കുമ്പനാട് കൺവൻഷൻ നാളിതുവരെ… ഒരു അവലോകനം

പാസ്റ്റർ ജോൺസൻ കുമ്പനാട്

1920 ന്റെ ആരംഭ മാസങ്ങള്‍. മുളക്കുഴയിലെ സീയോന്‍ കുന്നിനു സമീപമുള്ള ആ വീടിന്റെ ഉമ്മറത്ത് പറഞ്ഞറിയിക്കാനാവാത്ത മനഃസംഘര്‍ഷങ്ങളുമായി ആ ദൈവദാസന്‍ തന്റെ കൈയിലിരുന്ന ലഘുലേഖകള്‍ ആര്‍ത്തിയോടെ വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുന്നില്ല. തിരുവിതാംകൂറില്‍ സുവിശേഷത്തിന്റെ വിത്ത് വാരിവിതറിയ വിദേശ മിഷണറിയായ ജോര്‍ജ്ജ് ബര്‍ഗ്ഗ് പ്രസിദ്ധീകരിച്ച ‘അര്‍ദ്ധരാത്രിയിലെ ആര്‍പ്പുവിളി, അര്‍ദ്ധരാത്രി ശബ്ദം’ എന്നീ ലഘുലേഖകളായിരുന്നു അദ്ദേഹം ആര്‍ത്തിയോടെ വായിച്ചുകൊണ്ടിരുന്നത്. ഓരോ പ്രാവശ്യം വായിക്കുന്തോറും ആത്മാവിന് ചൂടുപിടിക്കുന്നത് താന്‍ അനുഭവിച്ചറിഞ്ഞു. അപ്പോസ്‌തോലിക കാലഘട്ടത്തിലുണ്ടായ ആത്മസ്‌നാനാനുഭവത്തെ വ്യക്തിപരമായി അനുഭവിക്കാനുള്ള അദമ്യമായ ആഗ്രഹം മനസ്സില്‍ നിറച്ചുകൊണ്ട് സീയോന്‍ കുന്നിന് നിറുകയില്‍നിന്ന് സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് മറയാന്‍ തുടങ്ങിയപ്പോള്‍ ഇരിപ്പിടത്തില്‍നിന്ന് ഴുന്നേറ്റുപോയി അകത്തെ മുറിയില്‍ തന്റെ തഴപ്പായ നിവര്‍ത്തിയിട്ട് മുഴങ്കാലിലിരുന്നു. അനേക വിഷയങ്ങള്‍ പ്രാര്‍ത്ഥനാബുക്കിലുണ്ടായിരുന്നെങ്കിലും തന്റെ മനസ്സിന്റെ വിങ്ങല്‍ വാക്കുകളായി പുറത്തുവന്നപ്പോള്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിക്കാനുള്ള ഒരു ഭക്തന്റെ അദമ്യമായ ആഗ്രഹത്തിന്റെ മലവെള്ളപ്പാച്ചില്‍പോലെ ആ പ്രാര്‍ത്ഥന അന്തരീക്ഷത്തില്‍ മുഴങ്ങി.

