ലേഖനം: ജോസഫിന്റെ പാണ്ടികശാലകൾ 3 | ജിജോ തോമസ്

ദൈവം നിങ്ങളെ ശുശ്രൂഷ ചെയ്‍വാൻ കണ്ടിരിക്കുന്നു…
ഉല്പത്തി 40:5-7… അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. നിങ്ങൾ ഇന്ന് വിഷാദ ഭാവത്തോടിരിക്കുന്നതു എന്ത് എന്ന് ചോദിച്ചു. ഏതു മനുഷ്യനും ആഗ്രഹിക്കുന്നത് അവന്റെ ആയുഷ്കാലം മുഴുവനും സന്തോഷത്തോടെ ജീവിക്കുക എന്നാണ്. എന്നാൽ സന്തോഷം മാത്രമല്ല സന്താപവും കൂടെ ഉണ്ടെന്നു പറയുന്ന മനുഷ്യൻ തന്റെ ജീവിതത്തിൽ ദുഃഖകരമായ വിഷയങ്ങൾ വരുമ്പോൾ വിഷാദത്തിൽ അകപ്പെടുന്നു. ഏതൊരു വ്യക്തിയോടായാലും സുഖമാണോ അല്ലെങ്കിൽ സന്തോഷമാണോ എന്ന് ചോദിച്ചാൽ “ഓ അങ്ങിനെ ഒക്കെ അങ്ങ് പോകുന്നു” എന്നായിരിക്കും ഉത്തരം.

ലോകത്തിൽ ഏതു രാജ്യത്തുള്ള മനുഷ്യൻ ആയാലും തന്റെ വികാരങ്ങൾ ഒരിക്കലും അടക്കി വെയ്കാൻ കഴിയില്ല. വ്യത്യസ്തമായ രീതിയിൽ നമ്മുക്ക് ചിരിക്കാൻ സാധിക്കും, അതുപോലെ നമ്മുടെ വികാരങ്ങൾ വ്യത്യസ്ത ഭാവങ്ങളിൽ നമുക്ക് പ്രകടമാക്കാൻ കഴിയും. വെളുത്തവർ, കറുത്തവർ, പൊക്കമുള്ളവർ, പൊക്കമില്ലാത്തവർ. ആരായാലും വിഷാദം വരുമ്പോൾ മുഖത്തിന്റെ ഭാവം ഒന്നു തന്നെ ആയിരിക്കും. അതു നഗ്ന സത്യം തന്നെ.

ജീവിതത്തിൽ തിരിച്ചറിവുകൾ വരും മുൻപേ ഭവനത്തിൽ നിന്നും സ്വാന്തനവും, അംഗീകാരവും നഷ്ടപെട്ട ജോസഫ്, മഠയ കോപത്തിന് അധീനൻ ആയ പോത്തിഫറിന്റെ സ്വഭാവം നിമിത്തം കാരാഗൃഹത്തിൽ എത്തപ്പെട്ടു. കാരാഗൃഹത്തിൽ എത്തപ്പെട്ട യോസേഫ് സന്തോഷവാനായി തന്നെ മറ്റുള്ളവരോട് പെരുമാറുന്നത് കാണാം. കാരാഗൃഹത്തിൽ കിടക്കുമ്പോളും യോസേഫ് തന്നോടൊപ്പം തടവിൽ കിടക്കുന്ന മറ്റുള്ള തടവുകാരെ കാണുവാനും അവരുടെ ക്ഷേമം അന്വേഷിക്കുന്നതിലും താല്പര്യവനായിരുന്നു. തന്റെ സഹ തടവുകാർ അവർ തെറ്റു ചെയ്ത കാരണത്താൽ തടവറയിൽ ആയെങ്കിൽ യോസേഫോ തടവറയിൽ ആയത് നിരപരാധി ആയിട്ടായിരുന്നു. ജീവിതത്തിൽ സ്നേഹം, കരുതൽ, മുതലായവ ലഭിക്കേണ്ട പ്രായത്തിൽ അതു ലഭിക്കാതെ ഇരിക്കുമ്പോളും തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ചോർത്തു ആകുലപ്പെടാതെ തന്റെ കണ്മുൻപിൽ കാണുന്ന വ്യസനിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുന്നു.

