‘ The Word ‘( ദി വേഡ് ) സംവദിക്കുന്ന വചനം” | സാം വർഗീസ് പന്നിലത്തിൽ

ടീസർ പകർന്നു നല്കിയ ഒരു ആകാംക്ഷയുണ്ടായിരുന്നു The Word (ദി വേഡ് )എന്ന സുവിശേഷ ഹ്രസ്വ ചിത്രം കാണാനിരിക്കുമ്പോൾ. സംവിധായകനെ നേരത്തെ വായിച്ചും സംവദിച്ചും അറിയാവുന്നത് കൊണ്ട് പ്രതീക്ഷക്ക് കുറവ് ഇല്ലായിരുന്നു. പതിനാറ് മിനിറ്റ് കഴിഞ്ഞ്, ആ പ്രതീക്ഷ അസ്ഥാനത്ത് ആയില്ല എന്ന് നിസ്സംശയം പറയാം എന്നാണ് വ്യക്തിപരമായ അഭിപ്രായം.

post watermark60x60

മേഘങ്ങള്‍ക്കപ്പുറം നിന്ന് മന്ദം മന്ദം ഭൂമിയിലേക്കിറങ്ങിവരുന്ന, കാഴ്ച്ചയോടെ ആരംഭിക്കുന്ന ടൈറ്റില്‍ സീന്‍ തന്നെ വാചാലമാണ്…

ആശയ ധാരാളിത്തം തന്നെയെന്ന് പറയേണ്ടി വരും. ആരും കാണാത്ത ആന്തരീക സംഘർഷങ്ങൾ,ആരും അറിയാത്ത ഒരു കുടുംബത്തിന്റെ നാല് ചുമരുകളിൽ മാത്രം ഒതുങ്ങാവുന്ന കാര്യങ്ങളിൽ , തന്നെ അന്യേഷിക്കുന്ന മക്കളിൽ ബദ്ധശ്രദ്ധാലുവാണ് സ്വർഗം എന്നത് പ്രേഷകനിൽ പകർന്നുകൊണ്ടാണ് തുടക്കം തന്നെ..സഹോദരിയും സഹോദരനുമായുള്ള വാക്കേറ്റവും സംസാരവും പ്രത്യക്ഷത്തില്‍ മറ്റാരും കാണുന്നില്ല എന്ന് തോന്നുമെങ്കിലും, സ്വര്‍ഗ്ഗം അത് കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട് !

Download Our Android App | iOS App

തുടര്‍ന്നങ്ങോട്ട്, പുരോഗമിക്കുന്ന കഥാസന്ദർഭങ്ങൾ പലതും ,നിരവധി ബിംബങ്ങളാൽ സമ്പന്നമാണ് … രൂപവും ഭാവവും, വേഷവിധാനവും നോക്കി, അപരന്റെ വിശുദ്ധിയും നൈര്‍മ്മല്യവും ആത്മീകനിലവാരവും വരെ അളന്ന്തിട്ടപ്പെടുത്തുന്ന പല, സ്വയംപ്രഖ്യാപിത വിശുദ്ധരുടേയും മനോഭാവവൈകല്ല്യത്തിന് മുഖം അടച്ച് ഒരു നല്ല പ്രഹരം കൊടുക്കാൻ സംവിധായകൻ ശ്രദ്ധിച്ചുവെന്ന് തോന്നുന്നു..
അത് കൊണ്ടാണല്ലോ അനുജനിലെ ആന്തരീക രൂപാന്തരം പുറം കാഴ്ചയിൽ, സഹോദരിയുടെ ഉള്‍ക്കണ്ണിൽ പതിയാതെ പോയത്…

അനിയൻ വേഷം ചെയ്ത നടൻ, അത് തീർത്തും ഗംഭീരമാക്കി അവതരിപ്പിച്ചു. അതിഭാവുകത്വം തീരെയില്ലാത്ത സ്വതസിദ്ധമായ പ്രകടനം എന്ന് തോന്നി.

കുഞ്ഞുങ്ങളുടെ പാട്ടും പ്രാര്‍ത്ഥനയും… !

മക്കളുടെ വേഷമവതരിപ്പിച്ച കുട്ടികള്‍ ഇരുവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ( ആ മുതിര്‍ന്ന കുട്ടിയായി വേഷമിട്ട പെണ്‍കുട്ടി തന്നെയാണ് ആ ഗാനം മനോഹരമായി പാടിയത് എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.)

തന്റെ പ്രാർത്ഥനയുടെ മഹത്വം മുതിര്‍ന്ന കുട്ടിക്ക് ബോധ്യമുണ്ട്. എന്നാൽ അത് ശ്രദ്ധിക്കാതെ തന്റേതായ ലോകത്ത്, പ്രായത്തിന്റെ ഇമ്പങ്ങളിലും കളിക്കോപ്പുകളിലും മുഴുകിയിരിക്കുന്ന അനുജനോട് ഒരു തരത്തിൽ ഉള്ള നീരസവും കാണിക്കാതെ , ആഗാനത്തിലൂടെത്തന്നെ തന്റെ കൊച്ചുസഹോദരന് സത്ബുദ്ധി പറഞ്ഞ്കൊടുക്കുന്ന സഹോദരിയേയും ആ ഗാനരംഗത്തില്‍ നമുക്ക് കാണാം…

ആ കാഴ്ച്ച അമ്മയിൽ മാറ്റം വരുത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഗാനരംഗം ഒരുതരത്തില്‍ പറഞ്ഞാല്‍ അവരുടെ അമ്മയായ തന്റെയും, തന്റെ, തെറ്റുകരാനായ അനുജന്റേയും പ്രതിഫലനം തന്നെയാണ് എന്ന് ഒരുപക്ഷേ അവള്‍ തിരിച്ചറിയുന്നുണ്ടാവാം…
സ്വാഭാവികമായും അവളുടെ ഓര്‍മ്മകളിലേക്ക് ആ അനുജന്റെ കുഞ്ഞുപ്രായം , പൊടിപിടിച്ച് നിറംമങ്ങിയ ഒരു ചിത്രമായി കടന്നെത്തുന്നു…..

