ലേഖനം: വിളിക്കപ്പെട്ടവരെ, വിളി എന്തിനു വേണ്ടി? | ഡോ. അജു തോമസ്

പാപപങ്കിലമായ ജീവിതത്തിൽ നിന്ന് യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുപ്പ് പ്രാപിച്ചവരാണ് വിശ്വാസികൾ. അങ്ങനെയുള്ള വിശ്വാസികളെ “വിളിക്കപ്പെട്ടവർ” എന്ന് സംബോധന ചെയ്യുന്നതിൽ തെറ്റില്ല. സ്വർഗ്ഗീയ വിളിക്കും സ്വർഗ്ഗീയ തിരഞ്ഞെടുപ്പിനും പാത്രീഭൂതരാകാൻ കഴിയുകയെന്നത് ജീവിതത്തിൽ പരമപ്രധാനമാണ്.എന്നാൽ എന്തിനാണ് നമ്മെ വിളിച്ചു വേർതിരിച്ചതു എന്നതിനെ കുറിച്ച് വിശ്വാസികളാകുന്ന നമുക്ക് ആഴമായ അറിവ് ഉണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു.

വിവിധ ഉദ്ദേശങ്ങൾ ദൈവീക വിളിയിൽ അടങ്ങിയിട്ടുണ്ടെങ്കിലും അവയെ പൊതുവിൽ രണ്ടായി തരം തിരിക്കാൻ കഴിയും. ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ ജീവിക്കുക എന്ന പ്രധാന ഉദ്ദേശം ഒന്നാമതെങ്കിൽ ഈ മാർഗ്ഗത്തെ പ്രഘോഷിക്കുക എന്ന പരമപ്രധാന ലക്‌ഷ്യം രണ്ടാമതായി ദൈവീക വിളിയിൽ അടങ്ങിയിരിക്കുന്നു. ഈ രണ്ടു ഉദ്ദേശങ്ങളും ഒരേ പോലെ വിശ്വാസികളിലൂടെ ഫലപ്രാപ്തിയിൽ എത്തണം എന്ന് ദൈവം വിഭാവന ചെയ്തിരിക്കുമ്പോൾ എന്താണ് നമ്മുടെ അവസ്ഥയെന്ന് സ്വയം ശോധന ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

സുവിശേഷീകരണം എന്ന മഹൽ പദ്ധതി നാം ഓരോരുത്തരിലൂടെയും ചെയ്തെടുക്കണം എന്നതാണ് ദൈവീക ഇഷ്ടം. ക്രിസ്തുവിന്റെ മാർഗ്ഗത്തെ പ്രഘോഷിക്കുന്നതിലൂടെ ആ പദ്ധതിയിൽ ഭഗവാക്കാകാൻ നമുക്ക് സാധിക്കും. എന്നാൽ ഇന്ന് പലപ്പോഴും സുവിശേഷീകരണം ഇടയന്മാരുടെ മാത്രം ദൗത്യമായി വിശ്വാസി സമൂഹം കണക്കാക്കി തുടങ്ങിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വചനം മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാടിൽ നിന്നും തീർത്തും വ്യത്യസ്തത പുലർത്തുന്ന ആശയമാണ് അത്. പ്രത്യേക ഉദ്ദേശത്തോടു കൂടി സഭയിൽ സുവിശേഷകരെ ദൈവം ആക്കിവെക്കുന്നുണ്ടെങ്കിലും സുവിശേഷീകരണ ദൗത്യം അവരിൽ മാത്രം നിക്ഷിപ്തമായത് അല്ല.

യരുശലേമിൽ നടന്ന ക്രിസ്തീയ പീഢനത്തോട് അനുബന്ധിച്ചു അവിടെ നിന്ന് പലായനം ചെയ്തു യഹൂദിയായിലേക്കും ശമര്യയിലേക്കും ചിതറി പോയവർ വചനം സുവിശേഷിച്ചുവെന്നു അപ്പോസ്തോല പ്രവർത്തി പുസ്തകത്തിൽ കാണുന്നുണ്ട്.”ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.” (അപ്പോസ്തോല പ്രവർത്തികൾ 8 :4 ). ഒന്നാംനൂറ്റാണ്ടിൽ മാത്രമല്ല വേർപെട്ട സഭകളുടെ ആരംഭ കാലങ്ങളിലും സുവിശേഷീകരണം എന്ന ദൗത്യം ഏറ്റെടുക്കുവാൻ ഓരോ വിശ്വാസിയും തയ്യാറായിരുന്നു. അതിനു വേണ്ടി ത്യാഗം സഹിക്കാൻ ഒരുക്കമുള്ളവരായിരുന്നു. എന്നാൽ കാലം ചക്രം അതിവേഗം തിരിഞ്ഞപ്പോൾ സുവിശേഷീകരണ ദൗത്യത്തിൽ നിന്ന് വിശ്വാസി സമൂഹം പിന്നോട്ട് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുവിശേഷീകരണത്തിൽ മന്ദത നേരിടുന്നുവെങ്കിൽ ഒരു മാറ്റത്തിന് നമ്മെ തന്നെ ഒരുക്കിയെടുക്കേണ്ട ദിവസങ്ങൾ സമാഗതമായിരിക്കുന്നു.

