ലേഖനം:”വിട്ടോടുക, പിന്തുടരുക, നല്ല പോർ പൊരുതുക, പിടിച്ചുകൊൾക” | ഡോ .അജു ശാമുവേൽ തോമസ്

(സമൃദ്ധിയുടെ സുവിശേഷത്തിനു എതിരേയുള്ള ഒരു മുന്നറിയിപ്പ് )

കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു വിശുദ്ധിയിലും വേർപാടിലും ജീവിക്കുന്ന സമൂഹത്തെയാണെല്ലോ ദൈവമക്കൾ എന്ന് വിളിക്കുന്നത്. അങ്ങനെ ഉള്ള ദൈവമക്കൾ നിരന്തരമായി ദൈവ ഇഷ്ട പ്രകാരം ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. എന്തൊക്കെയാണ് ദൈവീക ഇഷ്ടങ്ങൾ എന്ന് വിശുദ്ധ വേദപുസ്തകം ലോകത്തിനും ദൈവമക്കൾക്കും വെളിപ്പെടുത്തി തന്നിട്ടുണ്ട്. കാലാകാലങ്ങളിൽ വിശുദ്ധന്മാർ അതിനനുസരിച്ചു ദൈവീക ഇഷ്ടങ്ങളോട് അനുസരക്കേട്‌ കാണിക്കാതെ ജീവിച്ചു നമുക്ക് മാതൃകയും കാണിച്ചു. അന്ത്യ കാലത്തു ആയിരിക്കുന്ന
ദൈവമക്കളാകുന്ന നമ്മെക്കുറിച്ചും ദൈവം ആഗ്രഹിക്കുന്നത് ദൈവീക ഇഷ്ടങ്ങൾ ചെയ്തു ജീവിക്കുക എന്നുള്ളതാണ്.

ദൈവീക ഇഷ്ടം ചെയ്തു ജീവിക്കുന്നവരെ ദൈവമക്കൾ എന്ന് വിളിക്കുമ്പോൾ തന്നെ ഈ നിലയിൽ തുല്യ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രയോഗം ആണ് വിശ്വാസത്തിൽ നിജപുത്രൻ എന്നത്. അപ്പോസ്തോലനായ പൗലോസ് തിമൊഥെയൊസിനു ലേഖനം എഴുതുമ്പോൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രയോഗം ആണ് വിശ്വാസത്തിൽ നിജപുത്രൻ എന്നത്.പുത്രൻ എന്ന് അഭിസംബോധന ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് നിജപുത്രൻ എന്ന് അഭിസംബോധന ചെയ്യുന്നത്. മൂലഭാഷയായ ഗ്രീക്കിൽ “γνησίῳ τέκνῳ” (gnēsiō teknō) എന്ന രണ്ടു പദങ്ങൾ ആണ് നിജപുത്രൻ എന്നതിന് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ “my true child” എന്ന പ്രയോഗം ആണ് ലഭിക്കുന്നത്. ഹൃദയത്തിന്റെ അന്തർഭാഗത്തു നിന്ന് അങ്ങേയറ്റം ആത്മാർത്ഥതയോടു കൂടി ഒരാളെ വിളിക്കുമ്പോൾ ആണ് ഈ പ്രയോഗം ഉപയോഗിക്കുന്നത് എന്ന് നിസംശയം മനസിലാക്കാം.

വിശ്വാസികൾ ആകുന്ന നാമും വിശ്വാസത്തിൽ നിജപുത്രന്മാർ ആകണം എന്ന് ദൈവം ആഗ്രഹിക്കുന്നു.കേവലം വിശ്വാസി എന്ന പേര് ഒരാളെ വിശ്വാസത്തിൽ നിജപുത്രന്മാർ ആക്കുകയില്ല. അപ്പോസ്തോലനായ പൗലോസ് തിമൊഥെയൊസിനു നൽകുന്ന ഉപദേശങ്ങൾ ഈ നിലയിൽ നമ്മെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഏറെ ഉപദേശങ്ങൾ അപ്പോസ്തോലൻ നൽകുന്നുണ്ടെങ്കിലും അവയെ രണ്ടു പ്രധാനപ്പെട്ട ആശയങ്ങൾ ആയി ക്രോഡീകരിക്കാൻ കഴിയും.

