നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് 2018 കിക്കോഫ് മീറ്റിംഗ് നടന്നു.
പ്രസാദ് തീയാടിക്കൽ – മീഡിയ കോർഡിനേറ്റർ
ഡാളസ്: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭാമന്ദിരത്തിൽ വെച്ച് നടന്നു. 23-ാമത് സമ്മേളനത്തിന്റെ നാഷണൽ പ്രസിഡന്റ് റവ. ജെയിംസ് റിച്ചാർഡിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ആതിഥേയ നഗരമായ ഒക്കലഹോമ സംസ്ഥാനത്തിന്റെ പ്രതിനിധി പാസ്റ്റർ ജോർജ്ജ് സാംകുട്ടി സ്വാഗതപ്രസംഗം നടത്തി. ബ്രദർ തോമസ് ജോർജ്ജ് ( ഡാളസ്) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ജൂലൈ 19-22 വരെ ഒക്കലഹോമയിൽ വെച്ച് നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ പ്രമോഷണൽ മീറ്റിംഗുകളുടെ ആരംഭമായി നടത്തിയ പ്രസ്തുത മീറ്റിംഗിൽ നാഷണൽ- ലോക്കൽ ഭാരവാഹികൾ പങ്കെടുത്തു. കോൺഫ്രൻസിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങൾ നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസും, നാഷണൽ ട്രഷറർ ബ്രദർ ഡേവിഡ് കുരുവിളയും, ലോക്കൽ യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ഡേവിഡ് റിച്ചാർഡും സദസ്സിനു നൽകി. കോൺഫ്രൻസിന്റെ ആദ്യരജിസ്ട്രേഷൻ പാസ്റ്റർ ജോർജ്ജ് സാംകുട്ടിയിൽ നിന്നു നാഷണൽ ഭാരവാഹികൾ ഏറ്റുവാങ്ങി. നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ലാലി സാംകുട്ടി, സിസ്റ്റർ മറിയാമ്മ ഇട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ഒക്കലഹോമ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോബി മാത്യുവിന്റെ നേതൃത്വത്തിൽ വോയ്സ് ഓഫ് ഗോസ്പൽ ടീമിന്റേയും, ബ്രദർ ഡെന്നീസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറിന്റേയും ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ മാറ്റുകൂട്ടി. ലോക്കൽ കോർഡിനേറ്റർ ബ്രദർ ജോസ് ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി.
മനോഹരമായ ഷെറാട്ടൺ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോൺഫ്രൻസ് സെന്ററുമാണു ജൂലൈയിൽ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്.
-Advertisement-