ലേഖനം: കൂടാരത്തെ വിട്ടുപിരിയാതിരുന്ന യോശുവയും യഹോവയുടെ സൈന്യത്തിന്റെ അധിപതിയും | ബിജി ഫിലിപ്പ്

യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
മുമ്പിൽ ഉയർന്നു നിൽക്കുന്ന പ്രതികൂലങ്ങളുടെ മധ്യത്തിൽ വെളിപ്പെടുന്ന ദൈവീക ഇടപെടലുകളെ നമുക്ക് തിരിച്ചറിയുവാൻ കഴിയുന്നുണ്ടോ? ഇത് വരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത രീതിയിൽ കർത്താവു ഇടപെടുമ്പോൾ അത് അംഗീകരിക്കുവാൻ നമ്മുടെ മാനുഷീക ബുദ്ധിക്കു കഴിയുന്നുണ്ടോ? തന്നെപോലെ തന്നെ യുദ്ധസന്നദ്ധനായി കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു നിൽക്കുന്ന കർത്താവിനെ യോശുവ യെരീഹോവിൻറെ മുമ്പിൽ പ്രതീക്ഷിച്ചു കാണുകയില്ല. നാം ഭാവിയിൽ എന്ത് നേരിടുവാൻ പോകുന്നുവോ അതിൻറെ നടുവിൽ ജയം സാധ്യമാക്കുന്ന രീതിയിൽ ദൈവത്തിനു നമ്മെ രൂപപ്പെടുത്തിയെടുക്കുവാൻ കഴിയും. മത്തായിയുടെ സുവിശേഷത്തിൽ യേശു ശിഷ്യന്മാരോട്പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിക്കുന്നു.
കാറ്റു പ്രതികൂലമാകകൊണ്ടു അവർ തിരകളാൽ വലഞ്ഞു. രാത്രിയിലെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു. കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പത്രൊസ് പറഞ്ഞു. വരിക” എന്നു അവൻ പറഞ്ഞു. യോശുവയെപ്പോലെ, ശിഷ്യന്മാരെപ്പോലെ, അലറി അടുക്കുന്ന വിഷയങ്ങളുടെ നടുവിൽ നമുക്ക് കർത്താവിനെ തിരിച്ചറിയുവാൻ കഴിയുന്നുണ്ടോ? അവിടുത്തെ സാനിധ്യവും ശക്തിയും രുചിച്ചറിയുവാൻ കൃപ ലഭിക്കുന്നുണ്ടോ? അടുത്ത നിമിഷങ്ങളിൽ നമുക്കായി ചെയ്യുവാൻ പോകുന്ന അത്ഭുതങ്ങളെ ഏറ്റെടുക്കുവാൻ നമുക്ക് പ്രാപ്തിയുണ്ടോ?

ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാരുടെ നടുവിൽ പ്രെത്യേക്ഷപ്പെട്ടപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോടു ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞപ്പോൾ ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. തൻറെ ഉയർത്തെഴുന്നേൽപ്പ് വിശ്വസിക്കാത്ത തോമസിന് തൻറെ മുറിവുകളിൽ തൊട്ടു വിശ്വസിക്കാൻ യേശു അവസരം നൽകുകയായിരുന്നു. ക്രൂശിൽ ചോരയൊഴുക്കി മരിച്ചു അടക്കപ്പെട്ടവൻ ഉയർത്തെഴുന്നേൽക്കുമെന്നും തൻറെ ശിഷ്യന്മാർക്കായി അടച്ചിട്ട മുറിക്കുള്ളിൽ പ്രേത്യേക്ഷനാകുമെന്നു വിശ്വസിക്കുവാനും അവൻറെ ചിന്തകൾ അവനെ അനുവദിച്ചില്ല. നമ്മുടെ പ്രതികൂല സാഹചര്യങ്ങളിൽ ദൈവം വെളിപ്പെടുന്ന വിധങ്ങളെയും അവിടുത്തെ ഇടപെടലുകളെയും നമുക്ക് വിശ്വസിക്കാൻ കഴിയണം

