ഞാൻ ആരാണെന്നും ഞാൻ എവിടേക്ക് പോകുന്നുവെന്നും എനിക്കറിയാം – ബില്ലി ഗ്രഹാം | ഷിജു ചാക്കോ

ലളിതമായ വാചകങ്ങളിലൂടെയുള്ള സുവിശേഷ പ്രഭാഷണങ്ങളിലൂടെ ജന മനസുകളെ കിഴടക്കിയ ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാം പറഞ്ഞ വാക്കുകളാണിത്. ഒരിക്കല്‍ തന്നെ ആദരിക്കുന്നതിനായി ഒരുക്കിയ ഒരു യോഗത്തില്‍ അദ്ദേഹം ലോക പ്രശസ്തനായ ഭൌതിക ശാസ്ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ പറ്റിയുള്ള രസകരമായ ഒരു കഥ പറഞ്ഞുകൊണ്ടാണ് തന്‍റെ പ്രസംഗം ആരംഭിച്ചത്.

ഒരിക്കല്‍ ഡോ. ഐന്‍സ്റ്റിന്‍ പ്രിന്‍സ്റ്റന്‍ എന്ന സ്ഥലത്തുനിന്നും ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥന്‍ ഐന്‍സ്റ്റിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അദ്ദേഹം തന്‍റെ പോക്കറ്റിലും ബാഗിലുമൊക്കെ ടിക്കറ്റ് പരതിയെങ്കിലും കണ്ടെത്താനായില്ല. ഇത് കണ്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു “സാര്‍, കുഴപ്പമില്ല താങ്കള്‍ ആരാണെന്നു ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, താങ്കള്‍ ടിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അത് കാണിക്കേണ്ട ആവശ്യമില്ല”.
ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം അവിടെ നിന്നും അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോകാന്‍ തുടങ്ങുന്ന ഉദ്യോഗസ്ഥന്‍ കണ്ടത് ഡോ. ഐന്‍സ്റ്റിന്‍ നിലത്തു മുട്ടുകുത്തി തന്‍റെ സീറ്റിനടിയില്‍ ടിക്കറ്റ് പരതുന്നതാണ്. ഇതു കണ്ട ഉദ്യോഗസ്ഥന്‍ വീണ്ടും തന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു “ സാര്‍ കുഴപ്പമില്ല താങ്കള്‍ അതിനെ കുറിച്ച് വിഷമിക്കേണ്ട, അങ്ങ് ആരാണെന്ന് എനിക്കറിയാം”. അതിനു മറുപടിയായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞത് ഇപ്രകാരമാണ് “ അല്ലയോ ചെറുപ്പക്കാരാ എനിക്കും അറിയാം ഞാന്‍ ആരാണെന്ന്‍ പക്ഷെ ഞാന്‍ എവിടെക്കാണ്‌ പോകുന്നത് എന്ന് എനിക്കറിയില്ല. അത് നോക്കാനാണ് ഞാന്‍ ടിക്കറ്റ് അന്വേഷിക്കുന്നത്”. സദസ്സ് മുഴുവന്‍ ചിരി പടര്‍ന്നപ്പോള്‍ ബില്ലി ഗ്രഹാം തുടര്‍ന്നു “നിങ്ങള്‍ എന്‍റെ പുതിയ കോട്ട് കണ്ടോ? ഇത് ഇന്നത്തെ ചടങ്ങിനുവേണ്ടിയും പിന്നെ മറ്റൊരു വിശേഷ ദിവസത്തേക്കും വേണ്ടി വാങ്ങിയതാണ്. ആ ദിവസം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ ശവസംസ്കാര ദിനമാണ്. എന്‍റെ മരണത്തെ കുറിച്ച് നിങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് നിങ്ങളുടെ മനസ്സിലേക്ക് ഓടിവരേണ്ടത് ഈ കോട്ടിനെകുറിച്ചല്ല മറിച്ച് “ഞാന്‍ ആരാണെന്നതുംഞാന്‍ എവിടേക്ക് പോകുന്നുവെന്നതും എനിക്കറിയാം” എന്ന എന്‍റെ വാചകമായിരിക്കണം.

അതെ ഡോ. ബില്ലി ഗ്രഹാം പറഞ്ഞ ആ വിശേഷദിവസം ഇന്നലെയായിരുന്നു. തന്‍റെ ലക്ഷ്യ സ്ഥാനത്തേക്ക് അദ്ദേഹം യാത്രയായി.നാം ആരാണെന്നുള്ള തിരിച്ചരിവ് നമുക്കുണ്ടോ? എവിടെക്കാണ്‌ നാം യാത്ര ചെയ്യുന്നത് എന്നറിയാമോ ? ഇതിന്‍റെ ഉത്തരങ്ങള്‍ കണ്ടെത്തിയാകട്ടെ നമ്മുടെയും യാത്ര കാരണം യാത്ര ഇനി അധിക ദൂരമില്ല…

–  ഷിജു ചാക്കോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.