണ് നടന്നതെന്നും പറകയുണ്ടായി. പുരാണ കഥാപാത്രമായ കണ്ണന്റെ ജനനം ഭാരതീയർ ആർജ്ജിച്ചെടുത്ത ജനിത ശാസ്ത്രത്തിന്റെ മേൻമയാണെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. 2015 ജനുവരിയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ 7000 കൊല്ലം മുമ്പ് തന്നെ ഇന്ത്യയിൽ ഗ്രഹാന്തര വിമാനങ്ങളും റഡാറുകളും ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നു. ഇന്ത്യൻ ചരിത്ര കൗൺസിലിന്റെ ചെയർമാനായ വൈ. സുദർശന റാവു പുരാതന ഭാരതത്തിൽ അണ്വായുധങ്ങൾ ഉണ്ടായിരുന്നുവെന്നും മഹാഭാരത യുദ്ധം ഒരു അണ്വായുധ യുദ്ധമായിരുന്നുവെന്നും അണ്വായുധ പോർമുനകൾ ഘടിപ്പിച്ച മിസൈലുകളാണ് ഉപയോഗിച്ചിരുന്നതെന്ന വാദം ഉയർത്തി. രാമയ ണത്തിലെ പുഷ്ക വിമാനമാണ് ലോകത്തിലെ ആദ്യത്തെ വിമാനം എന്നും പറയാൻ ആളുണ്ടായി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ത്രിപുര മുഖ്യമന്ത്രിയായ ബിബ്ലവ് കുമാർ ദേബ് അവതരിപ്പിച്ച പുരാതന കാലത്ത് ഭാരതത്തിൽ ഇന്റർനെറ്റും കൃതിമ ഉപഗ്രഹങ്ങൾ വഴിയുള്ള ആശയ വിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു എന്ന വാദമാണ്. കുരുക്ഷേത്ര യുദ്ധത്തിന്റെ വിവരണം സഞ്ജയൻ ധൃതരാഷ്ട്രർക്ക് നൽകിയത് ഉപഗ്രഹ സാങ്കേതിക വിദ്യ വഴിയാണെന്നാണ് തന്റെ അഭിപ്രായം.

ഈ പറഞ്ഞതിലെന്തെങ്കിലും വാസ്തവം ഉണ്ടാ? ഒരു കുട്ടിയുടെ കഴുത്തിൽ ഒരാനയുടെ തലചേർത്ത് വെക്കാൻ കഴിയുമൊ? ഒരു മുതിർന്ന ആളുടെ കഴുത്തും ആനക്കുട്ടിയുടെ ശിരസുമായി പോലും ചേരില്ലെന്ന് പറയാൻ പ്ലാസ്റ്റിക് സർജറി പഠിക്കേണ്ട കാര്യമില്ല. കർണന്റെ ജനനം ചെവിയിലൂടെ അല്ലെന്ന് പറയാൻ ഗൈനക്കോളജിയും ജനിതക ശാസ്ത്രവും പഠിക്കേണ്ട. ഗ്രഹാന്തര യാത്രകൾ നടത്തിയിരുന്നവർക്ക് കായ്കനികൾ ഭക്ഷിച്ചും വേട്ടയാടിയും ജീവിക്കേണ്ടി വന്നു എന്ന് പറയുന്നത് എത്ര മോശമാണ്. അണ്വായുധങ്ങൾ വരെ കൈവശമുണ്ടായിരുന്നവർക്ക് യുദ്ധം ചെയ്യാൻ വാളും പരിചയും അമ്പും വില്ലുമൊക്കെയാണ് ഉണ്ടായിരുന്നതെന്ന വസ്തുത കാണാതിരാക്കാനാകുമൊ? ഇന്റർനെറ്റും ക്രിത്രിമ ഉപഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നവർക്ക് സഞ്ചരിക്കാൻ കുതിരവണ്ടിയെ ആശ്രയിക്കേണ്ടി വന്നു എന്നതിലെ വിരോധാഭാസം ആരും തിരിച്ചറിയില്ല എന്നാണൊ കരുതുന്നത്?

