ലേഖനം: ഫ്ലക്സും ഉദ്ഘാടനവുമല്ല പ്രധാനം | ബ്ലസ്സിൻ ജോൺ മലയിൽ

നഗരത്തിലെ പ്രധാന തെരുവിലാണ് ആ സഭാ ഹാൾ തല ഉയർത്തി നിന്നത്. ഏകദേശം രണ്ടായിരം അംഗങ്ങളാണ് ഓരോ ആരാധനക്കും പങ്കെടുത്തിരുന്നത്. അവിടെയെത്തുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള കാറുകൾ നാട്ടുകാരിലും കൗതുകം ഉണർത്തി. കാറിൽ വന്നിറങ്ങുന്ന അച്ചായന്മാരുടെയും കൊച്ചമ്മമാരുടെയും വേഷപകിട്ടുകൾ അവർ ചർച്ച ചെയതു. എങ്കിലും നാടിന് അഭിമാനമായിരുന്നു ആ സഭ. അവിടെ ഉയർന്ന സംഗീതം നാട്ടുകാരും ഏറ്റുപാടി. അത് അവരുടെ ജീവിതത്തിന്റെ ഭാഗമായി.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ബൈക്കിൽ രണ്ടുപേർ വന്നിറങ്ങി.താളമേളങ്ങളോടെ ആരാധനയുടെ ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നു നിന്ന സമയം. കറുത്ത വേഷത്തിൽ വന്നവർ ജനമദ്ധ്യത്തിലേക്ക് നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുമ്പിൽ നിന്ന ഗായക സംഘം എങ്ങോ ഒളിച്ചു. മുപ്പന്മാരെയും ദൈവദാസന്മാരെയും ആരും എങ്ങും കണ്ടില്ല. ആയുധധാരികളിൽ ഒരാൾ വിളിച്ചു ചോദിച്ചു:

” ഇവിടെ കർത്താവിനായി ജീവൻ കൊടുക്കുമെന്ന് വീമ്പിളക്കിയവർ എവിടെ? മുന്നോട്ടു വരിക”

ആരും ഉണ്ടായിരുന്നില്ല! രണ്ടായിരം പേരിൽ ഇരുപതു പേർ പോലും. എഴുന്നേൽക്കാനും ഓടാനും വയ്യാത്തവരിൽ ചിലരുണ്ടായിരുന്നു. അവരുടെ മുഖത്തും നിഴലിച്ചത് പരിഭ്രമം. എവിടെ നിന്നോ ഭയന്ന് വിറച്ച് പ്രസംഗകൻ മുന്നോട്ടു വന്നു. അവരെ നോക്കി അക്രമകാരികൾ അലറി:

” എവിടെയാണ് നിങ്ങളുടെ യഥാർത്ഥ വിശ്വാസികൾ ? എല്ലാം കാപട്യമല്ലേ ?”