രണ്ട് വര്‍ഷങ്ങള്‍ നിരന്തര പ്രാര്‍ത്ഥനയിലും അദമ്യമായ ആത്മവാഞ്ഛയിലും തള്ളിവിട്ടത് ആ ഭക്തന് യുഗങ്ങളുടെ ഘടികാരചലനം പോലെ തോന്നി. അങ്ങനെയിരിക്കെ 1922-ല്‍ ചെങ്ങന്നൂരിനടുത്ത പുത്തന്‍കാവില്‍ പുനലൂരുകാരായ ഒരു കുടുംബം വഴിയരികില്‍ നിന്ന് പ്രസംഗിക്കുന്നത് ആ ദൈവദാസന്‍ ശ്രദ്ധിച്ചു. വേര്‍പാട് സഭയുടെ ചട്ടക്കൂടിനകത്ത് ഒതുങ്ങിനിന്ന തനിക്ക് ആ പരസ്യയോഗാനന്തരം പ്രാര്‍ത്ഥിച്ച സഹോദരി പറഞ്ഞ പരിചയമില്ലാത്ത ഭാഷ എന്തെന്നറിയാനുള്ള തീവ്രമായ ആഗ്രഹമുണ്ടായി. ഇംഗ്ലീഷും ഹിന്ദിയും മലയാളവുമൊക്കെ നന്നായി അറിയാമായിരുന്ന ഒരു അദ്ധ്യാപകനായിരുന്ന തന്റെ ശ്രദ്ധ മുഴുവനും ആ സഹോദരി മറുഭാഷയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവരുടെ മുഖത്ത് വെളിപ്പെട്ട പ്രത്യേക ചൈതന്യത്തിലായിരുന്നു. അക്കാലഘട്ടത്തില്‍ പന്തളം മത്തായിച്ചന്‍ എന്ന ദൈവദാസനുമായി പരിചയപ്പെടാന്‍ ഇടയായത് തന്റെ ആത്മാനുഭവ വാഞ്ഛയ്ക്ക് വീണ്ടും അരക്കിട്ടുറപ്പിക്കുന്നതായി മാറി. കൂടെ നിന്നവരൊക്കെ തന്റെ ഈ മാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ നാളുകളിലൊരിക്കല്‍ മുളക്കുഴയിലെ തന്റെ വസതിയില്‍നിന്ന് ആ ദൈവഭൃത്യന്‍ ഉറച്ച കാല്‍വയ്പുകളോടെ തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കരയിലുള്ള പരണീയം എന്ന സ്ഥലത്തെ ലക്ഷ്യമാക്കി യാത്രയായി. ഉണ്ണൂണ്ണിസാര്‍ എന്ന പേരില്‍ അറിയപ്പെട്ട സാറപ്പന്റെ ചരിത്രത്തിലേക്കുള്ള ഒരു കാല്‍നടയാത്രയായിരുന്നു അതെന്ന് ആരും അറിഞ്ഞില്ല.

1923 ഏപ്രില്‍ 22-ാം തീയതി മനശ്ശെ എന്ന പെന്തെക്കോസ്ത് സഹോദരനോടൊപ്പമുള്ള ആ പ്രാര്‍ത്ഥനയില്‍ അന്യ ഭാഷ അടയാളത്തോടെ ആത്മസ്‌നാനം പ്രാപിച്ച് തിരികെ മുളക്കുഴയിലെത്തി. മുളക്കുഴയില്‍ പിന്നീടുള്ള വാസം തികച്ചും ഒറ്റപ്പെടലിന്റെയായിരുന്നു. എങ്കിലും ആത്മാവില്‍ കത്തിയെരിഞ്ഞ അഗ്നി ‘പരിശുദ്ധാത്മസ്‌നാനം’ എന്ന ഗ്രന്ഥരചനയിലാണ് തന്നെ എത്തിച്ചത്. മുളക്കുഴയിലെ അനേക കുടുംബങ്ങളില്‍ ആ പുസ്തകം ആത്മാവിന്റെ നദി ഒഴുക്കുവാന്‍ കാരണമായി. ആ നാളുകളിലൊന്നില്‍ റാഹേലമ്മ എന്ന സഹോദരിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയും സാറപ്പച്ചന്‍ ആ സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ വയറ്റില്‍നിന്ന് കറുത്ത മഷി പോലെ വെള്ളം ഒഴിഞ്ഞുപോകയും ആ വിഷബാധ നീങ്ങുകയും ചെയ്തു. കാട്ടുതീ പോലെ മുളക്കുഴയില്‍ ഈ വാര്‍ത്ത പടര്‍ന്നപ്പോള്‍ അനേകര്‍ ദൈവദാസന്റെ പ്രാര്‍ത്ഥനയ്ക്കായി വരികയും അതൊരു കൂടിവരവായി പന്തളം, വെട്ടിയാര്‍, ഇലന്തൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഓരോ മലയാള മാസത്തിന്റെയും ഒന്നാം ഞായറാഴ്ച ഈ സഭകളെല്ലാം ഒന്നിച്ചുകൂടിവരണമെന്ന് തീരുമാനിക്കുകയും 1924 ഏപ്രില്‍ മാസം മുതല്‍ മാസംതോറും ഒന്നാം ഞായറാഴ്ചകളില്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ ഒന്നിച്ചുകൂടിവരികയും ചെയ്തുപോന്നു. നാമകരണമൊന്നുമില്ലാതിരുന്ന ഈ ചെറിയ പ്രസ്ഥാനത്തിന് ഒരു വിവാഹസംബന്ധമായി വിവാഹരജിസ്റ്റര്‍ ആവശ്യമായി വരികയും അതിനായി സഭയ്ക്ക് ഒരു പേരുണ്ടാക്കേണ്ടിയും വന്നു. തെന്നിന്ത്യാ പെന്തെക്കോസ്ത് ദൈവസഭ എന്ന ആ പ്രസ്ഥാനം 1934 ഏപ്രില്‍ 9 മുതല്‍ ‘ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ’ എന്ന് അറിയപ്പെടുകയും ചെയ്തു.