എലിയാവ് സ്വർഗത്തിലേക്ക് എടുക്കപ്പെട്ടത് ബഹിരാകാശ വാഹനം വഴിയാണെന്നും ഫിലിപ്പോസിനെ കർത്താവ് എടുത്ത് കൊണ്ട് പോയത് ഹെലികോപ്ടറൊ വിമാനമോ വഴിയാണെന്ന് ഒരു യഹൂദനൊ ക്രിസ്ത്യാനിയൊ അവകാശപ്പെട്ടു കേട്ടിട്ടില്ല. ആ കാര്യങ്ങൾ മനസിലാക്കാനും വിശ്വസിക്കുവാനും അവർക്കൊരു ശാസ്ത്രീയ അടിത്തറ ആവശ്യമായിരുന്നില്ല. ദൈവവചനത്തിലും ദൈവത്തിലുമുള്ള വിശ്വാസം തന്നെ ധാരാളമായിരുന്നു. വിശ്വസത്തിന്റെ അടിസ്ഥാനത്തിൽ മതത്തെ നിർവ്വചിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

അപ്പോൾ പ്രത്യക്ഷത്തിൽ ചിരിച്ച് തള്ളാവുന്ന ഈ അബദ്ധ പ്രസ്താവനകളുടെ ശരിയായ ഉദ്ദേശം എന്താണ്. നാം വളരെയേറെ ശ്രദ്ധിക്കേണ്ട പല വസ്തുതകളും ഇതിന്റെ പിന്നിൽ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
ഈ വീര വാദങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യ സ്നേഹമില്ലാത്തവരായും ദേശീയ ബോധമില്ലാത്തവരായും മുദ്രകുത്തുന്നു. അപ്പോൾ സ്വഭാവികമായി പ്രതികരണങ്ങൾ കുറയും. ഒരു മതത്തിനെതിരെയൊ ആശയങ്ങൾക്കെതിരെയൊ പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹ വ്യവസ്ഥതിയിലേക്കുള്ള പരിവർത്തനം വളരെ വേഗത്തിൽ സാധ്യമായിത്തീരും. (പ്രാചീന കാലത്ത് ജാതി വർണ വ്യവസ്ഥക്കെതിരായ പ്രതികരണങ്ങളെ നേരിട്ടത് ദൈവനിന്ദ ആരോപിച്ചായിരുന്നുവല്ലൊ). അങ്ങനെ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സമൂഹത്തിൽ ചരിത്രത്തിന്റെ മാറ്റിയെഴുതൽ വളരെ എളുപ്പത്തിൽ സാധ്യമായി തീരും. ഇന്ത്യയുടെ വികസനത്തിനും വളർച്ചക്കും തങ്ങളുടേതായ സംഭാവനകൾ നൽകിയവരാണ് ഈ രാജ്യത്തിലെ എല്ലാ മതങ്ങളും വ്യത്യസ്ത ജാതികളും. എന്നാൽ ചരിത്രം മാറ്റിയെഴുതുന്നതിലൂടെ ഏകമത ചരിത്രമുള്ള. ഒരു മതവും ജാതിയും മാത്രം ഭാരതീയ വികാസത്തിന് വേണ്ടി പരിശ്രമിച്ച മറ്റുള്ളവരുടെ സംഭാവനകളെയെല്ലാം തമസ്കരിച്ച് അവർ ഇന്ത്യയുടെ ശത്രുക്കളായ ഒരു വ്യവസ്ഥതിയിലേക്ക് നാം മാറ്റപ്പെടും.

തെറ്റായിരുന്നു എന്ന് ഇന്ന് ഏവരും ഒരു പോലെ അംഗീകരിക്കുന്ന ജാതി വ്യവസ്ഥതിയേയും നാളെ മഹത്വവത്ക്കരിക്കാം. അങ്ങനെ ആ കടുത്ത ജാതീയ വ്യവസ്ഥതിയിലേക്കുള്ള ഇന്ത്യയുടെ മടങ്ങിപ്പോകലിന്റെ ആരംഭമായി കൂടി ഈ പ്രസ്താവനകളെ കാണേണ്ടതാണ്.

ആയുർവേദവും ഗണിത ശാസ്ത്രവും ജ്യോതിശാസ്ത്രവും പൗരാണിക ഇന്ത്യയിൽ എറെ വികാസം പ്രാപിച്ചു എന്ന് കരുതി എല്ലാ ശാസ്ത്രങ്ങളുടെയും മാതാവാണ് ഇന്ത്യ എന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. ശാസ്ത്രത്തെ പുരാണങ്ങളുമായി ചേർത്ത് കെട്ടി നമ്മുടെ ഭരണാധികാരികൾ നമ്മെ എവിടേക്കാണ് കൊണ്ടു പോകുന്നത്. കാലങ്ങളെ വിവേചിക്കാൻ നാം അറിവുള്ളവരാണല്ലൊ. ഇത് നാം കണ്ണു തുറന്നിരുന്ന് കാണേണ്ടതും അരകെട്ടി പ്രവർത്തനസജ്ജരായിരിക്കേണ്ട കാലം.

