ലേഖനം:അവന്‍റെ പ്രാണനെ മാത്രം തൊടരുത് !! | ജോ തോമസ്, പത്തനാപുരം

അപ്പോസ്തലനായ പൌലോസിന്റെ ഒരു വചനത്തെ ഉദ്ധരണിയാക്കി നമ്മുക്കും പറയാം “എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല” (അപ്പൊ 20:24). മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ഭീതിയാണ് മരണം. അനശ്വരമായ ജീവനെ കംഷിക്കുന്നവരാണ് ലോകത്തിലെ സിംഹഭാഗം ജനതയും. ബൈബിൾ പറയുന്നു ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമെന്യേ നിനയ്ക്കാത്ത നാഴികയില്‍ മരണമെന്ന യാഥാര്‍ത്ഥ്യം നമ്മെ തേടിയെത്തും. ലോകനൈമിഷികതയുടെ വശ്യതകള്‍ ആ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ വിസമ്മതിക്കുമ്പോഴും ജീര്‍ണ്ണിച്ചലിയേണ്ട മണ്‍കൂടാരം പ്രാണന്‍ ത്യജിക്കുംന്നേരം നിസ്സഹായനായി നില്‍ക്കാനേ മര്‍ത്യന് കഴിയൂ. . ഭൂമിയില്‍ ഉടയവന്‍ നിയോഗിച്ചനുവദിച്ച സമയം തക്കത്തില്‍ ഉപയോഗിക്കേണ്ടതിനു പകരം നാളയെ ഭദ്രമാക്കുവാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ ആയുസ്സിനെ ദീര്‍ഘമാക്കി കിട്ടുവാന്‍ പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തുന്നത് അജ്ഞതകൊണ്ടോ ? അവനിയിലെ അധികവിശ്വാസങ്ങളും മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന് പഠിപ്പിക്കുന്നു. എന്നിട്ടും മരണത്തെപുല്‍കുവാന്‍ പരിഭ്രമം ബാക്കിവച്ചു മനുഷ്യന്‍ പരിഹാരം തേടുന്നു.

അടുത്തകാലത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. പെന്തക്കോസ്തു പ്രേഷിതരും അവരുടെ തലമുറയും അപകടമരണങ്ങളില്‍ ലോകത്തില്‍ നിന്ന് മാറ്റപ്പെടുവാന്‍ സാത്താന്‍ സേവക്കാര്‍ പ്രത്യേകപൂജകള്‍ നടത്തുന്നുവത്രേ!!! അതിനാലാണ് അടുത്തകാലത്ത് അനേക പാസ്റ്റേഴ്സും വിശ്വാസികളും അപകടങ്ങളില്‍പ്പെട്ട് മരിക്കാന്‍ കാരണമായതെന്ന് ഉദാഹരണമായി അവര്‍ എടുത്തുപറയുന്നു. സാധാരണജനങ്ങളില്‍ തികച്ചും ഭീതിപരത്തുവാന്‍ അല്ലാതെ ഈ വാര്‍ത്തകള്‍ കൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല. ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം മരണത്തെ ഭയപ്പെടേണ്ട കാര്യവുമില്ല. തന്‍റെ ഭക്തന്‍മാരുടെ മരണം യാഹോവയ്ക്ക് വിലയേറിയതാണ്… (സങ്കീ. 116:15). ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതുമില്ല. ശിരോരുഹം പൊഴിയുന്നതുപോലും ഗണിക്കുന്നവനാണ് നാം സേവിക്കുന്ന ദൈവം. അതിനാല്‍ പിശാചിനല്ല പ്രഥമസ്ഥാനം പ്രത്യുത സര്‍വ്വശക്തനായ ദൈവത്തിനു മാത്രം ആയിരിക്കണം. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു എന്നൊരു വാക്യം സുവിശേഷത്തില്‍ കാണുന്നു. നമുക്ക് തികഞ്ഞ സ്നേഹമുണ്ടാകേണ്ടത് നമ്മെ നിത്യമരണത്തില്‍ നിന്നും വീണ്ടെടുത്ത നമ്മുടെ കര്‍ത്താവിനോടു മാത്രമായിരിക്കണം. വര്‍ഷങ്ങള്‍ക്കു പിന്നില്‍ ഒരു സുവിശേഷപ്രസംഗകന്‍ “ദൈവമക്കള്‍ക്ക് അപകടമരണമുണ്ടാവില്ലായെന്നു ഒരു മഹായോഗത്തില്‍ പ്രസംഗിച്ചു മടങ്ങവേ വഴിമദ്ധ്യേ വാഹനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ദൈവത്തെ പരീക്ഷിക്കുന്ന ഒരു സാഹസത്തിനും നാം മുതിരരുത്. അത് വാക്കിലായാലും പ്രവര്‍ത്തിയില്‍ ആയാലുമെന്നു കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു. സാത്താന്‍ വചനം പോലും ഉദ്ധരണിയായി ഉപയോഗിച്ച് യേശുവിനെ പരീക്ഷിക്കാന്‍ അടുത്തപ്പോള്‍ നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നുവെന്ന മറുപടിയാണ് നല്‍കിയത്. സാത്താന്‍ സംഘം ഉപവസിക്കട്ടെ…. ലോകം നമുക്ക് എതിരായ് മാറട്ടെ… ഒന്നോര്‍ക്കുക നമ്മുടെ നിര്‍മ്മലതയും ഏകാഗ്രതയും നമുക്കായി ജീവന്‍ നല്‍കിയവനില്‍ മാത്രമാവട്ടെ!!

