പെന്തകോസ്തു സമൂഹത്തെ നാണംകെടുത്താന്‍ “വിവരക്കേട് ആഭരണമാക്കി ചില പാസ്റ്റര്‍മാര്‍“

ജോണ്‍സന്‍ വെടികാട്ടില്‍

നമ്മുക്ക് എല്ലാവര്ക്കും എല്ലാ വിഷയത്തിലും അറിവ് വേണമെന്ന് ശഠിക്കാന്‍ സാധിക്കില്ല. അറിവുകളുടെ ഏറ്റകുറച്ചില്‍ നിശ്ചയമായും വ്യക്തികളില്‍ ഉണ്ടാകും. ഒരാള്‍ക്ക് അറിവില്ലാത്തത് ചിലപ്പോള്‍ മറ്റൊരാള്‍ക്ക് അറിവുണ്ടായെന്നു വരാം. യോഗ്യരായവരില്‍ നിന്നും കണ്ടും കെട്ടും വായിച്ചും പഠിച്ചു അറിവ് വര്‍ധിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ആദ്യമേ ഒരു കാര്യം പറയാം, അക്കാദമിക്ക് ഡിഗ്രിയും വിവരവും തമ്മില്‍ വലിയ ബന്ദമോന്നുമില്ല. സംശയമുണ്ടേല്‍ നമ്മുടെ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു നോക്കിയാല്‍ മതി.

അറിവില്ലാത്തവര്‍ അറിവില്ലാത്തത് പഠിക്കാന്‍ ശ്രമിക്കണം. അതിനു ആധികാരികതയുള്ള പഠനോപാധികള്‍ സ്വീകരിക്കണം. ഗൂഗിളില്‍ കാണുന്നതെല്ലാം സത്യമല്ല. ഏറ്റവും വിശ്വസനീയവും ആധികാരീകവുമായ മാധ്യമം ബുക്കുകളാണ്. അപ്പോള്‍ തന്നെ ഒരു ബുക്ക്‌ തിരഞ്ഞെടുക്കുമ്പോള്‍, അത് പബ്ലിഷ് ചെയ്ത സ്ഥലം, വര്ഷം, എഡിഷന്‍, അവതാരിക തുടങ്ങി എല്ലാത്തിലും ഉപരിയായ് എഴുത്തുകാരന്റെ പ്രൊഫൈല്‍ തുടങ്ങിയവ പരിശോധിച്ചു മാത്രമേ തിരഞ്ഞെടുക്കാവു. ഇത്രയും പറയാനുള്ള കാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ആരേലും എന്തേലും പറയുന്നത് കേട്ട് വിശ്വസിച്ചു പ്രസംഗത്തില്‍ വച്ചുകാച്ചുന്ന നമ്മുടെ പല ദൈവദാസന്മാരെയും ഉദ്ദേശിച്ചു തന്നെയാണ്. ഇങ്ങനെയുള്ളവര്‍ പറയുന്ന വിവരക്കേടുമൂലം നാണംകെടുന്നത് വ്യക്തിപരമായ് അവര്‍ മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം കൂടിയാണ്.

