ലേഖനം: ഇരുപതാം നൂറ്റാണ്ടിലെ ആത്മീയ ലോകത്തിലെ നവീകരണ വീരന്മാരിൽ അഗ്രഗണ്യനായിരുന്ന പാസ്റ്റർ പോൾ

TPM പെന്തകൊസ്തു ചരിത്രം

ഇരുപതാം നൂറ്റാണ്ടിലെ ആത്മീയ ലോകത്തിലെ നവീകരണ വീരന്മാരിൽ അഗ്രഗണ്യൻ ആയ അപ്പോസ്തോലൻ ആയിരുന്നു പാസ്റ്റർ പോൾ. സിലോൺ പെന്തകോസ്റ്റ് മിഷ്യൻ സ്ഥപകൻ ആയ പാസ്റ്റർ പോളിന്റെ ജീവ ചരിത്രം, പെന്തകോസ്റ്റ് മിഷന്റെ ചരിത്രം കൂടി ആണ്. ചുരുങ്ങിയ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച പെന്തകോസ്റ്റ് മിഷൻ യാതൊരു ഉന്നത വിദ്യാഭ്യാസവും ഇല്ലാത്ത സാധാരണ മനുഷ്യനിലൂടെ ആണ് ദൈവം സ്ഥാപിച്ചത്. 70 വർഷങ്ങൾക്കു മുമ്പ് ഇഹലോക വാസം വെടിഞ്ഞുവെങ്കിലും താൻ ആരംഭിച്ച ശുശ്രൂഷ ഇന്നും മേൽക്കുമേൽ അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന്‌ അടുത്ത് ഏങ്ങണ്ടിയൂർ എന്ന സ്ഥലത്ത് ഒരു ഹൈന്ദവ കുടുംബത്തിൽ ആണ് രാമൻ കുട്ടി (പാസ്റ്റർ പോൾ) ജനിച്ചത്( 1881). തന്റെ മുത്തച്ഛൻ ഒരു ക്ഷേത്രത്തിൽ പൂജാരി ആയിരുന്നു. രാമൻ കുട്ടിയും ഒരു പൂജാരി ആയിത്തീരണം എന്നാണു ആഗ്രഹിച്ചത്. മാതാവും പിതാവും ഹൈന്ദവ വിശ്വാസ പ്രകാരം ഭക്തിയുള്ളവർ ആയിരുന്നു. ക്ഷേത്രം പൂജകർമങ്ങളിൽ മുത്തച്ഛനെ രാമൻകുട്ടി സഹായിക്കാറുണ്ടായിരുന്നു.

ആ കാലഘട്ടത്തിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആരോ വിളിക്കുന്ന പോലെ ഉള്ള ഒരു ശബ്ദം അവൻ കേട്ടു. ”ആരാ വിളിക്കുന്നത” എന്ന് അദ്ദേഹം  ചോദിച്ചു’. “യേശു ആകുന്നു ഞാൻ” എന്ന ദൈവ ശബ്ദം രാമന്‍കുട്ടിയുടെ കാതുകളിൽ പതിഞ്ഞു. പക്ഷെ ആ പേര് അദ്ദേഹത്തിനു  പരിചിതം അല്ലായിരുന്നു. അതു കൊണ്ട് ആ നാമം രാമൻ കുട്ടിക്ക് ഓർമ്മയിൽ അധികം തങ്ങി നിന്നില്ല.

രാമൻ കുട്ടിക്ക് കൗമാര പ്രായത്തിൽ ഉപജീവനത്തിനായി സിലോൺ (ശ്രീലങ്ക) ലേക്കു പോകേണ്ടതായി വന്നു. അവിടെ അസ്രപ എന്ന ഒരു ഡോക്ടറിന്റെ ഭവനത്തിൽ ജോലി ലഭിച്ചു. അസ്രപ ഡോക്ടറും കുടുംബവും ദൈവ ഭക്തിയിൽ ജീവിച്ചവർ ആയിരുന്നു. ചർച്ച് മിഷൻ സൊസൈറ്റി അംഗവും ആയിരുന്നു(CMS). അസ്രപായും കുടുംബവും രാമൻ കുട്ടിയോട് വളരെ സ്നേഹമായി പെരുമാറി. രാമൻ കുട്ടിയെ അവർ ആരാധന ഹാളിൽ കൊണ്ടു പോയി. ബൈബിൾ സമ്മാനം ആയി നൽകി. എങ്കിലും ആദ്യം എല്ലാത്തിനെയും രാമൻ കുട്ടി എതിർത്തിരുന്നു.

