മാർ ക്രിസോസ്റ്റം ദൈവത്തോട് ചോദിക്കാൻ ഇരിക്കുന്ന വരം എന്താണ്?
പത്മഭൂഷൺ ലഭിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഇന്ന് കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ നടത്തിയ മറുപടി പ്രസംഗത്തിൽ നിന്നു പ്രസക്ത ഭാഗങ്ങൾ

ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഒരേയൊരു വരം ചോദിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ ആവശ്യപ്പെടുക ഇങ്ങനെയായിരിക്കും:
“ദൈവമേ എന്നെപ്പോലെ എന്റെ അയൽക്കാരെ സനേഹിക്കാനുള്ള കൃപയും ശക്തിയും നൽകണമേ”
സ്ഥാനവും പദവിയുമൊന്നുമല്ല കാര്യം. ഇപ്പോൾ എനിക്ക് ഈ ബഹുമതി നൽകിയിരിക്കുന്നത് ഇന്ത്യയിലെ എല്ലാ മതങ്ങളും എല്ലാ പാർട്ടികളും എന്നെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണെന്നൊക്കെ പറയും. അവരാര് എന്നെ അറിഞ്ഞിട്ടാണ്? അതു കൊണ്ടാ പറഞ്ഞത്, പദവിയിലും ബഹുമതിയിലും വലിയ കഥയൊന്നുമില്ല.
Download Our Android App | iOS App
യേശുവിന് എന്തോ പദവിയാ ഉണ്ടായിരുന്നത്? അങ്ങേർക്ക് എന്തു വിദ്യാഭ്യാസമാണുണ്ടായിരുന്നത്?
ഇപ്പോൾ എന്റെ അപ്പച്ചൻ സ്വർഗ്ഗത്തിലിരുന്നു കൊണ്ട് എന്റെ അമ്മയോടു പറയും: നമ്മടെ മോൻ ഒരു തല്ലിപ്പൊളിയാണെന്നാണു ഞാൻ വിചാരിച്ചിരുന്നത്, അവൻ ഇത്രയും കേമനാകുമെന്ന് ഞാൻ വിചാരിച്ചതല്ല.
അപ്പോൾ എന്റെ അമ്മ പറയും: ഞാനും വിചാരിച്ചതല്ല അവൻ കേമനാണെന്ന്. പക്ഷെ എനിക്കറിയാമായിരുന്നു അവൻ സ്നേഹമുള്ളവനാണെന്ന്. എനിക്ക് അതു തന്നെ മതിയായിരുന്നു.
അത് എന്റെ അപ്പച്ചനും സമ്മതിക്കും.
എന്നെക്കുറിച്ച് സ്വർഗത്തിലിരിക്കുന്ന എന്റെ അപ്പനും അമ്മയ്ക്കുമുള്ള തൃപ്തി എന്റെ സ്നേഹത്തെക്കുറിച്ചാണ്. എനിക്കും അതിലാണു തൃപ്തി.
നിങ്ങളുമെല്ലാവരും അന്യോന്യം സ്നേഹിക്കുന്നവരാകണമെന്നതാണ് എന്റെ ആഗ്രഹവും ആശംസയും.
സനേഹം ഒരുനാളും ഉതിർന്നു പോകയില്ല. മറ്റുള്ളതെല്ലാം നീങ്ങിപ്പോകും…