നാം ക്രിസ്തുവിനെ സമൂഹത്തിനു വെളിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

വാര്‍ത്ത‍: പാസ്റ്റര്‍ ഏലിയാസ് ജോണ്‍

സിഡ്നി :  എട്ടാമത് ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് സിഡ്നിയില്‍ നടന്നു. “മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” (കൊലോ. 1: 27) എന്ന തീം അടിസ്ഥാനമാക്കി നടന്ന കോണ്‍ഫറന്‍സ് നാഷണല്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് ഉത്ഘാടനം ചെയ്തു.

‘ക്രിസ്തു നമ്മില്‍’ എന്നറിഞ്ഞു കൊണ്ട് ദൈവ രാജ്യത്തിന്‍റെ വ്യാപ്തിക്കായി- ക്രിസ്തുവിന്‍റെ സ്ഥാനപതികളായി, നമ്മിലൂടെ ക്രിസ്തുവിന്‍റെ സ്വഭാവത്തെ സഭകളിലും, ദേശത്തും, സമൂഹത്തിലും വെളിപ്പെടുത്തുവാനും, ജീവിതങ്ങളെ ക്രിസ്തുവില്‍ തികഞ്ഞവരാക്കിത്തീര്‍ക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് ഉത്ഘാടനപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. നാഷണല്‍ ട്രഷറര്‍ ബ്രദര്‍ ബോണി ജോര്‍ജ് സ്വാഗതമാശംസിച്ചു.

കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ വിയാപുരം ജോര്‍ജ്കുട്ടി ( യു എസ്എ), പാസ്റ്റര്‍ ജേക്കബ്‌ ജോര്‍ജ് (ഐ പി സി, യു കെ – അയര്‍ലണ്ട് റീജിയന്‍ പ്രസിഡണ്ട്‌) എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഗാന ശുശ്രൂഷകള്‍ ബ്രദര്‍ രൂഫോസ് കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ എ ഐ പി സി ക്വയര്‍ നിര്‍വഹിച്ചു.

പാസ്റ്റര്‍മാരായ വര്‍ഗീസ് ഉണ്ണൂണ്ണി, പ്രകാശ്‌ ജേക്കബ്‌, ഏലിയാസ് ജോണ്‍, എബ്രഹാം ജോര്‍ജ്, സജിമോന്‍ സ്കറിയ, സുനില്‍ പണിക്കര്‍, മാത്യു തുമരയില്‍ എന്നിവരും, ബ്രദര്‍ ബിന്നി മാത്യുവും വിവിധ സെഷനുകള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു.

ശനിയാഴ്ച പകല്‍ മിഷന്‍ ചലഞ്ച് മീറ്റിംഗ്, യൂത്ത് സെഷന്‍, ലേഡീസ് സെഷന്‍ എന്നിങ്ങനെ വിവിധ സെഷനുകള്‍ നടത്തപ്പെട്ടു. യൂത്ത്സിന്‍റെ താലന്തു പരിശോധനയും ഉണ്ടായിരുന്നു. നാഷണല്‍ ജോയിന്റ് സെക്രട്ടറി ബ്രദര്‍ ബിന്നി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

ഓസ്ട്രേലിയയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള സഭകളുടെ പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ദൈവ സാന്നിദ്ധ്യം കൊണ്ടും, സഭകളുടെയും, വിശ്വാസികളുടെയും പങ്കാളിത്തവും, പിന്തുണയും കൊണ്ടും വളരെ അനുഗ്രഹമായിരുന്നു.

ഞായറാഴ്ച സഭായോഗത്തിന് കര്‍തൃമേശ ഉണ്ടായിരുന്നു. സഭായോഗത്തിന് ശേഷം പൊതുയോഗത്തോടെ .ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് സമാപിച്ചു. ദൈവഹിതമായാല്‍ അടുത്ത കോണ്‍ഫറന്‍സ് 2019 ഏപ്രില്‍ മാസം 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രിസ്ബെയ്നില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like