ലേഖനം:അഭിഷേകം കളഞ്ഞുകുളിക്കരുതേ | സാജു ജോൺ മാത്യു

ഒരിക്കല്‍ അഭിഷിക്തനായിരുന്നവരില്‍ പിന്നീട് ദുരാത്മാവ് കയറുകയില്ലെന്നില്ല. അഭിഷേകം കളഞ്ഞുകുളിച്ചാല്‍ ദൈവം അതും അനുവദിച്ചുകൂടായ്കയില്ല!

വായനഭാഗം: 1 ശമൂവേല്‍ 31: 1-13

”ഇങ്ങനെ ശൗലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ ഒക്കെയും അന്ന് ഒന്നിച്ചു മരിച്ചു” (1 ശമൂ. 31: 6).

മലയാളത്തില്‍ ‘ആരംഭശൂരത്വം’ എന്നൊരു വാക്കുണ്ട്. ആരംഭം ഗംഭീരമായിരിക്കും. എന്നാല്‍, മുന്‍പോട്ടു പോകുംതോറും കിതയ്ക്കും; ഒടുവില്‍ അകാലത്തില്‍ പൊലിയും… ഒടുവില്‍ കണ്ടുനില്‍ക്കുന്നവര്‍ തന്നെ മൂക്കത്തുവിരല്‍വെച്ചു ചോദിക്കും: ‘ഇയാളെന്തിനാണ് തുടക്കത്തില്‍ ഈ ബഹളമൊക്കെ കാണിച്ചത്? ഇങ്ങനെ തകരുവാനായിരുന്നോ’?

ആത്മീയതയിലും ഇങ്ങനെ ആരംഭശൂരത്വം കാണിക്കുന്നവരുണ്ട്. വലിയ ബഹളത്തോടെയായിരിക്കും തുടക്കം…എന്നാല്‍, ആഴ്ചകള്‍ക്കൊണ്ടു ബഹളമൊക്കെ തീരും. മലയാളത്തില്‍ ഇത്തരത്തില്‍ ‘ബഹളമാനസാന്തരം’ കാണിക്കുന്നവരെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന ഒരു ശൈലിയുണ്ട്: ”മുറ്റിയ മാനസാന്തരം മൂന്നുമാസം!”.

എല്ലാ മാനസാന്തരവും അങ്ങനെയാണെന്നല്ല. എന്നാല്‍, ചില മാനസാന്തരങ്ങളെങ്കിലും അങ്ങനെയാകുമ്പോള്‍ നാം അതിനെപ്പറ്റി ബോധ‍്യവും ആശങ്കയും ഉള്ളവരായിരിക്കണം!

വിതക്കാരന്റെ ഉപമയില്‍, പാറപ്പുറത്ത് ഇളകിക്കിടക്കുന്ന മണ്ണില്‍ വീണവിത്ത് (മത്താ. 13: 5,20) പെട്ടെന്നു മുളച്ച് ക്ഷണത്തില്‍ ഉണങ്ങിപ്പോകുന്നതുപോലെയോ, ഗോപുരം പണിക്കാരന്റെ ഉപമയില്‍ ഗോപുരം പണിയാന്‍ അടിസ്ഥാനം ഇട്ടിട്ട് തീര്‍ക്കാന്‍ വകയില്ലാത്ത പണിക്കാരന്റെയോ ഒക്കെ അവസ്ഥയാണു പലര്‍ക്കും (ലൂക്കൊ.14: 28-35).

ഇങ്ങനെയുള്ളവരുടെ ജീവിതത്തുടക്കം പ്രത‍്യേകിച്ച് യൗവനത്തിലെ ജാഗ്രതയും ആവേശവും കണ്ടാല്‍ അവര്‍ ലോകത്തെ കീഴ്മേല്‍ മറിക്കും എന്നു നമുക്കു തോന്നിപ്പോകും. എത്ര വലിയ ലക്ഷ‍്യവും കീഴടക്കാന്‍ തങ്ങള്‍ പ്രാപ്തര്‍ എന്ന സന്ദേശമാണ് അവര്‍ ലോകത്തിനു നല്‍കുന്നത്. അവരെക്കണ്ട് ആരും പറഞ്ഞുപോകും: ”തീര്‍ച്ചയായും അവന്‍ അതു നിര്‍വഹിക്കും…”

എന്നാല്‍, കുറേക്കഴിയുമ്പോള്‍ ആ വ‍്യക്തി കാര‍്യനിര്‍വഹണത്തില്‍ ഉദാസീനനാകുന്നതു നാം കാണുന്നു. അപ്പോള്‍ നാം പറയുന്നത്, ”പരിശ്രമിച്ചാല്‍ അവനതു നിര്‍വഹിക്കാനുള്ള കഴിവുണ്ട്”  എന്നാണ്.