ജോസേഫിന്റെ ബാല്യ കൗമാര കാലഘട്ടത്തിൽ പറഞ്ഞു കൊടുക്കാനോ ആശ്വസിപ്പിക്കാനോ ആരും ഇല്ലായിരുന്നു. തനിക്കു അഭ്യസനം കൊടുത്തത് ആർ? ജീവിതത്തിൽ വന്നു ഭവിച്ചതോ, അനുഭവിക്കുന്നതോ ആയ ഒന്നിലും ഒരിക്കലും പരിഭവം ഉണ്ടാവരുത് നാം തിരിച്ചറിയണം അതെല്ലാം എന്തിനുവേണ്ടി എന്ന്.
യോസേഫിന്റെ ജീവിതത്തിൽ ഒരു സമയത്തും താൻ തനിക്കു ഒരു ശുശ്രൂഷ പ്രതീക്ഷിച്ചതായി കാണുന്നില്ല. പ്രിയ സ്നേഹിതാ ! നിങ്ങളുടെ ജീവിതത്തിൽ യോസേഫിനെപ്പോലെ അവസ്ഥ നേരിടുന്നെങ്കിൽ, ഒന്നു ചിന്തിക്കുക മനുഷ്യർ തള്ളിയ കല്ല്… മൂലകല്ലായി മാറിയിരിക്കുന്നു. നിങ്ങളെ ദൈവത്തിനു ആവശ്യമുണ്ട്. ആ നാഴികയ്ക്കായി കാത്തിരിക്കുക. ദൈവത്തിൽ പ്രതീക്ഷകൾ കൈവെടിയാതെ, പ്രത്യാശ ഉള്ളവരായി ഇരിക്കുക. ഒന്നു വ്യക്തമാണ് യോസേഫ് ആ സമയത്തു ജീവിച്ചത് പ്രതീക്ഷകളിൽ അല്ല. തന്റെ സാഹചര്യത്തിൽ താൻ മാനുഷികമായ പ്രതീക്ഷകളിൽ ജീവിക്കാതെ ഇരുന്നതിനാൽ തനിക്കു മറ്റുള്ളവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ ഒരുക്കപ്പെട്ടു. യോസേഫിനെ പോലെ നമുക്കും നമ്മൾ സഹായിച്ചവരിൽ നിന്നും തിരിച്ചും സഹായം ലഭിക്കും എന്ന പ്രതീക്ഷകളിൽ നോട്ടമിടാതെ ജീവിക്കുമെങ്കിൽ നിരാശനോ ദുഖിതനോ മനസ്സ് തകർന്നവനോ ആകാതെ, നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ശുശ്രൂഷകളാൽ സന്തോഷം പ്രാപിക്കാൻ കഴിയും.
വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് എത്രയോ ഉത്തമം!

