ലേഖനം:മൗനം സംസാരിക്കുമ്പോള്‍ | വര്ഗീസ് ജോസ്

ചില ആരാധനാലയങ്ങളില്‍പ്പോലും ഈയിടെ പതിവായി കണ്ടുവരുന്ന ഒരു കാഴ്ച്ചയുണ്ട്.
‘മേല്‍പ്പറയപ്പെട്ട വ്യക്തിക്കും / ദൈവദാസനും കുടുംബത്തിനുമായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. ‘
സഭായോഗങ്ങള്‍ക്കിടെ ഇങ്ങിനെയൊരു കാര്യം സഭാശുശ്രൂഷകന്‍ ആവശ്യപ്പെടുന്നതിന് ശേഷം സംഭവിക്കുന്ന ഒരു നീണ്ട മഹാ മൗനം !!!
നമ്മുടെ സഭായോഗങ്ങളില്‍, സൗഹൃദങ്ങള്‍ക്കിടയില്‍, വ്യക്തിബന്ധങ്ങളില്‍ എന്ത്കൊണ്ട് ഇത്തരം മഹാമൗനങ്ങള്‍ സംഭവിക്കുന്നു ?
എന്താണ് ഈ മൗനം നമ്മോട് വിളിച്ച് പറയുന്നത് ?
ആ വ്യക്തിയോട് ഞാന്‍ ഇനി‍മുതൽ മിണ്ടുകയില്ല എന്ന ഉറച്ചതീരുമാനത്തിന് മുന്നില്‍ അതുവരെ പഠിച്ച, പറഞ്ഞ്കൊണ്ടുനടന്ന, പ്രസംഗിച്ച സകല സുവിശേഷവും ആത്മീയതയും അടിയറവ് വയ്ക്കപ്പെടുന്നിടത്താണ് ഇത്തരം മൗനങ്ങളുടെ ജനനം. ഫലം, ക്ഷമിക്കാന്‍ പഠിപ്പിച്ച ക്രിസ്തു തോല്‍ക്കുന്നു, പകരം ഞാന്‍ എന്ന അഹങ്കാരം ജയിക്കുന്നു…! തീര്‍ത്തും നാമമാത്രമായ ഭൗതീക വിജയം !

മൗനം കൊണ്ടുള്ള സംസാരം…

സ്വരച്ചേര്‍ച്ചയില്ലാത്ത ചില സഭകളില്‍ ശുശ്രൂഷയ്ക്ക് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു ശ്മശാനമൂകത ചിലര്‍ക്കെങ്കിലും അനുഭവവേദ്യമാകാതിരുന്നിരിക്കില്ല.വിശ്വാസികളുടെ ഭാഗത്ത്നിന്ന് ഒരു സ്തോത്രസ്വരം പോലും ഉയരില്ല…പുഞ്ചിരിപോലും വറ്റിപ്പോയ കുറേ മുഖങ്ങളിലേക്ക് നോക്കി, വാചകകസര്‍ത്ത് നടത്തേണ്ട അവസ്ഥ !
പകരം അവരുടെ അതൃപ്തി, ഒരു മൗനസംഭാഷണമായി പ്രാസംഗികന്റെ ഹൃദയത്തിലേക്ക് ഒരു തിരപോലെ വന്ന് അലയടിച്ചുകൊണ്ടിരിക്കും…
വല്ലാത്തൊരു പോരാട്ടം…കൃപയുള്ള ദൈവദാസന്മാര്‍ അതിനെ ആത്മശക്തികൊണ്ട് ജയിക്കും..ചിലനേരം നമുക്കും കേള്‍ക്കാം പലരും നമ്മോട് മൗനം കൊണ്ട് സംസാരിക്കുന്നത്…നീ മോശമാണ്…എനിക്ക് നിന്നോട് വെറുപ്പാണ്…നീ ഉയരരുത്…നിന്റെ ഭാവി ഒരിക്കലും പ്രസന്നമാവരുത് എന്നിങ്ങനെ…
വെറുപ്പിന്റെ വാക്കുകള്‍…നെഗറ്റീവ് ചിന്തകള്‍ എന്ന് നാം ഒറ്റവാക്കില്‍ പറഞ്ഞ് ഒഴിവാക്കും എങ്കിലും ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് നാം ഏറെ ചിന്തിക്കേണ്ടതായ ഒന്നാണ്.പ്രത്യേകിച്ചും മൗനം കൊണ്ടു സംസാരിക്കുക എന്ന സാത്താന്യ തന്ത്രം എന്ന വിഷയത്തെക്കുറിച്ച്…..