വീണ്ടും അയാള്‍ ഉദാസീനത തുടര്‍ന്നാല്‍, അയാളുടെ കാര‍്യത്തില്‍ ക്രമേണ നാം ഉദാസീനതയിലേക്കു വീഴുന്നു. അപ്പോള്‍ നാം പറയും: ”അതു നിര്‍വഹിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു”

ഒടുവില്‍ അയാള്‍ നമ്മുടെ പ്രതീക്ഷയെല്ലാം നഷ്ടപ്പെടുത്തി പരാജയപ്പെടുമ്പോള്‍ നാം പറയും: ”എത്ര കഷ്ടം! അതു നിര്‍വഹിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു”

എത്രയോ വിശ്വാസികളുടെ ജീവിതത്തെ നോക്കി നമുക്ക് ഇതുപോലെ പറഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്! വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കം; പിന്നെ താഴേക്കുള്ള പതനം; തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒടുക്കം.

എന്തുകൊണ്ട് പലരുടെയും ജീവിതം ഇങ്ങനെ ഉയര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു നിപതിക്കുന്നു?

കാരണം പലതുണ്ടാകാം. എന്നാല്‍, ഞാന്‍ കാണുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്: ഒന്ന്, തങ്ങളെ ദൈവം എന്തിനായി വിളിച്ചിരിക്കുന്നു എന്ന ബോധ‍്യത്തിലല്ല അവര്‍ ജീവിക്കുന്നത് തങ്ങളുടെമേലുള്ള ദൈവവിളിയെപ്പറ്റിയുള്ള നിശ്ചയമില്ലായ്മ എന്നു വേണമെങ്കില്‍ പറയാം. രണ്ടാമത്തെ കാരണം, തങ്ങളുടെ ഉയര്‍ച്ചയില്‍ സ്വയശോധന നടത്തി ദൈവികശിക്ഷണത്തിനു അവര്‍ തങ്ങളെത്തന്നെ വിധേയപ്പെടുത്തുന്നില്ല!

പൗലൊസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്… മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍തന്നെ കൊള്ളരുതാത്തവനായിപ്പോകേണ്ടതിനു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്” (1 കൊരി. 9: 26,27).

ഇക്കാര‍്യത്തില്‍ പൗലൊസ് നമുക്കു പിന്‍തുടരാന്‍ കൊള്ളാവുന്ന ഒരു മാതൃകയാണ്. പൗലൊസിന്റെ യെഹൂദനാമം ശൗല്‍ എന്നായിരുന്നുവെന്നും നമുക്കറിയാം. ഇക്കാര‍്യത്തില്‍ ഒരിക്കലും പിന്‍തുടരാന്‍ കൊള്ളാത്ത ഒരു മാതൃക ആരെന്നുചോദിച്ചാല്‍ അതും ഒരു ‘ശൗല്‍’ ആയിരുന്നു യിസ്രായേലിന്റെ ആദ‍്യരാജാവായിരുന്നു ശൗല്‍! ശൗലിന്റെ പതനത്തിന്റെ അന്ത‍്യമാണു നമ്മുടെ വേദഭാഗത്തു നാം കാണുന്നത്!