ഒട്ടും ആധികാരികതയില്ലത്ത ഒരു അമേരിക്കക്കാരന്റെ വാക്ക് കേട്ടാണ് സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് ലോകത്തില്‍ വലിയ ചേഞ്ച്‌ നടക്കുമെന്നമാതിരി പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസ് ഒരു പ്രസംഗം അടിച്ചുവിട്ടത്. ലോകമായ ലോകം മുഴുവന്‍ അതിന്‍റെ ക്ലിപ്പുകള്‍ നിമിഷനേരം കൊണ്ട് പറന്നെത്തി. അദ്ദേഹത്തിന്‍റെ പ്രത്യാശയെയും വിശ്വാസത്തെയും സുവിശേഷത്തോടുള്ള അടങ്ങാത്ത വാന്ജ്ജയെയും ഒത്തിരി ബഹുമാനിക്കുന്നയാളാണ് എഴുത്തുകാരന്‍. ഇത്രയും സുവിശേഷ തീഷ്ണതയും പുതു തലമുറയില്‍പ്പെട്ട ദൈവദാസന്മാര്‍ക്ക്‌ വളരുവാന്‍ നിര്‍ലോഭമായ പിന്തുണയും കൊടുക്കുന്ന  ദൈവദാസന്മാര്‍ നമ്മുടെ സമൂഹത്തില്‍ വളരെ വിരളമാണ്. അദ്ദേഹം വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടുമല്ല അങ്ങനെ പറഞ്ഞത്. ആവശ്യത്തില്‍ അധികം വിദ്യാസമ്പന്നനുമാണ് അദ്ദേഹം.

പക്ഷേ എന്തുകൊണ്ടോ അദ്ദേഹം സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് വിശദീകരണം കൊടുക്കുവാന്‍ന്‍ തിരഞ്ഞെടുത്ത മാധ്യമം ഒട്ടു വിശ്വാസ യോഗ്യമല്ലാത്ത ഡേവിഡ്‌ മീഡിന്റെ വാക്കുകള്‍ ആയിരുന്നു. നാസ പോലുള്ള സ്പേസ് ഏജെന്സികള്‍ തുടര്‍ച്ചയായ് ഇത്തരം തെറ്റായ വാര്‍ത്തകളെ നിക്ഷേധിച്ചുവെങ്കിലും അതിലും വലിയ എന്ത് വിശ്വസീയതയാണ് ഡേവിഡ്‌ മീഡിന്റെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നതെന്നും എനിക്ക് മനസിലാകുന്നില്ല. ഒന്നും സംഭവിക്കാത്ത ഇരുപത്തി മൂന്നിന് ശേഷം പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസ്സിന്റെ വീഡിയോ ജാതിമത വത്യസമെന്ന്യേ സകലരും ഷെയര്‍ ചെയ്തു നമ്മുടെ സമൂഹത്തെ ഒന്നാകെ അപമാനിച്ചു പോന്നിരുന്നതും നമ്മള്‍ എല്ലാം സോഷ്യല്‍ മീഡിയവഴി കണ്ടു.

അടുത്ത വ്യക്തിയാണ് പാസ്റ്റര്‍ കെ.എ എബ്രഹാം. വിവരക്ക്ട് ഇദ്ദേഹം ഒരു ആഭാരണമാക്കിയേക്കുവാണോ എന്ന് സംശയം ഉണ്ട്. നല്ല ഒരു അവതരണ ശൈലിക്കുടമായാണിദ്ദേഹം. നമുടെ ദേശീയ പതാകയെ കുറിച്ച് പണ്ട് പറഞ്ഞതിന്‍റെ പേരുദോഷം ഇപ്പോളും മാറിയിട്ടില്ല. നാസ ഏതോ കുഴലില്‍കൂടി നോക്കിയപ്പോള്‍ പുത്തനെരുശലേം കണ്ടു എന്നൊക്കെ പറഞ്ഞുകൊണ്ട് അടുത്ത വീഡിയോ ഇപ്പോള്‍ വന്നേക്കുന്നു. നാസ ഇതൊന്നും അറിഞ്ഞുപോലും കാണില്ല എന്നതാണു വാസ്തവം. ബഹുമാനപ്പെട്ട മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഈയാഴ്ച  മിണ്ടാഞ്ഞതുകൊണ്ട് പണിയില്ലതായ്പോയ ട്രോളന്മാര്‍ക്ക് വീണുകിട്ടിയ ചാകരയാണ് പാസ്റ്റര്‍.കെ.എ എബ്രഹാമിന്റെ വീഡിയോ.

