ലേഖനം: ദർശനം എങ്ങോട്ട്? | ഡോ. അജു തോമസ്

കർത്താവിന്റെ രക്തത്താൽ വീണ്ടെടുപ്പ് പ്രാപിച്ച വ്യക്തികളാണെല്ലോ വിശ്വാസികൾ എന്ന പേരിൽ അറിയപ്പെടുന്നത് .ഒരു വ്യക്തി രക്ഷയുടെ അനുഭവത്തിലേക്ക് വരുമ്പോൾ തന്നെ ഒരു മാർഗത്തിലേക്ക് തന്റെ ചുവടുകൾ വെച്ചിരിക്കുന്നു എന്നാണ് അർത്ഥമാക്കേണ്ടത്. ആ മാർഗം ക്രിസ്തു ലോകത്തിനു കാണിച്ചുക്കൊടുത്ത മാർഗമാണ്. ആ മാർഗ്ഗത്തിനു മറ്റേതൊരു മാർഗ്ഗത്തിനും ഉള്ളത് പോലെ ഒരു ലക്ഷ്യ സ്ഥാനം ഉണ്ട്. ആ ലക്ഷ്യ സ്ഥാനത്തെ കുറിച്ചുള്ള അറിവിനെയും പ്രത്യാശയെയും ദർശനം എന്ന പേരിൽ വിളിക്കുന്നതിൽ തെറ്റില്ല.ക്രിസ്തു മാർഗ്ഗം മുൻപോട്ടു വെയ്ക്കുന്ന ദർശനം നിത്യതയുടെ ദർശനമാണ്.സ്വർഗീയ സീയോനിൽ എത്തിച്ചേരാൻ ഉള്ള പരാമവിളിയുടെ ശബ്ദമാണ് ഓരോ വിശ്വസിയുടെയും കാതുകളിലും മുഴങ്ങിക്കേക്കേണ്ടത്.

തങ്ങളുടെ ചുവടുകൾ ക്രിസ്തു മാർഗത്തിൽ വെച്ചുതുടങ്ങുന്ന നാൾ മുതൽ അതിൽക്കൂടി അനേകം നാളുകളും വർഷങ്ങളും വിശ്വാസികൾ സഞ്ചരിക്കണം. അങ്ങനെയുള്ള സഞ്ചാരത്തിന്റെ ലക്‌ഷ്യം തന്നെ പ്രാപിച്ച ദർശനത്തിലേക്കു എത്തിക്കുകയെന്നുള്ളതാണ്. എന്നാൽ ഈ സഞ്ചാര പഥത്തിൽ യാത്ര ചെയ്യുമ്പോൾ അറിയാതെ വിശ്വാസികളുടെ ദർശനം മാറിപ്പോകാനുള്ള സാധ്യതയുണ്ട് . ഒരു പാതയിൽ കൂടി നടക്കുമ്പോൾ പാതയോരത്തു കാണുന്ന പല ആകർഷണ വസ്തുക്കളിലേക്കും ശ്രദ്ധപോകുന്നത് പോലെ വിശ്വാസികളുടെ ക്രിസ്തു മാർഗ സഞ്ചാരത്തിലും മറ്റു പല ആകർഷണങ്ങളിലേക്കും ശ്രദ്ധ പോകുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്നു.ഈ ലോകത്തിൽ തന്നെയാണ് ക്രിസ്തുമാർഗ്ഗം നയിക്കേണ്ടത് എന്നതിനാൽ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ലോകത്തിലുള്ള പല ആകർഷണങ്ങൾക്കും വിശ്വാസികളെ സ്വാധീനിക്കാൻ കഴിയുമെന്നതാണ് അതിനുള്ള കാരണം.

ഇങ്ങനെയുള്ള ആകർഷണങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുപോകുന്നത് മുഖാന്തരം പലവിധത്തിൽ ഉള്ള പുതുദർശനങ്ങൾ ഇന്ന് വിശ്വസസമൂഹത്തിനിടയിൽ കാണുന്നുണ്ട്. സാമ്പത്തിക നന്മയുടെയും ശാരീരിക സൗഖ്യത്തിന്റെയും ദർശനങ്ങൾ നവീന ആശയങ്ങളായി അവതരിപ്പിക്കപ്പെട്ടതും അതിനെ ധാരാളം വ്യക്തികൾ പിൻപറ്റുന്നതും ഇതിനു ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇതുമുഖാന്തരം സുവിശേഷ പ്രഘോഷണങ്ങളുടെ അന്തസന്ത തന്നെ മാറ്റപ്പെട്ടു പോയ അതിഗുരുതരമായ സ്ഥിതിവിശേഷത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. രക്ഷയുടെ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ട സുവിശേഷ യോഗങ്ങളിൽ , യേശുവിന്റെ പാപമോചന ബലിയിൽ കൂടി ലഭ്യമാകുന്ന സൗജന്യ രക്ഷാകര പദ്ധതിയെ വിളംബരം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്നു കേൾക്കുന്നത് സാമ്പത്തിക വിടുതലിന്റെയും ശാരീരിക സൗഖ്യങ്ങളുടെയും ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങൾ മാത്രമാണ് എന്നുള്ളത് വിസ്മരിച്ചുകൂടാ. ദൈവം സാമ്പത്തികനന്മയും ശാരീരിക വിടുതലും നൽകുക തന്നെചെയ്യും. എങ്കിലും വിശ്വാസികളുടെ ചിന്ത അടിസ്ഥപ്പെട്ടു നിൽക്കേണ്ടത് നിത്യതയെ കുറിച്ചുള്ള ദർശനത്തിലായിരിക്കണം. വിശ്വാസികളിൽ ദൈനംദിന ജീവിതത്തിൽ വന്നു പോകുന്ന പാപത്തെ കുറിച്ചു ബോധമുളവാക്കുന്നതും കുറവ് ചൂണ്ടിക്കാണിയ്ക്കുന്നതുമായ പ്രസംഗങ്ങൾ നന്നേ കുറഞ്ഞു പോയിരിക്കുന്നു. സ്വന്തം കുറവുകൾ സ്വയം കണ്ടുപിടിച്ചു തിരുത്തേണ്ടുന്ന കാർത്തവ്യത്തിൽ നിന്നും ദൈവജനം പുറകോട്ടു പോയിരിക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ക്രിസ്തുഭക്തർ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറ്റപ്പെട്ടു.എവിടെയാണ് നമുക്ക് തെറ്റിപോയതു എന്ന് സ്വയപരിശോധന നടത്തേണ്ട സമയമായിക്കഴിഞ്ഞിരിക്കുന്നു. നിത്യതയുടെ സ്വർഗീയ ദർശനം പ്രാപിച്ച വിശുദ്ധർക്കൂട്ടം പ്രാപിച്ച യഥാർത്ഥ ദർശനത്തിൽ നിന്ന് വ്യതിചലിച്ചു പോയതുകൊണ്ടാണ് നവീനാശയങ്ങളുടെ വക്താക്കളായി തീർന്നിരിക്കുന്നത്. ഒരു മടങ്ങിവരവിന് സമയമായിരിക്കുന്നു. കാലം അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുമ്പോൾ പ്രാപിച്ച നിത്യതയുടെ സ്വർഗീയ ദർശനത്തിനു അനുസരിച്ചുള്ള ഒരു ക്രിസ്തീയയാത്ര നടത്താൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിയ്ക്കുമാറാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.