അങ്ങനെ ഇരിക്കെ രാമൻ കുട്ടിക്ക് 18 ആം വയസിൽ ഒരു ദര്ശനം ലഭിച്ചു. യേശു ക്രിസ്തു ദര്ശനത്തിലൂടെ കണ്ടു. ബാല്യത്തിൽ കേട്ട ദൈവ ശബ്ദം ഓർത്തു. രാമൻ കുട്ടിക് മാനസാന്തരം ഉണ്ടായി… ഇതറിഞ്ഞ അസ്രപായും കുടുംബവും സന്തോഷിച്ചു. രാമൻ കുട്ടി വീണ്ടും ദൈവ ശബ്ദം കേട്ടു.. ”നീ എന്നെ കുറിച്ച് ലജ്ജിച്ചാൽ, ഞാൻ രാജാവായി വരുമ്പോൾ നിന്നെക്കുറിച്ചും ലജ്ജിക്കും” എന്ന് ദൈവ ശബ്ദം കേട്ടു..

ഇതൊക്കെ രാമൻകുട്ടിയുടെ ജീവിതത്തിൽ വെലിയ രൂപാന്തരം ഉണ്ടാക്കി.

രാമൻ കുട്ടിക്ക് ഉണ്ടായ മാറ്റം, തന്റെ പിതാവ് അറിഞ്ഞു… തന്ത്ര പൂർവ്വം അവനെ വീട്ടിലേക്കു വരുത്തി.. 7 വർഷത്തിന് ശേഷം വീട്ടിൽ എത്തിയ രാമൻ കുട്ടിക്ക് ഭവനത്തിൽ നിന്നും കയ്പ്പേറിയ അനുഭവം ആയിരുന്നു. രാമൻ കുട്ടിയെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമം നടന്നു… എങ്കിലും അവൻ പിന്മാറിയില്ല… അടുത്തുള്ള ഒരു രക്ഷാ സൈന്യം ആരാധന ആലയത്തിൽ മീറ്റിങ്ങില്‍ സംബന്ധിക്കുവാൻ തുടങ്ങി.

പിതാവ് പ്രതികൂലം ആയിരുന്നതിനാൽ രാമൻ കുട്ടിക് വീട് വിട്ടു പോകേണ്ടിവന്നു. അങ്ങനെ വീണ്ടും സിലോണിൽ തിരിച്ചെത്തി. Dr അസ്രപ രാമൻ കുട്ടിയെ സഹായിച്ചു. കൊളംബോ യിൽ ഉള്ള സഭയുടെ ഭാരവാഹികളായ ഒരുപറ്റം ഇംഗ്ലീഷകാര്‍ അദ്ദേഹത്തെ  CMS വൈദീക പാഠശാലയിൽ അയച്ചു. പഠന ശേഷം വീണ്ടും  കൊളോമ്പോയിലെക്ക്… മലയാളം മിഷനിൽ സുവിശേഷകൻ ആയി നിയമിക്കപ്പെട്ടു. ദൈവം പാസ്റ്റർ പോളിനെ സഹായിച്ചു… അനേകം ആളുകൾ ആ സഭയിൽ പുതിയതായി രക്ഷിക്കപ്പെട്ടു വന്നു ചേർന്നു.

തുടര്‍ന്ന് പാസ്റ്റർ പോൾ വിവാഹിതൻ ആയി. തൃശൂർ ഉള്ള ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ പെട്ട മേരി എന്ന പെണ്കുട്ടിയെ പാസ്റ്റർ പോൾ വിവാഹം ചെയ്തു. സഹധര്‍മ്മിണി പ്രാർത്ഥനയിലും ദൈവീക കാര്യങ്ങളിലും തക്ക തുണ ആയിരുന്നു.
പാസ്റ്റർ പോളിന് 5 മക്കൾ ജനിച്ചു. ഹെലൻ, ഫ്രഡി, ഡോറ, സാം, ഹാരി. കൊളോമ്പോയിൽ ഒരു CMS സഭ ശുശ്രൂഷകൻ ആയി ജീവിതം മുന്നോട്ടു നീങ്ങി.

ആയിടക്ക് ബാപ്റ്റിസ്റ്റ് മിഷൻ ശുശ്രൂഷകനും, പാസ്റ്റർ പോളിന്റെ ഒപ്പം കോട്ടയത്ത്‌ പഠിച്ചിരുന്നതുമായ  റവ. P A ജേക്കബ് നെ അദേഹം കണ്ടു മുട്ടി. P A ജേക്കബ് മദ്രാസിൽ പോയതും, ആസ്‌ത്രേലിയൻ മിഷനറിമാർ നടത്തിയ ഒരു യോഗത്തിൽ വെച്ച് പരിശുദ്ധ ആത്മ അഭിഷേകം പ്രാപിച്ചതും പാസ്റ്റർ പോളിനോട് പറഞ്ഞു. റവ. ജേക്കബ്ന്റെ ക്ഷണം സ്വീകരിച്ചു ആ മിഷനറിമാര് കൊളോമ്പോയിൽ എത്തി. ആ മിഷനറിമാർ അവർക്ക് ജലസ്നാനത്തിന്റെ ആവശ്യം എന്ത് എന്നതിനെ പറ്റി അവരോടു പറഞ്ഞു. അവർ യേശു വിന്റെ കൽപന പ്രകാരം സ്നാനം ഏറ്റു.