വിട്ടുമാറേണ്ടതും ജീവിതത്തിൽ പിടിച്ചുകൊള്ളേണ്ടതും എന്ന നിലയിലുള്ള ആ രണ്ടു ആശയങ്ങൾ രേഖപ്പെടുത്തിരിക്കുന്നത് 1 തിമോത്തി 6 :3 -12 വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.വളരെ പ്രധാനപ്പെട്ട ഒരു ആത്മിക മർമ്മം പരിശുദ്ധാത്മാവ് അപ്പോസ്തോലനിൽ കൂടി ഈ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”(1 Timothy 6 :10 ).ഓരോ വിശ്വാസിയും ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ടുന്ന ഒരു ആത്മിക വെളിപ്പാടാണ് ഇത്. ദ്രവ്യാഗ്രഹം ഒരു ദോഷം എന്ന നിലയിൽ മാത്രമല്ല വചനം വെളിപ്പെടുത്തിയിരിക്കുന്നത് മറിച്ചു സകല ദോഷങ്ങൾക്കും മുഖാന്തരമായിത്തീരുന്ന ഒന്നായിട്ടാണ് പറഞ്ഞിരിക്കുന്നത്. അത് മുഖാന്തരം ഒരിക്കലായി ദൈവം നമുക്ക് നൽകിയ ഈ അതിവിശുദ്ധ വിശ്വാസം പോലും വിട്ടു മാറുന്ന അവസ്ഥ വരെ സംജാതമാകും. യേശുക്രിസ്തുവിന്റെ പഥ്യ വചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ നൂതന ഉപദേശങ്ങൾക്കു അധീനരായി തീരുന്നവർ ദൈവഭക്തിയെ ആദായസൂത്രം ആക്കി ദ്രവ്യാഗ്രഹത്തിലേക്കു വീഴുന്നു എന്ന വളരെ അപകടകരമായ അവസ്ഥയെ കുറിച്ച് അപ്പോസ്തോലൻ 1 Timothy 6 :3 -10 വരെ ഉള്ള ഭാഗങ്ങളിൽ വിശദീകരിക്കുന്നുണ്ട്.ദ്രവ്യാഗ്രഹത്തിനു ഒരിക്കലും ഒരു സ്ഥാനം നമ്മുടെ ജീവിതത്തിൽ കൊടുക്കരുത് എന്ന് ഉപദേശിക്കുമ്പോൾ തന്നെ യേശുക്രിസ്തുവിന്റെ പഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അല്ലാതെയുള്ള നൂതന ഉപദേശങ്ങളെ തള്ളിക്കളയണം എന്ന കൽപ്പന കൂടി അപ്പോസ്തോലൻ നൽകുന്നത് സമൃദ്ധിയുടെ സുവിശേഷം പോലെ ഉള്ള നൂതന ഉപദേശങ്ങൾ പിടിമുറുക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമാണ്. സമൃദ്ധിയുടെ സുവിശേഷം സാവധാനം ഒരു വിശ്വാസിയെ ദ്രവ്യാഗ്രഹത്തിലേക്കു നയിക്കുന്നു. ദൈവഭക്തിയെ ആദായസൂത്രം ആക്കുകയാണ് അതിനെ പിൻപറ്റുന്നവർ ചെയ്യുന്നത്.ഇവയെ ഒരു വിശ്വാസി വിട്ടുമാറുക തന്നെ വേണം.

ഒരു വിശ്വാസി തന്റെ ജീവിതത്തിൽ ചില കാര്യങ്ങൾ ഒഴിവാക്കിയത് കൊണ്ട് മാത്രം ദൈവം ആഗ്രഹിക്കുന്ന നിലവാരത്തിൽ എത്തുകയില്ല. പിന്നെയോ , ചില കാര്യങ്ങൾ മുറുകെ പിടിക്കേണ്ടതായിട്ടും ഉണ്ട്. “പിന്തുടരുക , പൊരുതുക , പിടിച്ചുകൊൾക ” എന്ന മൂന്നു ആശയങ്ങൾ ഒരു ക്രിസ്തുഭക്തൻ എപ്പോഴും ഓർത്തിരിക്കണം. ഈ ആശയങ്ങൾ 1 തിമോത്തി 6 :11 -12 വരെയുള്ള ഭാഗങ്ങളിൽ അപ്പോസ്തോലൻ വിശദമാക്കുന്നുണ്ട്. നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവ പിന്തുടരുമ്പോൾ തന്നെ വിശ്വാസത്തിന്റെ നല്ല പോർ പൊരുതുകയും വേണം.അങ്ങനെ നിത്യജീവൻ പിടിച്ചുകൊള്ളുന്നവർ ആയി തീരേണം എന്ന കാതലായ സന്ദേശം ആണ് അപ്പോസ്തോലൻ തിമൊഥെയൊസിനു നൽകുന്നത്. ക്രിസ്തുവിനെ രണ്ടാം വരവ് വരെ ലോകത്തിൽ ജീവിക്കുന്ന ഏതൊരു ക്രിസ്തുഭക്തനും ഓർത്തിരിക്കേണ്ടതും ജീവിതത്തിൽ എപ്പോഴും പാലിക്കേണ്ടതുമായ ഉപദേശങ്ങൾ ആണ് പരിശുദ്ധാത്മാവ് അപ്പോസ്തോലനിലൂടെ നൽകിയിരിക്കുന്നത്.

വിശ്വാസത്തിൽ നിജപുത്രന്മാർ ആകണമെങ്കിൽ യേശുക്രിസ്തുവിന്റെ പഥ്യവചനത്തിനു പ്രാധാന്യം കൊടുക്കണം.ദൈവഭക്തിയെ ആദായസൂത്രം ആക്കുന്ന നൂതന ഉപദേശങ്ങൾക്കു പ്രാധാന്യം കൊടുക്കരുതെന്നുമാത്രമല്ല പിന്തുടരേണ്ടതിനെ പിന്തുടർന്ന് , നല്ല പോരാട്ടം കാഴ്ചവെച്ചു പിടിച്ചുകൊള്ളേണ്ടതിനെ പിടിച്ചുകൊള്ളുകയും വേണം.ഈ നിലയിൽ വചനം അനുശാസിക്കുന്ന രീതിയിൽ തന്നെയാണോ നമ്മുടെ ജീവിതം എന്ന് സ്വയം പരിശോധിക്കാം. വിശ്വാസി എന്ന് ലോകം നമ്മെ വിളിക്കുന്നു എങ്കിലും നാം അങ്ങനെ തന്നെ ആണോ എന്ന് പരിശോധിക്കാം.അപ്പോസ്തോലിക ഉപദേശങ്ങൾക്കു വിരുദ്ധമായിട്ടാണ് നമ്മുടെ ജീവിതം എങ്കിൽ അത് ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രിസ്തു ആഗ്രഹിക്കുന്ന പന്ഥാവിൽ നടക്കാൻ നമ്മെ ദൈവം സഹായിക്കുമാറാകട്ടെ.

(ഡൊ.അജു ശാമുവേൽ തോമസ് ,സലാലാഹ് ഒമാൻ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.