ലേഖനം: കൃപ ലഭിച്ചവളെ നിനക്ക് വന്ദനം

പാസ്റ്റർ ഗ്ലാഡ്സണ് വി കരോട്ട്

ദൃശ്യ ലോകത്തിനു പൂർണമായും വെളിപ്പെടാത്ത ശക്തി സ്രോദസ്സുകൾ ആണ് ഓരോ വിശ്വാസിയും. ദൈവീക ത്രിത്വത്തിന്റെ മർമ്മമായിരുന്നു ദൈവപുത്രന്റെ ഇഹലോക ജനനം.

അതിനു തിരഞ്ഞെടുത്തതോ സാമാന്യ അന്തരീക്ഷങ്ങളും . ഒട്ടും അമാനുഷീകത നിറഞ്ഞതായിരുന്നില്ല മറിയയുടെ ബാല്യം. എവിടെയും താരപരിവേഷം ലഭിക്കാത്ത സാധാരണമായ ജീവിതത്തിനുടമയായ ഭക്തയായ സ്ത്രീയായിരുന്നു അവർ. എന്നാൽ ദൈവീക പദ്ധതിയിൽ, ഒരു പുതിയ ചരിത്രത്തെ പുറത്തു കൊണ്ടുവരുവാനുള്ള നിയോഗം അവളിൽ ഉണ്ടായിരുന്നു. “ഇന്നിന്റെ സാധ്യതകളിൽ അല്ല സുഹൃത്തേ നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നതു.” പരിമിത യാഥാർഥ്യങ്ങളിൽ ആരും അറിയാത്ത ഒരാളായി നാം സ്വയം ഒതുങ്ങുമ്പോഴും, സർവശക്തൻ നമ്മിൽ കാണുന്ന ഭാവി നമ്മുടെ ഭൗതീക മേഖലയുടെ ഗ്രാഹ്യ തലങ്ങൾക്കും എത്രയോ അപ്പുറമാണ് എന്ന് തിരിച്ചറിയുക.

ഇന്നിന്റെ സാധ്യതകൾ അല്ല നമ്മിൽ പകരപ്പെട്ട നിയോഗങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഒരു സാമാന്യ ദിവസം അസാമാന്യമായൊരു വന്ദനം മറിയയുടെ കാതുകളിൽ വീണു . വചന ഭാഷയിൽ ” ഇത് എന്തൊരു വന്ദനം എന്ന് വിചാരിച്ചു ഭ്രമിച്ചു.” “കൃപ ലഭിച്ചവളെ” എന്നൊരു വിളിയിൽ മാത്രമായിരുന്നില്ലതു.ആ അസാമാന്യത തന്നിൽ നിറവേറുവാൻ പോകുന്ന ദൈവീക വാഗ്‌ദത്തങ്ങളിൽ ആയിരുന്നു എന്നതാണ് സത്യം. തൃക്കയാൽ ചമച്ച മഹാവിശ്വത്തോടുള്ള രാജാധിരാജാവിന്റെ പെരുമ്പറ മുഴക്കമുള്ള വിളംബരമായിരുന്നു അത് അഥവാ അരാജകുമാരന്റെ എഴുന്നളത്തിന്റെ കേളികൊട്ടായിരുന്നു അത് . നിത്യ രാജ്യത്തിന്റെ അമരക്കാരനായ യേശുവിനെ ഉദരത്തിൽ ഉൾക്കൊള്ളുവാനുള്ള തന്റെ നിയോഗം അവൾ തിരിച്ചറിഞ്ഞു. സിംഹാസനം തുടങ്ങി നിത്യ രാജ്യത്വം വരെ നീളുന്ന വാഗ്ദത്തങ്ങൾക്കു മുൻപിൽ തന്റെ പരിമിതികളും അസാധ്യതകളും അവൾ നിരത്തി. എന്നാൽ നിലവിലെ പരിമിതികള്ക്കും മീതെ നിയോഗങ്ങളിലേക്കു അവരെ നടത്താൻ കഴിയുന്ന അത്യന്നതന്റെ ദിവ്യശക്തിയെ കുറിച്ചുള്ള വെളിപ്പാട് ദൂതൻ അവിടെ കൈമാറി. സാഹചര്യങ്ങളെ കുറിച്ചുള്ള അറിവുകളേക്കാൾ തന്റെ നിയോഗം തിരിച്ചറിഞ്ഞ ആ മാന്യ വനിതാ ദൈവ ഹിതത്തിനായി തന്നെ ഏൽപ്പിച്ചു. നിയോഗങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളല്ല, അതിനോടുള്ള നമ്മുടെ മനോഭാവവും സമർപ്പണവും ആണ് നിർണായകം.

ജനിച്ചതിനാൽ എങ്ങനെയും ജീവിച്ചു ആറടിമണ്ണിൽ നീറിയൊടുങ്ങാവാനുള്ളതല്ല ഈ ജീവിതം. അതിലുപരി സൃഷ്ട്ടാവ് നമ്മുടെ മേൽ വെച്ചിരിക്കുന്ന ജന്മനിയോഗങ്ങളുടെ പ്രതീക്ഷകളെന്തെന്ന് തിരിച്ചറിയുക. നിങ്ങളുടെ ഹൃദയ ദൃഷി പ്രകാശിച്ചിട്ടു തന്റെ വിളിയാലുള്ള ആശ ഇന്നത് എന്ന് മനസിലാക്കി വർത്തിക്കുക . ചരിത്രത്തിന്റെ ഏടുകളിൽ എവിടെയും ആലേഖനം ചെയ്യപ്പെടാതെ പോകേണ്ടിയിരുന്ന ഒരു സാധാരണക്കാരിയായ വ്യക്തി ദൈവഹിതം പോലെ എന്നിൽ ഭവിക്കട്ടെ എന്ന സമർപ്പിച്ചു. പരിണിതഫലം അവളിൽ നിന്നും ഉല്ഭവിച്ച ക്രിസ്തു ചരിത്രത്തെ എ. ഡി. എന്നും ബി.സി. എന്നും രണ്ടായി വിഭജിച്ചു, ലോകത്തിന്റെ ഏക മധ്യസ്ഥനായി ഇന്നും നിലകൊള്ളുന്നു. മരണത്തെയും പാതാളത്തെയും ജയിച്ചവനായ ക്രിസ്തുവിനെ ഉദരത്തിൽ ചുമക്കാൻ ഭാഗ്യം ലഭിച്ചവളായി മറിയ ഇന്നും ബഹുമാനിക്കപ്പെടുന്നു. ഭൂതകാല പരാതീനതകളിലും വർത്തമാനകാല പരിമിതികളിലും സ്വയം നിരാശപ്പെടാതെ സൃഷ്ടാവു നമ്മിൽ ൽ നിഷിപ്തമാക്കിയിരിക്കുന്ന ജന്മനിയോഗങ്ങൾക്കു അനുകൂലമായി പ്രതികരിക്കൂക. ആരാലും കഴിയാത്ത ചരിത്രമായിനാമും വളരും! നിശ്ചയം !

 

-ADVERTISEMENT-

-ADVERTISEMENT-

You might also like