ലേഖനം:ഗദരയിലെ ദണ്ഡിതർ | ഡോ.ബോബി.എം.ഇടിച്ചാണ്ടി

മർക്കോസിന്റെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ തീവ്ര ഉൻമാദത്തിന്റെ ആൾ രൂപമായി ഒരുവൻ ക്രിസ്തുവിന്റെയും ശിഷ്യൻമാരുടെയും മുന്നിൽ വരുന്നത് നാം വായിക്കുന്നു.ഗദരദേശത്തെ രാപ്പകൽ തന്റെ നിലവിളിയാൽ മുഖരിതമാക്കിയ ഭ്രാന്തൻ, പൊട്ടിച്ചെടുത്ത ചങ്ങലതുണ്ടും,പ്രാകൃതരൂപവുമായി കല്ലറകളിൽ നിന്നും ഒാടിവന്ന് കർത്താവിനെ എതിരേറ്റു.
ഉൻമാദമെന്നാൽ മെഡിക്കൽ സയൻസിൽ വിവക്ഷിക്കുന്നത് ‘സൈക്കോസിസ് ‘ എന്ന അവസ്ഥയായിട്ടാണ് .ഒരു വ്യക്തിക്ക് സ്വന്ത ശരീരത്തെയോ,മനസ്സിനെയോ,കുടുംബത്തിനെയോ,സമൂഹത്തെയോ തിരിച്ചറിയാൻ കഴിയാതെ വരികയും,ഇവയൊന്നിനോടും ഗുണകരമായി ഇടപെടാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയെ സൈക്കോസിസ് എന്നു വിളിക്കാവുന്നതാണ് .
ഗദരദേശത്തെ ഈ ഭ്രാന്തന്റെ ലക്ഷണങ്ങൾ, ഉൻമാദത്തിന്റെ തന്നെ ഒരു വകഭേദമായ “ബൈപോളാർ ഡിസോഡർ” എന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ് .ഈ വിഭാഗത്തിൽപ്പെട്ട ഒരു രോഗി ചിലപ്പോൾ കടുത്ത മാനസികവിഷമത്തിൽ പെട്ട് നിലവിളിക്കുകയും,ചിലപ്പോൾ അക്രമാസക്തനാകുകയും,ചിലപ്പോൾ ശാന്തനാകുകയും, ഉറക്കമില്ലാതാകുകയും,ആത്മഹത്യാപ്രവണത കാണിക്കുകയും,സ്വയം ദണ്ഡിപ്പിക്കുകയും ചെയ്യും. ഗദര ദേശത്തെ ഈ ഉൻമാദരോഗി ഇവയൊക്കെയും പ്രകടിപ്പിക്കുന്നതായി നമുക്ക് കാണാവുന്നതാണ് .(മർക്കോസ് 5:2-6)
(1).അവന്റെ പാർപ്പ് കല്ലറകളിലായിരുന്നു.
(2).ബന്ധിക്കാൻ കഴിയാത്തവൻ.
(3).ഇടവിടാതെ നിലവിളിക്കുന്നവൻ.
(4).തന്നെത്താൻ ദണ്ഡിപ്പിക്കുന്നവൻ.