നെഗറ്റീവ് ചിന്തകള്‍ എവിടെ നിന്ന് വരുന്നു ?

ചിലര്‍ പറയും, നിഷേധാത്മക സ്വഭാവമുള്ളവര്‍ സ്വയം ചിന്തിച്ചെടുക്കുന്നതാണ് നെഗറ്റീവ് ചിന്തകള്‍ എന്ന്..ആത്മീയമണ്ഡലത്തിലുള്ളവരാകട്ടെ,
പിശാച് ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന പരീക്ഷണമാണ് നെഗറ്റീവ് ചിന്തകള്‍ എന്നും പറയാറുണ്ട്.എന്നാല്‍ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു ആശയത്തിലേക്കാണ്…

നമുക്ക് മൗനം കൊണ്ട് ഒരാളോട് സംസാരിക്കാം…സന്ദേശങ്ങള്‍ കൈമാറാം,…..അയാളെ സ്നേഹിക്കാം , വെറുക്കാം, അപമാനിക്കാം, വളര്‍ത്താം, തളര്‍ത്താം, വശീകരിക്കാം, ആട്ടിയകറ്റാം…. അനുഗ്രഹിക്കാം, ശപിക്കാം….
ഏതും സാദ്ധ്യമാണ്…

നമ്മുടെ ചിന്തകള്‍ പതിവായി ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായാല്‍ നാം ചിന്തകള്‍ കൊണ്ട് പറയുന്നത് അപരനില്‍ തോന്നലുകളായി ചെന്നെത്താം….
ചില നേരം ശബ്ദങ്ങളായും കേള്‍ക്കാം….സ്വപ്നങ്ങളായി കാണുകയും ചെയ്യാം…
ചിലര്‍ പതിവായി ഒരേ സ്വപ്നം കാണുക എന്ന അവസ്ഥ അനുഭവിക്കാറില്ലേ ? അതുതന്നെ ഉദാഹരണം.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ കൈമാറുന്ന അവസ്ഥയെ Psychic Attack എന്നോ, Mind Seduction എന്നോ ഒക്കെ വിശേഷിപ്പിച്ചുപോരുന്നു….
( കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളിലും മറ്റും ലഭ്യമാണ് )

ദൈവം ഒരിക്കലും മൗനം കൊണ്ടല്ല നമ്മോട് ആശയവിനിമയം നടത്തുന്നത്…മറിച്ച് അത് നമുക്ക് വ്യക്തമായി കേള്‍ക്കാവുന്ന ഭാഷയില്‍,‍ വ്യക്തമായ ശബ്ദത്തില്‍ തന്നെയാണ് സംഭവിക്കുന്നത്.
ആത്മശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ആദ്യപടിയായി തോന്നലുകളായി അത് നമ്മോട് ഇടപെടുന്നു…’എന്നോട് സംസാരിക്കുന്നതായി തോന്നി ‘ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ…? പിന്നീട് പലപ്പോഴും വ്യക്തമായി കേള്‍ക്കുന്ന അവസഥയുണ്ടാവാം….ആത്മീയ ആരാധനയില്‍ നിറഞ്ഞ്നില്‍ക്കുമ്പോള്‍ അവന്‍ നമ്മോടും നാം അവനോടും ആത്മാവില്‍ സംസാരിക്കുന്നു..
മറ്റ് ചിലപ്പോള്‍ നാം ദര്‍ശനങ്ങളായി കാണുകയും ചെയ്യുന്നു..!

