ലേഖനം:യേശു ഉയിർത്തെഴുന്നേറ്റു; അവൻ കല്ലറയ്‌ക്കൽ ഇല്ല!! | റോജി ഇലന്തൂർ

ഈസ്റ്റർ സ്പെഷ്യൽ:

നമുക്ക്‌ വേണ്ടി ആർ കല്ല് ഉരുട്ടി കളയും എന്ന് പരസ്പരം പറഞ്ഞുകൊണ്ടാണ് അവർ അവിടെ കടന്നു ചെന്നത്‌. സുഗന്ധവർഗ്ഗവും വാങ്ങി യേശുവിനെ പൂശേണ്ടതിന് അതികാലത്ത്‌ ഇരുട്ടുള്ളപ്പോൾ തന്നെ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും യോഹന്നയും പുറപ്പെടുകയായിരുന്നു. അവർക്ക്‌ എല്ലാവർക്കും ഒരേ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. യേശുവിന്റെ ശരീരത്തിൽ ആദരസൂചകമായി സുഗന്ധവർഗ്ഗം പൂശുക!
അവർ കല്ലറയ്‌ക്കൽ എത്തിയപ്പൊഴേക്കും സൂര്യൻ ഉദിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളു.

അവർ അതിരാവിലെ യാത്ര ആരംഭിക്കുമ്പോൾ മുതൽ അവരെ ആകുലപ്പെടുത്തിയ ചിന്ത ഇപ്പോൾ ഇവിടെ ഇതാ മാറിയിരിക്കുന്നു.. അതേ, ആ ഏറ്റവും വലിയ കല്ല് ഉരുട്ടിക്കളഞ്ഞിരിക്കുന്നു.

ഒരിക്കലും ഉയിർക്കരുത്‌ എന്ന് പറഞ്ഞ്‌ പീലാത്തോസും കൂട്ടരും വലിയ കാവൽക്കൂട്ടത്തെ കാവലാക്കി. അവരാൽ ആവോളം കാത്ത്‌ റോമൻ ഇമ്പീരിയൽ മുദ്രയും പതിച്ച്‌ കാവൽ ഏറ്റവും ശക്തമാക്കി കല്ലറ ഉറപ്പിച്ചു.

അവർ കടന്നുചെല്ലുമ്പോൾ പൊടുന്നനവെ വലിയ ഒരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നു, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവർ നോക്കുമ്പോൾ അവന്റെ രൂപം മിന്നലിന്ന് ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോട്‌: ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണ്മീൻ. അവൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് വേഗം ചെന്ന് ശിഷ്യന്മാരോടു പറയുവാൻ കൽപനയും ലഭിച്ചു.

എത്ര വലിയ കല്ല് കൊണ്ട്‌ കല്ലറ അടച്ചെന്നാലും, എത്ര വലിയ കാവൽക്കൂട്ടം കാവൽ ചെയ്തെന്നാലും, എത്ര വലിയ മാനുഷികമുദ്രകൾ കൊണ്ട്‌ അടച്ചുറപ്പിച്ച്‌ മുദ്രയിട്ടെന്നാലും പുറത്ത്‌‌ വരുവാൻ ഉള്ളവൻ പുറത്ത്‌ വരുക തന്നെ ചെയ്യും! അതേ, യേശു ഉയിർത്തെഴുന്നേറ്റ്‌ ഇന്നും ജീവിക്കുന്നു!!

വേദശകലം:

ദൂതൻ സ്ത്രീകളോട്‌: ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്ന് ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്ന് കാണ്മീൻ. (മത്തായി 28:5,6)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.