നമ്മിൽ വെളിപ്പെടേണ്ട ശിസ്രൂഷകൾക്കായി, അഭിഷേകത്തിനായി, സൗഖ്യത്തിനായ്, വിടുതലുകൾക്കായ് യോശുവയെപ്പോലെ ദൈവത്തെ നാം നമ്മുടെ പക്ഷത്തേക്ക് കൊണ്ടുവരുകയല്ല, ഇന്ന് എല്ലാവരും അതാണല്ലോ ചെയ്യുന്നത്, എനിക്ക് വേണ്ടത് ദൈവം ചെയ്ത് തന്നെ മതിയാകൂ എന്ന് നാം നിർബന്ധം കാണിക്കുന്നു. ഭൗതീകവിഷയങ്ങളിലും ആത്മീയവിഷയങ്ങളിലും നമ്മെ അനുഗ്രഹിച്ച മതിയാകു എന്ന് നാം ദൈവത്തോട് വാശി പിടിക്കുന്നവരാകുന്നു. എന്നാൽ ഇവിടെ യോശുവയോട് ദൈവം പറയുന്നു, നീ അനുഗ്രഹിക്കപ്പെടുവാൻ, നീ ജയം പ്രാപിക്കുവാൻ ഞാൻ നിൻറെ പക്ഷം ചേരുകയല്ല, നീ എൻറെ പക്ഷത്തേക്ക് മാറി നിൽക്കെയാണ് വേണ്ടത്. എൻറെ സാന്നിധ്യത്തിലേക്കും ശക്തിയിലേക്കും ആലോചനയിലേക്കും വെളിപ്പാടിലേക്കും നീ ഉയരുകയാണ് വേണ്ടത്. മോശയെ ദൈവം തൻറെ ജനത്തെ പുറപ്പെടുവിക്കുവാൻ മിസ്രയിമിലേക്കു അയക്കുന്നതിനു മുന്നമേ ഹോരേബ് പർവതത്തിൽ വെച്ച് തൻറെ സാന്നിധ്യത്താലും ശക്തിയാലും നിറച്ചു. അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യെഹോവ ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്ന ശബ്ദത്തോടെ കത്തുന്ന മുൾപ്പടർപ്പിന്റെ നടുവിൽ ഇറങ്ങി വന്നു അവനോടു ഇടപെട്ടു. മോശയുടെ കൈക്കു വെള്ളം ഒഴിച്ച് കൊടുത്ത യോശുവയോടു ദൈവം ആ നിലയിൽ ഇടപെടുന്നത് കാണുവാൻ കഴിയുന്നില്ല. എന്നാൽ മോശയുടെ സഹയാത്രികരായ അഹരോനോ, ഹൂരിനോ ഒന്നും അവകാശപ്പെടാൻ കഴിയാത്ത ഒരു പ്രിത്യേകത യോശുവായിൽ നമുക്ക് കാണുവാൻ കഴിയുന്നു. മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു. മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു. മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു. ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു നമസ്കരിച്ചു. ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു. മോശ ഒഴികെയുള്ളവർ എല്ലാം പൊയ്ക്കഴിഞ്ഞാലും ദൈവസാനിധ്യം അനുഭവിക്കുന്നതിലും അതിൽ തന്നെ തുടരുന്നതിലുമുള്ള അവൻറെ താല്പര്യത്തെ ദൈവവും ശ്രദ്ധിക്കാതിരുന്നിട്ടുണ്ടാവില്ല.
യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. എന്നാൽ യെഹോവ യോശുവയോടു കല്പിച്ചതു ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന ഉറപ്പാണ്.