എന്നാല്‍ ആത്മീയശക്തി തീരെ ക്ഷയിച്ച വ്യക്തികളിലോ ?
അവര്‍ക്ക് ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരെ എതിര്‍ ദിശയിലുള്ളതാണ്…

അവര്‍ക്ക് ദൈവീകസാന്നിദ്ധ്യം അനുഭവിക്കാനാവുന്നില്ല, ദൈവീകശബ്ദം കേള്‍ക്കാനുമാവുന്നില്ല ,പകരം അവന്റെ പതനം ആഗ്രഹിക്കുന്ന ശത്രുവിന്റെ മൗനം എന്ന മനോവ്യാപാരത്തിലൂടെ സാത്താന്യ ശബ്ദം തോന്നലുകളായി അവനിലേക്ക് അല്ലെങ്കില്‍ അവളിലേക്ക് കടന്നെത്തുന്നു…തോന്നലുകളായും, ശബ്ദങ്ങളായും, ചിലനേരം ഭീതിപ്പെടുത്തുന്ന കാഴ്ചകളായും, ദുസ്വപ്നങ്ങളായും !

നിശ്ചയമായും നമ്മുടെ ഹൃദയവിചാരങ്ങള്‍ക്ക് മറ്റൊരുവനെ സ്വാധീനിക്കാനുള്ള ശക്തി ഉണ്ടെന്ന് വചനം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുമ്പോള്‍ പോലും വ്യഭിചാരം സംഭവിച്ചുകഴിഞ്ഞു….

സഹോദരങ്ങളെ ദ്വേഷിക്കുന്ന മാത്രയില്‍ കൊലപാതകവും സംഭവിച്ചുകഴിഞ്ഞു… !

” സഹോദരനെ പകെക്കുന്നവന്‍ എല്ലാം കൊലപാതകന്‍ ആകുന്നു.
യാതൊരു കൊലപാതകനും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്ന് നിങ്ങള്‍ അറിയുന്നു ”
( Anyone who hates a brother or sister is a murderer, and you know that no murderer has eternal life residing in him. 1.John 3:15 )

അത്കൊണ്ടുതന്നെയാണ് ക്രിസ്തുയേശു ഇപ്രകാരം അരുളിച്ചെയ്തത്.

“കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍…സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത് ” ( “In your anger do not sin”: Do not let the sun go down while you are still angry, ) Ephesians 4:26

നമുക്ക് നമ്മുടെ കൂട്ടുസഹോദരങ്ങളോട് തെറ്റിദ്ധാരണയോ, ഇടര്‍ച്ചയോ ഉണ്ടായാല്‍ എത്രയും വേഗം സത്യസന്ധമായി അത് തുറന്ന് പറയുക…
ശരീരത്തിലെ ഒരു ചെറിയവ്രണം, എത്രവേദനിച്ചും കഴുകി വൃത്തിയാക്കുന്നതുപോലെ നാം നമ്മുടെ വ്യക്തിബന്ധങ്ങളിലെ മുറിവുകളും കഴുകി ശുദ്ധീകരിക്കുകതന്നെ വേണം.

അല്ലാത്തിടത്തോളം ആ മുറിവ് അഴുകി മലിനമായി പിന്നീട് ഒരു അവയവം തന്നെ എന്നേക്കുമായി ബന്ധം നഷ്ടമായിപ്പോകുന്ന അവസ്ഥയിലേക്ക് നാം തന്നെ കൊണ്ടെത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും…

വചനം ഇപ്രകാരം പറയുന്നു..

” മറഞ്ഞിരിക്കുന്ന സ്നേഹത്തേക്കാള്‍ തുറന്ന ശാസന നല്ലത് .”

തുറന്ന സംസാരം, തുറന്ന ഹൃദയം, വിശാലമായ കാഴ്ച്ചപ്പാട് ഒരു ദൈവപൈതലിന് മുതല്‍ക്കൂട്ടായിരിക്കട്ടെ…

നിരൂപണങ്ങളില്‍ ദുഷ്ടത വച്ചുകൊണ്ട് ഹൃദയത്തില്‍ പിറുപിറുക്കുക എന്ന Psychic Attack സാത്താന്യ ആരാധനയുടെ ഒരു പ്രധാന തന്ത്രമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവജനം സൂക്ഷിക്കുക…

‌നമ്മുടെ മൗനം വിശുദ്ധവും കറയറ്റതും ആണെന്ന് ഉറപ്പ് വരുത്തുക…തുറന്ന നിലപാട് സ്വീകരിക്കുക…
അല്ലാത്തപക്ഷം അതേമൗനം ആഭിചാരകര്‍മ്മത്തേക്കാള്‍ അപകടകരമായ നാശം വിതയ്ക്കാന്‍ കാരണമാവും….ഓര്‍ത്തുകൊള്ളുക....

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.