ലേഖനം: ലോത്തും ആധുനിക ലോകത്തെ വിശ്വാസികളും | സുനില്‍കുമാര്‍ പട്ടാഴി

ഉല്പത്തി പുസ്ത്കം പതിനൊന്നാം അദ്ധ്യായത്തിന്‍റെ അവസാന ഭാഗത്താണ് നാം ലോത്തിനെ കണ്ടുമുട്ടുന്നത്.അബ്രഹാമിന്‍റെ സഹോദരനായ ഹാരന്‍റെ മകനാണ് ലോത്ത്.ദൈവശബ്ദം കേട്ട് വാഗ്ദത്തം പ്രാപിക്കുവാന്‍ ഇറങ്ങിത്തിരിച്ച അബ്രഹാമിനെ പിന്നാലെ ലോത്തും പുറപ്പെടുന്നു. മുന്നോട്ടു യാത്രചെയ്യവേ അബ്രഹാമിന്‍റെയും ലോത്തിന്‍റെയും ഇടയന്മാര്‍ തമ്മില്‍ ഉണ്ടായ കലഹത്താല്‍ ഇരുവരും വേര്‍പിരിയാന്‍ തിരുമാനിച്ചു.യാത്രയുടെ ലക്ഷ്യം തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയ ലോത്ത് നല്ല നീരോട്ടമുള്ളതും കണ്ണിനും മണ്ണിനും ഇമ്പമായതും ആയ യോര്‍ദ്ദാനരികെയുള്ള പ്രദേശം തെരഞ്ഞെടുത്തു.അവിടെ കൂടാരം അടിച്ച ലോത്ത് ക്രമേണ കൂടാരം നീക്കി നീക്കി ഒടുവില്‍ ദുഷ്ടന്മാരും ദൈവമുന്‍പാകെ മഹാ പാപികളുമായ സോദോം നിവാസികളുടെ മദ്ധ്യത്തില്‍ സോദോമില്‍ കൂടാരമടിച്ചു താമസമാക്കി.
വിശ്വാസികള്‍ ആയ അനേകരുടെയും ജിവീതത്തില്‍ സംഭവിക്കുന്ന പരാജയമാണ് ഇത്. കര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കി വിശ്വാസ ജീവിതം ആരംഭിച്ചവര്‍, വചന പ്രകാരം ജീവിക്കേണ്ടവര്‍, നിത്യതയില്‍ കര്‍ത്താവിനോടോത്ത് വാഴുക എന്നത് ജീവിത ലക്ഷ്യമാക്കി ഈ ഭൂമിയിലെ ജീവിതം പൂര്‍ത്തിയാക്കി പറന്നു പോകേണ്ടവര്‍ ഈ ലോകത്തിന്‍റെ കോമാളത്വവും മനോഹാരിതയും കണ്ട് ലക്‌ഷ്യം മറന്നു ജഡമോഹത്തിനും, കണ്‍മോഹത്തിനും, ജീവിതപ്രതാപങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുത്ത് നിത്യനാശത്തില്‍ പതിച്ച് അതുവഴി നിത്യനരകത്തില്‍ പതിക്കുന്ന കാഴ്ച എത്രയോ ദയനീയം.
സോദോമില്‍ വെച്ച് യുദ്ധതടവുകാരനായി പോയ ലോത്തിനെ അബ്രഹാം വീണ്ട്എടുത്തിട്ടും ലോത്തിന് സോദോം വിട്ടു പോരാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല തന്‍റെ പെണ്മക്കള്‍ക്ക് അവിടെ നിന്ന് വരന്മാരെ കണ്ടെത്തുക കൂടി ചെയ്തു.സോദോമിലെ പാപം കണ്ട് കണ്ട് ആത്മീയ കാഴ്ചപ്പാട് നഷ്ടപ്പെട്ട ലോത്തിന് ഇപ്പോള്‍ സോദോമ്യരുടെ പാപം പാപമായി തോന്നുന്നില്ല.
ദൈവിക ന്യായവിധിയുടെ കോപാഗ്നിയില്‍ സോദോം വെന്തെരിയും എന്ന് അറിഞ്ഞിട്ടും തിടുക്കത്തില്‍ സോദോം വിട്ടുപോകണം എന്നറിഞ്ഞിട്ടും അവിടം വിട്ടുപോകാന്‍ കഴിയാതെ ലോത്ത് കുഴയുന്നതും വചനത്തില്‍ കാണാം. ഇന്നത്തെ അത്മിയരായ പലരും ലോകത്തിന്‍റെ സുഖങ്ങള്‍ വിട്ടു പോകാന്‍ കഴിയാതെ ലോകമോഹമാകുന്ന ചിലന്തി വലയില്‍ ജീവിതം കുടുങ്ങി പിടഞ്ഞു വീഴുന്നതും നാം കാണുന്നു.
