ലേഖനം:’ആരാധന’യില്ലാത്ത ഹിറ്റ് ഗാനങ്ങൾ ആരാധനാഗാനങ്ങളാകുമ്പോൾ | ആഷേർ മാത്യു

ഒരു ഗാനത്തെയോ രചയിതാക്കളെയോ വിമർശിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യമെന്ന് ആദ്യമേ തന്നെ പറയട്ടെ.
വളരെ അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ്.

നമ്മുടെ ആരാധനകളെ ( കൈയ്യടിച്ചും പാട്ട് പാടിയും മറ്റും ദൈവത്തെ സ്തുതിക്കുന്ന അർത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത് ) സംഗീത ഉപകരണങ്ങളും , പാട്ടിന്റെ താളവും മറ്റും നിയന്ത്രിക്കുന്ന തരത്തിലേക്ക് പോകുന്ന അവസ്ഥ സാധാരണമായിരിക്കുന്നു.

കഴിഞ്ഞ ചില ദിവസങ്ങളിലായി ” തീ പോലെ ഇറങ്ങണമേ” എന്ന വൈറലായ ഗാനം ഇതിനൊരുദാഹരണമാണ്.
ജനലക്ഷങ്ങൾ സ്വീകരിക്കുന്നു, ഏറ്റു പാടുന്നു. നല്ലത് തന്നെ. ഗാനവും മനോഹരം തന്നെ.
യഥാർത്ഥത്തിൽ ഇത് മനോഹരമായ ഒരു പ്രാർത്ഥനാഗാനമാണ്.
പക്ഷെ, ‘ആരാധനാഗാനം ‘ എന്ന രീതിയിലാണ് ഈ ഗാനം അവതരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്.
പക്ഷെ, ഇതിലെ വരികളിൽ നിന്ന് ‘ആരാധനയുമായ’ ബന്ധപ്പെട്ട വാക്കുകളോ അർത്ഥങ്ങളോ കാണുവാൻ കഴിയുന്നില്ല താനും.
പകരം ‘പതിയണമേ, വീശണമേ, ഒഴുകണമേ, പെയ്യേണമേ, നിറയണമേ…’ തുടങ്ങിയ പ്രാർത്ഥനകളാണ് ഉൾക്കൊണ്ടിരിക്കുന്നത്.
പിന്നീടുള്ളത് ചില വിശ്വാസ പ്രഖ്യാപനങ്ങളാണ്. ‘സൈന്യത്തെ കാണുന്നു, തീ ജ്വാല കാണുന്നു, കൈ മേഘം കാണുന്നു…’ തുടങ്ങിയവ.
എന്നിട്ടും ഈ ഗാനം ‘ആരാധനാഗാനമായി’ മാറിയതെങ്ങനെ?
ഇതിന്റെ ഉത്തരമാണ് വലിയ അപകടം വിളിച്ചറിയിക്കുന്നത്.
താളത്തിന് അമിത പ്രാധാന്യത കല്പിക്കുന്ന സാഹചര്യം ഭൂഷണമല്ല.

ഇത് പുതിയ പ്രവണതയല്ല.
പാടിപ്പഴകിയ ‘പെന്തക്കോസ്ത് നാളിൽ’ , ‘ പരിശുദ്ധാത്മാവേ ശക്തി പകർന്നീടണേ’ എന്ന പഴയ ഗാനവുമൊക്കെ പ്രാർത്ഥനാഗാനങ്ങൾ തന്നെയാണ്.
എന്നിട്ടും അതിന്റെ താളം നമ്മെ സ്വാധീനിച്ചു കളഞ്ഞു. ഇപ്പോൾ അത് വീണ്ടും ആവർത്തിക്കുന്നു. വരികളും അർത്ഥങ്ങളും അപ്രസക്തങ്ങളാകുന്നു.

ഏതു പാട്ടും പാടി ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട്. ‘സ്തോത്രഗാനം – അഥവാ ആരാധനാഗാനങ്ങൾ ‘ എന്ന ഒരു ചട്ടക്കൂട് പാട്ടുപുസ്തകത്തിന്റെ അകാരാദിയിലും മറ്റും ഉൾപ്പെടുത്തിയത് മാനുഷിക കരങ്ങൾ തന്നെ.
പക്ഷെ, ഒരു പ്രാർത്ഥനാ ഗാനം , പ്രാർത്ഥനാ ഗാനമായി തന്നെ കാണാതെ, അതിനെ ആരാധനാഗാനമായി സ്വീകരിക്കപ്പെടുന്നത് അതിന്റെ താളത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നതാണ് ആശങ്കയുളവാക്കുന്നത്.

താളത്തിന്റെ വേഗത, പ്രാസമുള്ള വാക്കുകൾ എന്നിവയിൽ ജനസമൂഹം വീണു പോയിരിക്കുന്നു. പാട്ടിന്റെ ‘ടെംപോ’ കൂട്ടുന്നതനുസരിച്ച്, ജനം ആത്മാവിലാകുന്നു.
ന്യൂ ജനറേഷൻ ഗാനങ്ങളെ വിമർശിച്ചവർ തന്നെ ഈ ‘ബഹളമയത്തെ’ അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും വിരോധാഭാസമായ അവസ്ഥ.

‘നെയ്യപ്പം’ എന്ന പലഹാരത്തിൽ ‘നെയ്യി’ല്ലാത്തതു പോലെ, ‘ആരാധനാഗാനത്തിൽ’ ‘ആരാധനയില്ല’.

തമ്പേറിന്റെ ശബ്ദമുയരുമ്പോഴും, കീബോർഡിന്റെ ബീറ്റുയരുമ്പോഴും, ഗായകരുടെ ശബ്ദമുയരുമ്പോഴും ആരാധന വെളിപ്പെടുമെങ്കിൽ അതാണോ യഥാർത്ഥ ആരാധന?
വായനക്കാരുടെ ചിന്തക്ക് വിടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.