ഫെലിസ്ത‍്യരും ശൗലുമായുള്ള അന്തിമയുദ്ധം! ശൗലിന്റെ പുത്രന്മാരായ യോനാഥാന്‍, അബീനാദാബ്, മെല്‍ക്കിശൂവ എന്നിവരെ ഫെലിസ്ത‍്യര്‍ കൊന്നു (വാ. 1,2). കൊല്ലപ്പെടുമെന്നു തീര്‍ച്ചയായപ്പോള്‍, സ്വന്തം വാള്‍പിടിച്ച് അതില്‍വീണ് ശൗല്‍ ആത്മഹത‍്യചെയ്തു (വാ. 4). അതുകൊണ്ടു പതനം തീര്‍ന്നില്ല. പിറ്റേന്നാള്‍ ഫെലിസ്ത‍്യര്‍ വന്ന് അവന്റെ തലവെട്ടി, ആയുധവര്‍ഗം അഴിച്ചെടുത്ത് അവരുടെ ദേവിയുടെ ക്ഷേത്രത്തില്‍ വെച്ചു; ഉടലെടുത്ത് ബത്ത്ശാന്‍ കുന്നിന്റെ ചുവരില്‍ തൂക്കി. ഒരു വ‍്യക്തിയുടെ പ്രത‍്യേകിച്ച് രാജാവിന്റെ ശവത്തിന്റെ തലവെട്ടുന്നത് അയാളെ കൂടുതല്‍ അപമാനിക്കാന്‍ വേണ്ടിയാണ്. തലവെട്ടിയ കബന്ധം ചുവരില്‍ തൂക്കുന്നതും കൂടുതല്‍ അപമാനിക്കാന്‍ തന്നെ… ഇങ്ങനെ അപമാനിതമായ ഒരു അന്ത‍്യമായിരുന്നോ ശൗലിനു ലഭിക്കേണ്ടിയിരുന്നത്?

ഹോ! ശൗലിന്റെ തുടക്കം എത്ര മഹനീയമായിരുന്നു! യിസ്രായേലില്‍ അക്കാലത്തെ ഏറ്റവും സൗന്ദര‍്യമുള്ള വ‍്യക്തിയായിരുന്നു ശൗല്‍ (1 ശമൂ. 9:2). തന്റെ അപ്പന്റെ കാണാതായ കഴുതകളെ തിരക്കിയിറങ്ങിയ ആ കോമള യുവാവ് ഒരിക്കല്‍ യിസ്രായേലിന്റെ രാജാവാകുമെന്നു മറ്റുള്ളവരോ, അയാള്‍ തന്നെയോ ഒരിക്കലും ചിന്തിച്ചിരുന്നില്ല!

ശമൂവേല്‍ പ്രവാചകന്‍ ശൗലിനെ കണ്ട ആദ‍്യകാഴ്ചയില്‍ത്തന്നെ അവന്റെമേല്‍ ദൈവത്തിനുള്ള അഭിഷേകം തിരിച്ചറിഞ്ഞു. അവന്‍ ആരായിത്തീരാനുള്ളവനാണ് അവന്റെമേലുള്ള ദൈവവിളി ദൈവം പ്രവാചകനു വെളിപ്പെടുത്തിക്കൊടുത്തു. അവന്‍ അങ്ങനെ ആയിത്തീരുകയില്ല എന്നതു ദൈവത്തിനു തന്റെ ത്രികാലജ്ഞാനത്തില്‍ അറിയാമായിരുന്നെങ്കിലും ദൈവം അതു പ്രവാചകനു വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല…

ദൈവം അതു വെളിപ്പെടുത്തുകയില്ല എന്നാണ് എന്റെ ചിന്ത. അതൊക്കെ ദൈവത്തിന്റെ ദൈവികതയിലെ മര്‍മങ്ങള്‍! അയാള്‍ ഈ കലം താഴെയിട്ട് ഉടച്ചുകളയും എന്നറിഞ്ഞിട്ടും സ്നേഹപൂര്‍വം ഈ കലം തലയില്‍ കയറ്റിവെച്ചുകൊടുക്കാന്‍ ദൈവത്തിനല്ലേ കഴിയൂ… ഒരിക്കല്‍ തന്നെ മുപ്പതു വെള്ളിക്കാശിനു യൂദാ ഒറ്റിക്കൊടുക്കുമെന്ന് അറിയാമായിരുന്നിട്ടുകൂടി യൂദയ്ക്കു ശിഷ‍്യത്വപദവി നല്‍കാനും അവസാനംവരെ സ്നേഹിക്കാനും ഒടുവില്‍ സ്നേഹപ്രദര്‍ശനമായി അപ്പക്കഷണം ചാറില്‍ മുക്കി കഴിപ്പിക്കാനും യേശുവിനല്ലേ കഴിയൂ. അല്ലെങ്കില്‍ യേശുവിന്റെ അതേ മനസ്സുള്ളവര്‍ക്ക്!