മരണത്തിന്റെയും പാതാളത്തിന്റേയും താക്കോല്‍ സാത്താനെ എല്പ്പിച്ചതായി നാം വചനത്തില്‍ വായിക്കുന്നില്ല. പ്രാണനെ തകര്‍ത്തുകളയുവാന്‍ സാത്താന് ദൈവം അനുവാദം കൊടുത്തിട്ടുമില്ല. മരണത്തെ ജയിച്ചവനെ സേവിക്കുന്നവര്‍ പിശാചിന്റെ തന്ത്രങ്ങളില്‍ നിന്നുമാണ് ഒഴിഞ്ഞിരിക്കേണ്ടത്. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.(മത്തായി 10:18). ഏറ്റവും കൂടുതല്‍ പരീക്ഷ അനുഭവിച്ച പഴയനിയമഭക്തന്‍ ആയിരുന്നല്ലോ ഇയ്യോബ്. ഇയ്യോബിനെ നശിപ്പിക്കുവാന്‍ സാത്താന്‍ പലപ്രാവശ്യം ദൈവത്തെ സമീപിച്ചു. പക്ഷെ എല്ലാറ്റിനും ദൈവം സാത്താന് അനുവാദം കൊടുത്തില്ല. ആദ്യം യഹോവ സാത്താനോടു പറയുന്നു: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുത് എന്നു കല്പിച്ചു” (ഇയ്യോബ് 1:6). . രണ്ടാമത് വീണ്ടും ദൈവം സാത്താനോട്: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. (ഇയ്യോബ് 1:12). സാത്താന്റെ പ്രധാനപദ്ധതി ദൈവപൈതലിനെ കൊന്നുളയുകയെന്നതല്ല, മറിച്ച് അവനെ ദൈവത്തില്‍ നിന്ന് എങ്ങനേയും അകറ്റുകയെന്നതാണ്. ദേഹത്തെ കൊന്നുകളഞ്ഞാല്‍ അവന്‍റെ ആത്മാവ് ദൈവസന്നിധിയില്‍ സുരക്ഷിതമാകുമെന്നു ആരെക്കാളും കൂടുതല്‍ സാത്താന്‍ മനസിലാക്കുന്നു.

