ഫാ. മാർട്ടിന്റെ മരണം കൊലപാതകമോ?

റോജി ഇലന്തൂർ

സ്‌കോട്‌ലൻഡ്‌: സ്‌കോട്‌ലൻഡ്‌ എഡിൻബറ രൂപതയിലെ ഫാൽകിർക്ക്‌ ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ (33) മരണത്തിലെ ദുരൂഹത തുടരുന്നു. ജൂൺ 20നു കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ജൂൺ 23നു വെള്ളിയാഴ്ച എഡിൻബറയിലെ ഈസ്റ്റ്‌ ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ മൃതദേഹം നാട്ടിലേക്ക്‌ അയക്കുന്നതിലേക്ക്‌ തീരുമാനം എടുക്കുമെന്ന് മുൻപ്‌ സി ഐ ഡി ഓഫിസർ അറിയിച്ചിരുന്നുവെങ്കിലും മൃതദേഹം വിട്ടു കിട്ടുന്നതു സംബന്ധിച്ചുള്ള നടപടികൾ ഇനിയും വൈകുമെന്നാണ് ചില ഔദ്യോകിക വൃത്തങ്ങളിൽ നിന്നും അറിയുന്നത്‌. അതേസമയം, അന്വേഷണം ശരിയായ നിലയിൽ പുരോഗമിക്കുക ആണെന്നും അടുത്ത ആഴ്ചയോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാകുകയുള്ളു എന്നും ഇന്നലെ പോലീസ്‌ ഫാ. ടെബിൻ ഫ്രാൻസിസ്‌ പുത്തൻപുരക്കലിനെ ഔദ്യോകികമായി അറിയിക്കുകയാണ് ഉണ്ടായത്‌.

പോസ്റ്റ്മോർട്ടത്തിനു ശേഷവും വീണ്ടും മൃതദേഹത്തിൽ നിന്നും ശേഖരിച്ച കോശ സാമ്പിളുകൾ പരിശോധിച്ച്‌ മരണകാരണം കണ്ടെത്തിയെങ്കിലും അനവധി ദുരൂഹതകൾ ബാക്കി നിൽക്കുന്നതിനാലാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നത്‌ എന്ന് ഫിസ്കൽ ഓഫിസർ അറിയിച്ചു.

ഫാ. മാർട്ടിന്റെ തിരോധാനത്തിനു ശേഷം മൂന്നുദിവസം വരെയും മൊബൈൽ ഫോൺ റിംഗ്‌ ചെയ്തിരുന്നു എന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ വ്യക്തമായ സാഹചര്യത്തിലാണ് ദുരൂഹത ഏറുന്നത്‌‌. എന്നാൽ ആ മൊബൈൽ ഫോൺ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാൻപ്പെട്ട ഒരു ഘടകം. മൊബൈൽ ഫോണിൽ ദുരൂഹമായ ചില സന്ദേശങ്ങൾ അടങ്ങിയിരിക്കുന്നതായും പോലീസ്‌ സംശയിക്കുന്നു. ഫാദറിന്റെ ലാപ്റ്റോപ്‌ ഉൾപ്പടെ ഉള്ളത്‌ പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും അതിൽ നിന്നും ലഭിച്ചില്ല എന്നറിയുന്നു. ഫാ. മാർട്ടിന്റെ നമ്പറിലുള്ള അവസാന ദിവസങ്ങളിലെ കോൾ ലിസ്റ്റ്‌ പരിശോധിക്കുന്നത്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ പോലീസ്‌ ചെയ്തുവരികയാണ്.

മരണം നടന്നു മൂന്നാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വിട്ടുനൽകാത്തതായ നടപടിയിൽ ബ്രിട്ടനിലെ മലയാളി സമൂഹവും വിശ്വാസികളും അപലപിച്ചു. സഭാ നേതൃത്വങ്ങളും രാഷ്ട്രീയാധികാരികളും നിരുത്തരവാദിത്വപരമായ നിലയിലാണെന്ന് രൂക്ഷവിമർശനം ഉയരുന്നുണ്ട്‌. എന്നാൽ ഫാ. മാർട്ടിന്റെ മൃതദേഹത്തിനായി ബന്ധുക്കളുടെ കാത്തിരിപ്പു മൂന്നാഴ്ചയിൽ ഏറെയായി തുടരുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like