രാജ്യസ്നേഹവും ദേശീയതയും എങ്ങനെയാണ് നിർവചിക്കപ്പെടേണ്ടത്? ഒരു കാലത്ത് നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നു ഇന്ത്യ. ആ നിലയിൽ തന്നെയാണ് ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചിരുന്നുവെങ്കിൽ ഇന്ന് ആഫ്രിക്കൻ ദൂഖണ്ഡത്തിലേക്ക് നോക്കുന്നത് പോലെയായിരുന്നേനെ. ശക്തമായ പ്രാദേശീക ബോധം ഓരോ ഭാരതീയനിലും ഉണ്ട് തന്റെ സംസ്കാരത്തെ, ഭാഷയെ അവൻ സ്നേഹിക്കുന്നു. ആ ശക്തമായ പ്രാദേശിക ബോധത്തിൽ നിന്നു കൊണ്ട് തന്നെയാണ് ഒരു ഇന്ത്യ എന്ന ദേശീയ ബോധത്തിലേക്കും രാജ്യസ്നേഹത്തിലേക്കും അവൻ നയിക്കപ്പെടുന്നത്. ഹിന്ദി ഭാഷക്കെതിരായി തമിഴ്നാട്ടിൽ നടന്ന പ്രക്ഷോഭത്തിനെതിരായ ചില പ്രതികരണങ്ങൾ ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. തമിഴരെ സ്വരാജ്യസ്നേഹമില്ലാത്തവരായാണ് മുദ്രകുത്തിയത്. സ്വന്തം ഭാഷ സംസ്കാരം അവയിൽ അഭിമാനിച്ചുകൊണ്ട് തന്നെ പൊതുവായ ഒരു ദേശീയബോധവും. അപരന്റെ വിശ്വാസവും ജീവിത രീതികളും എന്റേതിൽ നിന്നും വ്യത്യസ്തമാണെങ്കിലും അവൻ ഈ രാജ്യത്തിന്റെ സന്താനമായത് കൊണ്ട് അവനേയും അവന്റെ വിശ്വാസങ്ങളേയും സംസ്കാരത്തേയും ഉൾക്കൊണ്ടു കൊണ്ട് അവനെ സ്നേഹിക്കാൻ കഴിയുന്നതാണ് രാജ്യസ്നേഹം. അങ്ങനെയാണെങ്കിൽ ഈ അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും ആരാണ് രാജ്യസ്നേഹിയെന്നും ആരാണ് രാജ്യദ്രോഹിയെന്നും വെളിവാക്കുന്നു. എന്റേതിൽ നിന്നും വിഭിന്നമാണ് അപരന്റെ വിശ്വാസവും ജീവിത രീതികളുമെന്ന് കണ്ട് അവനെ കൊല്ലണമെന്ന് പറയുന്നവർ എങ്ങനെയാണ് രാജ്യസ്നേഹികൾ ആകുന്നത്. അപരനോടുള്ള സ്നേഹം രാജ്യസ്നേഹമാകുമ്പോൾ ക്രിസ്തുമത വിശ്വാസികളോളം രാജ്യസ്നേഹമുള്ളവരില്ല. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കണമെന്ന ക്രിസ്തുവിന്റെ വാക്കുകൾ അടിസ്ഥാന പ്രമാണമായെടുത്തവർ. അപരന് വേണ്ടി ജീവനെകൊടുത്ത് സ്നേഹത്തിന്റെ ഭാഷ്യം രചിക്കുകയാണല്ലൊ ക്രിസ്തു ചെയ്തത്. തന്റെ പാത പിൻതുടർന്ന് മാനവ സ്നേഹത്തിന്റെ വക്താക്കളായ് സമൂഹത്തിലേക്കിറങ്ങിയ അനവധി ക്രിസ്തു ശിഷ്യർ ഇന്ത്യയിലുണ്ടെന്നത് അഭിമാനകരമായ വസ്തുതയാണ്. ഒന്നും കൂടി പറയട്ടെ സ്നേഹവും സേവനവും രാജ്യസ്നേഹത്തിന്റെ അടയാളമാണെങ്കിൽ ഞങ്ങളോളം രാജ്യസ്നേഹമുള്ളവരില്ല.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.