ക്രിസ്തുമാർഗ്ഗം പ്രഘോഷിക്കുന്നത് ദൈവീക വിളിയുടെ ഉദ്ദേശമാകുമ്പോൾ ആ നിലയിൽ ഒരുക്കപ്പെടണമെങ്കിൽ ക്രിസ്തുമാർഗ്ഗത്തിൽ ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. ക്രിസ്തു മാർഗ്ഗത്തിൽ ജീവിക്കുമ്പോൾ ദൈവീക വിളിയുടെ ഉദ്ദേശം നമ്മിൽ പൂർത്തീകരിക്കപ്പെടുന്നു. ക്രിസ്തുവിനെ ലോകത്തിനു പരിചപ്പെടുത്തന്നവർ വചനം അനുസരിച്ചു ജീവിക്കുവാൻ ബാധ്യസ്തർ ആണ്. നമ്മുടെ വാക്കിലും പ്രവർത്തിയിലും യേശുനാഥന്റെ ഭാവം ഉളവായില്ലെങ്കിൽ നാം പ്രസംഗിക്കുന്ന സുവിശേഷം നമ്മളാൽ തന്നെ അപ്രസക്തമാവുന്നു എന്ന് മാത്രമല്ല ക്രിസ്തുവിനും ക്രിസ്തുമാർഗ്ഗത്തിനും കൂടി അപമാനമാകുകയും ചെയ്യുന്നു.

പ്രിയ ദൈവമക്കളെ, നാം സ്വയം ശോധന ചെയ്യേണ്ടുന്ന ഒരു വിഷയം ആണ് വിശ്വാസി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ദൈവീക വിളിയും രണ്ടു ഉദ്ദേശങ്ങൾ നാം തിരിച്ചറിഞ്ഞവരാണോ? അഥവാ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രവർത്തിപഥത്തിൽ നാം കൊണ്ടുവന്നിട്ടുണ്ടോ? കേവലം ദൈവീക കൽപ്പന അനുസരിച്ചു ജീവിക്കുക മാത്രമല്ല, അനേകരെ ക്രിസ്തുവിനു വേണ്ടി നേടുവാനും നമ്മെ കുറിച്ച് ദൈവം ആഗ്രഹിക്കുന്നു. ക്രിസ്തുവിന്റെ പത്രങ്ങളായി പരാമവിളിയുടെ ലാക്കിലേക്കു ഓടുന്നവരാണോ നമ്മൾ? കഴിഞ്ഞ കാലങ്ങളിൽ ഒരു പക്ഷെ ദൈവീക വിളിയുടെ രണ്ടു ഉദ്ദേശങ്ങളും നമ്മിലൂടെ നിറവേറിയിട്ടുണ്ടാവാം.നമ്മുടെ പിതാന്ക്കന്മാരിലൂടെ നിറവേറിയിട്ടുണ്ടാവാം. എന്നാൽ ഇന്നത്തെ നമ്മുടെ അവസ്ഥ എന്താണ്? ഇത് വായിക്കുമ്പോൾ ഒരു നിമിഷം നമ്മെ തന്നെ നമുക്ക് ശോധന ചെയ്യാം. എന്തെങ്കിലും കുറവ് ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിൽ നാം വരുത്തിയിട്ടുണ്ടെങ്കിൽ നമുക്ക് ഒന്ന് മടങ്ങി വരാം. പലരെയും നീതിയിലേക്കു തിരിക്കുവാൻ ഉള്ള ദൗത്യം പൂർവാധികം ശക്തിയോടു കൂടി നമുക്ക് ചെയ്യാം. ശ്രേഷ്ഠ വിളിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞു ക്രിസ്തുമാർഗ്ഗത്തിൽ ജീവിക്കുന്നതോടൊപ്പം ക്രിസ്തുമാർഗ്ഗത്തെ പ്രഘോഷിക്കുന്നവരുമാകാൻ നാം ഓരോരുത്തരെയും ദൈവം സഹായിക്കുമാറാകട്ടെ.

– ഡോ. അജു തോമാസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.