അതിനു ശേഷം മിഷനറിമാരുടെ അധ്യക്ഷതയിൽ 16 പേര് അടങ്ങുന്ന ഒരു സംഘം പരിശുദ്ധ ആത്മ അഭിഷേകത്തിനു വേണ്ടി പ്രാർത്ഥനയോടെയും ഉപവാസത്തോടെയും ഏകദേശം ഒരാഴ്ചയോളം കാത്തിരുന്നു.. യേശു അവരെ പരിശുദ്ധ ആത്മ അഭിഷേകത്താൽ നിറച്ചു. ദൈവം അവരെ ആത്മീയ ദര്ശനങ്ങളാൽ അനുഗ്രഹിച്ചു.
ഇത് സംഭവിച്ചത് 1921 ൽ ആണ്.

ജല സ്നാനം ഏറ്റു അഭിഷേകം പ്രാപിച്ച പാസ്റ്റർ പോളിൽ ദൈവം വലിയ മാറ്റങ്ങൾ ഉണ്ടായി.

CMS സഭയുടെ ശമ്പളം കൈപറ്റി ആയിരുന്നു പാസ്റ്റർ പോൾ ജീവിച്ചിരുന്നത്. അങ്ങനെ ഇരിക്കെ പാസ്റ്റർ പോൾ ഒരു ദൈവ ശബ്ദം കേട്ടു. ലൂക്കോസ് 14:26, 33 വചനങ്ങളിലൂടെ ദൈവം പാസ്റ്റർ നോട് ഇടപെട്ടു. പടകും വലയും ഉപേക്ഷിച്ചു യേശുവിനെ പിന്പറ്റിയ ശിഷ്യന്മാരെ കുറിച്ച് ദൈവം ഓർമപ്പെടുത്തി.

ഈ വിഷയം പാസ്റ്റർ തന്റെ ഭാര്യയോടും സംസാരിച്ചു. അവർ എതിർത്തില്ല. എങ്കിലും പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടായിരുന്ന പാസ്റ്ററിന് നിശ്ചിത വരുമാനം ഇല്ലാതെ കുടുംബം പുലർത്താൻ എങ്ങനെ സാധിക്കും എന്ന് ഓർത്ത് പ്രയാസപ്പെട്ടു… എങ്കിലും ദൈവം അദ്ദേഹത്തിനു ധൈര്യവും പ്രത്യാശയും നൽകി.

പരിശുദ്ധ ആത്മ അഭിഷേകം പ്രാപിച്ചതിനു ശേഷം ഏകദേശം 3 വര്ഷം മാത്രം ആണ് CMS സഭയിൽ നിന്നത്… അവിടുന്ന് പോരുമ്പോൾ അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും വിഷമം ആയി എങ്കിലും ദൈവ ശബ്ദതെ അനുസരിച്ച് മുന്നോട്ടു പോകുവാന് പാസ്റ്റർ തീരുമാനിച്ചു.

ആരംഭ നാളുകളിൽ നിരവധി പ്രതികൂലങ്ങളെ പാസ്റ്റര്‍ അതിജീവിച്ചു. നിരവധി ദിവസങ്ങള്‍ പട്ടിണികിടന്നു. കയ്യിൽ ഉള്ള സമ്പാദ്യങ്ങൾ എല്ലാം തീർന്നു… അഞ്ചു കുട്ടികളും ഭാര്യയും പട്ടിണി മൂലം അവശത ആയി… എങ്കിലും പാസ്റ്ററും കുടുംബവും വിശ്വാസത്തിൽ ഉറച്ചു നിന്നു. ദൈവം അവരുടെ വിശ്വാസത്തെ മാനിച്ചു.

കൊളോമ്പോയിലെ ‘ബോറേല്ല’ എന്ന സ്ഥലത്ത് പ്രതിമാസം 7 രൂപ വാടകക്ക് ഒരു വീടെടുത്തു സഭായോഗങ്ങളും പ്രാർഥന കൂട്ടങ്ങളും നടത്തുവാൻ പാസ്റ്റർ നെ ദൈവം സഹായിച്ചു..

