വിവാഹത്തിന് മുൻമ്പ് പ്രീ-മാരിറ്റൽ കൗൺസിലിങ്ങിന്റെ ആവശ്യകത

ഫിന്നി കാഞ്ഞങ്ങാട്

കുടുംബബന്ധങ്ങളിലെ ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകള്‍ക്കും നാം ഈ കാലഘട്ടത്തില്‍ ദൃക്‌സാക്ഷികളായി മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബജീവിതത്തില്‍ അനുഷ്ഠിക്കേണ്ടുന്നതായ കര്‍ത്തവ്യങ്ങളും കടമകളും ധാര്‍മ്മിക ഉത്തരവാദിത്വങ്ങളും യഥാര്‍ത്ഥമായി മനസ്സിലാക്കാതെ വൈവാഹികബന്ധത്തില്‍ പ്രവേശിക്കുന്നതുകൊണ്ട് പല ബന്ധങ്ങളും തുടക്കത്തില്‍ തന്നെ ”കല്ലുകടി” ക്കുകയാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ ബുദ്ധിപരമായി വളരെ അറിവുകള്‍ നേടിയെടുക്കുന്നുണ്ടെങ്കിലും ജീവിതത്തിലെ പ്രായോഗികമായ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. ആനന്ദപൂര്‍ണ്ണമായ ജീവിതം സ്വപ്നം കണ്ടുകൊണ്ട് ആരംഭിക്കുന്ന ബന്ധങ്ങള്‍ പലതും കൊലപാതകങ്ങളിലും കണ്ണുനീരിലും വിവാഹമോചനത്തിലും ചെന്നു കലാശിക്കുന്നതിന്റെ ആത്യന്തികമായ കാരണം കുടുംബജീവിതത്തെ എങ്ങനെ നയിക്കണം എന്ന വസ്തുത അറിയാത്തതാണ്.

”അഭ്യസ്തവിദ്യരുടെ ഇടയിലാണ് കൂടുതല്‍ കുടുംബപ്രശ്‌നങ്ങളും വിവാഹേതരബന്ധങ്ങളും വര്‍ദ്ധിച്ചു വരുന്നത്” എന്നു വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹത്തിനുശേഷം പങ്കാളിയോടു എങ്ങനെ ഇടപെടണം, പ്രായോഗിക ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടുന്ന ധാര്‍മ്മികവും മാനസ്സികവും ശാരീരികവുമായ കടമകള്‍, ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് യഥാര്‍ത്ഥമായ രീതിയില്‍ അറിവുകള്‍ ഇന്നു ലഭിക്കുന്നില്ല എന്നത് വസ്തുതാപരമാണ്.

     എന്താണ് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്?

വിവാഹജീവിതത്തെക്കുറിച്ചും അതിലുണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വേണ്ടവിധത്തില്‍ അറിവുകള്‍ നല്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന യുവതിയുവാക്കള്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവ.
സ്വയം എടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ടോ, മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും പ്രേരണകൊണ്ടോ, പ്രണയബന്ധത്തിലൂടെയോ വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് ജീവിതപങ്കാളിയെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ ബന്ധങ്ങള്‍ പ്രശ്‌നസങ്കീര്‍ ണ്ണമായി മാറുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും യുവതലമുറയ്ക്ക് ലഭിക്കുന്ന അറിവുകള്‍ പൈങ്കിളി സാഹിത്യങ്ങള്‍, അശ്ലീലചിത്രങ്ങള്‍, അനാരോഗ്യപരമായ സുഹൃത്ബന്ധങ്ങള്‍ എന്നിവയിലൂടെയാണ്. ഇവ പ്രായോഗികതലത്തില്‍ പല സംഘര്‍ഷങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുന്നു. സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളാണ് പ്രധാനമായും കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിതീരുന്നത്. ഏതൊരു കാര്യം ചെയ്യുന്നതിന് മുന്‍പും നാം അതിനുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. അറിവില്ലാത്തവര്‍ പ്രായോഗികമായി അറിവുള്ള വ്യക്തികളോട് ചോദിച്ചു മനസ്സിലാക്കാറുണ്ട്. അറിവില്ലാത്തവര്‍ക്ക് മുതിര്‍ന്നവര്‍ നിര്‍ദ്ദേശങ്ങളും ഉദ്‌ബോധനങ്ങളും പകര്‍ന്നു നല്‍കി അതിനായി ഒരുക്കിയെടുക്കാറുണ്ട്. എന്തിനേറെ ‘എന്‍ട്രന്‍സ്’ പരീക്ഷയെ അഭിമുഖീകരിക്കുന്ന, യുവതി- യുവാക്കള്‍ നിരവധി കോച്ചിംഗിലൂടെയും പഠനക്ലാസ്സുകളിലൂടെയും അതിനായി തയ്യാറെടുക്കുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അതിനായി ചിലവഴിക്കുന്നു. എന്നാല്‍ ജീവിതത്തിലെ അതിപ്രധാനമായ വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുന്നത് പലപ്പോഴും തയ്യാറെടുപ്പോടു കൂടെയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വളരെ പ്രാധാന്യമുള്ള കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അഥവാ വിവാഹജീവിതത്തിലൂടെ പുതിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അതുമായ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമായ വസ്തുതയാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പുതന്നെ പ്രീ-മാരിറ്റല്‍ കോഴ്‌സുകള്‍ നിലവിലുണ്ട്. ചില ക്രിസ്തീയ സഭകളില്‍ വിവാഹത്തിനു മുന്‍പു പ്രീ-മാരിറ്റല്‍ കോഴ്‌സുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രീ-മാരിറ്റല്‍ കോഴ്‌സിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടത് അനിവാര്യമായ ഘടകം തന്നെയാണ്. നിസ്സാര കാര്യങ്ങള്‍ക്കുപോലും യോജിച്ച് പോകുവാന്‍ കഴിയാത്ത വിധത്തിലുള്ള മാനസീക അവസ്ഥ ഇന്നത്തെ യുവതലമുറയില്‍ വളര്‍ന്നുവന്നിരിക്കുന്നു. കഴിഞ്ഞ തലമുറയിലെ കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും സഹിക്കുവാനും പരസ്പരം ക്ഷമിക്കുവാനുമുള്ള മന:സ്ഥിതി ദൃശ്യമായിരുന്നു. പണവും ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും ഉദ്യോഗവും ഒക്കെയും സ്വാര്‍ത്ഥമായ ചിന്താഗതികള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും ഇന്നു കാരണമായിമാറുന്നു. യഥാര്‍ത്ഥ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും അഭാവം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും വേദനാജനകവുമാക്കി മാറ്റുകയാണ്.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവാവിനോ, യുവതിക്കോ അതു സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു നല്‍കുവാന്‍ കടപ്പാടുള്ള മാതാപിതാക്കളും മുതിര്‍ ന്നവരും ആ കാര്യത്തെ ഗൗരവമായി കാണാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല. ആ സാഹചര്യത്തില്‍ അറിവുകള്‍ നേടുവാനായി സുഹൃത്തുകളിലും മറ്റ് വികലമായ കാഴ്ചപ്പാടുകള്‍ നല്‍കുന്ന മാധ്യമങ്ങളിലും ആശ്രയിക്കുന്നതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ പരാജയം നേരിടുന്നു. കുടുംബബന്ധങ്ങളില്‍ പ്രവേശിക്കുന്ന യുവതി-യുവാക്കള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിന്റെ ആവശ്യകത ഇന്നത്തെ കാലഘട്ടത്തില്‍ ഏറി വരികയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.