അനീഷ്‌ കാവാലം അടുത്തിടെ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗത്തിനെതിരെ ആധുനീക ശാസ്ത്രത്തിന്റെ സംഭാവനകളായ മൈക്കും സൌണ്ടും ഉപയോഗിച്ച് ഘോര ഘോര പ്രസംഗിക്കുന്നത് കണ്ടു. ഇവരൊന്നും കാലം മാറിയത് അറിഞ്ഞു കാണില്ലെന്ന തോന്നുന്നത്. വചനവും ബൈബിളും തമ്മിലുള്ള വത്യാസം ഇത്തരം പ്രസംഗ തൊഴിലാളികള്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഇനി അഥവാ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ മടിയുള്ളവര്‍ ആണെങ്കില്‍ കുറഞ്ഞപക്ഷം യേശു ഉപയോഗിച്ചപോലത്തെ എഴുതപ്പെട്ട വചനം എങ്കിലും ഉപയോഗിക്കണം. അതും പോട്ടെ..ബൈബിള്‍ ക്രോഡീകരിച്ച കാലത്തെപോലെങ്കിലും… അല്ലെങ്കില്‍ പറയുന്നതില്‍ ഒട്ടും ആത്മാര്‍ത്ഥത ഇല്ലെന്നു ഞങ്ങള്‍ കരുതും. ശോഷിച്ചു ശോഷിച്ചു കീശയില്‍ വയ്ക്കാന്‍മാതിരിയുള്ള ബൈബിള്‍ ഉപയോഗിച്ചിട്ടാണ് ടാബ് ഉപയോഗിക്കുന്നവനെ ഇവരെല്ലാംകൂടി പാപിയാക്കി കല്ലെറിയാന്‍ തുനിയുന്നത്. അവരവര്‍ക്ക് സൌകര്യപ്രധമായ രൂപത്തിലും  വലിപ്പത്തിലുമുള്ള ഒരു പുസ്തകം കയ്യില്‍ പിടിച്ചിട്ടു അവര്‍ക്ക്  ഉപയോഗിക്കാന്‍ സാധിക്കാത്ത ഒന്ന് മറ്റൊരുവന്‍ ഉപയോഗിക്കുമ്പോളുള്ള ഏനക്കെടായ് മാത്രം കണ്ടാല്‍ മതി ഇത്തരം പ്രസംഗങ്ങളെ. അമ്മേം തല്ലും മോളേം തല്ലുമെന്നൊക്കെ ഇദ്ദേഹം ഒരിക്കല്‍ വലിയൊരു കണ്‍വെന്‍ഷന്‍ വേദിയില്‍ നിന്നും വിളിച്ചു പറയുന്നത് ഫേസ്ബുക്കില്‍ വന്ന ഏതോ വിഡിയോയില്‍ കണ്ടതോര്‍ക്കുന്നു.