ദൈവം പുതിയ വിശ്വാസികളെ കൊണ്ടു വന്നു.. അധികം താമസിയാതെ പ്രതിമാസം 40 രൂപ വാടക ഉള്ള വീട്ടിൽ സഭായോഗം നടത്തുവാൻ ദൈവം സഹായിച്ചു…
ദൈവം കൂടുതൽ പേരെ സുവിശേഷ വിലക്ക് വേണ്ടി വിളിച്ചു വേർതിരിച്ചു.. അങ്ങനെ അടുത്ത വര്ഷം പ്രതിമാസം 160 രൂപ വാടക ഉള്ള കെട്ടിടത്തിൽ സഭായോഗം ആരംഭിച്ചു…

സുവിശേഷ വേലക്കാർ പൂർണമായും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കേണ്ടവർ ആണ്… വിശ്വാസ ജീവിതം നയിക്കേണ്ടവർ ആണ്… അതുകൊണ്ട് ആരാധന ഹാളിനു വിശ്വാസ ഭവനം (Faith Home )എന്ന് പേരിട്ടു. വിവിധ പാരമ്പര്യങ്ങളിൽ നിന്നും പരിസ്ഥിതികളിൽ നിന്നും ജനിച്ചു വളർന്നു വന്ന സ്ത്രീ പുരുഷൻമാർ വർണ വർഗ ഭേദമന്യേ സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഇടം ആണ് ഇത്. മൂത്തവനെ അപ്പനെ പോലെയും ഇളയവരെ സഹോദങ്ങളെ പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെ പോലെയും ഇളയ സഹോദരിമാരെ പൂർണ നിര്മലതയോടെ സഹോദരിമാരെ പോലെയും കരുതുന്ന ഭവനം. (1.തിമോത്തി. 5:1,2)

അഹരോനെ പോലെ ദൈവം തിരഞ്ഞെടുത്തവർ ആണ് സുവിശേഷ വേലക്ക് വരേണ്ടത്… ദൈവ വിളിയും ദൈവീക ദർശനവും ഇല്ലാത്തവർ ഈ പാത തിരഞ്ഞെടുക്കരുത്. പരിശുദ്ധ ആത്മാവിന്റെ  അഭിഷേകം ഉള്ളവർ ആയിരിക്കണം. പ്രതിഷ്ഠ ജീവിതവും സമർപ്പണവും ഉള്ളവർ ആകണം. സ്വർഗ്ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ  ഷണ്ഡൻമാരാക്കിയ ഷണ്ഡൻമാർ ആണ് ഇവർ. കര്ത്താവിന്റെ വേലക്കാർ ആദിമ നൂറ്റാണ്ടിലെ ത്യാഗികൾ ആയ അപ്പോസ്തോലന്മാർ ചെയ്ത പോലെ തങ്ങൾക്കുള്ളത് എല്ലാം വിട്ടു പിരിഞ്ഞു ഒന്നും ഇല്ലാത്ത ദരിദ്രരെ പോലെ കർത്താവിന്റെ വേല ചെയ്യുന്നവർ ആയിരിക്കണം. അങ്ങനെ ഉള്ളവർ ജീവിക്കുന്ന ഭവനം ആണ് വിശ്വാസ ഭവനം.

1924 ൽ ആയിരുന്നു ഈ കൂട്ടായ്മ സിലോൺ ൽ സ്ഥാപിതമായത്.. സിലോൺ പെന്തക്കോസ്റ്റൽ മിഷൻ എന്ന നാമകരണം ചെയ്തു. അതു വരെ ഇംഗ്ലീഷ് സഭകളിൽ കസേരയിൽ ഇരുന്നു ആണ് ആരാധന നടത്തിയിരുന്നത്. പക്ഷെ ലളിത രീതിയിൽ ഉള്ള സമ്പ്രദായം പാസ്റ്റർ പോൾ സ്വീകരിച്ചു.. നിലത്തു ഇരുന്നു ഉള്ള ആരാധന ആദ്യം തുടങ്ങിയത്  പാസ്റ്റർ പോളും കൂട്ടരും ആയിരുന്നു. ഇംഗ്ലീഷ് സഭകളിലെ യൂറോപ്യൻ വസ്ത്ര ധാരണ ശൈലിയും വേണ്ട എന്ന് വെച്ചു.. ഏറ്റവും ലളിതമായ വസ്ത്ര ധാരണ ശീലം കൈകൊണ്ടു.

ആദം, വർഗീസ്‌, മാത്യു തുടങ്ങിയവർ ആണ് ആദ്യകാലങ്ങളിൽ പാസ്റ്റർ പോളിന്റെ കൂട്ടു വേലക്കാർ.