തുടർന്ന് നമ്മൾ കാണുന്നത് ഈ വ്യക്തിയെ ബാധിച്ചിരിക്കുന്നത് ഒരു ദുരാത്മാവല്ലെന്നും, ലെഗ്യോൻ (Legion means a dvision of 3000 to 6000)എന്ന പല വ്യക്തിത്ത്വമുഖങ്ങളുള്ള ദുരാത്മാക്കളുടെ കൂട്ടമാണ് ഈ ജീവിതത്തെ തകർത്തുകളഞ്ഞതെന്നും നാം മനസ്സിലാക്കുന്നു.വല്ലപ്പോഴും തന്നിൽ വെളിപ്പെട്ടുവരുന്ന സ്വന്ത ആത്മാവിന്റെ വിടുതലിനുള്ള വാഞ്ചയായിരിക്കണം കർത്താവ് ഗദരദേശത്ത് എത്തിയ ഉടനെ കർത്താവിനെ എതിരേൽക്കാൻ അവനെ പ്രേരിപ്പിച്ചത് .തന്റെ അടുക്കലേക്ക് ശരണത്തിനായി ഒാടി വന്ന ഭ്രാന്തനിൽ നിന്നും ദുരാത്മാവിനെ യേശു ശാസിച്ചു.പെട്ടെന്ന് അവനിൽ അവന്റെ ആത്മാവിനെ ഞെരിച്ചുകൊണ്ട് വെളിപ്പെട്ട് വരുന്ന ദുരാത്മാവിന്റെ ചോദ്യം മർക്കൊസ് 5:7ൽ നാം വായിക്കുന്നു.”യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എനിക്കും നിനക്കും തമ്മിൽ എന്ത് ?ദൈവത്താണെ എന്നെ ദണ്ഡിപ്പിക്കരുതേ എന്നു പറഞ്ഞു.”രാപ്പകൽ ഒരുവനെ ദണ്ഡിപ്പിച്ചുകൊണ്ടിരുന്ന ദുരാത്മാവിന് ഒരുകാര്യം അറിയാം, ആത്മാവിന്റെ ഉടയവൻ ദണ്ഡിപ്പിച്ചവനെ ദണ്ഡിപ്പിക്കുക തന്നെ ചെയ്യും.!!
ഇന്നും ഒാരോ ജീവിതങ്ങളെ നാം ശ്രദ്ധിച്ചാൽ,ഈ ദുരാത്മാക്കളുടെ കൂട്ടം അനേകരെ പല വിധത്തിൽ ദണ്ഡിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയും.അതിനായി മേൽസൂചിപ്പിച്ച രോഗലക്ഷണങ്ങൾ ഒാരോന്നായി പരിശോധിച്ച് നോക്കാം,
(1).അവന്റെ പാർപ്പ് കല്ലറകളിൽ ആയിരുന്നു.

അനേക ജീവിതങ്ങളെ ഏകാന്തതയിലും,ഒറ്റപ്പെട്ട അവസ്ഥയിലും,പ്രത്യാശയറ്റ,ജീവനറ്റ,മൃതാവസ്ഥയിലാക്കി തീർക്കുന്ന ദുരാത്മ വ്യാപാരമുണ്ട് . ഒരു വ്യക്തിയെ ആത്മീയകൂട്ടായ്മയിൽ താൽപര്യമില്ലാതാക്കുന്നത് ഈ ശക്തി തന്നെയാണ് . ഈ ദുരാത്മാവിൽ നിന്നും മോചിക്കപ്പെട്ടവർ ഒരിക്കലും മൃതമായ ഒരു കൂട്ടത്തിൽ (കല്ലറകളിൽ അല്ലെങ്കിൽ മൃതാവസ്ഥയിലിരിക്കുന്ന സഭകളിൽ) ആയിരിക്കുവാൻ ആഗ്രഹിക്കുകയില്ല.അവർ പരിശുദ്ധാത്മാവാൽ ഉണർത്തപ്പെട്ട,ഉത്തേജിക്കപ്പെട്ട ജയഘോഷ കൂടാരങ്ങളിൽ ആയിരിക്കാൻ താൽപ്പര്യപ്പെടും”ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷങ്ങൾ നീതിമാൻമാരുടെ കൂടാരങ്ങളിലുണ്ട് “.(സങ്കീർത്തനം118:15)