ഒടുവില്‍ ദൂതന്മാര്‍ കൈപിടിച്ച് പുറത്തു കൊണ്ടുവന്നിട്ട് പര്‍വ്വതത്തിലേക്ക്‌ ഓടിപോകാന്‍ കല്പന കൊടുത്തിട്ടും അവരുടെ മുന്‍പാകെ ഒഴിവുകള്‍ പറഞ്ഞ് സോവറിലേക്ക് ഓടിപോകുന്നു. ദൈവകല്‍പ്പനക്ക് മുന്നില്‍ ഒഴിവുകള്‍ പറഞ്ഞ ലോത്തിന് ഈ യാത്രയില്‍ തിരിഞ്ഞു നോക്കരുത് എന്ന കല്‍പ്പന ലംഘിച്ച ഭാര്യയെ നഷ്ടപ്പെട്ടു. ലോകം വേണ്ട ലോകത്തിന്‍ ഇമ്പം വേണ്ട എന്ന് പറഞ്ഞു ഓടുന്ന പല വിശ്വാസികളും നായ് ഛര്‍ദ്ദിയിലേക്ക് തിരിയുന്ന പോലെ ഉപേക്ഷിച്ചതിലേക്ക് മടങ്ങി വരുന്നത് എത്രയോ വേദനാജനകമായ അവസ്ഥയാണ്.ലോത്തിന്‍റെ ഭാര്യ അവര്‍ക്ക് ഒരു മുന്നറിയിപ്പാണ്.പൂര്‍ണ്ണ മനസില്ലാതെ പാപം നിറഞ്ഞ സോദോം വിട്ടു പുറത്തുവന്ന് തലമുറകളുടെ പാപത്തില്‍ പങ്കാളിയാകേണ്ടി വന്നത് വഴി ജീവിത വിശുദ്ധി നഷ്ടപ്പെട്ടുപോയ ലോത്തിനെ വേദപുസ്തകം വിളിക്കുന്നു – വലഞ്ഞുപോയ നീതിമാന്‍. ഈ ലോത്തിന്‍റെ ജീവിതം നമുക്ക് ഒരു മുന്നറിയിപ്പാണ്.
വിശുദ്ധിയും വേര്‍പാടും പാലിച്ച് ഈ ലോകത്തിന് അനുരൂപരാകാതെ ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സാക്ഷികള്‍ ആയി തീരേണ്ട വിശ്വാസികള്‍ ഈ ലോകത്തിന് അനുരൂപരായി ലോകവഴിയില്‍ സഞ്ചരിച്ച് ദൈവിക പ്രമാണമനുസരിക്കുന്നതില്‍ ഒഴിവുകഴിവ് പറഞ്ഞു പുറമേ ഭക്തിയുടെ വേഷം ധരിച്ച് ആത്മാവില്‍ കളങ്കിതരായി ദൈവത്തോട് അകന്നു ജീവിക്കുന്ന അവസ്ഥ എത്രയോ ഭയാനകമാണ്. കാര്യം തീര്‍ക്കുന്ന നാളില്‍ നമ്മുടെ കരം ബലപ്പെട്ടിരിക്കുമോ?,അതോ നമുക്ക് തല കുനിക്കേണ്ടി വരുമോ?,നമ്മുടെ ജീവിതത്തെ ശോധന ചെയ്യാം.
ഈ ലോകത്തില്‍ നമ്മുടെ ആയുസ്സ് എഴുപത് ഏറിയാല്‍ എണ്‍പത്. ദൈവം ദാനമായി തന്ന ആയുസില്‍ ദൈവത്തെ അറിഞ്ഞ് ദൈവവചനം അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നത്‌ ദൈവത്തിന്‍റെ അളവറ്റ കൃപയാണ്.വിശ്വാസ ജിവിത യാത്രയില്‍ വിശ്വാസ പടകു തകരാതെ മുറുകെ പറ്റുന്ന പാപത്തെ കുടഞ്ഞു കളഞ്ഞു ദൈവ ശബ്ദത്തിനു ചെവിയോര്‍ത്ത്‌ ദൈവഹിത പ്രകാരം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തി മുന്നേറാം.അതിനു സര്‍വ്വശക്തനായ ദൈവം നമ്മില്‍ കൃപ പകരട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.