ആദിമ കാലഘട്ടത്തിൽ കൊടും പട്ടിണി ആയിരുന്നു.. ഒരു ‘ലിവിനി’ എന്ന് പേരുള്ള ഇംഗ്ലീഷ് മിഷനറി ഈ വേലയെ ഏറ്റെടുത്തു നടത്തിക്കൊള്ളാം, നല്ല ധനസഹായം നല്കാം എന്ന് വാഗ്ദാനം ചെയ്തു. ഒരാളിൽ നിന്നും തുടർച്ച ആയി സഹായധനം സ്വീകരിച്ചു കൊണ്ട് സുവിശേഷ വേല ചെയ്യുന്നത് വിശ്വാസ ജീവിതത്തിനു എതിരാണ് എന്ന് പാസ്റ്റന് ബോധ്യപ്പെട്ടാൽ ആ വാഗ്ദാനം പാസ്റ്റർ സ്നേഹ പൂര്വ്വം നിരസിച്ചു.

എന്തെങ്കിലും ആവശ്യത്തിന് ആരോടും ഒരു രൂപ പോലും നേരിട്ട് ആവശ്യപ്പെടരുത് എന്ന് പാസ്റ്റർനു നിര്ബന്ധം ഉണ്ടായിരുന്നു.

പ്രാർത്ഥനയിലൂടെ മാത്രം ആണ് പാസ്റ്റർ കാര്യങ്ങൾ നടത്തിയത്.. ലഭിച്ചു കഴിഞ്ഞു എന്ന വിശ്വാസത്തോടെ സ്തോത്രം ചെയ്യുമായിരുന്നു… അവരുടെ വിശ്വാസത്തെ മാനിച്ചു ആ വർഷം തന്നെ ഒരു മോട്ടോർ കാർ ദൈവം അവർക്ക് നൽകി. ചുരുങ്ങിയ കാലയളവിൽ തന്നെ അനേകം പേര് സഭയോട് ചേരുന്നതിനു ദൈവം ഇടയാക്കി… കൺവൻഷനുകൾ നടത്തുവാനും ദൈവം സഹായിച്ചു.

ആ സമയത്ത് ആണ് സിസ്റ്റർ അൽവിസും മക്കളും (പാസ്റ്റർ ആൽവിൻ, സിസ്റ്റർ ഫ്രാൻസിസ്, സിസ്റ്റർ ഫ്രീഡാ) വേലക്കു വന്നത്..

സുവിശേഷ വേലക്ക് വരുന്നവർ തങ്ങൾക് ഉള്ളത് ഉള്ളത് എല്ലാം വിറ്റു ആണ് വേലക്ക് വന്നിരുന്നത്.. അതിനു ശേഷം ധന സമ്പാദനത്തിനു വേണ്ടി ആരും ശ്രമിച്ചില്ല.. കിട്ടിയ ധനം എല്ലാം സുവിശേഷ വേലക്ക് മാത്രം ഉപയോഗിച്ചു.. വീണ്ടും അനേകം പേര് സുവിശേഷ വയലിലേക്കു വന്നു.. ടൈറ്റസ്, ജെയിംസ്, ജോർജ്, തോമസ്, കൊച്ചുകുഞ്, ഫിലിപ്പ്, അലക്‌സാണ്ടർ, ജേക്കബ്, സാംസൺ ഇവരൊക്കെ ആണ് ആദ്യകാല പാസ്റ്റര്‍മാരിലെ പ്രമുഖർ. അങ്ങനെ മിഷൻ പ്രവർത്തനം സിലോണിൽ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചു.

കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ആരംഭം

അങ്ങനെ ഇരിക്കെ 1928ൽ തിരുവനന്തപുരം, ആറാമട എന്ന സ്ഥലത്ത് നിന്ന് കൊച്ചു കുഞ്ഞു എന്ന ഉപദേശിയുടെ നേതൃത്വത്തിൽ ഒരു സംഘം ശ്രീലങ്കയിൽ എത്തി.. പാസ്റ്റർ പോൾ നടത്തിയ ചില യോഗങ്ങളിൽ പങ്കെടുത്തു. പാസ്റ്റർ പോളിനെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു മടങ്ങി പോന്നു. കൊച്ചു കുഞ്ഞു ഉപദേശിയുടെ ക്ഷണം സ്വീകരിച്ചു പാസ്റ്റർ പോൾ കേരളത്തിൽ എത്തി. അങ്ങനെ അദേഹത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ സുവിശേഷ മീറ്റിംഗ് തിരുവനന്തപുരം, ആറാമടയിൽ വെച്ചു നടന്നു. ദൈവം പാസ്റ്റർ പോളിലൂടെ അനേകം കൃപാവരങ്ങൾ ജ്വലിപ്പിച്ചു.. അനേകർ ദൈവത്തെ അറിഞ്ഞു.. വിശ്വാസത്തിൽ കടന്നു വന്നു.. പരിശുദ്ധ ആത്മാവിനെ പ്രാപിക്കുന്നതിന് കാത്തിരുപ്പ് കൂട്ടങ്ങൾ സംഘടിപ്പിച്ചു.. അനേകർക് ദൈവം പരിശുദ്ധആത്മ അഭിഷേകം നൽകി.. തുടർന്ന് തിരുവനന്തപുരം, അരുവിക്കര, അന്തിയൂർക്കോണം, ഇരുത്താവൂർ, പുന്നമൂട്,, വെങ്കടംബ്, കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങൾ എല്ലാം പ്രവർതങ്ങൾ ആരംഭിക്കുവാൻ ദൈവം സഹായിച്ചു.