1925 ഏപ്രില്‍ മാസം. മീനമാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ ഓലക്കീറുകളുമായി റാന്നിയിലെ സഹോദരങ്ങള്‍ ഇട്ടിയപ്പാറയിലെ കളയ്ക്കാട്ടു പുരയിടത്തില്‍ ഒരു പന്തല്‍ ഇട്ടു. ഭാവിയില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഒരു മഹായോഗമായി അത് മാറുമെന്ന് കരുതിയൊന്നുമായിരുന്നില്ല, മറിച്ച് ദൈവവചനത്തോടുള്ള അദമ്യമായ ദാഹം മൂലമാണ് പെട്രോള്‍മാക്‌സിന്റെ വെളിച്ചത്തില്‍ വെറും നിലത്ത് ദാഹത്തോടെ അവര്‍ തടിച്ചുകൂടിയത്. പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം, ഏ.ജെ. ജോണ്‍സണ്‍, സാര്‍ എന്നീ അഭിഷിക്ത ദൈവദാസന്മാരുടെ കണ്ഠനാളങ്ങളിലൂടെ പാഞ്ഞൊഴുകിയ ദൈവവചനത്തിന്റെ തെളിനീരരുവിയില്‍ മുങ്ങിനിവര്‍ന്നവര്‍ റാന്നിയിലെയും കീക്കൊഴൂരേയും ആറന്മുളയിലെയും പൈതൃക നദിക്കടവുകള്‍ സ്‌നാനക്കടവുകളാക്കി മാറ്റി. തകര്‍ക്കാന്‍ പറ്റാത്ത ആത്മീയ സത്യങ്ങള്‍ വചനഘോഷണത്തിലൂടെ തെളിയിക്കപ്പെട്ടപ്പോള്‍ മദ്ധ്യതിരുവിതാംകൂറിനെ അടക്കിവാണിരുന്ന സാത്താന്യ കേന്ദ്രങ്ങള്‍ വിറപൂണ്ടു.
ദൈവാത്മപ്രവര്‍ത്തനത്തിനെതിരെ തടയിടാന്‍ വിഭാഗീയതയുടെയും, വര്‍ഗ്ഗീയതയുടെയും സാമ്പത്തിക അസമത്വത്തിന്റെയും നടുച്ചുവരുകള്‍ പണിതുറപ്പിച്ചു. പക്ഷേ വീശിയടിച്ച ദൈവാത്മാവിന്റെ വടതിക്കാറ്റും തെന്നിക്കാറ്റും ഈ യെരീഹോ കോട്ടകളെ ചണ്ടിക്കൂമ്പാരങ്ങളാക്കി. കെ.വി. സൈമണ്‍സാര്‍ എന്ന അറിവിന്റെ അതുല്യ പ്രതിഭ ആറാട്ടുപുഴ മണല്‍പ്പുറത്ത് പെന്തക്കോസ്ത് മുന്നേറ്റങ്ങള്‍ക്ക് എതിരെ നിരൂപണപ്രസംഗങ്ങളുമായി രംഗത്തുവന്നപ്പോള്‍ അതിന് മറുപടി പറയാന്‍ അവിടെ തന്നെ വിളിച്ചുചേര്‍ത്ത ഖണ്ഡനപ്രസംഗം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ രണ്ടാമത് ജനറല്‍ കണ്‍വന്‍ഷനായതിന് ചരിത്രം സാക്ഷി. അടുത്ത വര്‍ഷവും (1927) അതേ സ്ഥലത്ത് തന്നെ മദ്ധ്യതിരുവിതാംകൂറിനെ ഉഴുതുമറിച്ച് ആത്മവിത്തെറിഞ്ഞ കുക്ക് സായ്പ്പിന്റെ ശബ്ദം പമ്പയുടെ ഓളങ്ങളെക്കൂടെ ഇളക്കിമറിച്ചു. 1930 വരെ ആ കണ്‍വന്‍ഷനുകള്‍ പതിവുപോലെ എല്ലാ വര്‍ഷവും ആറാട്ടുപുഴ മണല്‍പ്പുറത്ത് നടന്നുവന്നു.