(2).ബന്ധിക്കാൻ കഴിയാത്തവൻ
ദൈവവചനത്തിനും,ദൈവാലോചനക്കും കീഴ്പെടാത്തവരും, കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും സ്നേഹബന്ധത്തിൽ ബന്ധിക്കപ്പെടാൻ താൽപ്പര്യമില്ലാത്തവരും,ഭർത്താവിന് കീഴ്പെടാത്ത ഭാര്യ,സ്നേഹത്തിന് കീഴ്പെടാത്ത ഭർത്താവ് ,ആത്മീയനേതൃത്ത്വത്തിന് കീഴ്പെടാത്ത വ്യക്തികൾ,അപ്പനെയുംഅമ്മയെയും അനുസരിക്കാത്ത മക്കൾ ഈവിഭാഗത്തിൽപ്പെട്ടവരിലെല്ലാം ബന്ധിക്കാൻ അസാധ്യമായി വ്യാപരിക്കുന്ന ശക്തിയുടെ ഉറവിടം,ഗദര ദേശത്ത് യേശുവിന്റെ മുൻപിൽ വെളിപ്പെട്ട ലെഗ്യോൻ തന്നെയാണ് .

(3).ഇടവിടാതെ നിലവിളിക്കുന്നവൻ.

ഒരു വ്യക്തിയെ ഡിപ്രഷിനിലേക്ക് നയിക്കുകയും,ഒരുവന്റെ ആശകളെ തകർത്തുകളയുകയും ചെയ്യുന്ന ദുരാത്മാവാണിത് .രക്ഷിക്കപ്പെട്ടവരിൽപ്പോലും അനേകം മോഹങ്ങളെ ജനിപ്പിച്ച് അവരിൽ മോഹഭംഗങ്ങളെ ഉരുവാക്കി കർത്തിവിലുള്ള സന്തോഷത്തെ ഈ ശക്തി കെടുത്തിക്കളയും.ദ്രവ്യാഗ്രഹത്തിന്റെകൗശല വാക്ക് പറഞ്ഞ് ദൈവജനത്തെ വാണിഭമാക്കുന്നതും(2പത്രോസ് 2:3)ഈ ശക്തി തന്നെ.ജഡമോഹം കണ്മോഹം ജീവനത്തിന്റെ പ്രതാപം ഇവകളെ ജയിച്ചിരിക്കുന്നനെ ഈ ശക്തിക്ക് കീഴടക്കാവതല്ല.അപ്പോസ്തലരെല്ലാവരും തന്നെ ഇതിന് നേർ ഉദാഹരണങ്ങളത്രേ.റോമിലെ കാരാഗ്രഹത്തിൽ കിടന്ന് പൗലോസ് ശ്ലീഹ വിളിച്ചു പറയുന്നു”കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ,. സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.”(ഫിലിപ്പിയർ 4:4)ക്രിസ്തുവിലുള്ള പ്രത്യാശയും,സന്തോഷവും നഷ്ടപ്പെട്ടവന്റെ ഉള്ളിലെ മനുഷ്യൻ ഇടവിടാതെ നിലവിളിക്കുന്നത് തിരിച്ചറിഞ്ഞ്, മടങ്ങി വരുന്നവന് നഷ്ടപ്പെട്ട സന്തോഷത്തെ കർത്താവ് മടക്കികൊടുക്കക തന്നെ ചെയ്യും.

(4).തന്നെത്താൻ ദണ്ഡിപ്പിക്കുന്നവൻ.