1928 ൽ കൊല്ലത്തു ഒരു കൺവേഷൻ കൂടി നടന്നു. മീറ്റിംഗിൽ പങ്കെടുത്തവർക്ക് ഭക്ഷണം നൽകുവാനും ദൈവം സഹായിച്ചു.. അങ്ങനെ ഒരു കൺവെൻഷൻ കേരളത്തിൽ തന്നെ ആദ്യം ആയിട്ട് ആയിരുന്നു.

കേരളത്തിൽ മിഷൻ ചുമതല പാസ്റ്റർ കൊച്ചുകുഞ്ഞു, പാസ്റ്റർ അലക്‌സാണ്ടർ എന്നിവരെ ഏല്പിച്ചു പാസ്റ്റർ പോൾ സിലോണിലേക് മടങ്ങി.

ആ സമയത്തു ആണ് കുക്ക് സായിപ്പ് മുളക്കുഴ എന്ന സ്ഥലത്തു ബൈബിൾ ക്ലാസ് നടത്തികൊണ്ട് ഇരുന്നത്. പാസ്റ്റർ കൊച്ചു കുഞ്ഞു, പാസ്റ്റർ അലക്സാണ്ടർ എന്നിവർ കുക്കു സായിപ്പ്ന്റെ ബൈബിൾ ക്ലാസ് സംബന്ധിച്ചു. അവർ തമ്മിൽ സുഹൃത്തുക്കൾ ആയി. അങ്ങനെ പാസ്റ്റർ പോളും കുക്കു സായിപ്പിനെ പരിചയപെടുവാൻ ഇടയായി.. കുക്കു സായിപ്പ് കേരളത്തിൽ നടത്തിയ പല മീറ്റിംഗുകളിലും പാസ്റ്റർ പോൾ പ്രസംഗിച്ചു.

അപ്പോസ്തോലിക പ്രതിഷ്ഠ, വിശ്വാസ ജീവിതം ആയിരുന്നു പാസ്റ്റർ പോൾന്റെ പ്രസംഗ വിഷയം. വിശ്വാസ ജീവിതത്തിന്റർ മഹാത്മത്യയിൽ പ്രചോദനം ഉൾക്കൊണ്ട്‌ കുക്കു സായിപ്പ് നൽകിയ ശമ്പളം വേണ്ട എന്ന് പറഞ്ഞു പാസ്റ്റർ കെ.ഇ അബ്രഹാം, പാസ്റ്റർ ഉമ്മച്ചൻ എന്നിവരും വ്ശ്വസ ജീവിതം തുടങ്ങാൻ തീരുമാനിച്ചു. K. E എബ്രഹാം പാസ്റ്റർ കുക്കു സായ്പ് ന്റെ ബൈബിൾ ക്ലാസ്സിൽ പങ്കെടുത്ത ആൾ ആയിരുന്നു.
1930 ൽ പാസ്‌റ്റർ K E അബ്രഹാം ന്റെ നേതൃത്വത്തിൽ കുമ്പനാട് വെച്ചു ഒരു കൺവൻഷൻ നടന്നു. കുമ്പനാട് കൺവഷനിൽ പാസ്റ്റർ പോളും പങ്കെടുത്തു. പാസ്റ്റർ പോളിന്റെ അനുഭവ സാക്ഷ്യം അനേകരെ ആകർഷിച്ചു. അങ്ങനെ അനേകം ദൈവ ദാസന്മാർ വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം കൂടാതെ വിശ്വാസ ജീവിതം തുടങ്ങാൻ ആരംഭിച്ചു. തുടർന്ന് അബ്രഹാം പാസ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട റാന്നി, കിക്കൊഴുർ കണ്‍വന്ഷനുകളിലും പാസ്റ്റർ പോൾ പ്രസംഗിച്ചു.