1931 മുതല്‍ കണ്‍വന്‍ഷന്‍ കുമ്പനാട്ട് വച്ച് നടത്തുവാന്‍ തുടങ്ങി. അന്ന് കുമ്പനാട്ടുണ്ടായിരുന്ന സിഎംഎസ് സ്‌കൂളിനോട് ചേര്‍ന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ അതിവിശാലമായ പന്തല്‍ തയ്യാറാക്കി കണ്‍വന്‍ഷന്‍ നടത്തപ്പെട്ടു. അടുത്ത വര്‍ഷവും അതിനോടു ചേര്‍ന്ന് മറ്റൊരു പുരയിടമാണ് കണ്‍വന്‍ഷന്‍ വേദിയായത്. 1933 ഡിസംബര്‍ മാസം 17 മുതല്‍ 24 വരെ (ഇന്ന് ഐ.പി.സി ഹെഡ്ക്വാര്‍ട്ടേഴ്‌സ്) നോടു ചേര്‍ന്നുള്ള ഹെബ്രോന്‍ മൈതാനത്ത്) കുമ്പനാട് തിരുവല്ല പത്തനംതിട്ട റോഡരികില്‍ കണ്‍വന്‍ഷന്‍ നടത്തപ്പെട്ടു. കൊടുന്തറ കുടുംബത്തിന്റെ അവകാശത്തിലായിരുന്ന ആ വസ്തുവില്‍ അവരുടെ അനുവാദത്തോടെ ആരംഭിച്ച ജനറല്‍ കണ്‍വന്‍ഷന് പിന്നീട് ആ പുരയിടം അവര്‍ ദാനമായി നല്‍കി. അതിന് ശേഷം മറ്റുള്ളവരില്‍ നിന്നും വിലകൊടുത്ത് വസ്തു വാങ്ങി ഇന്നുള്ള വിശാലമായ ഗ്രൗണ്ട് നിര്‍മ്മിക്കപ്പെടുകയും 93 വര്‍ഷങ്ങളായി മുടങ്ങാതെ സഭയുടെ കണ്‍വന്‍ഷനുകള്‍ നടന്നു വരികയും ചെയ്തുകൊണ്ടിരിക്കുന്നു.

പൂര്‍ണമായും ദൈവാത്മ നിയോഗത്താലും നിയന്ത്രണത്താലും ദൈവമക്കളുടെ സ്വമേധാ ദാനങ്ങള്‍ നിമിത്തവും നടത്തപ്പെട്ട ഐ.പി.സി ജനറല്‍ കണ്‍വന്‍ഷന്‍ ‘കുംഭി’കളുടെ (ആനകളുടെ) നാടെന്ന കുമ്പനാടിനെ ലോകത്തിന്റെ ഭൂപടത്തില്‍ പ്രശസ്തമാക്കി മാറ്റി. ആത്മസ്‌നാനം പ്രാപിക്കാത്തവരെക്കൊണ്ട് പന്തലിന്റെ കാല്‍പോലും ഇടാന്‍ സമ്മതിക്കാതെ ഉപദേശസത്യത്തിനുവേണ്ടി നിന്ന ‘സാറപ്പച്ച’നെപ്പോലുള്ളവരുടെ ഓര്‍മ്മകളുമായി കുമ്പനാടെത്തുന്ന ലക്ഷക്കണക്കിനായുള്ള ദൈവമക്കള്‍ ഇന്ന് സഭയെ നോക്കി കരയുന്നു ”പണ്ടത്തെപ്പോലെ ഒരു നല്ലകാലം ഞങ്ങള്‍ക്ക് നല്‍കണേ” യെന്ന്.

