ലേഖനം:വിളിക്കപെട്ടവർ അനേകർ തിരഞ്ഞെടുക്കപെട്ടവരോ ചുരുക്കം | അനുമോൾ സിജു,ടൊറോന്റോ

മത്തായി സുവിശേഷം 22 ന്റെ 14 മത് വാക്യത്തിൽ കാണുന്ന വളരെ അർത്ഥവത്തായ ഒരു വാക്യമാണിത്
“വിളിക്കപെട്ടവർ അനേകർ തിരഞ്ഞെടുക്കപെട്ടവരോ ചുരുക്കം”. പലപ്പോഴും നമ്മൾ വായിച്ചു വിടുന്ന ഒരു ഭാഗമാണിത്. എത്രമാത്രം ആഴമായി അർത്ഥമുള്ള ഒരു വാക്യമാണ് ഇതെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? ഇന്നത്തെ ക്രിസ്തീയ ഗോളത്തിൽ വിളിക്കപെട്ടവർ എന്ന് അവകാശപ്പെട്ട് അനേകർ ഇറങ്ങിയിട്ടുണ്ട്. അവരിലൂടേയും അത്ഭുതങ്ങൾ, അടയാളങ്ങൾ, വീര്യപ്രവർത്തികളും എല്ലാം നടക്കുന്നതായി കാണാറുണ്ട്. എന്നാൽ ഇവരിൽ യഥാർത്ഥമായി തിരഞ്ഞെടുക്കപെട്ടവരോ വളരെ ചുരുക്കം മാത്രം ആണ്. ഇന്നത്തെ കാലഘട്ടത്തിൽ ദൈവമക്കളായ നമുക്കോരോരുത്തർക്കും വിവേചിക്കാനുളള കൃപ ആവശ്യമാണ്. വിവേചിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പല തെറ്റായ വിശ്വാസങ്ങളിലും പഠിപ്പിക്കലിലും നാം ചെന്ന് അകപ്പെടുവാൻ ഇടയാകും.

വിളിക്കപെട്ടവരും തിരഞ്ഞെടുക്കപെട്ടവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുപോലെ തന്നെ ഈ ലോകത്തിന്റെ തിരഞ്ഞെടുപ്പും ദൈവീകമായ തിരഞ്ഞെടുപ്പും. ഇതിലും വലിയ വ്യത്യാസമുണ്ട്.
ചെറിയ ഒരു ആശയം പങ്കുവെക്കുന്നു.

ഒരു സ്ഥാപനത്തിൽ ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. എല്ലാവരും അപേക്ഷിക്കുന്നു എങ്കിലും അവർ അവരുടേതായ സമയം തീരുമാനിച്ച് അപേക്ഷിച്ച എല്ലാവരേയും ഇന്റർവ്യൂവിന് വിളിക്കുന്നില്ല അന്ന് 500 പേർ അപേക്ഷിച്ചവർ ഉണ്ടങ്കിലും 500 പേരിൽ നിന്നും അവർക്കിഷ്ടപെട്ടതും നല്ല വിദ്യാഭ്യാസം, കഴിവ് , പേഴ്സണാലിറ്റി ഉള്ളവരായ ചിലരെ മാത്രം ആയിരിക്കും ഇന്റർവ്യൂവിന് തന്നെ വിളിക്കുന്നത്. ചിലപ്പോൾ അതിലും ഒരു തിരഞ്ഞെടുപ്പും കൂടെ നടത്തിയായിരിക്കും ജോലി നൽകുന്നതും. ഈ ലോകത്തിൽ താല്കാലിക ജോലിക്കുവേണ്ടി ഇത്രയും കാര്യങ്ങൾ നോക്കുന്നു എന്നാൽ നിത്യമായ ഒരു ജീവിതം കർത്താവായ യേശുക്രിസ്തുവിന്റെ കൂടെ വസിക്കാൻ വേണ്ടി യാതൊരു കഴിവും അറിവും വിദ്യാഭ്യാസ യോഗ്യതയും ഒന്നും കണക്കെടുക്കാതെ നമ്മളെ ഓരോരുത്തരേയും ദൈവം തിരഞ്ഞെടുത്തു. ഈ ശ്രേഷ്ഠമായ സ്വർഗ്ഗീയ അനുഭവം നമുക്ക് വേണ്ടി നൽകിതന്നു. എന്നിട്ടും അതിന്റെ വിലയും മഹത്വം അറിയാതെ നാം ജീവിക്കുന്നു. വിശുദ്ധ വചനത്തിനെ വിരുദ്ധമായ പല പ്രവർത്തികളും ചെയ്യുന്നു.

1 യോഹന്നാൻ 4:1മുതൽ ഉള്ള വേദഭാഗങ്ങൾ വായിക്കുമ്പോൾ കാണുന്നു പ്രിയമുള്ളവരെ കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനേയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ്യുവീൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം. യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കേയും ദൈവത്തിൽ നിന്നുള്ളത്. വിശുദ്ധ വേദപുസ്തകത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ എഴുതിയിരിക്കുന്ന വാക്കുകളാണ് ഇതൊക്കേയും.

കള്ളപ്രവാചകന്മാരും ജനത്തെ തെറ്റിച്ച് കളയുന്ന ഉപദേഷ്ഠാക്കന്മാരുടേയും വലിയ ഒരു ഗണം ഇന്ന് ലോകത്തിൽ ഉണ്ട്. വചനത്തിൽ പറയാത്തതും തെറ്റായതുമായ പലതും അവർ ജനത്തെ പഠിപ്പിക്കുന്നു. അന്ത്യകാലഘട്ടമായ ഈ സമയത്ത് ആളുകളെ വിവേചിക്കാനുളള കൃപ നാം ഓരോരുത്തരും പ്രാപിക്കേണ്ടതാണ്.

വിളിക്കപെട്ടവരുടെ ഗണത്തിലാണോ തിരഞ്ഞെടുക്കപെട്ടവരുടെ ഗണത്തിലാണോ നാം എന്ന് ചിന്തിക്കേണ്ടതാണ്. ദൈവം തിരഞ്ഞെടുക്കാത്തവരൊന്നും നിലനിൽക്കയില്ല. ദൈവമാണ് നിന്നെ തിരഞ്ഞെടുത്തത് എങ്കിൽ ഒരു കാലത്തും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കാൻ ദൈവം സമ്മതിക്കില്ല. നീ തിരഞ്ഞെടുക്കപെട്ടവൻ ആണെങ്കിൽ നിന്റെമേൽ ഒരു ദൈവീക തേജസ്സും, അഭിഷേകവും, ദൈവകൃപയും പകരുവാൻ ഇടയാകും. അത് താത്കാലികമായതല്ല നിത്യതവരേയും നിന്നെ കൊണ്ട് എത്തിക്കുകതന്നെ ആയിരിക്കും.

അതുകൊണ്ട് വിളിക്കപെട്ടവരുടെ ഗണത്തിൽ നിൽക്കാതെ തിരഞ്ഞെടുക്കപെട്ടവരുടെ ഗണത്തിൽ നിലകൊള്ളുവാൻ ദൈവം നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.