വിദേശ മിഷനറിമാരോട് ഒപ്പം ചേര്‍ന്നായിരുന്നു  പാസ്റ്റർ K E അബ്രഹാം അന്നുവരെ പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ ഇരിക്കെ അബ്രഹാം പാസ്റ്ററിന്റെ നേതൃത്വത്തിൽ തെന്നിന്ത്യ പെന്തകോസ്ത് ദൈവ സഭ എന്ന പേരിൽ സ്വതന്ത്ര പ്രസ്ഥാനം രൂപം കൊണ്ടു.

1931 ജനുവരി 6-9 വരെ അബ്രഹാം പാസ്റ്ററുടെ ചുമതലയിൽ നടന്ന കുമ്പനാട് ജനറൽ കൺവെഷനിലും പാസ്റ്റർ പോൾ പ്രസംഗിച്ചു. ഐ.പി.സി സ്ഥാപകർ ആയിരുന്ന പാസ്റ്റർ K C ഉമ്മനും, പാസ്റ്റർ പോളുമായി സൗഹൃദം പുലർത്തിയിരുന്ന ദൈവ ദാസൻ ആണ്.

1928 ൽ ആണ് പാസ്റ്റർ പോൾ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങള്‍ തുടങ്ങിയത്. കൊല്ലം, മയ്യനാട്, ചാത്തന്നൂർ, തിരുവനന്തപുരം, വെങ്കടംബ്, തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.

1933 സിലോൺ പെന്തകോസ്റ്റ് മിഷൻ നെ സമ്പാദിച്ചു നിർണായക കാലഘട്ടം ആയിരുന്നു. ഭാരതത്തിലെ ആദ്യത്തെ CPM ഫെയ്‌ത് ഹോം തൂത്തുക്കുടിയിൽ തുറന്നു. ശേഷം മദ്രാസിലും പ്രവർത്തനങ്ങൾ തുടങ്ങി. തുടർന്ന് കൊല്ലം, കറ്റാനം, ഭരണിക്കാവ് എന്നിവിടങ്ങളിൽ വീട് വാടകക്ക് എടുത്തു പ്രവർത്തനം ആരംഭിച്ചു. 1935 ൽ ആണ് കൊട്ടാരക്കര ഫെയ്ത്ത് ഹോം ആരംഭിച്ചത്. തുടർന്ന് വാപ്പാല, പുനലൂർ എന്നിവിടങ്ങളിൽ ഫെയ്‌ത് ഹോം ലഭിച്ചു. 1938 ൽ ആണ് അടൂരിൽ വേല ആരംഭിച്ചത്. ആ വർഷം തന്നെ തിരുവല്ല, പൂയപ്പള്ളി, കൊട്ടറ എന്നിവിടങ്ങളിലും വേല തുടങ്ങി.

ഒരുപാട് ഉപദ്രവങ്ങളും പരിഹാസങ്ങളും സഹിച്ചു ആണ് ആദ്യകാല സുവിശേഷ പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്. എങ്കിലും പാസ്റ്റർ പോൾ നെയും സഹ പ്രവർത്തകരെയും ദൈവം വഴി നടത്തി. കർത്താവ് നൽകുന്ന ദിവ്യ സ്വഭാവങ്ങളിൽ ”താഴ്മ” എന്ന ദിവ്യ സ്വഭാവം ആണ് ഏറ്റവും മികച്ചത്.. ആ താഴ്മ എന്ന അനുഭവം എല്ലാവരും പ്രാപിക്കണം എന്ന് പാസ്റ്റർ തന്റെ അനുയായികളെ ഓർമിപ്പിച്ചു… ദൈവം അദ്ദേഹത്തിലൂടെ നിരവധി  വീര്യ പ്രവർത്തികൾ ചെയ്തു.. സകലവും ദൈവ നാമ മഹത്വത്തിന് ഇടയായി തീർന്നു.

പാസ്റ്റർ പോളിന്റെ സഹധർമിണി മേരി, മകൾ ഡോറ ഇവർ രണ്ടു പേരും പാസ്റ്റർ പോളിന്റെ കാലത്ത് തന്നെ നിത്യതയിൽ പ്രവേശിച്ചു. അവർ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടവൾ ആയിരുന്നു. പാസ്റ്റർ ന്റെ ഇളയ മകൾ ഡോറ തന്റെ 26-)൦ വയസ്സിൽ തന്റെ മഹത്വത്തിൽ പ്രവേശിച്ചു. ചെറു പ്രായത്തിൽ ആയിരുന്നു മരണം എങ്കിലും വളരെ പ്രത്യാശയോടെ ഉള്ള മരണം ആയിരുന്നു അവർക്ക്.