എന്താണ് നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം? ആരാധനക്ക് , ജനറൽ കൺവൻഷന് , സുവിശേഷ യോഗങ്ങൾക്ക് വരുന്നതിന്‌ നിങ്ങൾക്ക് ഒരു ഉദ്ദേശ്യമില്ലേ ? ചിലർ വരുന്നത് കമ്മിറ്റി കൂടുവാനാണ്. അവർക്ക് ഒരു നല്ല പദവി സമൂഹത്തിൽ കിട്ടണം. മറ്റ് ചിലർക്ക് പ്രസംഗിക്കാൻ പത്തു മിനിട്ടു വേണം. ഒത്താൽ ഉദ്ഘാടനം ഇല്ലെങ്കിൽ ഒരാംശംസ!! ഏതായാലും ഫ്ലക്സിൽ പടം വരണമെന്ന് നിർബന്ധം.ഇനി ചിലർക്ക് തങ്ങളുടെ കാറിന്റെ വലിപ്പം നാട്ടുകാരെ അറിയിക്കണം. ചിലർക്ക് മേനിയഴക് കാണിക്കണം.അവർ വില കൂടിയ വസ്ത്രം ധരിക്കുമെങ്കിലും ശരീരം മറയ്ക്കാറില്ല. ചിലർക്ക് പുസ്തകങ്ങൾ വാങ്ങണം. വരിസംഖ്യ അടക്കണം. എന്തെല്ലാം പദ്ധതികളാണ് ഓരോ സമ്മേളനത്തിന്റെയും പിന്നിൽ നമുക്കുള്ളത് ? എങ്ങനെയെങ്കിലും ഇതിന്റെ പേരിൽ പത്ത് കാശുണ്ടാക്കാൻ നടക്കുന്നവർ വേറെ !! എല്ലാം നടക്കട്ടെ, പക്ഷേ ഒരു ചോദ്യം – ജീവിതത്തിൽ ഇക്കാര്യങ്ങളൊന്നും നടക്കാതെ വരുമ്പോൾ കർത്താവിനൊപ്പം എത്ര പേർ കാണും ? എവിടെയാകും നമ്മുടെ വിശ്വാസജീവിതം ?കപട വിശ്വാസി എന്ന് നമ്മെ നോക്കി സമുഹം വിളിക്കുമോ ? കൊട്ടിപ്പാടാനും ആർത്തു ഘോഷിക്കാനും ഒരു പാടുപേരുണ്ടാകും. എങ്കിലും ക്രശെടുക്കുവാൻ… പിന്നാലെ ഗമിക്കവാൻ ? യഥാർത്ഥ വിശ്വാസിയായി ?നാമുണ്ടാകുമോ ?

യേശുവിനോടൊപ്പം നടന്നവരിൽ ചിലർ പറയുകയാണ് – ഇവനോടൊപ്പം നടന്നാൽ എന്റെ ആഹാരത്തിനു മുട്ടുവരികയില്ല; കൂടെ നടന്നാൽ രോഗസൗഖ്യം ഉറപ്പാണ്! വൈദ്യർ വേണ്ട!! മിക്കപ്പോഴും അദ്ഭുതങ്ങൾ കാണാം ! ദൈവകാര്യങ്ങൾ കേൾക്കാം. എല്ലാം നല്ല കാര്യം. അതിനു വേണ്ടിയാണ് ഒരു ധനികനായ യുവാവ് യേശുവിന് പിന്നാലെ കൂടിയത്. പക്ഷേ ഉള്ള സമ്പത്ത് ദരിദ്രർക്ക് കൊടുക്കാൻ പറഞ്ഞപ്പോൾ അവന്റെ മനസു മാറി.അവന്റെ വിശ്വാസ ജീവിതം പൊയ്പ്പോയി. എന്തായിരിക്കാം കാരണം ?വില കൊടുക്കാൻ മനസുണ്ടായിരുന്നില്ല

വിശ്വാസത്തിനു വേണ്ടി ജീവൻ കൊടുക്കുന്നവരെയാണ് യേശുവിനാവശ്യം. ആദ്യത്തെ കഥയിൽ പറഞ്ഞ അക്രമണകാരികൾക്ക് മുന്നിൽ നിൽക്കുവാൻ ആരും ഉണ്ടായിരുന്നില്ല. വലിയ കെട്ടിടമുണ്ടായിരുന്നു. പാട്ടും പ്രസംഗവും ഉണ്ടായിരുന്നു. ആളുണ്ടായിരുന്നു. താളമേളങ്ങളും! പക്ഷേ? ഈ ചോദ്യം ഇന്ന് നമുക്ക് മുന്നിലാണ്. ക്രിസ്തുവിനു വേണ്ടി ഏത് പ്രതിസന്ധിക്കു മുമ്പിലും നിലകൊള്ളുവാൻ നമ്മുടെ കാലുകൾക്ക് ശക്തിയുണ്ടോ ? ചിന്തിക്കുക!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.