ഒരിക്കല്‍ വഞ്ചിച്ചവനെയും സ്നേഹിക്കാന്‍ ശിഷ‍്യനു കഴിഞ്ഞെന്നിരിക്കും. എന്നാല്‍, ഒരിക്കല്‍ വഞ്ചിക്കും എന്നറിയാവുന്നവനെ ഭാവഭേദം കൂടാതെ കൈക്കൊള്ളാന്‍ ശിഷ‍്യനും പ്രയാസമായിരിക്കും… അതിനാല്‍ ”നാളെ ഇവന്‍ എന്നെ വഞ്ചിക്കും” എന്ന സത‍്യം ദൈവം പ്രവാചകനുപോലും വെളിപ്പെടുത്തിക്കൊടുക്കാനിടയില്ല.

ഒരു അഭിഷിക്തനു മറ്റൊരാളുടെമേല്‍ ഇപ്പോഴുള്ള അഭിഷേകം തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, നാളെ അവനതു കളഞ്ഞുകുളിക്കുമോ എന്നതു ദൈവം മാത്രം അറിയുന്ന കാര‍്യം! അതിനാല്‍ ഇന്നു തിളങ്ങിനില്‍ക്കുന്ന ആരെപ്പറ്റിയും അയാള്‍ നിലനില്‍ക്കുമെന്നോ നിലംപതിക്കുമെന്നോ ഒരു പ്രവാചകനുപോലും പ്രവചിക്കാന്‍ കഴിയില്ല… അതിനാല്‍ തന്റെ മേലുള്ള അഭിഷേകം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അഭിഷിക്തന്റെയും ഉത്തരവാദിത്വം!

ശൗലിന്റെ ശുശ്രൂഷാത്തുടക്കം ശ്രദ്ധിക്കുക: ശൗലിന്റെമേലുള്ള ദൈവാഭിഷേകം കണ്ടറിഞ്ഞ ശമൂവേല്‍ തൈലപ്പാത്രമെടുത്ത് അവന്റെ തലയിലൊഴിച്ച് അവനെ ചുംബിച്ചു (1 ശമൂ. 10:1). യഹോവയുടെ ആത്മാവ്  ശക്തിയോടെ അവന്റെമേല്‍ വരുമെന്ന് ശമൂവേല്‍ പ്രവിച്ചു; അങ്ങനെ സംഭവിച്ചു! ശൗലും ‘പ്രവാചകഗണ’ത്തില്‍പ്പെടുകയും ചെയ്തു (1ശമൂ. 10:6-24).

ആത്മനിവേശിതനായ ശൗലിനു വിജയങ്ങളുടെ മേല്‍ വിജയമായിരുന്നു പിന്നീട്. അന്നത്തെ ശക്തരായ അമോന‍്യരെ അതികഠിനമായി തോല്‍പിച്ചുകൊണ്ടായിരുന്നു ശൗല്‍ ‘തേരോട്ടം’ തുടങ്ങിയത് (1 ശമൂ. 11: 1-11). എന്നാല്‍ അതൊരിക്കലും അവന്റെ ശക്തിയായിരുന്നില്ല എന്നു നമുക്കറിയാം. ഒന്നാമത്, അന്നു വയലില്‍ നിന്നു കന്നുകാലികളെയും കൊണ്ടുവരുന്ന സാധാരണക്കാരന്റെ മേല്‍ (11:5). ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ വന്നതാണ് (11:6) കാര‍്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞത്. അപ്പോഴും ശൗല്‍ സ്വന്തംപേരു മാത്രം ഉപയോഗിച്ചല്ല, ശമൂവേലിന്റെ പേരുകൂടെ ഉപയോഗിച്ചാണ് (”ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടു വരാതിരുന്നാല്‍” (11:7) ജനത്തെ യുദ്ധത്തിന് ആഹ്വാനംചെയ്യുന്നത്. അപ്പോഴും മൂന്നുലക്ഷത്തിമുപ്പതിനായിരംപേര്‍ ‘ഏകമനസ്സോടെ’ യുദ്ധത്തിനു പുറപ്പെട്ടത് യഹോവയുടെ ഭീതി ജനത്തിന്റെമേല്‍ വീണതുകൊണ്ടാണ് (11: 7,8).