“അവൻ രാവുംപകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നത്താൻ കല്ലുകൊണ്ടു ചതച്ചും പോന്നു”(മർക്കൊസ് 5:5)ഒരുവ്യക്തി തന്റെ ദേഹംദേഹി ആത്മാവിനെ ദണ്ഡിപ്പിക്കുന്നത് ഈ ദുരാത്മാവിന്റെ വ്യാപാരമാണ് .മദ്യം,മയക്കുമരുന്ന് ,പുകവലി തുടങ്ങിയ ദുശ്ശീലങ്ങളെല്ലാം ശരീരത്തെ നശിപ്പിക്കുന്നതാണ് ,ഈ വകകളുടെയെല്ലാം പുറത്ത് എഴുതി വച്ചിരിക്കുന്നത് “ആരോഗ്യത്തിന് ഹാനികരം” എന്നുതന്നെ.ഒരു ശരീരമായിത്തീർന്ന ഭാര്യഭർത്താക്കൻമാർ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അന്യോന്യം ദണ്ഡിപ്പിക്കുന്നതും, ഗദരദേശത്ത് വെളിപ്പെട്ട ഈ ദുരാത്മാവിന്റെ പ്രവർത്തി തന്നെ.
ഒരുവൻ ദൈവവചനമെന്ന മായമില്ലാത്ത പാൽ കൊടുക്കാതെ,പ്രാർത്ഥനയില്ലാതെ,കൂട്ടായ്മയില്ലാതെ തന്റെ അകത്തെ മനുഷ്യനെ ശോഷിപ്പിച്ച് ദണ്ഡിപ്പിക്കുന്നതും ഈ ദുരാത്മാവിലാണ് .അഭിഷേകത്തിന്റെ പുഷ്ടി നിമിത്തം നുകം തകർന്നുപോകുമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.പ്രാർത്ഥനയാലും,ഉപവാസത്താലും,തിരുവചനധ്യാനത്താലും,കൂട്ടായ്മയാലും ഒരുവന്റെ അകത്തെ മനുഷ്യൻ പുഷ്ടി പ്രാപിക്കുന്നു.ആകുലതയുടെ നുകം,ഭയത്തിന്റെ നുകം,രോഗത്തിന്റെ നുകം,അശുദ്ധിയുടെ നുകം,അസമാധാനത്തിന്റെ നുകം ഈ വകകളെല്ലാം തകർക്കപ്പെടുന്നത് അഭിഷേകത്തിന്റെ പുഷ്ടി നിമിത്തം ആണ് .ഒരുവനിൽ പുഷ്ടിയെ തടഞ്ഞ് ഈ ദണ്ഡനങ്ങളെല്ലാം അനുഭവിപ്പിക്കുന്നതും ഈ ദുരാത്മാവ് തന്നെയാണ് .

രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു എന്നവകാശപ്പെടാമെങ്കിലും ഈ ലോകത്തിന്റെ ഗതിഭേദങ്ങളുടെ നിഴലുകൾ പല ജീവിതങ്ങളിലും വെളിപ്പെടുന്നത് നാം സ്വയശോധന ചെയ്താൽ കാണാവുന്നതാണ് .”പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി”(1യോഹന്നാൻ 3:8)അക്കരെ ഗലീലിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന കർത്താവ് ഗദരദേശത്ത് രാവുംപകലും നിലവിളിച്ചുകൊണ്ടിരുന്ന ഒരുവന്റെ നിലവിളി കേട്ട് , സന്ധ്യയിൽ ശിഷ്യൻമാരോടു പറഞ്ഞു നാം അക്കരെക്കു പോക(മർക്കൊസ്4:35).ആയിരങ്ങളുടെ കോലാഹലങ്ങളും,ഒരായിരം തിരമാലകളുടെ ഇരമ്പലുകളും ഉണ്ടെങ്കിലും വിടുതൽ ആവശ്യമുള്ള ഒരുവന്റെ നിലവിളി യേശുവിന്റെ കാതുകളിൽ എത്തുക തന്നെ ചെയ്യും.മുക്കുമെന്ന് വാദിക്കുന്ന സകല തിരമാലകളെയും,തകർക്കുമെന്ന് വാദിക്കുന്ന സകല കാറ്റിനെയും ശാന്തമാക്കിക്കൊണ്ട് ഗദരദേശത്ത് വെളിപ്പെട്ട ക്രിസ്തുവിന്റെ അഭിഷേകം,സകല പൈശാചിക പ്രവർത്തികളെയും അഴിച്ച് തന്റെ ജനത്തെ തിളങ്ങുന്ന മുത്തുകളും, തീ ജ്വാലകളും ആക്കി മാറ്റുകയും ചെയ്യും!!!!.ആമേൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.