കുറ്റം ചെയ്തവരായ അപ്പകാരുടെയും പാനപാത്ര വാഹകരുടെയും പ്രമാണിമാർ യോസേഫിനോട് കൂടെ നാളുകൾ ചിലവഴിച്ചു. എന്നാൽ അവർ മോചിക്കപ്പെട്ടിട്ടും മോചനം കിട്ടാതിരുന്ന യോസേഫ് പ്രധാനമന്ത്രി പദത്തിലേക്കാണ് ഉയർത്തപ്പെട്ടതു. തിരിച്ചറിയണം യോസേഫിനെ പോലെ ദോഷമായി നമ്മോട് താതൻ ഒന്നും ചെയ്കയില്ല എന്ന്.
യോസേഫ് രാവിലെ ഫറവോന്റെ ഉദ്യോഗസ്ഥരുടെ അടുക്കൽ വന്നു നിങ്ങൾ ഇന്ന് വിഷാദത്തോടെ ഇരിക്കുന്നത് എന്ത് എന്ന് ചോദിച്ചു. മറ്റുള്ളവരുടെ സന്തോഷം കാണാൻ ആഗ്രഹിച്ച യോസേഫിന്റെ കരുതുന്ന സ്വഭാവത്തെ കാണാൻ കഴിയും. ഇവിടെ ചില കാര്യം കാണാൻ കഴിയും
1. യോസേഫ് അവരുടെ അടുക്കൽ വന്നു അവരുടെ നിരാശ നിറഞ്ഞ മുഖം കണ്ടിട്ട് മാറി നിന്നില്ല.
2. യോസേഫ് അവരുടെ അവസ്ഥ കണ്ടു – അതു ശ്രദ്ധിച്ചു.
3. യോസേഫ് യഥാർത്ഥമായ അന്വേഷണം നടത്തുന്നു. കേവലം നാമമാത്രമായ അനേഷണം അല്ല
4. യോസേഫ് അങ്ങനെ ചോദിക്കുമ്പോൾ താൻ സന്തോഷമുള്ളവനായിരുന്നു.
പ്രിയരേ, യോസേഫിനെ സംബന്ധിച്ച് ദുഖിക്കേണ്ട അനേക കാര്യങ്ങൾ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒട്ടേറെ പീഡനങ്ങളും അപമാനവും അനുഭവിച്ചതായി കാണാം. നിരാശയുടെ പടു കുഴിയിലേക്ക് വീണുപോകാവുന്ന കാരണങ്ങൾ ഉണ്ടായിരുന്നിട്ടും ആ സാഹചര്യത്തിൽ ആശ്വാസം തേടാതെ, പ്രതീക്ഷകളെ മാറ്റിവെച്ചു മറ്റുള്ളവരെ ആശ്വസിപ്പിക്കുവാൻ ധൈര്യത്തോടെ എഴുന്നേറ്റു.
കഴിഞ്ഞ നാളുകളിൽ മറക്കാൻ പറ്റാത്തവിധം മാനസികമായോ ശാരീരികമായോ ഉപദ്രവങ്ങൾ സംഭവിച്ചത് ഓർത്തു ദുഃഖിതരാകാതെ എഴുന്നേൽക്കു ദൈവത്തിനു നിന്നെ ആവശ്യമുണ്ട്. യേശുവിനു വേണ്ടി ശ്രുശ്രൂഷ ചെയ്‍വാൻ ഇന്ന് നിന്റെ മനസ്സിനെ ഉറപ്പിക്കുമോ?
യേശു പറയുന്നു (യോഹന്നാൻ 12:26) എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിക്കും!
പ്രിയരേ, യോസേഫ് മിസ്രയീമിൽ അടിമയായിരുന്നപ്പോൾ പോത്തിഫറും കാരാഗൃഹത്തിൽ കിടക്കുന്ന കാലത്തു പ്രമാണിയും “അവിടെയുള്ളത് – യോസേഫിന്റെ കൈയിൽ ഏല്പിച്ചു.” എന്ന് പറയുന്നു. അതുപോലെ പിൽക്കാലത്തു രാജാവും. എപ്പോഴെല്ലാം യോസേഫിനെ കാര്യം ഭരമേല്പിച്ചോ അപ്പോഴൊക്കെ എല്ലാം സഫലമായിത്തീർന്നു.

ഒന്നു ദുഃഖം പങ്കു വെയ്ക്കാൻ, ഒന്നു ആശ്വാസം കാണാൻ കൊതിക്കുന്നവർ – അവരെ ദൈവം നിങ്ങളുടെ കൈയിൽ ഏല്പിച്ചിട്ടു നിങ്ങളാൽ ദൈവോദ്ദേശ്യം സഫലമാക്കപ്പെട്ടു കാണാൻ ആഗ്രഹിക്കുന്നു. അവരുടെ മനസിടിയുന്നതിനു മുൻപ് ഒരു നല്ല വാക്ക് പറയുവാൻ താല്പര്യപ്പെടില്ലേ ?എന്തിനു വൈകുന്നു ?
ക്ഷാമം വന്നാൽ ആ ദേശം ഒന്നിനും ഉപയോഗപ്രദം ആകില്ല, വിത നടക്കില്ല, വിത ഇല്ലാത്തതിനാൽ കൊയ്ത്തും ഇല്ല. വിതയും കൊയ്ത്തും ഇല്ലാത്ത രാജ്യത്തിനു കരുതൽചെയ്യാൻ കഴിയില്ല, ഫലത്തിൽ മരണം മാത്രം. സ്നേഹിതാ നിങ്ങൾ ആയിരിക്കുന്ന ആത്മീയ ലോകത്തു ഉണ്ടായ മൂല്യച്യുതികൾ കാരണം മാറി നില്കാതെ, നാളെക്കായി നാം പ്രയത്നിക്കേണ്ട കാലം അത്രേ ഇതു. വിതയ്ക്കുവാനും നൂറുമേനി വിളവ് കൊയ്യുവാനും ഉള്ള കാലം…
എപ്പോഴും സന്തോഷത്തോടെ, നമ്മെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ ആകയാൽ വീഴാതവണ്ണം കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത വരെയും നിങ്ങളെ കാക്കുമാറാകട്ടെ!
കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ!
ബുദ്ധിയുള്ളവരായിരിപ്പിൻ! ആരും നിങ്ങളെ തെറ്റിക്കാൻ ഇടം കൊടുക്കരുത്!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.