ശൗലും അതു മനസിലാക്കി എന്നാണ് എന്റെ ചിന്ത. ”ഇതു യഹോവ യിസ്രായേലിനു രക്ഷവരുത്തിയതാണ്” എന്നു ശൗലും പറയുന്നുണ്ട് (11: 13).

മിക്ക നേതാക്കളുടെയും തുടക്കം അങ്ങനെയൊക്കെയാണ്. ”എല്ലാം ദൈവകൃപ” എന്ന് അവര്‍ ആദ‍്യം ഏറ്റുപറയും പിന്നീടാണ് അവര്‍ ‘സ്വയ’ത്തിനു കാഹളമൂതിക്കുന്നത്!

ശൗലും അതുതന്നെ ചെയ്തു. അമോന‍്യരുടെ യുദ്ധത്തില്‍ അവന്‍ യഹോവയ്ക്കു മഹത്ത്വം കൊടുത്തെങ്കില്‍ പിന്നീടു നടന്ന ഫെലിസ്ത‍്യ യുദ്ധത്തില്‍ മകന്‍ യോനാഥാന്റെ വിജയത്തെ ദേശത്തെല്ലായിടത്തും കാഹളമൂതി വിളംബരം ചെയ്തു (13: 3).

ഇതുതന്നെയല്ലേ പല ശുശ്രൂഷകരും ചെയ്യുന്നത്? ആദ‍്യമൊക്കെ ”ദൈവം പ്രാര്‍ഥന കേട്ടു”. പിന്നെ പറയുന്നത് ”ദൈവം എന്റെ പ്രാര്‍ഥന കേട്ടു”. പിന്നെ പറയുന്നത് ”ഞാന്‍ കൈതൊട്ടപ്പോള്‍ അത്ഭുതം നടന്നു…” എന്നൊക്കെയാകും! ടെലിവിഷനിലും ക്രൂസേഡുകളിലും മറ്റും ”സാക്ഷ‍്യത്തൊഴിലാളികളെ” കൊണ്ടുവന്ന് ”ദൈവദാസന്‍ എന്റെ തലയില്‍ സ്പര്‍ശിച്ചപ്പോള്‍ എന്റെ വയറ്റുവേദന മാറി” എന്നൊക്കെ മൈക്കിലൂടെ വിളിച്ചുപറയിക്കുന്നത് ശൗലിന്റെ കാഹളമൂതിക്കല്‍ അല്ലാതെ മറ്റെന്താണ്? ഒരു കാര‍്യം ഓര്‍ത്തോളൂ… അന്നു മുതലാണു ശൗലിന്റെ പതനം തുടങ്ങുന്നത്! ദൈവത്തിനു ചെല്ലേണ്ട മഹത്ത്വം സ്വയം ഏറ്റെടുക്കുന്ന ഏതു ശുശ്രൂഷകനും, ഏതു വ‍്യക്തിയും നാശത്തിലേക്കു നിപതിച്ചു തുടങ്ങി എന്നതിനു സംശയം വേണ്ട!

ഫെലിസ്ത‍്യവിജയത്തില്‍ ശൗല്‍ കാഹളമൂതിച്ചെങ്കില്‍ അമാലേക‍്യരുടെമേലുള്ള വിജയം ശൗല്‍ ആഘോഷിച്ചത് കര്‍മേലില്‍ ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചുകൊണ്ടാണ്. കാഹളമൂത്ത് പെട്ടെന്നു മറന്നാലോ, ജ്ഞാപകസ്തംഭം തലമുറകള്‍ വായിക്കുമല്ലോ എന്നു ശൗല്‍ ചിന്തിച്ചുകാണണം. പേരുണ്ടാക്കാനും പേരു നിലനിര്‍ത്താനും സംഭാവനകൊടുക്കുന്നതു മുതല്‍ കസേര കളിക്കുന്നതും കല്ലിടുന്നതും എല്ലാം പതനത്തിലേക്കു തുറന്ന വാതിലുകളാണ്.

”ശൗല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ‍്യര്‍, അമ്മോന‍്യര്‍, ഏദോമ‍്യര്‍, സോബാരാജാക്കന്മാര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതികളോടും യുദ്ധംചെയ്തു. അവന്‍ ചെന്നിടത്തൊക്കെയും ജയം പ്രാപിച്ചു. അവന്‍ ശൗര‍്യം പ്രവര്‍ത്തിച്ച് അമാലേക‍്യരെ ജയിച്ചു” (14: 47,48).

