സമുദ്രത്തിൽ ഭൂചലനം; യുഎസിലും കാനഡയിലും സൂനാമി മുന്നറിയിപ്പ്

വാഷിങ്ടൻ∙ അലാസ്ക തീരത്ത് സമുദ്രത്തിൽ 8.2 തീവ്രതയിൽ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണു വൻ ഭൂചലനമുണ്ടായത്. യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലാകെയും കാനഡയിലും സൂനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നു യുഎസ് സൂനാമി വാണിങ് സിസ്റ്റം അറിയിച്ചു.

post watermark60x60

അലാസ്കയിലെ കോഡിയാക്കിൽനിന്നു 175 മൈൽ അകലെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടർന്നു സമുദ്രത്തിൽ 32 അടി ഉയരത്തിൽ ‌തിരമാലകളുയർന്നതായി റിപ്പോർട്ടുണ്ട്. തീരപ്രദേശത്തുള്ളവർ എത്രയും പെട്ടെന്നു ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കനത്ത വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തീരത്തുനിന്നു ആളുകൾ വീടുപേക്ഷിച്ചു കാറുകളിൽ പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അലാസ്ക, ബ്രിട്ടിഷ് കൊളമ്പിയ എന്നിവിടങ്ങളിലുള്ളവരാണു നാടുവിട്ടു പോകുന്നവരിൽ കൂടുതൽ. കാനഡയുടെ പടിഞ്ഞാറൻ തീരത്തെ വാൻകൂവർ ദ്വീപിലെ ടൊഫിനോയിൽ നാട്ടുകാർ രക്ഷാകേന്ദ്രങ്ങളിൽ അഭയം തേടിയതായി റിപ്പോർട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെ പലരും അവകാശപ്പെടുന്നു. സെക്കൻഡുകളോളം പ്രകമ്പനം തുടർന്നതായാണു ഇവർ പറയുന്നത്.
ഇതുവരെ ലഭ്യമായ ഡാറ്റകൾ അനുസരിച്ച് സൂനാമി ഉണ്ടാവാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നു പസിഫിക് സൂനാമി വാണിങ് സെന്റർ പറഞ്ഞു. സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇതുവരെ സൂനാമി മുന്നറിയിപ്പു നൽകിയിട്ടില്ലെന്നും ജപ്പാന്റെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Download Our Android App | iOS App

കടപ്പാട്: വെതർ ചാനൽ

-ADVERTISEMENT-

You might also like