നിരന്തര യാത്രയും കഠിന അധ്വാനവും പാസ്റ്റർ പോളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. എങ്കിലും പാസ്റ്റർ നെ ദൈവം വിശ്വാസത്തിൽ നിലനിർത്തി. അവസാനമായി  പാസ്റ്റർ പോൾ സന്ദർശിച്ചത് മദ്രാസിലെ സഭയിൽ ആണ്. അവിടെ ഒരു യോഗത്തിൽ പങ്കെടുത്തത് ശരീരത്തില്‍ വളരെ പ്രയാസം സഹിച്ചായിരുന്നു. അന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശവും..  ഉജ്വലമായ ഒരു ദൂത് ആയിരുന്നു അന്ന് അദ്ദേഹം സഭയില്‍ പറഞ്ഞത്.അവസാനം ആയി ദൈവ മക്കളെ നോക്കി അദേഹം ഇങ്ങനെ പറഞ്ഞു.. ”ഞാൻ ജീവിക്കുന്നത് എന്റെ ബലം കൊണ്ടോ പ്രാർഥന കൊണ്ടോ അല്ല. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന മൂലം ആണ്. ദൈവം എല്ലാത്തിനും ഉന്നതൻ. സമ്പൂർണ്ണമായും ദൈവത്തിനു സമർപ്പിപ്പിൻ”.

മദ്രാസിലെ മീറ്റിംഗ് നു ശേഷം പാസ്റ്റർ പോളിന്റെ ബലഹീനത വർധിച്ചു. അദേഹം സിലോൺ ലേക്ക്‌ മടങ്ങി. അവിടെ അദ്ദേഹം രോഗ ശയ്യയിൽ ആയി.. പാസ്റ്ററുടെ വൈദ്യൻ യേശു മാത്രം ആയിരുന്നു… പ്രാർഥനയും സ്തോത്രവും മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മരുന്ന്… രോഗക്കിടക്കയിലും അദ്ദേഹം പരിശുദ്ധ ആത്മാവിനാൽ നിറഞ്ഞിരുന്നു. എങ്കിലും അദേഹത്തിന്റെ ശരീരം നാൾക്കു നാൾ ബലഹീനപ്പെട്ടു.
അന്ത്യ നിമിഷം എണ്ണപ്പെട്ടു. ദൈവ മക്കൾ വന്നും പോയും ഇരുന്നു.. ഈറൻ അണിഞ്ഞ കണ്ണുകൾ, ഗദ്ഗദം മുറ്റി നിന്ന കുശല അന്വേഷണങ്ങൾ, ശാന്ത സ്വരത്തിൽ ഉള്ള പ്രത്യാശ ഗീതങ്ങൾ എന്നിവ അന്തരീക്ഷത്തെ ഭക്തി സാന്ദ്രമാക്കി. എല്ലാ അധരങ്ങളിലും പ്രാർഥന മാത്രം ആയിരുന്നു.

പാസ്റ്റർ മരിക്കുന്നതിന് മുമ്പുള്ള അന്ത്യ മൊഴികൾ ഇപ്രകാരം ആയിരുന്നു.

”എന്റെ ശുശ്രൂക്ഷയുടെ ആരംഭ വർഷങ്ങൾ കർത്താവിനെ കൂടാതെ ഞാൻ പ്രവർത്തിച്ചു. പിന്നീടു ഞാനും കർത്താവും ആയി പ്രവർത്തിച്ചു. ഒടുവിൽ എന്നിലൂടെ കർത്താവ്‌ മാത്രം പ്രവർത്തിക്കുകയും ഞാൻ വിശ്രമിക്കുകയും ചെയ്യുന്നു. എന്റെ വേല പൂർത്തിയായി. എല്ലാവരും ഐക്യത ഉള്ളവർ ആയിരിപ്പിന്. എപ്പോഴും ദൈവേഷ്ടം മാത്രം ചെയ്‍വിൻ”.

1945 ജൂലൈ 4-)൦ തിയതി തന്റെ അറുപത്തി അഞ്ചാം വയസിൽ ആ ധന്യ ജീവിതത്തിനു തിരശീല വീണു. പാസ്റ്റർ പോൾ ഇഹലോക വാസം വെടിഞ്ഞു താൻ പ്രിയം വെച്ച കർത്താവിനോട് ചേർന്നു.

സ്നേഹവാൻ ആയ ദൈവം അനശ്വരമാക്കി തീർത്ത ആ ധന്യ ജീവിതം, അനുയായികളിൽ ഇന്നും ആവേശം പകർന്നു കൊണ്ടിരിക്കുന്നു. കൊളംബോയില്‍ കത്തിയ ആ ചെറിയ തീ ഇന്ന് ലോകത്തിന്‍റെ അഞ്ചു വൻകരകളിലും കത്തി പടര്‍ന്നുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.