WhatsApp അടിമുടി മാറുകയാണ്: മാറ്റങ്ങൾ അറിയാം

KE News Desk | USA

സാൻഫ്രാൻസിസ്കോ: അടിമുടി മാറ്റങ്ങളുമായി വാട്സാപ്. വാട്സാപ് ഗ്രൂപുകളില്‍ ഇനി മുതല്‍ 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. നിലവില്‍ 256 പേര്‍ക്കാണ് അംഗമാകാന്‍ സാധിക്കുക. ഇപ്പോള്‍ ഇത് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കയാണ്.

ഗ്രൂപ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ് ചാറ്റുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന പുതിയൊരു ഫീചറും വാട്സ് ആപിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതുവഴി, വാട്സ് ആപ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപുകളിലെ സന്ദേശങ്ങള്‍ എല്ലാവര്‍ക്കുമായി നീക്കം ചെയ്യാന്‍ സാധിക്കും. ‘This was removed by an Admin’ എന്ന അറിയിപ്പ് സന്ദേശത്തിന് നേരെ കാണാനാവും.

രണ്ട് ജി.ബി വരെയുള്ള ഫയലുകള്‍ വാട്സ് ആപിലൂടെ അയക്കാം എന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. നേരത്തെ വെറും 100 എംബി വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ മാറ്റത്തിലൂടെ ഗുണമേന്മയുള്ള ഒരു എച് ഡി സിനിമ തന്നെ വാട്സ് ആപിലൂടെ കൈമാറാന്‍ സാധിക്കും.

ഇങ്ങനെ അയക്കുന്ന ഫയലുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. വലിയ ഫയലുകള്‍ അയക്കുമ്പോഴും ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വൈഫൈ ഉപയോഗിക്കുന്നത് നല്ലതാണെന്നും വാട്സ് ആപ് പറയുന്നു. ഡൗണ്‍ലോഡ് ആവുന്നതിന് എത്ര സമയം വേണമെന്ന് അറിയാനും സാധിക്കും.

ഇതിന് പുറമെ, സന്ദേശങ്ങള്‍ക്കുള്ള ഇമോജി റിയാക്ഷനുകളും വാട്സ് ആപ് അവതരിപ്പിച്ചിട്ടുണ്ട്. വാട്സ് ആപിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ സൗകര്യം ലഭ്യമാകും. കഴിഞ്ഞ വ്യാഴാഴ്ച മെറ്റാ സിഇഒ മാര്‍ക് സകര്‍ബര്‍ഗ് തന്റെ ഫേസ്ബുക് അകൗണ്ടിലൂടെയാണ് വാട്സ് ആപ് പ്ലാറ്റ്ഫോമില്‍ ഇമോജികള്‍ ഉപയോഗിച്ച്‌ സന്ദേശ പ്രതികരണങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിച്ചത്.

ചാറ്റ് ലിസ്റ്റുകളിലെ വാട്സ്‌ആപ് സ്റ്റാറ്റസ് ദൃശ്യപരത, 32 ആളുകളുടെ വോയ്സ് കോള്‍, ഒന്നിലധികം ഉപകരണങ്ങളില്‍ ഒരു അകൗണ്ട് ഉപയോഗിക്കാനുള്ള കഴിവ് എന്നിവ ഉള്‍പെടെ നിരവധി പുതിയ ഫീചറുകള്‍ പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതായി അടുത്തിടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.