സാധരണയായ് ഗള്‍ഫില്‍ വിസിറ്റിംഗ് പാസറ്റര്മാര്‍ ഒരു ശല്ല്യമാണല്ലോ. അളിയന്‍റെ റെക്കമെന്‍റേഷനുമായ് അങ്ങനെയൊരാള്‍ ഞാന്‍ കൂടുന്ന ചര്‍ച്ചിലും ഒരു ഉപവാസ പ്രാര്‍ത്ഥനക്കായ് വന്നു. ആള് നിന്നു കത്തിച്ചു പ്രസംഗിക്കുവ. പ്രസംഗം ഇങ്ങോട്ട് മൂത്ത് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു,  ഇവിടെ ഇരിക്കുന്ന ഏതൊരു വ്യക്തിയെക്കളും ഉയര്‍ന്ന സാലറിയില്‍ ജോലി ചെയ്യാനുള്ള ക്വാളിഫിക്കേഷന്‍ എനിക്കുണ്ട്. ഇതുകേട്ടപ്പോള്‍ സ്വാഭാവീകമായും ഞാന്‍ കരുതി ആള് മിനിമം ഒരു IIT എങ്കിലും ആയിരിക്കും. കാരണം ഡോക്റ്റര്‍മാര്‍ ആണെങ്കില്‍ പോലും അല്‍പ്പം വലിയ സഭയില്‍ രണ്ടും മൂന്നും പേരൊക്കെ കണ്ടെന്നിരിക്കും. അദ്ദേഹത്തെ മീറ്റിങ്ങിനു കൊണ്ടുവരുന്ന സഹോദരനോട് ഞാന്‍ ചെവിയില്‍ ചോദിച്ചു ആളുടെ പ്രൊഫെഷന്‍ എന്തവാണെന്ന്, ആ സഹോദരന്‍ പറഞ്ഞു അറിയില്ലന്ന്. ഞാന്‍ തിരിച്ചു പറഞ്ഞു മിനിമം IIT ആയിരിക്കും  അല്ലെങ്കില്‍ ഓക്സ്ഫോര്‍ഡിലോ ഹാവാര്‍ഡ്‌ലോ പഠിച്ചതായിരിക്കും. ആകാംഷ കൂടിവന്നു… പ്രസംഗം അവസാനിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ദൈവദാസന്‍റെ പ്രൊഫെഷന്‍……… ? അല്‍പ്പം അഹങ്കാരത്തോടെ അദ്ദേഹം പറഞ്ഞു ഞാന്‍ മെക്കാനിക്കല്‍ ഡിപ്ലോമ കഴിഞ്ഞിട്ടു നഴ്സിംഗും പഠിച്ചു…… പകച്ചു പോയ്‌ എന്‍റെ വിശ്വാസം… ( നഴ്സിംഗ് പഠിച്ചവര്‍ പിണങ്ങണ്ട, നഴ്സിംഗ് ഒരു കുറഞ്ഞ ഡിഗ്രീ അല്ല, എങ്കിലും സദസ്സില്‍ അതിലും കൂടിയ വിദ്യാഭ്യാസം ഉള്ളവര്‍ ഉണ്ടെങ്കിലോ? ) ഇങ്ങനെ എത്രയെത്ര മണ്ടത്തരങ്ങളെന്നോ പോങ്ങച്ചതരമെന്നോ പറയാന്‍ കഴിയാത്തവ ഈ കാലയളവിനുള്ളില്‍ കേട്ടിരിക്കുന്നു. എല്ലാം കുറിക്കാന്‍ സാധ്യമല്ലല്ലോ. സദസ്സിനെ വിവേചിച്ചില്ലെങ്കിലും വിലകുറച്ച് കാണാതിരിക്കാന്‍ ശ്രമിച്ചാല്‍ ഇതേപോലെ സ്വയ്യം അപഹാസ്യരാകുന്നതില്‍ നിന്നും രക്ഷപെടാന്‍ സാധിക്കും.

അറിവില്ലായ്മ ഒരു തെറ്റല്ല. ഞാനും പ്രീയ വായനക്കാരുമൊക്കെ പല വിഷയങ്ങളിലും അറിവില്ലാത്തവര്‍ തന്നെയാണ്. പക്ഷേ ആരോ പറഞ്ഞതും, മുറി വീഡിയോ കണ്ടും ഗൂഗിള്‍ പരാതിയും ഉണ്ടാക്കുന്ന അല്‍പ്പ ജ്ഞാനം മൂലം അതേപടി സ്ഥലകാലബോധമില്ലാതെ വിളിച്ചു പറയുന്നതുമൂലം  അപഹാസ്യരാകുന്നത്  ഒരു വ്യക്തി മാത്രമല്ല മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയേയും സമൂഹത്തില്‍ പരിഹസ്യമാക്കുകയാണ് ചെയ്യുന്നതെന്നു ഇനിയെന്ന് ഇക്കൂട്ടര്‍ മനസിലാക്കുമോ ആവോ….?

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.