ഇനി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ (Delete for Everyone) ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്കെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമായി തുടങ്ങിയത്. വളരെ പതുക്കെയാണ് ഫീച്ചര്‍ ലഭ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പിന്റെ വേര്‍ഷന്‍ 2.17.395 ലാണ് ഈ ഫീച്ചര്‍ കാണുന്നത്.

ഇതിനായി വാട്‌സ്ആപ്പ് പ്രത്യേകം അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. വാട്‌സ്ആപ്പ് സെര്‍വറില്‍ നിന്നും നേരിട്ട് തന്നെയാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്.

നിങ്ങള്‍ അയക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കും. ഡിലീറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിന്നും മാത്രമല്ല സന്ദേശം ലഭിച്ചയാളിന്റെ ഫോണില്‍ നിന്നും പിന്‍വലിക്കപ്പെടും. പക്ഷെ അയച്ച് ഏഴ് മിനിറ്റിനുള്ളില്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യണം. ഏഴ് മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല.

ഇതിനായി ചെയ്യേണ്ടത്-

സാധാരണ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് പോലെ. നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് Delete for me, Cancel, Delete for Everyone എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ സന്ദേശം പിന്‍വലിക്കപ്പെടും. നിങ്ങളുടെ സന്ദേശം ഉണ്ടായിരുന്ന സ്ഥാനത്ത് ‘ You deleted the Message’ എന്നായിരിക്കും ഉണ്ടാവുക.

ശ്രദ്ധിക്കേണ്ടത്

അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ഫീച്ചര്‍ ആണ് ഇത്. പക്ഷെ സന്ദേശം അയച്ച് കഴിഞ്ഞാല്‍ അത് നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ക്ക് തന്നെയാണോ പോയിട്ടുള്ളതെന്നും, വീഡിയോയും ചിത്രങ്ങളും ഒന്നും മാറിപ്പോയിട്ടില്ലെന്നും രണ്ടാമതൊന്നുകൂടി ഉറപ്പുവരുത്തുക. കാരണം 7 മിനിറ്റ് മാത്രമേ സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള അവസരമുള്ളൂ. അല്ലാത്തപക്ഷം അത് കൈവിട്ട് പോയത് തന്നെയാണ്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like