ഈ  വിജയങ്ങളാണോ ശൗലിനെ ആത‍്യന്തിക പരാജയത്തിലേക്കു നയിച്ചത്?

അല്ലെന്നു പറയാനാവില്ല. ഒരു ദൈവഭൃത‍്യന്‍ കൂടുതല്‍ ഭയപ്പെടേണ്ടത് അവന്റെ വിജയങ്ങളെയാണ്; അല്ലാതെ പരാജയങ്ങളെയല്ല! അമോന‍്യരുടെമേല്‍ ജയംപ്രാപിച്ച ശൗല്‍, ഫെലിസ്ത‍്യരോട് യോനാഥാന്‍ കൂടെ പൊരുതി ജയിച്ചതു കണ്ടപ്പോള്‍ ഇനി എല്ലാം തനിയെ ചെയ്തുകളയാം എന്നു ചിന്തിച്ചു. ശമൂവേലിന്റെ അഭാവത്തില്‍ സ്വയം കയറി സമാധാനയാഗവും ഹോമയാഗവും കഴിച്ചു (13: 8,9). ഫെലിസ്ത‍്യപട്ടാളം വരുന്നു; താന്‍ പെട്ടെന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ എല്ലാം തകര്‍ന്നുപോകും എന്ന ചിന്ത(13: 12)യിലാണു ലേവിഗോത്രക്കാര്‍ മാത്രം നടത്തേണ്ട യാഗങ്ങള്‍ ബെന‍്യാമീന്‍ ഗോത്രക്കാരനായ ശൗല്‍ ഏറ്റെടുത്തു നടത്തിയത്! ”താന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എല്ലാം തകരും” എന്ന ചിന്ത ഒരു നേതാവിന്റെ പതനമാണ്. ”ദൈവം പ്രവര്‍ത്തിക്കും” എന്ന തിരിച്ചറിവില്‍ സമാധാനത്തോടെയിരിക്കാന്‍ ദൈവഭൃത‍്യന്‍ പഠിക്കണം.

അമാലേക‍്യരുമായുള്ള യുദ്ധത്തില്‍ വലിയ കൊള്ള കിട്ടിയപ്പോള്‍ അമാലേക‍്യര്‍ക്കുള്ളതൊന്നും എടുക്കാതെ അവരെ നിര്‍മൂലമാക്കിക്കളയണം എന്ന ദൈവകല്പന ശൗല്‍ മറന്നുകളഞ്ഞു (15: 3,9). ലോകത്തിന്റെ പണം കൈയില്‍ വന്നുവീഴുമ്പോള്‍ നിര്‍മൂലമാക്കിക്കളയാനുള്ള കല്പന പലപ്പോഴും നാം മറന്നുപോകുന്നു! ദാരിദ്ര‍്യത്തിലിരിക്കുമ്പോഴല്ല, സമ്പന്നതയിലെത്തുമ്പോഴാണ് ഒരാള്‍ കൂടുതല്‍ പാപംചെയ്യുന്നത് എന്നത് ഒരു ചരിത്ര യാഥാര്‍ഥ‍്യമാണ്.

ദൈവം തിരഞ്ഞെടുത്ത ശൗലിനെ ദൈവം തന്നെ തള്ളിക്കളയുന്നതാണ് അടുത്തതായി നാം കാണുന്നത് (16:1). അഭിഷേകം കുഴിച്ചിട്ട മൈല്‍ക്കുറ്റിയാണെന്നും, അതു നീങ്ങിപ്പോകുകയില്ലെന്നും ആരും ചിന്തിക്കേണ്ട. ”എന്നാല്‍ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അനുവദിച്ചിട്ട് ഒരു ദുരാത്മാവ് അവനെ ബാധിച്ചു” (16:14). ഇരിക്കുന്നത് യിസ്രായേലിന്റെ രാജസിംഹാസനത്തില്‍… എന്നാല്‍ അവനെ ഭരിക്കുന്നത് ദുരാത്മാവ്! എത്ര കഷ്ടം!!