“എന്നാല്‍ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നുവെന്ന് (കൊരി.11:3) പൌലോസ് പറയുന്നു. ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകാത്തിരിക്കാന്‍ സത്താന്റെ ഉപായത്തെയാണ് നാം ഭയപ്പെടേണ്ടത്. ക്രിസ്തീയജീവിതം എന്നത് ഈ ലോകത്തില്‍ അധികനാള്‍ തിന്നുകുടിച്ചു ജീവിക്കുകയെന്നതിലുപരി സ്ഥിരതയോടെ ഓട്ടം ഓടിത്തികയ്ക്കുകയാണ് വേണ്ടത്. അതാണ്‌ ഒരു വിശ്വാസിക്ക് അഭികാമ്യവും. സമയക്ലിപ്തതയില്ലാത്ത ഓട്ടക്കളത്തിലാണ് നാമേവരും. ദൈവം നമ്മില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുകൊണ്ട് ഓടുന്ന ഒരു വിശ്വാസിക്ക് പ്രാണനെ വിലയേറിയതായി എണ്ണാന്‍ കഴിയില്ലെന്ന് പൌലോസിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പൌലോസ് വീണ്ടും ഓര്‍പ്പിക്കുന്നു “എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

ജീവിതം എന്നത് നമ്മെ ഉള്ളംകൈയ്യില്‍ വരച്ചവന്‍റെ രൂപകല്‍പ്പന മാത്രം. ജീവിതത്തിനു തിരശ്ശീല വീഴുമ്പോള്‍ നിരാശയില്‍ നിസ്സംഗത പൂണ്ടവനായിട്ടല്ല സ്ഥിരതയോടെ ഓട്ടം തികച്ചവന്റെ സന്തോഷമാണ് വദനനിബിഡമാകേണ്ടത്. കർത്താവായ യേശു തന്ന ശുശ്രൂഷ തികച്ച് കാത്തിരിക്കുന്ന കിരീടത്തെ എത്തിപ്പിടിക്കുവാനുള്ള വാഞ്ച നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. സമയത്തും അസമയത്തും ഒരുങ്ങിയിരിക്കേണ്ട വ്യക്തികള്‍ കൂടോത്രത്തെ ഭയന്ന് ആഹാരവര്ജ്ജനം നടത്തേണ്ടുന്ന ആവശ്യമുണ്ടെന്നു കരുതുന്നില്ല. മരണം ജീവിതത്തിലെ അനിവാര്യതയാണ്. അത് എപ്പോഴാണ് എന്ന് മാത്രം നിശ്ചയമില്ല… ലോകത്തില്‍ എല്ലാം വെട്ടിപ്പിടിച്ച് “ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്കയെന്നു നിരൂപിച്ച ധനവാനോട് ദൈവം ഉയര്‍ത്തിയ ചോദ്യത്തിന്‍റെ മാറ്റൊലി നമ്മെയും ചിന്തിപ്പിക്കാന്‍ കാരണമായെങ്കില്‍ !! മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും!!! ദീര്‍ഘവാസം നമുക്കീ ഭൂമിയിലില്ല. ഒരുനാള്‍ ഈ നശ്വരലോകം വിട്ടേ മതിയാകൂ.. ഈ ഭൂമിയിലെ നാളുകളുടെ പൂര്‍ണ്ണവിരാമം അടുത്ത നിമിഷങ്ങളില്‍ ഏതെങ്കിലും ഒന്നായിരിക്കാം… ഭയപ്പെടേണ്ട എന്നരുളിയവന്‍ ചാരേ ചേര്‍ത്തുകൊള്ളും… പൂര്‍ത്തീകരിച്ച പ്രയത്നങ്ങള്‍ക്കൊടുവില്‍ ഏതൊരുവനും ഒരു വിശ്രമം ആവശ്യമാണ്‌.. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നുവെന്ന് നമുക്കും ഭക്തനോട്‌ ചേര്‍ന്ന് പറയാം. മരണപര്യന്തം വിശ്വസ്തനായിരിക്കാം; എനാൽ ദൈവം ജീവകിരീടം നമുക്ക് തരും !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.