ദൈവ സാനിദ്ധ്യം അനുഭവിച്ചു അവിടുത്തെ നിയോഗങ്ങൾ തിരിച്ചറിഞ്ഞ യോശുവ ഉത്തരവാദിത്തത്തോടെ അതികാലത്തേ എഴുന്നേറ്റു; ദൈവം നമ്മെ ഏല്പിക്കുന്ന ശിസ്രൂഷകളിൽ ഉദാസീനത കാണിക്കുന്നവരാകരുത്. കർത്താവിൻറെ കൃപയിൽ ആശ്രയിച്ചു ഉത്തരവാദിത്തത്തോടെ അത് നിർവഹിക്കുവാൻ നമുക്ക് കഴിയണം. പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു അവർ പട്ടണത്തെ ഒരു പ്രാവശ്യം വെച്ച് ആറു ദിവസം ചുറ്റി നടന്നു. ഏഴാം ദിവസമോ അവർ അതികാലത്തു എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി. ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു. അഭിഷക്തനായ യോശുവ ദിവസവും വ്യെക്തമായി ദൈവത്തോട് അരുളപ്പാടു ചോദിച്ചിരുന്നു. ആറു ദിവസവും ഓരോ പ്രാവിശ്യം നടക്കുവാൻ ആലോചന ലഭിച്ചവൻ അതുകൊണ്ടാണ് ഏഴാം ദിവസം ഒരു പ്രാവിശ്യം മാത്രമല്ല ഏഴു പ്രാവിശ്യം ചുറ്റണമെന്ന ദൂത് ഏറ്റെടുക്കുന്നത്. ദൈവത്തിൻറെ നിയോഗങ്ങളെയും ആലോചനകളെയും അക്ഷരം പ്രതി അനുസരിക്കുന്നവരുടെ മുമ്പിലാണ് പ്രതികൂലമായി ഉയർന്നു നിൽക്കുന്ന മതിലുകൾ വീഴുന്നത്. വെറുതെ നടന്നാൽ ഒരു പട്ടണമതിൽ വീഴുമോ? നമ്മുടെ ബുദ്ധിക്കു അത് അംഗീകരിക്കുവാൻ കഴിയുമോ? ആറു പ്രാവിശ്യം ഒരു തവണയും ഏഴാം പ്രാവിശ്യം ഏഴു തവണയും ദൈവം കല്പിച്ചതെന്തിന്? ആറു ദിവസം മൗനമായി നടന്നു ഏഴാം ദിവസം അർപ്പിടുന്നതുകൊണ്ട് എങ്ങനെ മതിൽ വീഴും? ദൈവത്തിൻറെ അരുളപ്പാടുകളുടെ മുമ്പിൽ യോശുവക്കു ഇവിടെ ഒരു ചോദ്യവും ഇല്ല. അവിടുന്ന് നടക്കുവാൻ പറഞ്ഞാൽ നടക്കും, മൗനമാകാൻ പറഞ്ഞാൽ അങ്ങനെ, അതല്ല ശബ്ദമുയർത്തുവാൻ പറഞ്ഞാൽ അങ്ങനെ, ദൈവം പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കാൻ അവൻ സന്നദ്ധനായിരുന്നു. മനുഷ്യർ എന്ത് പറയുമെന്നും, കൂടെയുള്ള ജനം എന്ത് ചിന്തിക്കുമെന്നും അവനു വിഷയമല്ല. ദൈവമാണ് സംസാരിച്ചതെങ്കിൽ അത് അനുസരിക്കുക. നോഹയെപ്പോലെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു മഴക്കായി, വെള്ളപ്പൊക്കത്തിനായി ദൈവത്തിൻറെ അളവുകളിൽ ഉള്ള ഒരു പെട്ടകം പണിയുക. യോശുവായിൽ നിന്ന് നമുക്കും പഠിക്കാനുണ്ട്, ദൈവം അരുളിച്ചെയ്താൽ വൈദ്യ ശാസ്ത്ര റിപ്പോർട്ടുകളിൽ വിശ്വസിക്കരുത്, ലോകത്തിൻറെ ചിന്തകളോടും ആലോചനകളോടും അനുരൂപപ്പെടരുത്. മാനുഷീക ബുദ്ധിക്കു ചിന്തിക്കാൻ കഴിയാത്ത, അംഗീകരിക്കാൻ കഴിയാത്തതു ദൈവം ചിലപ്പോൾ തൻറെ അഭിഷക്തർക്കായി ചെയ്യും. നമുക്കും വിശ്വസിക്കാം, യോശുവയെപ്പോലെ ദൈവസാനിധ്യം അനുഭവിക്കാം, ദൈവീക അരുളപ്പാടുകളോടും കല്പനകളോടും മടി കൂടാതെ വിശ്വാസത്തോടെ പ്രതികരിക്കാം, അഭിഷേകത്തിൻറെയും അത്ഭുതങ്ങളുടെയും പുതുവഴികളിലേക്ക് ചുവടുകൾ ചലിപ്പിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.