ഒരിക്കല്‍ അഭിഷിക്തരായിരുന്നവരില്‍ പിന്നീട് ദുരാത്മാവ് കയറുകയില്ലെന്നില്ല. അഭിഷേകം കളഞ്ഞുകുളിച്ചാല്‍ ദൈവം അതും അനുവദിച്ചുകൂടായ്കയില്ല. അതിനാല്‍ ഒരു വിശ്വാസിയെയോ ഒരു ശുശ്രൂഷകനെയോ വിലയിരുത്തേണ്ടത് അയാളുടെ കഴിഞ്ഞകാല വീര‍്യപ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലല്ല; പ്രത‍്യുത, അയാളുടെമേല്‍ ഇപ്പോള്‍ വ‍്യാപരിക്കുന്ന ആത്മാവിന്റെ അടിസ്ഥാനത്തിലാണ്!

അഭിഷേകം നഷ്ടപ്പെട്ട ശൗലിന്റെ ജീവിതത്തില്‍ പിന്നെ അടിക്കടി പരാജയമാണ്! ഫെലിസ്ത‍്യയുദ്ധത്തില്‍ അഭിഷിക്തനായ ദാവീദ് എത്തിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു ചരിത്രം? പിന്നെ ശൗലിന്റെ ‘വിജയശില്പി’ ദാവീദായിരുന്നു… ദൈവം അവനോടുകൂടെയിരുന്നു വിജയം നല്‍കി (18: 5).

ശൗല്‍ പരാജയങ്ങളില്‍ നിന്നു പാഠം പഠിച്ചില്ല. യിസ്രായേല‍്യസ്ത്രീകളുടെ ഒരു ഗാനം (ശൗല്‍ ആയിരത്തെ കൊന്നു; ദാവീദോ പതിനായിരത്തെ) ശൗലിന്റെ ഉറക്കംകെടുത്തി. തന്നെ രക്ഷിക്കാന്‍ ദൈവം അയച്ച ദാവീദിനെ കൊല്ലാന്‍ ശൗല്‍ കുന്തമെറിയുന്നു (18:12). സ്വന്തം മകന്‍ യോനാഥാന്‍ ദാവീദിനുവേണ്ടി സംസാരിച്ചപ്പോള്‍ അവനെ കൊല്ലാനും ശൗല്‍ കുന്തമെറിഞ്ഞു (20: 33). അസൂയ ഒരു മനുഷ‍്യനെ അന്ധനാക്കുന്നതു നോക്കണേ!

അഭിഷേകം നഷ്ടപ്പെട്ടവന്‍ അഭിഷേകമുള്ളവനെ പേടിക്കും… അതിനു സംശയമൊന്നും വേണ്ട! വലിയ പ്രതീക്ഷയോടെ രാജസ്ഥാനത്തേക്കു കയറിയ ശൗല്‍ എല്ലാ പ്രതീക്ഷയും തകര്‍ത്ത് നാശത്തിലേക്കു കൂപ്പുകുത്തുന്ന ചരിത്രം അഭിഷേകത്തില്‍ അഹങ്കരിക്കുന്ന ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും എല്ലാമുള്ള ഒരു മുന്നറിയിപ്പാണ്! ഓരോ വിജയവും നമ്മെ കൂടുതല്‍ വിനയാന്വിതരാക്കണം; ഓരോ പരാജയവും നമ്മെ കൂടുതല്‍ ദൈവാശ്രിതരാക്കണം!

സമര്‍പ്പണ പ്രാര്‍ഥന:

കര്‍ത്താവേ, ഒരു ലക്ഷ‍്യനിയന്ത്രണത്തിനുവേണ്ടിയാണല്ലോ എന്റെമേല്‍ നീ അഭിഷേകം പകര്‍ന്നിരിക്കുന്നത്. അതില്‍നിന്നു വ‍്യതിചലിക്കാന്‍ എനിക്കൊരിക്കലും ഇടയാകരുതേ! വിനയത്തോടെ, എന്റെ ബലഹീനതയില്‍ തികഞ്ഞുവരുന്ന ദൈവകൃപയില്‍ ആശ്രയിച്ചു മുന്നേറാന്‍ എന്നെ സഹായിക്കണമേ, ആമേന്‍.

തുടര്‍വായനയ്ക്ക്: 2 ശമൂ. 1: 1-27; 1 കൊരി. 9: 24- 27

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.