വചനധ്യാനവും പ്രാര്‍ത്ഥനയും സ്വപ്നവും ….!

സ്വപ്നത്തിൽ കാണുന്ന രംഗം, അത് മനസിൽ ചില സന്ദേശങ്ങള്‍ കോറിയിടുന്നുണ്ട്..

വചനം വായിക്കുന്നവന് ആ ധ്യാനത്തിങ്കല്‍, ഒരു കണ്ണാടിയില്‍ എന്നപോലെ അവനവന്റെ തന്നെ പ്രതിബിംബം കാണാൻ കഴിയണം, എന്നത് ആ ചെറിയ ജലാശയത്തിൽ അവളുടെ മുഖം പ്രതിഫലിച്ച് കാണിച്ചു കൊണ്ട് പറയാൻ കഴിഞ്ഞു സംവിധായകന്..
ചിന്തിക്കുക…..
നമുക്ക് മുന്നില്‍ അതുപോലെ തെളിയുന്ന പ്രതിബിംബങ്ങളില്‍ നമുക്ക് പിന്നിലായി, അഥവാ തൊട്ടരികിലായി, കൃസ്തുവിനെ ദര്‍ശിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ ?
ഉണ്ട് എന്നാണ് ഉത്തരം എങ്കില്‍ ധ്യാനം പൂര്‍ണ്ണമാവുകയാണ്….അര്‍ത്ഥവത്താവുകയാണ് ….അതൊരു വലിയ മാറ്റത്തിന് തുടക്കമാവുകയാണ് …!

തന്റെ കുറവ് വശങ്ങൾ വചനത്തിൽ കാണാൻ കഴിയുന്നവന്റെ ജീവിതത്തിൽ അധികാരിയായി ക്രിസ്തു, രാജാവായി എഴുന്നെള്ളുവെന്ന് , രാജാവിന്റെ അധികാര ചിഹ്നമായ വെള്ളക്കുതിര യെക്കൂടി കാണിച്ചു പറഞ്ഞ ആ ആശയം, മനസിനെ സ്പർശിക്കുന്നതാണ്.. മരിച്ചവന്‍ എന്ന് വിധിയെഴുതിയ സഹോദരന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദൈവവിളി, എന്ന ആത്മീയ അര്‍ത്ഥം , വ്യക്തിബന്ധങ്ങള്‍ക്ക് മേല്‍ ഉരുട്ടിവയ്ക്കപ്പെട്ട കല്ല്, നാം തന്നെ കല്ല് ഉരുട്ടിമാറ്റാന്‍ തയ്യാറാവണം, എന്നൊക്കെയുള്ള ആശയങ്ങളും പൊരുളുകളും കൃസ്തുവിന്റെ സന്ദേശമായി നമുക്ക് മുന്നിലേക്ക് വ്യക്തമായി ഒഴുകിയിറങ്ങുംവിധം പറഞ്ഞവസാനിപ്പിക്കുന്ന
ഈ കൊച്ചുചിത്രം,
ഇഗ്ലീഷ് ഭഷാ സുവിശേഷചിത്രങ്ങളായ, .Facing The Giants ,Fire Proof ,War room ഒക്കെ പോലെ നല്ല ഒരു സന്ദേശം നൽകി അവസാനിപ്പിച്ചു .
യേശുവിന്റെ വേഷം അതിഭാവുകത്വമില്ലാതെ ആ നടൻ ചെയ്തു. ( അദ്ധേഹം ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ആണെന്നും, അഭിനയരംഗത്ത് ആദ്യമാണെന്നതും എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.എന്ന് പറയാതെ വയ്യ. )
ആദ്യമായി അഭിനയിക്കുന്നു എ
ന്ന് തോന്നിയതേയില്ല.
ഡബ്ബിങ് അല്പം കൂടി ശ്രെദ്ധിച്ചു എങ്കിൽ അത് പകരം വെക്കാനില്ലാത്ത ഒരു അനുഭവം ആയേനെ എങ്കിലും, ഗംഭീരം..

സംവിധായകൻ ,മറ്റ് അണിയറപ്രവര്‍ത്തകര്‍ ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. തിരക്കഥയിലെ അര്‍ത്ഥവത്തായ ബിംബങ്ങള്‍, കൃസ്തുവിനെ അവതരിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ട താരം, സിനിമാട്ടോഗ്രഫി, ചിത്രത്തിനായി കണ്ടെത്തിയ ലൊക്കേഷന്‍ എന്നിവയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍…..

ആദ്യ ചിത്രം എന്ന നിലയിലുള്ള കുറവുകൾ പരിഹരിച്ചു കൊണ്ട് ഇനിയും ഒട്ടേറെ നല്ല ചിത്രങ്ങള്‍ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസകളോടെ, പ്രാര്‍ത്ഥനയോടെ….

Sam susamma varghese Punnilathil {ഒരു സാധാരണ പ്രേക്ഷകൻ)

-ADVERTISEMENT-

You might also like