അകക്കണ്ണടഞ്ഞുപോയ ആത്മീയ നേതൃത്വങ്ങള്‍ ഇന്നത്തെ ആത്മീയ ലോകത്തിന് വെല്ലുവിളിയാകുമ്പോഴും ‘അപ്പത്തിനായുള്ള വിശപ്പും, വെള്ളത്തിനായുള്ള ദാഹവും’ പടിക്കുപുറത്തെറിഞ്ഞ് ആത്മദാഹത്തോടെ കുമ്പനാട്ടെ പുല്‍പ്പുറത്തെത്തുമ്പോള്‍ പഴയ ഓലക്കീറുകളുടെയിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശത്തിനു പകരം കണ്ണു മഞ്ചിപ്പിക്കുന്ന വൈറ്റ് എല്‍ ഇ ഡി ബള്‍ബുകളുടെ പ്രകാശസമൃദ്ധി കണ്ട് അമ്പരക്കുന്നു! ക്രിസ്തുവിന്റെ സൗരഭ്യം വാക്കുകളില്‍ വിളിച്ചറിയിച്ച കര്‍തൃദാസന്മാരുടെ നിരകളില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ അണിനിരന്നതു കണ്ട് അതിശയിക്കുന്നു. പണം നല്‍കി സമ്പാദിച്ചെടുത്ത പത്ത് മിനിട്ട് വേദിയില്‍ കാട്ടിക്കൂട്ടുന്ന ദുഷ്ടത സഹിക്കാന്‍ വയ്യാതെ ജനം കപ്പലണ്ടിക്കച്ചവടക്കാരെ തേടുന്നു! ഇവിടെ അന്യംനിന്നുപോകുന്ന ആത്മീയതയ്ക്കു മുന്നില്‍ ഒരു തലമുറ വഴിയടഞ്ഞുനില്‍ക്കുന്നു. കുമ്പനാട് വച്ച് ഒരാള്‍ കൈ തന്ന് ഒന്നു ചിരിച്ചാല്‍ അതിന്റെ പിന്നിലും ‘ഒരു വോട്ട്’ എനിക്കെന്ന ചിന്ത മാറി മുഴു മഹത്വവും ദൈവത്തിന് എന്ന ചിന്താധാരയിലേക്ക് ഏവരും വരട്ടെ. ആര് കുത്തിയാലും നെല്ല് അരിയായാല്‍ മതി ഞങ്ങള്‍ക്ക്. ഇനി നമുക്ക് മടങ്ങിവരവിന്റെ കാലമാണ്. ആകാശത്തിലെ പെരുംഞാറയും കൊക്കും മീവല്‍ പക്ഷിയും അത് തിരിച്ചറിയുമ്പോള്‍ എന്തേ നമ്മളിങ്ങനെയായി? നാം മടങ്ങിവന്നില്ലെങ്കില്‍ ദൈവം തന്റെ തലമുറയെ എഴുന്നേല്‍പിക്കും. ആകാശമേ കേള്‍ക്ക, ഭൂമിയെ ചെവി തരിക എന്ന് തന്റേടത്തോടെ വിളിച്ചുപറയാന്‍ പാകത്തിന് ബാലിന് മുട്ടുമടങ്ങാത്ത ഒരു ശേഷിപ്പിന ദൈവം അവിടവിടെ കരുതിയിട്ടുണ്ട്. അതുകൊണ്ട് പാനലിന്റെ ശക്തി പ്രകടനമായി മാത്രം നമ്മുടെ കണ്‍വന്‍ഷന്‍ മാറ്റാതെ ഹെബ്രോന്‍ പുരത്തെ അരിഞ്ഞ പുല്‍പ്പുറങ്ങള്‍ ഇനിയും കൃപയുടെ മഞ്ഞിന്‍കണങ്ങള്‍ നുകരട്ടെ. അത് നൂറ് മേനിയായി വിളയട്ടെ. വീശുമുറവുമായ് കളത്തിലിറങ്ങാന്‍ കര്‍ത്താവും കാത്തിരിക്കുന്നു. യഹോവേ… ആണ്ടുകള്‍ കഴിയും മുമ്പേ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ.

റാന്നിയിലെ പായ വിരിക്കാത്ത മണ്‍പുരയിടത്തില്‍നിന്ന് കുമ്പനാട്ടെ നനിറവൈവിധ്യമൊരുക്കിയ ഇരുപ്പിടങ്ങളിലേക്കും, പൊതിച്ചോറില്‍ കൂട്ടായ്മ പങ്കിട്ട പഴയ കാലത്തില്‍നിന്ന് വിഭവസമൃദ്ധമായ വിരുന്നു ശാലയിലേക്ക് 94-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ വളര്‍ന്നു എന്ന് അഭിമാനിക്കുമ്പോഴും അകത്തെവിടെയോ ഒരു ശൂന്യതയുമായി, കാതങ്ങള്‍ താണ്ടിയെത്തുന്ന ദൈവമക്കളെ ഇനി മടക്കിയയ്ക്കരുത്.

ഏഷ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്‍ ഈ നാടിന്റെ ഹൃദയത്തില്‍തന്നെ നിലനില്‍ക്കട്ടെ. നാഥന്റെ വരവ് വരെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.